പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍; അറിയേണ്ടത്..

50 വയസ്സിന് മുകളില്‍ ഉള്ള എല്ലാ പുരുഷന്മാരും നിര്‍ബന്ധമായും PSA ടെസ്റ്റിന് വിധേയമാകണം. പ്രതിരോധത്തെക്കാള്‍ രോഗം വരാതെ നോക്കുന്നതാണ് അഭികാമ്യം.

പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍; അറിയേണ്ടത്..

ലോകമെമ്പാടുമുള്ള അര്‍ബുദബാധിതരായ പുരുഷന്മാരുടെ മരണത്തിന് ഇടയാക്കുന്ന പ്രധാനവില്ലനാണ് പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍. ഹൃദയാഘാതം പോലെ തന്നെ പുരുഷന്മാരില്‍ ഏറ്റവുമധികം ഭയപ്പെടെണ്ടുന്ന ഒരു രോഗാവസ്ഥയാണിത്‌.

ദേശീയ ക്യാന്‍സര്‍ റെജിസ്റ്ററി പ്രകാരം, ഇന്ത്യയിലും പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതായിട്ടാണ് കണക്കാക്കപ്പെടുന്നത്. പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിതരുടെ എണ്ണത്തിലെ വര്‍ധനവ് അല്ല, മറിച്ച് രോഗം നിര്‍ണ്ണയിക്കപ്പെട്ടവരുടെ എണ്ണമാണ് വര്‍ദ്ധിച്ചതെന്ന് ഡല്‍ഹി റോക്ക്ലാന്‍ഡ്‌ ഹോസ്പിറ്റലിലെ യൂറോളോജിസ്റ്റ് ഡോ:വിനീത് പറയുന്നു.


"മുന്‍പ് ഈ രോഗം ഇത്രയധികം നിര്‍ണ്ണയിക്കപ്പെട്ടിരുന്നില്ല.  രോഗനിര്‍ണ്ണയത്തിനായി നടത്തുന്ന PSA ടെസ്റ്റ്‌ മുന്‍പ് ഇത്ര പ്രചാരത്തില്‍ ഉണ്ടായിരുന്നില്ല എന്നുള്ളതാണ് കാരണം. പ്രത്യക്ഷരോഗ ലക്ഷണങ്ങളുമായി ഒരാള്‍ എത്തുമ്പോള്‍ മാത്രമായിരുന്നു പ്രൊസ്റ്റേറ്റ്  ക്യാന്‍സര്‍ നിര്‍ണ്ണയിക്കപ്പെട്ടിരുന്നത്. എന്നാല്‍, ഇന്ന് 50 വയസ്സിന് മുകളില്‍ ഉള്ള എല്ലാ പുരുഷന്മാര്‍ക്കും ഞങ്ങള്‍ ഈ ടെസ്റ്റ്‌ നടത്താന്‍ ശുപാര്‍ശ ചെയ്യാറുണ്ട്. അതിനാല്‍ കൂടുതല്‍ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാനുള്ള അവസരങ്ങള്‍ ലഭിക്കുന്നു. അതിനര്‍ത്ഥം കൂടുതല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്നു എന്ന് കൂടിയാണ്."

രോഗലക്ഷങ്ങള്‍:

ശരീരത്തിന്‍റെ ഭാരം കുറയുക, മൂത്രതടസ്സം, അരയ്ക്കും പുറത്തിനും കഠിനമായ വേദന, തുടകള്‍ക്കും എല്ലുകള്‍ക്കും പെരുപ്പ്‌, കാലില്‍ നീര്‍ക്കെട്ടുണ്ടായി നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയവയാണ് ഈ രോഗത്തിന്‍റെ പൊതുവായ ലക്ഷണങ്ങള്‍. എന്നാല്‍ ഇവ മറ്റു പല സാധാരണ രോഗങ്ങളുടെയും സൂചനകള്‍ ആയതിനാല്‍ തന്നെ ഇവ പ്രകടമാകുന്ന ഒരാള്‍ക്ക്  പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ ആണെന്ന് നിര്‍ണ്ണയിക്കുക അസാധ്യമാണ്.

ശരിയായ വൈദ്യസഹായത്തോടെ രോഗനിര്‍ണ്ണയം നടത്തുന്നതാണ് ഏറ്റവും ഉചിതം.

ചികിത്സ:

സാധാരണയായി 60 വയസ്സിന് മുകളില്‍ ഉള്ള പുരുഷന്മാരിലാണ് പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ പൊതുവായി കണ്ടുവരുന്നത്. എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 5-10 മുന്‍പ് തന്നെ ഒരു PSA ടെസ്റ്റിലൂടെ പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ നിര്‍ണ്ണയിക്കുവാന്‍ കഴിയുന്നതാണ്.

"ഒരാളില്‍ ഈ രോഗം സ്ഥിതീകരിച്ചു കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ ശസ്ത്രക്രിയയ്ക്ക് ശുപാര്‍ശ ചെയ്യും, കാരണം പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഇതാണ്. ശരീരം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുകഴിഞ്ഞാല്‍ മറ്റു ചികിത്സ രീതികള്‍ രോഗം മാറ്റാന്‍ ഉതകുന്നതല്ല, അപ്പോള്‍ കാന്‍സര്‍ കൂടുതല്‍ വ്യാപിക്കാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മാത്രമേ ചെയ്യേണ്ടതുള്ളൂ." ഒങ്കോളോഗിസ്റ്റ് ഡോ: മല്‍ഹോത്ര പ്രതികരിച്ചു.

പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ കൂടുതല്‍ പടരാതിരിക്കാന്‍ ഹോര്‍മോണ്‍ തെറാപ്പിയും ചെയ്യാറുണ്ട്. എന്നാല്‍ ഇത് എല്ലാവരിലും അധികമായി പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു ചികിത്സാരീതിയല്ല. മുന്‍പ് ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നവര്‍ക്ക് ഹോര്‍മോണ്‍ തെറാപ്പി അത്ര അനുയോജ്യമല്ല എന്നും വിലയിരുത്തപ്പെടുന്നു. ഹോര്‍മോണ്‍ തെറാപ്പി ചെയ്യുന്നതിനു മുന്‍പായി രോഗിയുടെ പ്രായം, ഹൃദയത്തിന്റെ ആരോഗ്യം എന്നിവയെല്ലാം കണക്കിലെടുക്കാറുണ്ട്.

പ്രതിരോധം:

ആരോഗ്യകരമായ ഭക്ഷണശൈലി ശീലമാക്കുന്നത് തന്നെയാണ് പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ ഒഴിവാക്കാനുള്ള ആദ്യത്തെ പോംവഴി. കൊഴുപ്പ് കൂടിയ ഭക്ഷണം പൂര്‍ണ്ണമായും ഒഴിവാക്കണം.
മെഡിക്കല്‍ ചെക്കപ്പുകള്‍ പതിവാക്കുക.

50 വയസ്സിന് മുകളില്‍ ഉള്ള എല്ലാ പുരുഷന്മാരും നിര്‍ബന്ധമായും PSA ടെസ്റ്റിന് വിധേയമാകണം. പ്രതിരോധത്തെക്കാള്‍ രോഗം വരാതെ നോക്കുന്നതാണ് അഭികാമ്യം.