സ്റ്റേഷനുകളില്‍ നിർവീര്യമാക്കാത്ത പടക്ക ശേഖരങ്ങൾ; ദുരന്തമുനമ്പില്‍ തലശ്ശേരിയിലെ പൊലീസുകാർ

യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെയാണ് ഇത്രയും പടക്കങ്ങള്‍ സൂക്ഷിക്കുന്നതെന്ന് തലശ്ശേരി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍നിന്നു ലഭിച്ച വിവരവകാശ രേഖകളും വ്യക്തമാക്കുന്നു.

സ്റ്റേഷനുകളില്‍ നിർവീര്യമാക്കാത്ത  പടക്ക ശേഖരങ്ങൾ; ദുരന്തമുനമ്പില്‍ തലശ്ശേരിയിലെ  പൊലീസുകാർ

കണ്ണൂര്‍: തലശ്ശേരി പൊലീസ് സബ് ഡിവിഷനു കീഴിലെ നാല് പൊലീസ് സ്റ്റേഷനുകളിൽ യാതൊരു സുരക്ഷയുമില്ലാതെ സൂക്ഷിച്ചിരിക്കുന്നത് ആയിരക്കണക്കിന് കിലോ പടക്കങ്ങള്‍. കഴിഞ്ഞ വിഷുക്കാലത്ത് പൊലീസ് പിടിച്ചെടുത്ത അനധികൃത പടക്കങ്ങളാണ് പൊലീസ് സ്റ്റേഷനുകളില്‍ അലക്ഷ്യമായി തള്ളിയിരിക്കുന്നത്. ഒരു തീപ്പൊരി വീണാല്‍ പോലും വന്‍ സ്‌ഫോടനങ്ങള്‍ക്ക് കാരണമായേക്കുന്നവയാണിവ.


തലശ്ശേരി ഡിവൈഎസ്പി ഓഫീസിന്റെ നിയന്ത്രണത്തില്‍ വരുന്ന ധര്‍മ്മടം, ചൊക്ലി, പാനൂര്‍, കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനുകളിലാണ് തൊണ്ടിമുതലുകള്‍ക്കൊപ്പം പടക്കശേഖരവുമുള്ളത്. ഉപയോഗശൂന്യമായ ലോക്കപ്പ് മുറികളിലും ഒഴിഞ്ഞുകിടക്കുന്ന മറ്റു മുറികളിലും സ്റ്റേഷന്‍ പരിസരത്തുമായാണ് പിടികൂടിയ തൊണ്ടിമുതലുകളുടെ കൂട്ടത്തില്‍ വന്‍ സ്ഫോടനത്തിന് വഴിവെച്ചേക്കാവുന്ന പടക്കങ്ങളും വച്ചിരിക്കുന്നത്. ധര്‍മ്മടം പൊലീസ് സ്റ്റേഷനില്‍ 5140 കിലോഗ്രാമും പാനൂര്‍, ചൊക്ലി സ്റ്റേഷനുകളില്‍ 8,165 കിലോഗ്രാമും കൂത്തുപറമ്പ് സ്റ്റേഷനില്‍ 966 കിലോഗ്രാമും പടക്കങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്.


യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെയാണ് ഇത്രയും പടക്കങ്ങള്‍ സൂക്ഷിക്കുന്നതെന്ന് തലശ്ശേരി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍നിന്നു ലഭിച്ച വിവരവകാശ രേഖകളും വ്യക്തമാക്കുന്നു.


രാഷ്ട്രീയ സംഘര്‍ഷം നടക്കുന്ന തലശ്ശേരി ഉള്‍പ്പെടെയുള്ള മേഖലകളില്‍നിന്ന് കണ്ടെത്തുന്ന നിര്‍വീര്യമായ ബോംബുകളടക്കം അതാത് പൊലീസ് സ്റ്റേഷനുകളിലാണ് പലപ്പോഴും സൂക്ഷിക്കാറുള്ളത്. നൂറുശതമാനം നിര്‍വീര്യമാകാത്ത സ്‌ഫോടക വസ്തുക്കളും ഇതിനൊപ്പം ഉള്‍പ്പെടാറുമുണ്ട്. കൂടാതെ മാഹിയില്‍ കടത്തുന്നതിനിടെ പിടികൂടുന്ന മദ്യക്കുപ്പികളും മറ്റ് മോഷണ മുതലുകളും സൂക്ഷിക്കുന്നത് പടക്കങ്ങള്‍ക്കൊപ്പമാണ്. വിഷുക്കാലത്ത് പിടികൂടുന്ന പടക്കങ്ങള്‍ യഥാസമയം പരിശോധിച്ച് നശിപ്പിക്കുന്നതിനുള്ള എക്‌സപ്ലോസിവ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ അനാസ്ഥയിലേക്കാണിത് വിരല്‍ചൂണ്ടുന്നത്.


പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ പതിവാണ്. കഴിഞ്ഞ ജൂലൈ മാസത്തില്‍ ബൈക്കിലെത്തിയ സംഘം അഞ്ചരക്കണ്ടി പൊലീസ് സ്റ്റേഷന് ബോംബെറിഞ്ഞ് രക്ഷപ്പെട്ടിരുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍ ഭാഗങ്ങളില്‍ പതിവായിരിക്കെയാണ് ക്രമസമാധാനപാലകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് പൊലീസ് സ്റ്റേഷനുകളിലെ പടക്കശേഖരങ്ങള്‍.

Read More >>