ഫ്ലിപ്‌കാര്‍ട്ടില്‍ കൂട്ടപ്പലായനം തുടരുന്നു; സിഎഫ്ഒ സഞ്ജയ് ബവേജ രാജിവച്ചു

മിന്ത്രയുടെ സ്ഥാപകന്‍ മുകേഷ് ബന്‍സാല്‍, ചീഫ് ബിസിനസ് ഓഫീസര്‍ അങ്കിത് നാഗോരി, ചീഫ് പ്രോഡക്റ്റ് ഓഫീസര്‍ പുനീത് സോണി എന്നീ പ്രമുഖരും മുന്‍പ് ഫ്ലിപ്‌കാര്‍ട്ടില്‍ നിന്നും രാജിവെച്ച് പുറത്തുപോയിരുന്നു

ഫ്ലിപ്‌കാര്‍ട്ടില്‍ കൂട്ടപ്പലായനം തുടരുന്നു; സിഎഫ്ഒ സഞ്ജയ് ബവേജ രാജിവച്ചു

ന്യൂഡല്‍ഹി/ബെംഗളുരു : ഈ-കൊമേഴ്‌സ് അതികായകന്‍ ഫ്ലിപ്‌കാർട്ടിൽ കൂട്ടപ്പലായനം തുടരുന്നു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സഞ്ജയ് ബവേജയും നിയമ വിദഗ്ദന്‍ രാജേന്ദ്ര ശര്‍മ്മയും ഫ്ലിപ്‌കാര്‍ട്ടിന്റെ പടിയിറങ്ങിയിരിക്കുകയാണ്. മിന്ത്രയുടെ സ്ഥാപകന്‍ മുകേഷ് ബന്‍സാല്‍, ചീഫ് ബിസിനസ് ഓഫീസര്‍ അങ്കിത് നാഗോരി, ചീഫ് പ്രോഡക്റ്റ് ഓഫീസര്‍ പുനീത് സോണി എന്നീ പ്രമുഖരും മുന്‍പ്  ഫ്ലിപ്‌കാര്‍ട്ടില്‍ നിന്നും രാജിവച്ചു പുറത്തുപോയിരുന്നു.


രണ്ടുവര്‍ഷം മുന്‍പാണ് ടാറ്റാ കമ്മ്യൂണിക്കേഷന്റെ മുന്‍ സിഎഫ്‌ഒ കൂടിയായിരുന്ന സഞ്ജയ്‌ ബവേജ ഫ്ലിപ്‌കാര്‍ട്ടിന്റെ ഭാഗമായത്. ബെംഗളുരുവില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ധനസമാഹരണം ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മുന്‍നിരയില്‍ നിന്ന് നയിച്ചയാളാണു ബവേജ. രാജേന്ദ്ര ശര്‍മ്മ പത്ത് മാസമായി ഫ്ലിപ്‌കാര്‍ട്ടില്‍ സേവനമനുഷ്ഠിക്കുന്നു. ഇരുവരുടെയും രാജിയ്ക്കു പിന്നിലെ കാരണം വ്യക്തമല്ല.

ബവേജയ്ക്ക് പകരക്കാരനായി കമ്പനി ആരെ നിയമിക്കും എന്നതിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. ഫ്ലിപ്‌കാര്‍ട്ട് കാറ്റഗറി മാനേജ്‌മെന്റ് തലവനും ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ് എംഡിയുമായ കല്ല്യാണ്‍ കൃഷ്ണമൂര്‍ത്തി ഈ സ്ഥാനത്തേക്ക് താല്‍ക്കാലികമായി നിയമിക്കപ്പെടും എന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

അതേസമയം വീണ്ടും ഫണ്ട് സമാഹരണത്തിനുളള പ്രവര്‍ത്തനങ്ങളിലാണ്  ഫ്ലിപ്‌കാര്‍ട്ട്. ഇതിന്റെ ഭാഗമായി പ്രമുഖ വ്യവസായികളായ വാള്‍മാര്‍ട്ടുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വളര്‍ച്ച ലക്ഷ്യമിട്ട് നേതൃതലത്തില്‍ അഴിച്ചുപണി നടത്താനും കമ്പനിക്ക് പദ്ധതിയുണ്ട്.

Read More >>