ഇടക്കൊച്ചിയില്‍ കായല്‍ നികത്തി ഫിഷറീസ് വകുപ്പിന്റെ റോഡ് നിര്‍മ്മാണം

തീരദേശ നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇടക്കൊച്ചിയില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ കായല്‍ നികത്തുന്ന നടപടി വിവാദത്തില്‍. പരിസ്ഥിതി ലോലപ്രദേശമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തന്നെ പ്രഖ്യാപിച്ചിട്ടുളള പ്രദേശത്താണ് ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മാണം നടത്തുന്നത്.

ഇടക്കൊച്ചിയില്‍ കായല്‍ നികത്തി ഫിഷറീസ് വകുപ്പിന്റെ റോഡ് നിര്‍മ്മാണം

കൊച്ചി: തീരദേശ നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇടക്കൊച്ചിയില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ കായല്‍ നികത്തുന്ന നടപടി വിവാദത്തില്‍. പരിസ്ഥിതി ലോലപ്രദേശമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തന്നെ പ്രഖ്യാപിച്ചിട്ടുളള പ്രദേശത്താണ് ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മാണം നടത്തുന്നത്. നീര്‍ത്തടങ്ങള്‍ സംരക്ഷിക്കുമെന്ന പ്രഖ്യാപിത നയം സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് കായലില്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. കായലില്‍ കരിക്കല്ല് താഴ്ത്തി അതിന്റെ മേല്‍ കമ്പി ഉപയോഗിച്ച് ഒരു വലിയ വാഹനത്തിന് കടന്നു പോകത്തക്ക രീതിയിലാണ് അനധികൃത നിര്‍മ്മാണം. ഫാമിലേയ്ക്ക് ഗതാഗത സൗകര്യം ഒരുക്കാനെന്ന പേരിലാണ് ഫിഷറീസ് വകുപ്പ് കായലിന് കുറുകെ റോഡ് നിര്‍മ്മിക്കുന്നത്. കായല്‍ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന 27 ഏക്കറോളം വരുന്ന മത്സ്യകൃഷി ഫാമിലേയ്ക്ക് വാഹനങ്ങളില്‍ എത്തിക്കാനാണ് നിര്‍മ്മാണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.


വിനോദസഞ്ചാരം ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. പരാതി നല്‍കിയിട്ടും നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തി വെക്കുകയോ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു.  കായലിന്റെ നീരൊഴുക്ക് പൂര്‍ണമായും തടസ്സപ്പെടുത്തിയുളള നിര്‍മ്മാണം കായലിന്റെ ആവാസവ്യവസ്ഥ തകര്‍ക്കുമെന്നും മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെടുന്നു. കായലില്‍ അനധികൃതമായി ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും പാടില്ലെന്നിരിക്കെ മത്സ്യത്തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന ഈ പ്രദേശത്തെ നിര്‍മ്മാണപ്രവര്‍ത്തനം മത്സ്യമേഖലയ്ക്ക് ഭീഷണിയായിരിക്കുകയാണ്.

lijo1

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന കായല്‍ നികത്തല്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഗ്രാമസ്വരാജ് ഫൗണ്ടേഷന്‍ ഭാരാവാഹികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തീരദേശ പരിപാലന നിയമങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്ത് കായല്‍ നികത്തുന്നത് ഗുരുതരമായ കുറ്റമാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഗ്രാമസ്വരാജ് ഫൗണ്ടേഷന്‍ ഭാരാവാഹികളായ വിഡി മജീന്ദ്രന്‍, അഭിലാഷ് തോപ്പില്‍, എന്നിവര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ 25 വര്‍ഷങ്ങളായി പട്ടിക ജാതി സര്‍വീസ് സഹകരണ സംഘമായിരുന്നു ഫിഷ് ഫാമില്‍ കൃഷി നടത്തിയിരുന്നത്. എന്നാല്‍ കൃഷി വന്‍ നഷ്ടമാകുകയും പാട്ടക്കുടിശിക തരിച്ചടയ്ക്കാന്‍ ഇവര്‍ക്കു കഴിയാതെ വരികയും ചെയ്തതോടെ കഴിഞ്ഞ വര്‍ഷം ഫാം ഫിഷറീസ് വകുപ്പ് ഏറ്റെടുത്തു. ഫാമിന്റെ പ്രവര്‍ത്തനത്തിനായി 12 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. വര്‍ഷങ്ങളായി  കായലിലെ ചെളി നീക്കം ചെയ്യാത്തിനാല്‍ മത്സ്യബന്ധനമോ ഗതാഗതമോ ഇവിടെ നടക്കുന്നില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനോ ഫണ്ട് ചെലവഴിക്കാനോ ഫിഷറീസ് വകുപ്പ് തയ്യാറാകുന്നില്ല. എന്നാല്‍ ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മാണപ്രവര്‍ത്തനം നടത്തുകയാണ് ഫിഷറീസ് വകുപ്പ്.

നിര്‍മ്മാണ പ്രവര്‍ത്തനത്തെക്കുറിച്ച് അറിയില്ലെന്നും ഇത് സംബന്ധിച്ച ഫയലുകളില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നും കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ നാരദാ ന്യൂസിനോട് പ്രതികരിച്ചു. ഇടക്കൊച്ചി കായലില്‍ നിര്‍മ്മാണം അനുവദിക്കില്ലെന്നും അന്വേഷിച്ച ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ഷിഷറീസ് വകുപ്പു മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും കായലിലെ നിര്‍മ്മാണം ഉടന്‍ നിര്‍ത്തി വെക്കാനുളള നടപടി സ്വീകരിക്കുമെന്നും ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.