ബാലൺ ഡിയോർ പുരസ്‌കാര സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു; റൊണാൾഡോയും ബെയിലും അഗ്വിറോയും ഗ്രീസ്മാനും ബഫണും ആദ്യ പത്തിൽ

സാധ്യതാ പട്ടികയിൽ ലയണൽ മെസി 18-ആം സ്ഥാനത്താണുള്ളത്. 24-ആം സ്ഥാനത്ത് ബ്രസീൽ സൂപ്പർ താരം നെയ്മർ ഇടംപിടിച്ചപ്പോൾ 28-ആം സ്ഥാനത്താണ് സുവാരസ്. മെസ്യൂട്ട് ഓസിലും കാന്റെയും പട്ടികയ്ക്ക് പുറത്ത്.

ബാലൺ ഡിയോർ പുരസ്‌കാര സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു; റൊണാൾഡോയും ബെയിലും അഗ്വിറോയും ഗ്രീസ്മാനും ബഫണും ആദ്യ പത്തിൽ

നിരഞ്ജൻ

പാരീസ്: കാൽപ്പന്തുകളിയിൽ കളിക്കാരന് കിട്ടുന്ന ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമെന്ത്? സംശയരഹിതമായി പറയാം... ഓരോ ഫുട്‌ബോളറും തങ്ങളുടെ പേരിൽ കുറിക്കാൻ ആഗ്രഹിക്കുന്ന ലോക പുരസ്‌കാരം ബാലൺ ഡിയോർ തന്നെയാകും. കഴിഞ്ഞ ഏഴുവർഷമായി ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കൈവശം വച്ചു നടക്കുന്ന പുരസ്‌കാരത്തിന്റെ സാധ്യതാ പട്ടിക പുറത്തിറക്കിയപ്പോൾ പ്രതീക്ഷിക്കാത്ത പലരും പട്ടികയ്ക്കുള്ളിലെത്തി. എന്നാൽ കഴിഞ്ഞ വർഷം കളത്തിൽ മികവ് പ്രകടിപ്പിച്ച ചിലരെയെങ്കിലും വിട്ടുകളഞ്ഞോയെന്ന സംശയവും ആരാധകർക്ക് തോന്നിയേക്കാം. ലോകത്തിലെ തന്നെ മികച്ച സ്‌പോർട്‌സ് ജേർണലിസ്റ്റുകൾ വോട്ടിനിട്ടെടുക്കുന്ന തീരുമാനം എന്തുവന്നാലും എല്ലാവരും അംഗീകരിക്കുമെന്നുറപ്പ്.


ഫ്രാൻസ് ഫുട്‌ബോളും ഫിഫയും തമ്മിലുള്ള കരാർ പ്രകാരമായിരുന്നു കഴിഞ്ഞ അഞ്ചുവർഷവും ബാലൺ ഡിയോർ പുരസ്‌കാരം സമ്മാനിക്കപ്പെട്ടതെങ്കിൽ ഇക്കുറി മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഫിഫയുമായുള്ള കരാർ അവസാനിച്ച ശേഷം ഫ്രാൻസ് ഫുട്‌ബോൾ മാഗസിന്റെ പേരിൽ മാത്രമാകും ഇത്തവണത്തെ ബാലൺ ഡിയോർ. അതിനാൽ തന്നെ ഫിഫ ഫുട്‌ബോളർ ഓഫ് ദ ഇയർ എന്ന പേരിൽ പുരസ്‌കാര ജേതാവിന് അറിയപ്പെടാനാകില്ല. അന്താരാഷ്ട്ര പരിശീലകരും ജേർണലിസ്റ്റുകളും ചേർന്നാണ് കഴിഞ്ഞ തവണയെല്ലാം പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെങ്കിൽ ഇക്കുറി മാദ്ധ്യമപ്രവർത്തകർ മാത്രം പങ്കെടുക്കുന്ന വോട്ടെടുപ്പിലൂടെയാണ് കാര്യങ്ങൾ നിശ്ചയിക്കുക. എങ്കിൽ തന്നെയും 1956 മുതൽ സമ്മാനിക്കപ്പെടുന്ന പുരസ്‌കാരത്തിന്റെ ശോഭയ്ക്ക് ഒട്ടും കുറവ് വരാനിടയില്ല.
പുരസ്‌കാരപ്പട്ടികയിലെ ആദ്യ പത്തുപേരുടെ ലിസ്റ്റ് രണ്ടുദിവസം മുൻപ് ഫ്രാൻസ് ഫുട്‌ബോൾ മാഗസിൻ പുറത്തിറക്കിയിരുന്നു. ആദ്യ പത്തുപേരിൽ പോർച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയും വെയിൽസ് താരം ഗാരെത് ബെയിലും അർജന്റീനയുടെ സെർജിയോ അഗ്വിറോയും ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാനും ബെൽജിയത്തിന്റെ കെവിൻ ഡി ബ്രുയിൻ, ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻലൂജി ബഫൺ, അർജന്റൈൻ യുവതാരം പൗലോ ഡൈബാല, ഉറുഗ്വെൻ താരം ഡീഗോ ഗോഡിൻ എന്നിവരും ഉൾപ്പെട്ടപ്പോൾ അഞ്ചു തവണ പുരസ്‌കാരം നേടിയ ലയണൽ മെസി പുറത്തായി. എന്നാൽ 30 പേർ ഉൾപ്പെട്ട സമ്പൂർണ്ണ സാധ്യതാ പട്ടിക തിങ്കളാഴ്ച രാത്രി പുറത്തുവിട്ടതോടെ മെസിയുടെ ആരാധകർക്ക് ആശ്വാസമായി. പട്ടികയിലെ പതിനെട്ടാമനായി മെസിയുണ്ട്. 24-ആം സ്ഥാനത്ത് നെയ്മർ ഇടം നേടിയപ്പോൾ ലൂയി സുവാരസ് 28-ആം സ്ഥാനത്താണുള്ളത്.

എന്നാൽ കഴിഞ്ഞ വർഷം രാജ്യത്തിന് വേണ്ടിയും ക്ലബ്ബിന് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുത്ത മെസ്യൂട്ട് ഓസിൽ, കാന്റെ, ബോണുക്കി തുടങ്ങിയവർ പട്ടികയിൽ ഇടം പിടിക്കാത്തത് ചിലരെയെങ്കിലും നിരാശരാക്കുന്നു. 2012ൽ വെയ്ൻ റൂണി പട്ടികയിൽ ഇടംപിടിച്ച ശേഷം പിന്നീടാരും ഇംഗ്ലണ്ടിൽ നിന്നും സാധ്യതാ പട്ടികയിൽ എത്തിയിരുന്നില്ല. ഇംഗ്ലണ്ടിന്റെ ഈ വരൾച്ചയ്ക്കും ഇക്കുറി പരിഹാരമുണ്ട്. പ്രീമിയർ ലീഗ് കിരീടം ലെസ്റ്റർ സിറ്റിക്ക് നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ജാമി വാർഡിയാണ് ലിസ്റ്റിൽ ഇടംപിടിച്ച ഇംഗ്ലീഷുകാരൻ.

ബാലൺ ഡിയോർ 30 അംഗ സാധ്യതാ പട്ടിക

1. സെർജിയോ അഗ്വിറോ (മാഞ്ചസ്റ്റർ സിറ്റി - അർജന്റീന) 2. പയറി എമറിക് ഓബമേയഗ് (ബറൂസിയ ഡോർമുണ്ട് - ഗബോൺ) 3. ഗാരെത് ബെയിൽ (റയൽ മാഡ്രിഡ് - വെയിൽസ്) 4. ജിയാൻലൂജി ബഫൺ (യുവന്റസ് - ഇറ്റലി) 5. ക്രിസ്റ്റ്യാനോ റൊണാൾഡോ (റയൽ മാഡ്രിഡ് - പോർച്ചുഗൽ) 6. കെവിൻ ഡി ബ്രുയിൻ (മാഞ്ചസ്റ്റർ സിറ്റി - ബെൽജിയം) 7. പൗലോ ഡൈബാല (യുവന്റസ് - അർജന്റീന) 8. ഡീഗോ ഗോഡിൻ (അത്‌ലറ്റികോ മാഡ്രിഡ് - ഉറുഗ്വെ) 9. അന്റോണിയോ ഗ്രീസ്മാൻ (അത്‌ലറ്റികോ മാഡ്രിഡ് - ഫ്രാൻസ്) 10. ഗോൺസാലോ ഹിഗ്വെയ്ൻ (യുവന്റസ് - അർജന്റീന) 11. സ്ലാട്ടൻ ഇബ്രാഹിമോവിച്ച് (മാഞ്ചസ്റ്റർ യുണൈറ്റഡ്) 12. ആന്ദ്രെ ഇനിയെസ്റ്റ (ബാർസലോണ - സ്‌പെയിൻ) 13 കോകെ (അത്‌ലറ്റികോ മാഡ്രിഡ് - സ്‌പെയിൻ) 14. ടോണി ക്രൂസ് (റയൽ മാഡ്രിഡ് - ജർമനി) 15. റോബർട്ട് ലെവൻഡോവിസ്‌കി (ബയേൺ മ്യൂണിച്ച് - പോളണ്ട്) 16. ഹ്യൂഗോ ലോറിസ് (ടോട്ടെൻഹാം - ഫ്രാൻസ്) 17. റിയാദ് മാഹ്രെസ് (ലെസ്റ്റർ സിറ്റി - അൾജീരിയ) 18. ലയണൽ മെസി (ബാർസലോണ - അർജന്റീന) 19. ലൂക്ക മോഡ്രിക് (റയൽ മാഡ്രിഡ് - ക്രൊയേഷ്യ) 20. തോമസ് മുള്ളർ (ബയേൺ മ്യൂണിച്ച് - ജർമനി) 21. ദിമിത്രി പായെറ്റ് (വെസ്റ്റ് ഹാം - ഫ്രാൻസ്) 22 പോൾ പോഗ്ബ (മാഞ്ചസ്റ്റർ സിറ്റി - ഫ്രാൻസ്) 23. മാനുവൽ ന്യൂയർ (ബയേൺ മ്യൂണിച്ച് - ജർമനി) 24. നെയ്മർ (ബാർസലോണ - ബ്രസീൽ) 25. റൂയി പട്രീഷ്യോ (സ്‌പോർട്ടിംഗ് സി.പി - പോർച്ചുഗൽ) 26. പെപെ (റയൽ മാഡ്രിഡ് - പോർച്ചുഗൽ) 27. സെർജിയോ റമോസ് (റയൽ മാഡ്രിഡ് - സ്‌പെയിൻ) 28. ലൂയിസ് സുവാരസ് (ബാർസലോണ - ഉറുഗ്വെ) 29. ജാമി വാർഡി (ലെസ്റ്റർ സിറ്റി - ഇംഗ്ലണ്ട്) 30. ആർടുറോ വിഡാൽ (ബയേൺ മ്യൂണിച്ച് - ചിലി).

ബാലൺ ഡിയോർ പുരസ്‌കാര പട്ടികയിൽ ഇല്ലാത്ത പ്രമുഖർ

1. അലക്‌സിസ് സാഞ്ചെസ് (ആഴ്‌സനൽ - ചിലി) 2. ആൻഡ്രിയ ബാർസഗിൽ (യുവന്റസ് - ഇറ്റലി) 3 മെസ്യൂട്ട് ഓസിൽ (ആഴ്‌സനൽ - ജർമനി) 4. ഡേവിഡ് ഡി ഗിയ (മാഞ്ചസ്റ്റർ യുണൈറ്റഡ് - സ്‌പെയിൻ) 5. ഹാരി കാനെ (ടോട്ടൻഹാം - ഇംഗ്ലണ്ട്) 6. ജാവിയർ ഹെർണ്ണാണ്ടസ് (ബയേൺ ലെവർകൂസൺ - മെക്‌സിക്കോ) 7. ഇവാൻ റാക്റ്റിക് (ബാഴ്‌സലോണ - ക്രൊയേഷ്യ) 8. കരിം ബെൻസിമ (റയൽ മാഡ്രിഡ് - ഫ്രാൻസ്) 9. സൗൾ നിഗ്വസ് (അത്‌ലറ്റികോ മാഡ്രിഡ് - സ്‌പെയിൻ) 10. മൗരോ ഐകാർഡി (ഇന്റർ - അർജന്റീന) 11. ജെറോം ബോട്ടെങ് (ബയേൺ മ്യൂണിച്ച് - ജർമനി) 12. ജാൻ ഒബ്ലാക് (അത്‌ലറ്റികോ മാഡ്രിഡ് - സ്ലൊവേനിയ) 13. സാഡിയോ മാനെ (സതാംപ്റ്റൺ - സെനഗൽ) 14. ഡീഗോ കോസ്റ്റ (ചെൽസി - സ്‌പെയിൻ) 15. ഡഗ്ലസ് കോസ്റ്റ (ബയേൺ മ്യൂണിച്ച് - ബ്രസീൽ) 16. മാർകോ റീസ് (ബറൂസിയ ഡോർമുണ്ട് - ജർമനി) 17. ലിയനാർഡോ ബോണുക്കി (യുവന്റസ് - ഇറ്റലി) 18. ജോർജിയോ ചെല്ലിനി (യുവന്റസ് - ഇറ്റലി) 19. ജെറാൾഡ് പീക്കെ (ബാഴ്‌സലോണ - സ്‌പെയിൻ) 20. എൻഗോളോ കാന്റെ (ചെൽസി - ഫ്രാൻസ്) 21. ഡേവിഡ് അലബ (ബയേൺ മ്യൂണിച്ച് - ഓസ്ട്രിയ) 22. കേസ്മിരോ (റയൽ മാഡ്രിഡ് - ബ്രസീൽ) 23. മാഴ്‌സലോ (റയൽ മാഡ്രിഡ് - ബ്രസീൽ) 24. ടോബി അൽദെർബിരൽഡ് (ടോട്ടൻഹാം - ബെൽജിയം) 25. ഏദൻ ഹസാർഡ് (ചെൽസി - ബെൽജിയം) 26. റെനാറ്റോ സാഞ്ചസ് (ബയേൺ മ്യൂണിച്ച് - പോർച്ചുഗൽ) 27. മാർക്വിനോസ് (പി.എസ്.ജി - ബ്രസീൽ) 28. ജയിംസ് റോഡ്രിഗസ് (റയൽ മാഡ്രിഡ് - കൊളംബിയ 29. സെർജിയോ ബാസ്‌ക്വറ്റ്‌സ് (ബാഴ്‌സലോണ - സ്‌പെയിൻ) 30. ഹെന്റിക് ഹിതാര്യൻ (ബറൂസിയ ഡോർമുണ്ട് - അർമേനിയ).

Read More >>