കനകമലയിലെ ഐഎസ് തീവ്രവാദികൾ; പൊടിപ്പും തൊങ്ങലും വെച്ചു പ്രചരിക്കുന്നത് പഴുതുകളേറെയുളള കഥകൾ

ഔദ്യോഗികമായി സ്ഥിരീകരിക്കെപ്പെട്ടില്ലെങ്കിലും ശക്തമായ തെളിവുകളുടെ സാന്നിധ്യമെങ്കിലും വാർത്തകൾക്കുണ്ടാകണം. എന്നാൽ അത്തരം തെളിവുകളെക്കുറിച്ചുളള സൂചനകളൊന്നും മാധ്യമ റിപ്പോർട്ടുകളിലില്ല. ഒരു കേന്ദ്രത്തിൽ തയ്യാറാക്കിയ കഥകൾ ഒരു പോലെ ഏറ്റുപാടുന്ന മാധ്യമങ്ങളെയാണ് കനകമല സംഭവത്തിലും കാണുന്നത്.

കനകമലയിലെ ഐഎസ് തീവ്രവാദികൾ; പൊടിപ്പും തൊങ്ങലും വെച്ചു പ്രചരിക്കുന്നത് പഴുതുകളേറെയുളള കഥകൾ

കനകമലയിലെ തീവ്രവാദികളെക്കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത കഥകൾ. ലോക്കൽ പോലീസിന്റെയും എൻഐഎയുടെയും പേരിൽ മത്സരിച്ച് ഊഹാപോഹം പ്രചരിപ്പിക്കുന്ന മാധ്യമങ്ങളിൽ സിപിഐഎം മുഖപത്രമായ ദേശാഭിമാനിയും ഉണ്ട് എന്നതാണ് കൗതുകകരം.

ഔദ്യോഗികമായി സ്ഥിരീകരിക്കെപ്പെട്ടില്ലെങ്കിലും ശക്തമായ തെളിവുകളുടെ സാന്നിധ്യമെങ്കിലും വാർത്തകൾക്കുണ്ടാകണം. എന്നാൽ അത്തരം തെളിവുകളെക്കുറിച്ചുളള സൂചനകളൊന്നും മാധ്യമ റിപ്പോർട്ടുകളിലില്ല. ഒരു കേന്ദ്രത്തിൽ തയ്യാറാക്കിയ കഥകൾ ഒരുപോലെ ഏറ്റുപാടുന്ന മാധ്യമങ്ങളെയാണ് കനകമല സംഭവത്തിലും കാണുന്നത്.


ലോക്കൽ പോലീസിന്റെ ജോലി കാഴ്ചക്കാരെ നിയന്ത്രിക്കൽ

കനകമല ഓപ്പറേഷനെക്കുറിച്ച് ലോക്കൽ പോലീസിന് ഒരു അറിവും ഇല്ല എന്നതാണ് വാസ്തവം. എൻഐഎയുടെ റെയിഡും അറസ്റ്റുമൊക്കെ 'ലോക്കൽ പോലീസിന്റെ കൂടി സഹായത്തോടെ' എന്നൊക്കെ വാർത്തകളിൽ വരുന്നുണ്ടെങ്കിലും പൊലീസിന് നേരിട്ട് യാതൊരു ബന്ധവും ഇല്ല. എൻഐഎ സംഘം കനകമലയിൽ എത്തിയതിനു ശേഷമാണ് ലോക്കൽ പോലീസിനെ അറിയിച്ചത്.

തുടർച്ചയായി പോലീസ് വാഹനങ്ങൾ കനകമലയിലേക്ക് എത്തുന്നത് കണ്ട നാട്ടുകാർ അവിടേക്ക് ഓടിക്കൂടി. നാട്ടുകാരെ നിയന്ത്രിക്കാനാണ് എൻഐഎ ലോക്കൽ പോലീസിനോട് ആവശ്യപ്പെട്ടത്. യഥാർത്ഥത്തിൽ എൻഐഎ അവിടെ നടത്തിയ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ഒരു വിവരവും ലോക്കൽ പോലീസിനില്ലെന്ന് സ്ഥലം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ നാരദാ ന്യൂസിനോട് പറഞ്ഞു.

ഇസ്‌ലാമിക് സ്റ്റെയ്റ്റിന്റെ നാമത്തിൽ


മലബാറിലെ, പ്രത്യേകിച്ച് കാസർഗോട്ടെ ചില വ്യക്തികളുടെയും കുടുംബങ്ങളുടെയും ദുരൂഹമായ തിരോധാനവുമായി ബന്ധപ്പെട്ടാണ് 'ഇസ്‌ലാമിക് സ്റ്റെയ്റ്റിന്റെ' കേരളത്തിലെ പ്രവർത്തനങ്ങളെക്കുറിച്ച് വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. ലോക്കൽ പോലീസ് മുതൽ ദേശീയ സുരക്ഷാ ഏജൻസികൾ വരെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണ്. കാണാതായവർ ഐഎസ്സിൽ ചേർന്നതിനുള്ള കൃത്യമായ തെളിവുകൾ ഇതുവരെ ഒരു അന്വേഷണ ഏജൻസിയും കണ്ടെത്തിയതായി വിവരമില്ല. എന്നാൽ ആരംഭം മുതൽ തന്നെ ഐഎസ് ബന്ധം സ്ഥിരീകരിച്ചുകൊണ്ടാണ് വാർത്തകൾ വന്നത്. സമാനമായ സംഭവങ്ങൾ തന്നെയാണ് കനകമല സംഭവത്തിലും ഉണ്ടായത്.

കനകമലയിലെ അറസ്റ്റിനു ശേഷം എൻഐഎ പുറത്തിറക്കിയ പത്രക്കുറിപ്പിൽ 'ഐഎസ്‌ഐഎസ്സിൽ പ്രചോദനം ഉൾക്കൊണ്ട സംഘം' എന്നാണ് ഇസ്‌ലാമിക് സ്റ്റെയ്റ്റുമായുള്ള ഇവരുടെ ബന്ധത്തെ വിശദീകരിച്ചിരിക്കുന്നത്. ഈ ഘടകത്തിന്റെ പേരോ മറ്റു വിവരങ്ങളോ എൻഐഎ പുറത്ത് പറയുന്നില്ല.

nai

nia-2

പ്രമുഖരായ വ്യക്തികളെയും സ്ഥലങ്ങളെയും ലക്ഷ്യമിട്ടുകൊണ്ട് സ്‌ഫോടക വസ്തുക്കളും മറ്റും ശേഖരിക്കുന്ന സംഘമാണ് ഇതെന്ന് പത്രക്കുറിപ്പിൽ എൻഐഎ പരാമർശിക്കുന്നുണ്ട്. മാസങ്ങളോളം നിരീക്ഷിച്ചുകൊണ്ടുള്ള അറസ്റ്റ് ആണ് ഇതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ചില ഇലക്രോണിക് വസ്തുക്കൾ മാത്രമാണ് ഇവരുമായി ബന്ധപ്പെട്ട ഇടങ്ങളിൽ നിന്ന് കണ്ടെത്താനായത് പോലും. അങ്ങനെയെങ്കിൽ സ്ഫോടക വസ്തുക്കൾ എവിടെയെന്ന ചോദ്യം ബാക്കിയാകുന്നു. അതെല്ലാം എൻഐഎ തുടർ അന്വേഷണത്തിൽ കണ്ടെത്തും എന്നാണ് ഉത്തരമെങ്കിൽ ഇങ്ങനെ ഒരു പത്രക്കുറിപ്പിലൂടെ രഹസ്യം പുറത്തുവിട്ടാൽ ബന്ധപ്പെട്ടവർ ആയുധ ശേഖരം ഒളിപ്പിച്ച് വെക്കില്ലേ എന്നൊക്കെ ചോദിക്കേണ്ടി വരും.

"ഞങ്ങൾക്ക് അന്നേ അറിയാമായിരുന്നു"വെന്ന് സംഘപരിവാർ..

ഒന്നര വർഷം മുൻപ് തന്നെ കനകമലയിൽ രഹസ്യയോഗങ്ങൾ നടന്നിട്ടുണ്ടെന്നും അന്ന് തങ്ങൾ നൽകിയ പരാതി പോലീസ് അവഗണിച്ചെന്നും പ്രസ്താവിച്ചുകൊണ്ട് ഹിന്ദു ഐക്യവേദിയുടെ കണ്ണൂർ ജില്ലാ നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. രണ്ടു വർഷം മുൻപ് തന്നെ ഇവിടെ സംശയമായ യോഗങ്ങൾ നടന്നതായി നാട്ടുകാർ വിശ്വഹിന്ദു പരിഷത്ത് നേതാക്കളെ അറിയിച്ചിരുന്നുവെന്നും അതിനാലാണ് പരാതി നൽകിയത് എന്നുമാണ് വാദം. കനകമലയിൽ എൻഐഎ എത്തിയ സമയത്ത് ദൃശ്യ മാധ്യമങ്ങൾ ഉൾപ്പെടെ പ്രദേശവാസികളോട് സംസാരിച്ചപ്പോൾ ആദ്യമായാണ് കനകമലയുമായി ബന്ധപ്പെട്ട് ഇത്തരം ഒരു സംഭവം ഉണ്ടാകുന്നത് എന്നാണ് എല്ലാവരും പറഞ്ഞത്.

കനകമലയിലെ തീവ്രവാദ യോഗം എന്ന സിദ്ധാന്തത്തിന് കോടതിയിൽ രേഖാമൂലമുളള തെളിവായി എൻഐഎയ്ക്ക് ഈ പരാതിയെ ചിത്രീകരിക്കാം. എന്നാൽ ഇപ്പോൾ പാനൂർ സർക്കിളിനു കീഴിൽ ജോലി ചെയ്യുന്ന പോലീസുകാർക്കൊന്നും ഈ പരാതിയെക്കുറിച്ച് അറിയില്ല. വിശ്വഹിന്ദു പരിഷത്തിന്റെ ഇത്തരമൊരു പരാതി മുമ്പു ലഭിച്ചിരുന്നുവെന്ന് മുമ്പ് ഇവിടെ ജോലി ചെയ്തിരുന്ന പോലീസുകാർ സ്ഥിരീകരിക്കുന്നു. പരാതിയെക്കുറിച്ച് ലോക്കൽ പോലീസ് അന്വേഷണം നടത്തുകയും കനകമല സന്ദർശിക്കുന്നവരെ നിരീക്ഷിക്കുകയും ചെയ്തിരുന്നെങ്കിലും പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനാൽ മേൽനടപടിയെടുത്തില്ലെന്നാണ് അവരുടെ ഭാഷ്യം.

പിടികൂടിയ യുവാക്കൾ എല്ലാം ഫെയ്‌സ്ബുക്കിൽ തീവ്ര മത സ്വഭാവമുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചവർ ആണെന്ന കണ്ടുപിടുത്തം മാധ്യമങ്ങൾ നടത്തിയിട്ടുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് കേരളാ ഘടകത്തിന്റേതെന്ന് പറഞ്ഞു നേരത്തെ സംഘപരിവാർ പ്രചരിപ്പിച്ച അതേ ഫേസ് ബുക്ക് പേജുകളാണിത്.

കുറ്റവാളികൾ പിടിയിലായിട്ടും ഈ പേജുകളൊന്നും ബ്ലോക് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല, ഇപ്പോഴും അവയെല്ലാം സജീവവുമാണ്. ദേശസുരക്ഷയെ തകർക്കുന്നത് എന്ന് ആരോപിക്കപ്പെടുന്ന ഈ പേജുകൾ നീക്കം ചെയ്യാനുളള നടപടികളൊന്നും സ്വീകരിക്കാത്തതും സംശയകരമാണ്.

കൈവെട്ടിയവർക്കും  കനകമലയിൽ പിടിയിലായവർക്കും പോപ്പുലർ ഫ്രണ്ടിന് രണ്ടുനീതി

ഇതിനിടെയിലാണ് എൻഐഎ അറസ്റ്റ് ചെയ്ത തിരൂർ സ്വദേശി പി സഫ്‌വാനെ സംഘടനയിൽ നിന്നും പുറത്താക്കി പോപ്പുലർ ഫ്രണ്ട് കേരളത്തെ ഞെട്ടിച്ചത്. ജോസഫ് മാഷിന്റെ കൈവെട്ടു കേസിൽ സംഭവത്തിലെ പ്രതികളെ പരസ്യമായി ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്ത സംഘടനയാണ് ഒരു തീവ്രവാദക്കേസിൽ കസ്റ്റഡിയിലായെന്ന ന്യായം പറഞ്ഞ് പ്രവർത്തകനെ പുറത്താക്കിയത്.

PFI_Press release

എൻഐഎ അറസ്റ്റ് രേഖപ്പെടുത്തി മണിക്കൂറുകൾക്കകമാണ് സഫ് വാനെ പുറത്താക്കിയത്. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറത്താക്കിയെന്നാണ് പത്രക്കുറിപ്പിൽ പോപ്പുലർ ഫണ്ട് അറിയിക്കുന്നത്. തീവ്രവാദ ആശയങ്ങളുമായി യാതൊരു തരത്തിലും ബന്ധപ്പെടരുതെന്ന് പ്രവർത്തകർക്ക് നേരത്തെ നിർദേശം നൽകിയിരുന്നുവെന്നും എൻഐഎ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ സഫ്‌വാനെ പുറത്താക്കുകയായിരുന്നുവെന്നും മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ബഷീർ നാരദാ ന്യൂസിനോട് പറഞ്ഞു.

സംഭവത്തിൽ സഫ്‌വാൻ കുറ്റക്കാരൻ ആണോ എന്നത് സംബന്ധിച്ച് പോപ്പുലർ ഫ്രണ്ടിന് യാതൊരു അറിവും ഇല്ല. സഫ്‌വാൻ ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്നതായുള്ള ഒരു സൂചനയും ഇല്ല. എന്നാൽ സംഭവത്തെക്കുറിച്ച് സംഘടന അന്വേഷണം നടത്തുന്നുണ്ടെന്നാണ് മുഹമ്മദ് ബഷീർ നാരദാ ന്യൂസിനോട് പറഞ്ഞത്.

ഈ വിശദീകരണവും അസ്വാഭാവികമാണ്. കുറ്റക്കാരെ സംഘടനയിൽ നിന്ന് പുറത്താക്കുന്നത് സാധാരണയാണ്. പക്ഷേ അന്വേഷണം പൂർത്തിയാകും മുൻപേയാണ് സഫ്‌വാനെ പുറത്താക്കിയിരിക്കുന്നത്. കൈവെട്ടുകേസിലും നാറാത്തെ തീവ്രവാദ പരിശീലന ക്യാമ്പ് കേസിലും പ്രവർത്തകർക്കൊപ്പം നിന്ന സംഘടനകൾ ഇപ്പോൾ എന്തെ ഇങ്ങനെയെന്നതിന് സംഘടന വ്യക്തമായ മറുപടി പറയുന്നുമില്ല.

ഷൗക്കത്തലിയുടെ വീരപരിവേഷം അഥവാ ഒരു ഇന്ത്യൻ മുസ്ലീമിന്റെ ധീരത


എൻഐഎ പോലുള്ള ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങളിലും ഓപ്പറേഷനുകളിലും ഉദ്യോഗസ്ഥരുടെ സുരക്ഷകൂടി കണക്കിലെടുത്തുകൊണ്ട് അവരുടെ പേര് പുറത്തു വിടാറില്ല. എന്നാൽ കനകമല കേസിൽ ഡിവൈഎസ്പി ഷൗക്കത്തലിയെ ആഘോഷിക്കുകയാണ് സംഘപരിവാറും മാധ്യമങ്ങളും. ഒരു മുസ്ലിം സംഘടനയുടെ സമ്മേളനത്തിലേക്ക് വാഹനം ഓടിച്ച് കയറ്റാൻ നോക്കിയ മുസ്ലിം തീവ്രവാദികളെ അറസ്റ്റു ചെയ്ത മുസ്ലിം ഓഫീസർ എന്നാണ് ഷൗക്കത്തലിയുടെ വിശേഷണം.

കേരളത്തിൽ എൽഡിഎഫ് വന്നാൽ ആദ്യം 'ശരിയാക്കുന്ന' പോലീസുകാരൻ ഷൗക്കത്തലിയായിരിക്കുമെന്നായിരുന്നു കോഴിക്കോട്ടെ നാട്ടുവർത്തമാനം. ടിപി ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഐഎം ഏരിയാ സെക്രട്ടറിമാരെ അടക്കം ക്രൂരമായി ഭേദ്യം ചെയ്ത ഉദ്യോഗസ്ഥനാണ് ഷൗക്കത്തലിയെന്നും ആരോപണമുയർന്നിരുന്നു. ഈ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും മൃഗീയ പീഡനങ്ങളുമാണ് ഷൗക്കത്തലിയുടെ നേതൃത്വത്തിൽ അന്ന് നടന്നതെന്ന് ദേശാഭിമാനിയടക്കം ആരോപിച്ചിട്ടുണ്ട്.

'സിപിഐഎമ്മിനെ കുടുക്കിയ വീരൻ' എന്നൊക്കെ ഷൗക്കത്തലിയെ ഫെയ്‌സ്ബുക്കിൽ ആരാധകർ വിളിക്കുന്നുണ്ടെങ്കിലും അദ്ദേഹം തയ്യാറാക്കിയ കുറ്റപത്രത്തിലെ പല കഥകളും കോടതി കൈയോടെ തളളുകയായിരുന്നു. കുട്ടിക്കഥയെ വെല്ലുന്ന ഗൂഡാലോചനാ സിദ്ധാന്തവും ഫോൺ രേഖകളെ ആധാരമാക്കി രചിച്ച കഥകളുമായിരുന്നു കുറ്റപത്രത്തിലേറെയും. അന്ന്, മാധ്യമങ്ങളെല്ലാം കൊട്ടിഗ്ഘോഷിച്ച ഗൂഢാലോചനാ കഥകളുടെ ആവർത്തനമാണ് കനകമലയെ ചുറ്റിപ്പറ്റിയും പ്രചരിക്കുന്നത്.

ഇതിലെത്രയെണ്ണം കുറ്റപത്രത്തിലുണ്ടാവുമെന്നും കുറ്റപത്രത്തിലുൾപ്പെട്ട കഥകളിലെത്രയെണ്ണം കോടതി വിശ്വസിക്കുമെന്നും കാത്തിരിക്കുകയാണ് കേരളം.

Read More >>