ഇടക്കൊച്ചിയിലെ കായല്‍ നികത്തിയുള്ള ഫിഷ് ഫാം നവീകരണം: അപാകതയില്ലെന്ന് ഉദ്യോഗസ്ഥര്‍

തീരദേശ നിയമങ്ങള്‍ ലംഘിച്ച് ഇടക്കൊച്ചിയില്‍ ഫിഷ് ഫാം നവീകരിക്കുന്നതിന്റെ പേരില്‍ ഫിഷറീസ് വകുപ്പ് കായല്‍ നികത്തിയ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു.

ഇടക്കൊച്ചിയിലെ കായല്‍ നികത്തിയുള്ള ഫിഷ് ഫാം നവീകരണം: അപാകതയില്ലെന്ന് ഉദ്യോഗസ്ഥര്‍

കൊച്ചി: ഇടക്കൊച്ചിയില്‍ ഫിഷ് ഫാം നവീകരിക്കുന്നതിന്റെ പേരില്‍ ഫിഷറീസ് വകുപ്പ്  തീരദേശ നിയമങ്ങള്‍ ലംഘിച്ച് കായല്‍ നികത്തിയ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവം ശ്രദ്ധയില്‍പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ലാത്തതാണ് പ്രദേശവാസികളെയും മത്സ്യത്തൊഴിലാളികളെയും ചൊടിപ്പിച്ചത്. ഇത് സംബന്ധിച്ച പരാതി  അന്വേഷിക്കുന്നതിന്  ഫാം നിര്‍മ്മാണചുമതലയുള്ള സ്ഥാപനത്തിന്റെ ഉദ്യോഗസ്ഥനെ തന്നെ ഏല്‍പ്പിച്ചുവെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളി സംഘടനകള്‍ രംഗത്തെത്തി. ഫിഷ് ഫാമിന്റെ നടത്തിപ്പ് ചുമതലയുളള അഡാകിന്റെ റീജിയണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുഗുണപ്രസാദിന് അന്വേഷണത്തിന്റെ ചുമതല നല്‍കിയതിനെതിരെയാണ് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.


കായല്‍ നികത്തി ഫിഷ് ഫാമിലേക്ക് റോഡ് നിര്‍മ്മിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളി സംഘടനകളും ഗ്രാമസ്വരാജ് ഫൗണ്ടേഷനും ഗ്രീന്‍ കൊച്ചിയും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ എന്നിവരും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കായല്‍ നികത്തിയുള്ള ഫിഷ് ഫാം നിര്‍മ്മാണം അന്വേഷിക്കുന്നതിന് നിര്‍മ്മാണ ചുമതലയുള്ള സ്ഥാപനത്തിന്റെ ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ഗ്രാമസ്വരാജ് ഫൗണ്ടേഷന്‍ പ്രസിഡന്റ് വി ഡി മജീന്ദ്രന്‍ ആരോപിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും ഹരിത ട്രൈബ്യൂണലിനും ഇത് സംബന്ധിച്ച പരാതി നല്‍കുമെന്നും ഗ്രാമസ്വരാജ് ഫൗണ്ടേഷന്‍ അറിയിച്ചു. എന്നാൽ ഫാമിലേക്കു പോകുന്നതിന് നേരത്തെ തന്നെ നിലവിലുണ്ടായിരുന്ന ചിറ ബലപ്പെടുത്തുക മാത്രമാണ് ചെയ്തത് എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അപാകതയില്ലെന്ന് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സുഗുണപ്രസാദ് നാരദാന്യൂസിനോട് പറഞ്ഞു. നിയമവിധേയമായാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കായല്‍ നികത്തിയെന്നുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും റിപ്പോര്‍ട്ട് നല്‍കിയത് സ്വഭാവികമായ നടപടി ക്രമം മാത്രമാണെന്നും സുഗുണപ്രസാദ് പറഞ്ഞു.

പരിസ്ഥിതി ലോലപ്രദേശമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തന്നെ പ്രഖ്യാപിച്ചിട്ടുളള പ്രദേശത്താണ് ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മാണം പുരോഗമിക്കുന്നത് എന്നാണ് പരിസ്ഥിതസംഘടനകളുടെ ആരോപണം. നീര്‍ത്തടങ്ങള്‍ സംരക്ഷിക്കുമെന്ന പ്രഖ്യാപിത നയം സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നുവെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. ഫാമിലേയ്ക്ക് ഗതാഗത സൗകര്യം ഒരുക്കാനെന്ന പേരിലാണ് ഫിഷറീസ് വകുപ്പ് കായലിന് കുറുകെ റോഡ് നിര്‍മ്മിക്കുന്നത്. കായല്‍ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന 27 ഏക്കറോളം വരുന്ന മത്സ്യകൃഷി ഫാമിലേയ്ക്ക് വാഹനങ്ങളില്‍ എത്തിക്കാനാണ് നിര്‍മ്മാണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

കായലിന് കുറുകെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മത്സ്യമേഖലയ്ക്ക് ഭീഷണിയായേക്കുമെന്നും ആശങ്കയുണ്ട്. കായലില്‍ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചാല്‍ പെരുമ്പടപ്പ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളം കയറുമോയെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു.

കഴിഞ്ഞ 25 വര്‍ഷമായി പട്ടിക ജാതി സര്‍വ്വീസ് സഹകരണ സംഘമായിരുന്നു ഫിഷ് ഫാമില്‍ കൃഷി നടത്തിയിരുന്നത്.  കൃഷി നഷ്ടമായതോടെയാണ് ഫാം ഫിഷറീസ് വകുപ്പ് ഏറ്റെടുത്തത്.