മുൻ എസ്എഫ്ഐക്കാരേ വിട; ഏഷ്യാനെറ്റിലേക്ക് മുൻ എബിവിപിക്കാർക്ക് ബയോഡേറ്റ അയച്ചുതുടങ്ങാം

വിനോദ ചാനൽ സമ്പൂർണമായും മർഡോക്കിന്റെ സ്റ്റാറിനെ ഏൽപ്പിച്ച രാജീവ് ചന്ദ്രശേഖർ, വാർത്താ ചാനലിന്റെ കാര്യത്തിൽ പുതിയ ചുവടുവെയ്ക്കാൻ ശ്രമം തുടങ്ങുന്നു. കേരളത്തിലെ ഒന്നാംനിര വാർത്താ ചാനലിന്റെ മുതലാളിയ്ക്ക് ഇനി വേണ്ടത് ആർഎസ്എസ് അനുഭാവികളായ മാധ്യമപ്രവർത്തകരെ.

മുൻ എസ്എഫ്ഐക്കാരേ വിട; ഏഷ്യാനെറ്റിലേക്ക് മുൻ എബിവിപിക്കാർക്ക് ബയോഡേറ്റ അയച്ചുതുടങ്ങാം

"ഏഷ്യാനെറ്റ് വിറ്റവരേ, നിങ്ങള്‍ ഏറ്റുവാങ്ങിയത്, ഒരു വാര്‍ത്തയില്‍പ്പോലും വാര്‍ത്തയുടെ നീതി വിറ്റുതിന്നാത്ത കെ ജയചന്ദ്രന്റെ ആത്മാവിന്റെ വില. വാര്‍ത്തയുടെ വേഗത്തിന് ജീവിതം എറിഞ്ഞുകൊടുത്ത സുരേന്ദ്രന്‍ നീലേശ്വരത്തിന്റെ ചോരയുടെ വില.

ഏഷ്യാനെറ്റ് വിറ്റവര്‍ക്ക് ആ കാശ് ഉതകാതെ പോകട്ടെ. ഏഷ്യാനെറ്റ് വാങ്ങിയവര്‍ക്ക് ജനതകളുടെ മഹാശിക്ഷ കിട്ടട്ടെ. ചോറ്റുകലത്തില്‍ തലയിടാന്‍ പട്ടികളെത്തുമ്പോള്‍ എന്തു ചെയ്യണമെന്ന് ഇടശ്ശേരിയുടെ നാടിന്നറിയാം; പട്ടി തീണ്ടിയാല്‍പ്പിന്നെ ആ അന്നം എന്തുചെയ്യണമെന്നും. ആകയാല്‍, ഇനി നമുക്ക് ഏഷ്യാനെറ്റിന് ശിക്ഷവിധിക്കാം; വേദനയോടെ. പക്ഷേ, വിശ്വാസധീരതയോടെ".

(ഏഷ്യാനെറ്റ് വിറ്റവർക്കു മാപ്പില്ല, എൻ പി ചന്ദ്രശേഖരൻ, ദേശാഭിമാനി, 2008 സെപ്തംബർ 8).


ആർഎസ്എസ് ആശയമുള്ളവരെ മാത്രം ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള ചാനലുകളിൽ ഇനി നിയമിച്ചാൽ മതിയെന്ന ഇ മെയിൽ സന്ദേശത്തെക്കുറിച്ചുള്ള വാർത്തകൾ വായിക്കുന്ന ചിലരുടെയെങ്കിലും ഓർമ്മകളിലേയ്ക്ക് 2008 സെപ്തംബറിൽ കൈരളി പീപ്പിൾ ന്യൂസ് ഡയറക്ടർ എൻ പി ചന്ദ്രശേഖരൻ ദേശാഭിമാനിയിലെഴുതിയ ഈ ലേഖനമെത്തും.

(ഈ ലേഖനമെഴുതി മൂന്നു കൊല്ലം കഴിഞ്ഞിട്ടും ജനം ഒന്നും ചെയ്യുന്നില്ല എന്നു വന്നപ്പോൾ സ്വന്തം എംഡി ജോൺ ബ്രിട്ടാസിനെ ഇതേ ഏഷ്യാനെറ്റിലേയ്ക്ക് പറഞ്ഞയച്ച് ഒന്നു ശിക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്, കൈരളി. അക്കഥ അവിടെ നിൽക്കട്ടെ. ഇവിടെ വിഷയം അതല്ല)

ശശികുമാറിൽ തുടങ്ങി അന്നത്തെ ഇടതുപക്ഷ മന്ത്രിസഭയുടെ സൌജന്യം പറ്റി കേരളത്തിൽ ഏഷ്യാനെറ്റ് നേടിയ വിശ്വാസ്യതയാണ് ശതകോടികളുടെ വിപണിമൂല്യമായി കൈമറിഞ്ഞ് ഇപ്പോൾ സംഘപരിവാരത്തിന്റെ കൈവശം ഏതാണ്ട് എത്തിനിൽക്കുന്നത്. വിനോദത്തിന്റെ വിപണി മർഡോക്കിനും വാർത്ത സംഘപരിവാരത്തിനും. ഇമെയിൽ ചോർന്നപ്പോൾ ലൊട്ടുലൊടുക്കു വിശദീകരണവുമായി കമ്പനി ഉടമകൾ രംഗത്തുണ്ട്. പണ്ട് മർഡോക്കു വന്നപ്പോഴും ഇത്തരം ചില വാദങ്ങൾ ഏഷ്യാനെറ്റ് ഉന്നയിച്ചിരുന്നു.

വിനോദ ചാനൽ വിറ്റുവോ എന്നു ചോദ്യത്തോട് വാർത്ത വിറ്റില്ലല്ലോ എന്നായിരുന്നു മറുപടി. ഒന്നുറപ്പാണ്. ഏഷ്യാനെറ്റിന്റെ അടിത്തറ കൈയടക്കിയ മൂലധനതാൽപര്യം മേൽപ്പുരയിലും ആധിപത്യമുറപ്പിക്കാൻ ഇനി അധികകാലമില്ല.

1991ലാണ് ഏഷ്യാനെറ്റിന്റെ പിറവി. ആറു കോടിയായിരുന്നത്രേ മൂലധനം. ശശികുമാറും അമ്മാവൻ റെജി മേനോനുമായിരുന്നു ഉടമകൾ. ഒരു വർഷം കഴിഞ്ഞപ്പോൾ ചാനലും കേബിൾ കമ്പനിയും വെവ്വേറെയായി.

അന്ന്, വർഷം ഒരു രൂപ വാടക വാങ്ങിയാണ് കെഎസ്ഇബിയുടെ പോസ്റ്റുകളിൽ കേബിൾ കെട്ടാനുളള അവകാശം ഏഷ്യാനെറ്റിനു നൽകിയത്. പുരോഗമന മുഖമുളള ഉള്ളടക്കമുള്ള ചാനൽ, പുരോഗമന ചിന്തകളോട് ചേർന്നു നിൽക്കുന്ന ശശികുമാറിനെപ്പോലൊരു മാധ്യമലേഖകന്റെ നേതൃത്വം. നാടു ഭരിക്കുന്നത് ഇടതു സർക്കാർ. കെഎസ്ഇബി നാട്ടിയ പോസ്റ്റുകളിലൂടെ വൈദ്യുതിയുടെ വേഗത്തിൽ ഏഷ്യാനെറ്റ് മലയാളിയുടെ മനസായി.

മുടക്കുമുതലായിരുന്നില്ല, ആദ്യകാല മാധ്യമലേഖകരുടെ മൂല്യബോധവും പൊതുവഴിയിലൂടെ കേബിൾ വലിക്കാൻ സർക്കാർ നൽകിയ കൈത്താങ്ങുമായിരുന്നു ഏഷ്യാനെറ്റിന്റെ ബ്രാൻഡ് വാല്യൂ നിശ്ചയിച്ചത്. മത്സരത്തിന് മറ്റാരും ഇല്ലാതിരുന്നതും ഗുണമായെന്നു പറയാം.

ഏഷ്യാനെറ്റ് ന്യൂസിൽ ആർഎസ്എസ് അനുഭാവമുള്ളവരെ നിയമിക്കണമെന്ന ആശയം കൃത്യമായി കൈമാറുമ്പോൾ മാർക്സിസ്റ്റ് ആചാര്യനായ പി ഗോവിന്ദപ്പിള്ളയുടെ മകൻ എം ജി രാധാകൃഷ്ണനുണ്ട്, ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത്. ചോർന്ന ഇമെയിൽ വിവരങ്ങൾ വാർത്തയാക്കിയ ന്യൂസ് ലോൺട്രിയോട് വിശദീകരണത്തിനു മുതിർന്നതും എം ജി രാധാകൃഷ്ണൻ മാത്രം.

രണ്ടായിരത്തോടെ രാജീവ് ചന്ദ്രശേഖർ

പിറന്നു വീണ് മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തെ മുതലാളിമാർ ഏഷ്യാനെറ്റിന്റെ അവകാശം പറ്റാനെത്തി. ആദ്യം വന്നത് ഹാത്ത് വേ ഗ്രൂപ്പ്. രണ്ടു കമ്പനികളായി പിരിഞ്ഞ് രണ്ടും പണമില്ലായ്മയുടെ ഞെരുക്കത്തിൽ നിൽക്കുമ്പോഴാണ് ഈ ഉത്തരേന്ത്യൻ കമ്പനി ചൂണ്ടയെറിഞ്ഞത്.

ആദ്യം അവർ ഏഷ്യാനെറ്റ് കേബിളിന്റെ പകുതി ഓഹരി വാങ്ങി. ഹാത്ത് വേ ഉടമ രാജൻ രഹേജയായിരുന്നു ഇന്ത്യയിലെ അന്നത്തെ കേബിൾ ബിസിനസിന്റെ മുഖ്യപങ്കും കൈയടക്കിയിരുന്നത്. അഞ്ചു കൊല്ലം കഴിഞ്ഞ് ഏഷ്യാനെറ്റ് കേബിൾ മുഴുവനായും രഹേജാ ഗ്രൂപ്പിന്റെ കൈവശമായി. ഒപ്പം മറ്റൊന്നു കൂടി സംഭവിച്ചു. ശശികുമാർ ഭാഗം വാങ്ങി പിരിഞ്ഞു; ഡോ. രജി മേനോൻ ഒറ്റമുതലാളിയായി മാറി.

2006ലാണ് ബിപിഎൽ മൊബൈൽ ഉടമയായിരുന്ന രാജീവ് ചന്ദ്രശേഖർ ഏഷ്യാനെറ്റിന്റെ 51 ശതമാനം ഓഹരിയുടെ ഉടമസ്ഥനായത്. ഗുജറാത്തിലെ അഹമ്മദാബാദാണ് രാജീവ് ചന്ദ്രശേഖറിന്റെ ജന്മനാട്. 150 കോടിയുടെ കച്ചവടമെന്നാണ് അന്ന് മാധ്യമങ്ങളിൽ വന്ന വാർത്ത. ശേഷിക്കുന്ന ഓഹരികളിൽ 26 ശതമാനം രെജി മേനോന്. ബാക്കി കെ മാധവനും രജി മേനോൻറെ രണ്ടു സഹോദരന്മാരും കെ പി മോഹനനും പങ്കുവെച്ചു.

അതിനിടെ മറ്റൊന്നു കൂടി സംഭവിച്ചു. 2001ൽ ഏഷ്യാനെറ്റ് ഗ്ലോബൽ എന്ന പേരിൽ ഒരു ചാനൽ ആരംഭിച്ചു. എന്നാൽ ആ ചാനൽ വിചാരിച്ചത്ര വിജയമായില്ല. വാർത്താധിഷ്ഠിത ചാനൽ വേറെ വേണമെന്ന ആലോചന ശക്തമായി വരുന്ന സമയമായിരുന്നു അത്. ഗ്ലോബൽ താമസം വിനാ പൂട്ടി. ഏഷ്യാനെറ്റ് പ്ലസ് എന്ന വിനോദ ചാനലും ഏഷ്യാനെറ്റ് ന്യൂസ് എന്ന വാർത്താ ചാനലും രൂപം കൊണ്ടു, 2003 മെയ് മാസത്തിൽ.

2008ൽ മർഡോക്കെത്തി. ഏഷ്യാനെറ്റിന്റെ ഉടമസ്ഥത സ്റ്റാർ ജൂപ്പിറ്റർ എന്ന സംയുക്ത സംരംഭത്തിന്. വിനോദ ചാനലുകളുടെ ഉടമസ്ഥത ഘട്ടംഘട്ടമായി സ്റ്റാറിനു മാത്രമായി. അവശേഷിച്ച 13 ശതമാനം ഓഹരി കൂടി 2014 മാർച്ച് മാസത്തിൽ കൈയടക്കിയതോടെ മർഡോക്കിന്റെ ആധിപത്യം പൂർണമായി. 1.33 ബില്യൺ ഡോളറായിരുന്നത്രേ 2014ൽ ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസിന്റെ ആസ്തിമൂല്യം.

വിനോദ ചാനൽ സമ്പൂർണമായും മർഡോക്കിന്റെ സ്റ്റാറിനെ ഏൽപ്പിച്ച രാജീവ് ചന്ദ്രശേഖർ, വാർത്താ ചാനലിന്റെ കാര്യത്തിൽ പുതിയ ചുവടുവെയ്ക്കാൻ ശ്രമം തുടങ്ങുന്നു. കേരളത്തിലെ ഒന്നാംനിര വാർത്താ ചാനലിന്റെ മുതലാളിയ്ക്ക് ഇനി വേണ്ടത് ആർഎസ്എസ് അനുഭാവികളായ മാധ്യമപ്രവർത്തകരെ.

കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഏഷ്യാനെറ്റ് ന്യൂസിനെക്കുറിച്ച് ഏറ്റവുമധികം പരാതിപ്പെട്ടത് സംസ്ഥാനത്തെ ബിജെപി ഘടകമാണ്. ഒരു ഘട്ടത്തിൽ ആ ചാനൽ ബഹിഷ്കരിക്കാൻ പോലും ബിജെപി തയ്യാറായി. ഒരു പക്ഷേ, അതിൽനിന്നു പഠിച്ച പാഠമാവാം, രാജീവ് ചന്ദ്രശേഖറെ കേരളത്തിലെ എൻഡിഎയുടെ വൈസ് ചെയർമാൻ സ്ഥാനത്ത് എത്തിച്ചത്.

ഗുജറാത്തിൽ ജനിച്ചു വളർന്ന് അമേരിക്കയിൽ പയറ്റിത്തെളിഞ്ഞ് ബാംഗ്ലൂരിൽ താമസമാക്കി, കർണാടകത്തിൽ നിന്നുള്ള രാജ്യസഭാ അംഗമായ രാജീവ് ചന്ദ്രശേഖരൻ, അല്ലെങ്കിലെന്തിനാണ് കേരളത്തിലെ എൻഡിഎയുടെ വൈസ് ചെയർമാൻ ആയത്...?

എൻ പി ചന്ദ്രശേഖരന്റെ ലേഖനത്തിലേയ്ക്ക് വീണ്ടും...
ഏപ്രിലിലെ മഴയാണ് മേയിലെ പൂക്കള്‍. മുതലാളിയുടെ കോര്‍പറേറ്റ് മാജിക്കിനല്ല മര്‍ഡോക് വിലപറഞ്ഞത്. ഏഷ്യാനെറ്റിലെ ആദ്യകാലതൊഴിലാളികളുടെ നേരിനും നെറിവിനുമാണ്. മര്‍ഡോക്കിട്ട വില ഞങ്ങള്‍, തൊഴിലാളികള്‍, പൊലീസിനെ നേരിട്ട ഗുണ്ടകളെ പേടിച്ച വാര്‍ത്താദിവസങ്ങളുടെ വില. ഞങ്ങള്‍ തുലച്ച ഉത്സവദിനങ്ങളുടെ, ത്യജിച്ച സായാഹ്നങ്ങളുടെ, തകര്‍ത്ത ബന്ധങ്ങളുടെ വില. ഞങ്ങള്‍ തൊഴില്‍ജന്യരോഗികളും ആയുസ്സറുത്തവരുമായതിന്റെ വില.