ഹോമവും പൂജയും തട്ടിപ്പ്; സാമ്പത്തിക അച്ചടക്കം പാലിക്കൂ: സാമ്പത്തികമായി മോശം കാലമാണെന്നു പറഞ്ഞ് വിളിച്ചയാളോട് സൂര്യ ടിവിയിലെ ജ്യോത്സ്യൻ

തന്നെ ബാധിച്ചിരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ട് ലൈവ് ഫോണ്‍ ഇന്‍ പരിപാടയിലേക്ക് വിളിച്ച ആള്‍ക്കാണ് ജ്യോത്സ്യന്‍ മറുപടി നല്‍കിയത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന പരിപാടിയുടെ വീഡിയോ കഴിഞ്ഞ ദിവസം മുതലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയത്. പരിഹാരം നിര്‍ദ്ദേശിക്കുന്ന ജോത്സ്യനും പരിഹാരം ചെയ്യുന്ന പൂജാരിയും തമ്മിലുള്ള കള്ളക്കളികളും ജ്യോത്സ്യന്‍ സംസാരത്തിലൂടെ വിളിച്ചയാള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നു.

ഹോമവും പൂജയും തട്ടിപ്പ്; സാമ്പത്തിക അച്ചടക്കം പാലിക്കൂ:  സാമ്പത്തികമായി മോശം കാലമാണെന്നു പറഞ്ഞ് വിളിച്ചയാളോട് സൂര്യ ടിവിയിലെ ജ്യോത്സ്യൻ

ജ്യോതിഷത്തിന്റെ പേരില്‍ വഞ്ചിക്കപ്പെടുന്നവര്‍ ഇന്ന് അനവധിയാണ്. ടിവിയിലും മറ്റും കാണുന്ന ജ്യോതിഷ പ്രശ്‌ന പരിഹാര പരിപാടികളിലേക്ക് വിളിക്കുകയും അവര്‍ ആവശ്യശപ്പടുന്ന പ്രകാരം ക്ഷേത്രങ്ങളിലും മറ്റ് പൂജാകേന്ദ്രങ്ങളിലും എത്തി പ്രശ്‌ന പരിഹാര കര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്ന കാലം കൂടിയാണ്. എന്നാല്‍ ജനങ്ങളുടെ വിശ്വാസത്തേയും വിഷമാവസ്ഥയേയും മുതലെടുക്കുന്ന കപട ജ്യോത്സ്യന്‍മാരെ തുറന്നുകാണിച്ചിരിക്കുകയാണ് സൂര്യാ ടിവിയിലെ 'ഇന്നത്തെ രാശി' എന്ന ഫോണ്‍ ഇന്‍ പരിപാടയില്‍. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് വിളിച്ച ആള്‍ക്ക് ജ്യോത്സ്യന്‍ ഹരി പത്തനാപുരം നല്‍കുന്ന മറുപടിയും പരിഹാരക്രിയകളും സമൂഹമാധ്യമങ്ങളില്‍ കൈയടി നേടിക്കൊണ്ടിരിക്കുന്നു.


തന്നെ ബാധിച്ചിരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ട് ലൈവ് ഫോണ്‍ ഇന്‍ പരിപാടിയിലേക്ക് വിളിച്ച ആള്‍ക്കാണ് ജ്യോത്സ്യന്‍ മറുപടി നല്‍കിയത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന പരിപാടിയുടെ വീഡിയോ കഴിഞ്ഞ ദിവസം മുതലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയത്. പരിഹാരം നിര്‍ദ്ദേശിക്കുന്ന ജോത്സ്യനും പരിഹാരം ചെയ്യുന്ന പൂജാരിയും തമ്മിലുള്ള കള്ളക്കളികളും ജ്യോത്സ്യന്‍ സംസാരത്തിലൂടെ വിളിച്ചയാള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നു.

കൊല്ലം സ്വദേശിയായ സതീശന്‍നായരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന ജ്യോത്സ്യൻ ഹരി പത്തനാപുരത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിളിച്ചയാള്‍ ജനനതീയതിയും മറ്റും പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ജ്യോത്സ്യന്‍ സൂചന നല്‍കുന്നു. മോശമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സാമ്പത്തികപരമായി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ജ്യോത്സ്യന്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ജൂലൈ പകുതിയോടു കൂടി ഈ പ്രശ്‌നങ്ങള്‍ മാറുമെന്നും ജ്യോത്സ്യന്‍ പറയുന്നുണ്ട്.

അതിനു മറുപടിയായി വരവും ചെലവും ഒത്തുപോകുന്നില്ല എന്നാണ് സതീശന്‍നായര്‍ ചുണ്ടിക്കാട്ടുന്നത്. ഇതിന് പരിഹാരവും ജ്യോത്സ്യനോട് ആരായുന്നു. ഇക്കാര്യങ്ങള്‍ പറഞ്ഞ് താന്‍ ഒത്തിരി ജ്യോത്സ്യന്‍മാരെ കണ്ടിട്ടുണ്ടെന്നും ഏലസ് ഉള്‍പ്പെടെയുള്ളവ പൂജിച്ച് ഉപയോഗിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. അവര്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം താന്‍ ചെയ്തുവെന്നും അതിനായി കുറച്ചധികം തുക ചെലവഴിച്ച കാര്യവും സതീശന്‍ നായര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

അങ്ങനെയാണെങ്കില്‍ ധനാകര്‍ഷണ ഭൈരവഹോമം നടത്താമെന്ന നിര്‍ദ്ദേശം ജ്യോത്സ്യന്‍ മുന്നോട്ടു വെയ്ക്കുന്നു. 21 ഹോമങ്ങള്‍ നടത്തുവാനാണ് ജ്യോത്സ്യന്‍ നിര്‍ദ്ദേശിക്കുന്നത്. ഒരു ഹോമത്തിന് 15,000 രൂപയാകുമെന്നും ജ്യോത്സ്യന്‍ സൂചിപ്പിക്കുന്നു. അതുകഴിഞ്ഞ് എട്ടില്‍ നില്‍ക്കുന്ന രാഹുവിന്റെ ദോഷത്തിനെ ആവാഹിച്ച് ഒരു സ്വര്‍ണ്ണ പ്രതിമയില്‍ അടക്കം ചെയ്ത് ഉച്ഛാടിക്കണമെന്നും അദ്ദേഹം പറയുന്നു. 25,000 രൂപയാണ് അതിനുള്ള ചെലവായി ജ്യോത്സ്യന്‍ ചുണ്ടിക്കാട്ടുന്നത്. ഇക്കാര്യങ്ങളെല്ലാം ചെയ്യാന്‍ തനിക്ക് സമ്മതമാണെന്നും അതിനായി താന്‍ എവിടെയാണ് വരേണ്ടതെന്നും ജ്യോത്സ്യനോട് സതീശന്‍നായര്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ സതീശന്‍നായരും പരിപാടി കാണുന്നവരും സ്വപ്‌നത്തില്‍പ്പോലും കരുതാത്ത മറുപടിയാണ് ജ്യോത്സ്യനില്‍ നിന്നും ലഭിക്കുന്നത്. 'ആരെങ്കിലും പറയുന്നത് കേട്ട് പുജയൊക്കെ ചെയ്ത് കാശ് കളഞ്ഞാല്‍ നിങ്ങളുടെ കൈയില്‍ എങ്ങനെ കാശ് നില്‍ക്കും' എന്ന ചോദ്യമാണ് സതീശന്‍നായരോട് ജ്യോത്സ്യന്‍ ചോദിക്കുന്നത്. കാശ് ഇങ്ങനെയാണ് കൈയില്‍ നിന്നും പോകുന്നതെന്നും സാമ്പത്തിക അച്ചടക്കം പാലിക്കുകയാണ് അത്യാവശ്യം വേണ്ടതെന്നും ജ്യോത്സ്യന്‍ ഉപദേശിക്കുന്നു. താന്‍ പറഞ്ഞ പുജയും ഹോമങ്ങളും കൂടി അഞ്ച് ലക്ഷം രൂപയ്ക്കു മുകളില്‍ വരുമെന്നും ജ്യോത്സ്യന്‍ ചുണ്ടിക്കാട്ടുന്നു. തെറ്റ് മനസ്സിലായ സതീശന്‍നായര്‍ക്ക് കാശ് കൈയില്‍ നില്‍ക്കാനുള്ള ചില ഉപദേശങ്ങളും നല്‍കിയാണ് ജ്യോത്സ്യന്‍ ഫോണ്‍കോള്‍ അവസാനിപ്പിക്കുന്നത്.എത്ര തുക ചെലവായാലും പൂജയുടേയും ഹോമങ്ങളുടെയും പിറകേ പോകുന്നത് ചില വ്യക്തികളുടെ മാനസിക പ്രശ്‌നമാണെന്ന് പ്രസ്തുത പരിപാടി അവതരിപ്പിച്ച ജ്യോത്സ്യന്‍ ഹരി പത്തനാപുരം നാരദാ ന്യൂസിനോട് പറഞ്ഞു.
ജ്യോതിഷം പൂജ നടത്തി പരിഹാരം കാണാന്‍ കഴിയുന്ന ഒന്നല്ലെന്നും പ്രശ്‌നങ്ങളുണ്ടാക്കുന്ന ചിലയാള്‍ക്കാര്‍ക്ക് ഉപദേശങ്ങളിലൂടെ നല്‍കുന്ന പ്രതീക്ഷമാത്രമാണ് അതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ അവസ്ഥയെ ചിലര്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ഉപദേശം നല്‍കുന്നത് ജ്യോതിഷവും, അതിന്റെ പേരില്‍ പുജയും ഹോമവും നടത്തിക്കുന്നത് തട്ടിപ്പുമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം തുടർന്നു.

ക്ഷേത്രങ്ങളില്‍ ഷര്‍ട്ടു ധരിച്ചുകൊണ്ട് പ്രവേശിച്ചാല്‍ ദോഷങ്ങളൊന്നുമില്ലെന്ന് ഹരി പത്തനാപുരം മുമ്പ് ഒരു എപ്പിസോഡില്‍ പ്രസ്താവിച്ചിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ ദോഷപരിഹാരത്തിന് പൂജകള്‍ നടത്തുന്നുവെന്ന് ഇന്ന് 'ജന്മഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അതിനു പിറകേയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

Read More >>