കൗമാര ലോകകപ്പ്: 2017 ഒക്ടോബർ 6 മുതൽ 28 വരെ

ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ഫിഫ ലോകകപ്പിന്റെ മത്സരക്രമവും ഗ്രൂപ്പുകളും ജൂലായ് ഏഴിന് പ്രഖ്യാപിക്കും. കാണികളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ കൊച്ചി ഫിഫയുടെ പ്രിയ സ്റ്റേഡിയമാകാനുള്ള സാധ്യതയേറെ

കൗമാര ലോകകപ്പ്: 2017 ഒക്ടോബർ 6 മുതൽ 28 വരെ

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടർ - 17 ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ അടുത്ത വർഷം ഒക്ടോബർ ആറു മുതൽ 28 വരെ നടക്കും. കൊച്ചി അടക്കം ആറുവേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഗ്രൂപ്പുകളും മത്സരക്രമങ്ങളും ജൂലായ് ഏഴിന് പ്രഖ്യാപിക്കും. കൊച്ചി, നവി മുംബയ്, ഗോവ, ഡൽഹി, ഗുവാഹത്തി, കൊൽക്കത്ത എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.

ലോകകപ്പ് വേദിയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ സ്റ്റേഡിയം കൊച്ചിയിലേതായിരുന്നു. സാധ്യതാ പട്ടികയിലുണ്ടായിരുന്ന കൊച്ചി സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങളിൽ ഫിഫ സംഘം തൃപ്തി രേഖപ്പെടുത്തിയിരുന്നു. അടുത്ത വർഷം ഫെബ്രുവരി അവസാനം മത്സര വേദിയും അനുബന്ധ സ്റ്റേഡിയങ്ങളും ഫിഫയ്ക്കു കൈമാറണം. പനമ്പിള്ളി നഗർ സ്‌കൂൾ ഗ്രൗണ്ട്, ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ട്, ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ട്, മഹാരാജാസ് സ്റ്റേഡിയം എന്നിവയാണു പരിശീലന മൈതാനങ്ങൾ. 25 കോടി രൂപ ചെലവിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായാണു നെഹ്‌റു സ്റ്റേഡിയം നവീകരിക്കുന്നത്.

ലോകകപ്പിൽ കൊച്ചിയിൽ ആറു മത്സരങ്ങൾ നടന്നേക്കുമെന്നാണ് സൂചന. പ്രാഥമിക റൗണ്ടിലെ മത്സരങ്ങളാകും ഇവ. കാണികളെ കണക്കിലെടുക്കുമ്പോൾ പ്രീക്വാർട്ടറിലെ ഒന്നോ രണ്ടോ മത്സരങ്ങളും കൊച്ചിയിലാകാൻ സാധ്യതയുണ്ട്. ക്വാർട്ടർ ഫൈനലും ഇവിടെ നടന്നേക്കാം. സെമി ഫൈനൽ കൊച്ചിയിലാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കൊൽക്കത്തയിലാകും ഫൈനൽ എന്നാണ് പറയപ്പെടുന്നത്.

Read More >>