ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ആര്‍എസ്എസും പാരമ്പര്യ വാദികളും നേര്‍ക്കുനേര്‍; കുമ്മനം- മുരളീധരന്‍ ചേരിപ്പോര് മറനീക്കി പുറത്തുവരുന്നു

ബിഡിജെഎസിനെ എന്‍ഡിഎ മുന്നണിയില്‍ കൊണ്ടുവന്ന് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതിനും തുഷാര്‍ വെള്ളാപ്പള്ളിക്ക് എന്‍ഡിഎ ചെയര്‍മാന്‍ സ്ഥാനം നല്‍കിയതിനുമെതിരെ വന്‍ എതിര്‍പ്പാണ് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം ഉയര്‍ത്തിയത്. എന്നാല്‍ കേന്ദ്രനേതൃത്വത്തിന്റെ പിന്‍ബലത്തില്‍ എടുത്ത തീരുമാനങ്ങള്‍ക്ക് മാറ്റമുണ്ടാകാതെ നോക്കാന്‍ കുമ്മനത്തിനായി.

ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ആര്‍എസ്എസും പാരമ്പര്യ വാദികളും നേര്‍ക്കുനേര്‍; കുമ്മനം- മുരളീധരന്‍ ചേരിപ്പോര് മറനീക്കി പുറത്തുവരുന്നു

സംസ്ഥാന ബിജെപി നേതൃത്വത്തില്‍ ചേരിപ്പോര് മറനീക്കി പുറത്തുവരുന്നു. നിലവിലെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള വിഭാഗവും മുന്‍പ്രസിഡന്റ് വി മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിലുള്ള ചേരിപ്പോരാണ് കേന്ദ്രനേതൃത്വത്തിന് തലവേദനയായി മാറിയിരിക്കുന്നത്. കണ്ണൂരിലെ അക്രമസംഭവങ്ങളോട് അനുബന്ധിച്ച് സമാധാനം സ്ഥാപിക്കാന്‍ ആരോടും യാചിക്കില്ലെന്ന കുമ്മനം വിഭാഗത്തിലെ പ്രബലന്‍ എംടി രമേഷിന്റെ പ്രസ്താവനയും, സമാധാന ശ്രമങ്ങള്‍ക്കായി ഏതുതരത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന മുരളീധരന്റെ പ്രസ്താവയുമാണ് ബിജെപിക്കുള്ളിലെ പടലപ്പിണക്കങ്ങളുടെ ഉദാഹരണമായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.


കുമ്മനത്തിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനാരോഹണത്തിനെതിരെ മുരളീധര വിഭാഗത്തിനുള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന അമര്‍ഷം മറനീക്കി പുറത്തുവന്നുകഴിഞ്ഞു. അന്നത്തെ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങളെ അവണഗിച്ചാണ് കുമ്മനത്തെ പ്രസിഡന്റായി കേന്ദ്ര നേതൃത്വം സ്ഥാനക്കയറ്റം നല്‍കിയത്.

കുമ്മനത്തെ സംസ്ഥാന പ്രസിഡന്റായി നിയമിക്കുന്നതിനെതിരെ മുരളീധര വിഭാഗവും പികെ കൃഷ്ണദാസ് വിഭാഗവും ശക്തമായി എതിര്‍പ്പുയര്‍ത്തിയിരുന്നു. എന്നാല്‍ കേന്ദ്രനേതൃത്വം ഇവരുടെ എതിര്‍പ്പുകളെ തള്ളി തീരുമാനം നടപ്പില്‍ വരുത്തുകയായിരുന്നു. രണ്ടു പ്രബനല വിഭാഗങ്ങളുടെയും എതിര്‍പ്പുകളെയും മറിടന്ന് നേതൃസ്ഥാനത്തേക്ക് എത്തിയ കുമ്മനം അതുകൊണ്ടുതന്നെ ശക്തനായി മാറുകയും ചെയ്തു.

കുമ്മനത്തിന്റെ സ്ഥാനാരോഹണത്തോടെ മുമ്പ് മുരളീധരന്‍ അകറ്റി നിര്‍ത്തിയിരുന്ന പുതു ആര്‍എസ്എസ് വിഭാഗം സംസ്ഥാന തലത്തില്‍ പിടിമുറുക്കി. സികെ പദ്മനാഭനും കെ സുന്ദ്രേനും ടിവി രാജേഷും ഉള്‍പ്പെടെയുള്ള മുരളീധര അനുകൂലികളെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയതും കുമ്മനം പക്ഷത്തിന്റെ ചില ഏകപക്ഷീയമായ തീരുമാനങ്ങളും മുരളീധരവിഭാഗത്തിനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചതും.

എന്‍ഡിഎ മുന്നണിയിലേക്ക് എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസിന്റെ കടന്നുവരവ് സംഘടനയ്ക്കുള്ളില്‍ ശക്തിയുക്തം എതിര്‍ത്തത് മുരളീധരനും സംഘവുമാണ്. ബിഡിജെഎസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന് വാദിച്ചത് കുമ്മനവും. എന്നാല്‍ കേന്ദ്ര നേതൃത്വം കൈകൊടുത്തത് കുമ്മനത്തിന്റെ തീരുമാനങ്ങള്‍ക്കാണ്. മൃദുവര്‍ഗ്ഗീയത പിന്തുടരുന്ന മുരളീധര വിഭാഗത്തേക്കാള്‍ കടുത്ത വര്‍ഗ്ഗീയത മുറുകെ പിടിക്കുന്ന കുമ്മനത്തിന്റെ തീരുമാനങ്ങള്‍ക്ക് കേന്ദ്ര നേതൃത്വം എല്ലായ്‌പ്പോഴും അകമഴിഞ്ഞുള്ള പിന്തുണയാണ് നല്‍കിപ്പോരുന്നതും.

ബിഡിജെഎസിന്റെ കാര്യത്തില്‍ തീരുമാനം കുമ്മനത്തിന്റെത് മാത്രമായിരുന്നു. മുരളീധരന്റെ നേതൃത്വത്തിലുള്ള ബിജെപിക്കാര്‍ക്കും പികെ കൃഷ്ണദാസിന്റെ നേതൃത്വണത്തിലുള്ള പരമ്പരാഗത ആര്‍എസ്എസുകാര്‍ക്കും ഈ നിര്‍ദ്ദേശത്തോട് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല.

ബിഡിജെഎസിനെ എന്‍ഡിഎ മുന്നണിയില്‍ കൊണ്ടുവന്ന് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതിനും തുഷാര്‍ വെള്ളാപ്പള്ളിക്ക് എന്‍ഡിഎ ചെയര്‍മാന്‍ സ്ഥാനം നല്‍കിയതിനുമെതിരെ വന്‍ എതിര്‍പ്പാണ് പാര്‍ട്ടിക്കുള്ളിലെ കുമ്മനഇതരവിഭാഗങ്ങള്‍ ഉയര്‍ത്തിയത്. എന്നാല്‍ കേന്ദ്രനേതൃത്വത്തിന്റെ പിന്‍ബലത്തില്‍ എടുത്ത തീരുമാനങ്ങള്‍ക്ക് മാറ്റമുണ്ടാകാതെ നോക്കാന്‍ കുമ്മനത്തിനായി.

കുമ്മനം വന്ന ശേഷം മണ്ഡലതലം മുതലുള്ള ഭാരവാഹികളെ നിശ്ചയിച്ചത് ആര്‍എസ്എസ് നേതൃത്വമാണ്. അതുകൊണ്ടുതന്നെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരും വലിയ ആര്‍എസ്എസ് അനുഭാവമില്ലാത്തവരുമായ പലര്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനം നഷ്ടമാകുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ശേഷം കേന്ദ്രനേതൃത്വത്തില്‍ ഒരു മികച്ച സ്ഥാനം പ്രതീക്ഷിച്ചിരുന്ന മുരളീധരന്‍ പോലും സംസ്ഥാന തലത്തില്‍ മാത്രം ഒതുങ്ങിക്കൂടേണ്ടിവന്നു. ഇതെല്ലാം മുരളീധര വിഭാഗത്തെ കുറച്ചൊന്നുമല്ല അസ്വസ്തരാക്കുന്നത്.

കുമ്മനം അധികാരത്തിലേറിയ ശേഷം ബിജെപി പ്രത്യക്ഷ സമുരമുഖത്തില്ലെന്ന ആരോപണവും മുരളീധര വിഭാഗം ഉന്നയിക്കുന്നുണ്ട്. സ്വാശ്രയ വിഷയത്തിലും ഇപി ജയരാജന്‍ വിഷയത്തിലും എകെ ബാലന്‍ വിഷയത്തിലും പ്രതീക്ഷിച്ചതുപോലുള്ള ഒരു പ്രതിഷേധ മുന്നേറ്റം ബിജെപിയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല. എകെബാലന്‍ നിയമസഭയില്‍ ആദിവാസി സ്ത്രീകള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ ശക്തമായ ഒരു വിമര്‍ശനം പോലും കുമ്മനം നടത്തിയില്ലെന്നുള്ളതും മുരളീധരവിഭാഗം ചൂണ്ടിക്കാണിക്കുന്നു. ആദിവാസികളെ തങ്ങളുടെ കൂടെനിര്‍ത്തുവാനുള്ള ഒരു അവസരമാണ് ഈ മൗനത്തിലൂടെ നഷ്ടപ്പെട്ടതെന്നാണ് അവരുടെ വാദം. സഭയിലെ ബിജെപി എംഎല്‍എയായ ഒ രാജഗോപാലും ഇതിനെതിരെ ശക്തമായ ഒരു പ്രതികരണവും നടത്തിയിരുന്നില്ല. കഴിഞ്ഞ ആറുവര്‍ഷം മുരളീധരന്റെ കീഴില്‍ സംസ്ഥാന നേതൃത്വം കൈവരിച്ച ചെറുതല്ലാത്ത സമര വിജയങ്ങളാണ് കുമ്മനത്തിനുള്ള മറുപടിയായി മുരളീധരവിഭാഗം ഉയര്‍ത്തിക്കാട്ടുന്നത്.

Read More >>