വിഷാദവും പ്രണയവും മിന്നുന്ന സുമലതയുടെ അഞ്ച് കഥാപാത്രങ്ങളിലൂടെ

ചില കഥാപാത്രങ്ങളെ അവരുടെ പേര് ഒന്നുകൊണ്ട് മാത്രം ഓര്‍മ്മിപ്പിക്കും വിധം സുമലത മലയാളിയെ വശീകരിച്ചിരുന്നു. അങ്ങനെയുള്ള ചില കഥാപാത്രങ്ങളിലൂടെ

വിഷാദവും പ്രണയവും മിന്നുന്ന സുമലതയുടെ അഞ്ച് കഥാപാത്രങ്ങളിലൂടെ

പ്രണയത്തിന്റെ സൗന്ദര്യം വിളങ്ങുന്ന മലയാളീ സ്ത്രീ സങ്കൽപ്പങ്ങൾക്ക് ഒരു രൂപം നൽകണമെങ്കിൽ തീർച്ചയായും ഓർമ്മിക്കപ്പെടുന്ന ആദ്യത്തെ പേര് സുമലതയുടേതായിരിക്കും.

മറ്റേത് നായികമാരേക്കാൾ വശ്യമായ രീതിയില്‍ സഭ്യത കടക്കാതെ മലയാളിയുടെ മനസിനെ കീഴപ്പെടുത്താൻ ഈ തെലുങ്ക് സുന്ദരിയുടെ കഥാപാത്രങ്ങൾക്ക് കഴിഞ്ഞു. അതൊരു വെറും കീഴ്പ്പെടുത്തൽ മാത്രമായിരുന്നില്ല, വർഷങ്ങൾക്കിപ്പുറവും നമ്മുടെ മനസ്സിന് സ്വാതന്ത്ര്യം നൽകാത്ത അടിമത്തം കൂടിയാണത്.ക്ലാര : (ചിത്രം : തൂവാനത്തുമ്പികൾ )

clara

അവൾ അനശ്വരമായ ഒരു മോഹമാണ്, ചിലർക്കെങ്കിലും! ലൈംഗീക തൊഴിലാളിയായ ക്ലാരയെ മലയാളി ഇത്രകണ്ട് സ്നേഹിക്കുന്നതെന്തു കൊണ്ടാണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തീർച്ചയായും അതിൽ ഒരു പത്മരാജൻ ടച്ച് ഉണ്ടെന്നുള്ളതാണ് അതിന്റെ പ്രധാന കാരണം, എങ്കിലും നിഴലല്ലാതെ മാറിയ സുമലത എന്ന അഭിനേത്രിയുടെ മിതമാർന്ന ഭാവ ചലനങ്ങളും നമ്മളിൽ ഒരു പ്രണയഭാവത്തെ വളർത്തുകയായിരുന്നു.

ഇങ്ങനെയും പ്രണയിക്കാം എന്ന് നമ്മളെ കാണിച്ചു തരികയായിരുന്നു. അതേ! ക്ലാര മലയാള സിനിമയ്ക്ക് ഇനിയൊരിക്കലും അനുഭവിക്കാൻ കഴിയാത്ത വിധം മോഹമായി അവള്‍ ..ക്ലാര എന്ന സുന്ദരി അവശേഷിക്കുന്നു.

ഇസബെല്ല : (ചിത്രം: ഇസബെല്ല)

Isabellafilm

ഇവൾ മൂടൽമഞ്ഞിലെ പ്രണയമാണ്. ഒന്നിനും ഏതിനും നിശ്ചയമില്ലാത്ത മൂടൽമഞ്ഞ് പോലെയൊരു പ്രണയം. ചിലപ്പോൾ പെയ്യും, ചിലപ്പോൾ ഓടിയൊളിക്കും, എങ്കിലും അവൾ പ്രണയമല്ലാതാകുന്നില്ല.

" നിൽപ്പൂ നീ ജനിമൃതികൾക്കരികേ.. കൽപ്പന തൻ കണിമലരേ... "


ഇവിടെ അവൾ സെക്സ് വർക്കറല്ല, ഊട്ടിയിലെ ഒരു ഗൈഡ് മാത്രമാണ്. പക്ഷെ അതുകൊണ്ടും കാര്യമില്ലെല്ലോ, വശ്യമായ കണ്ണുകളുള്ള ഒരു സുന്ദരി. ആർക്കും ലഭ്യയമായവളാണ് എന്ന് സമൂഹത്തെ പഠിപ്പിച്ചതാരാണ്? ഒടുവിൽ ഏതൊരു അന്ധ പ്രണയിനിയുടെയും അവസാനം തന്നെയായിരുന്നു ഇസബെല്ലയുടെ ജീവിതത്തിന്റെയും പരിസമാപ്തി.

മേഴ്സി : (ചിത്രം: നിറക്കൂട്ട്)

" പൂമാനമെ.. ഒരു രാഗമേഘം താ.. " എന്ന ഗാനത്തിലെ സുന്ദരി ശിൽപ്പത്തെ ഓർമ്മയില്ലെ? രവി വർമ്മയുടെ മേഴ്സിയെ?
മേഴ്സി ഇവിടെ നിഗൂഡതകളുടെ രാജ്ഞിയാണ്, രവിവർമ്മയെ കൊടും കുറ്റവാളിയാക്കി ചിത്രീകരിക്കുന്ന നിഗൂഢതയാണ് അത്! ഒരു പക്ഷെ, മമ്മൂട്ടിയുടെ നായക കഥാപാത്രത്തേക്കാൾ നമ്മുക്ക് ഏറെ അടുപ്പം തോന്നുന്നത് താരതമേന്യ കുറച്ച് സമയം മാത്രം പ്രത്യക്ഷപ്പെടുന്ന മേഴ്സിയോടാണ്. സുമലതയുടെ അഭിനയമികവിൽ മേഴ്സിയുടെ ഘാതകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിനെ പോലും പ്രേക്ഷകൻ വെറുക്കുന്നു.

മേഴ്സി വേഗത്തിൽ അണയേണ്ടുന്ന ഒരു ദീപ നാളമായിരുന്നില്ല ...

മരിയ ഫെർണാൺഡസ്: (ചിത്രം :ന്യൂഡൽഹി)

sumaletha

മരിയ ഫെർണാൺഡസ് അപകടകരമായ സൗന്ദര്യമാണ്.

സുമലത അവതരിപ്പിച്ച കഥാപാത്രങ്ങളിൽ സർനെയിം കൂടി ചേർത്ത് അറിയപ്പെടുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് മരിയ ഫെർണാൺഡസ്. റിപബ്ലിക്ക് ദിന പരേഡിൽ രാജ്യം ഭരണഘടനാ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോഴാണ് മീറ്ററുകൾ അപ്പുറം മരിയ ലൈംഗികമായി ആക്രമിക്കപ്പെടുന്നത്, അതും വളരെ ഉന്നതരായ രാഷ്ട്രീയ നേതാക്കൻമാരാണ് അവളെ ചൂഷണം ചെയ്യുന്നത്. മരിയ ഫെർണാൺഡസ് പക്ഷെ ആത്മഹത്യ ചെയ്യാനും മാത്രം വിഡ്ഢിയായിരുന്നില്ല. മരിയയുടെ സൗന്ദര്യം അസ്വദനീയം മാത്രമല്ല അപകടം കൂടിയാണെന്ന് അവളുടെ ശത്രുക്കൾ തിരിച്ചറിയുന്നു.


സ്ത്രീ സൗന്ദര്യം എപ്പോഴും പുരുഷന് കീഴ്പ്പെട്ടിരിക്കില്ല എന്ന് മരിയ ഫെർണാൺഡസ് ഓർമ്മിപ്പിക്കുന്നു... എല്ലാവർക്കുമല്ല, കാമാന്ധത ബാധിച്ചവർക്ക് മാത്രം!

സോഫിയ: ( ചിത്രം: ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ് )ഒരു താലി വിലയ്ക്കെടുത്ത വെറും ജീവിതമാണ് സോഫിയ. ജോസൂട്ടി ചാർത്തിയ താലിയിൽ വീട് വിട്ടിറങ്ങിയ സോഫിയ പക്ഷെ ഒടുവിൽ ചെന്നെത്തുന്നത് ഭർത്താവിന്റെ ഘാതകരുടെ കെണിയിൽ തന്നെയാണ്. അവിടെയും അവളുടെ ജീവിതത്തിന്റെ വില മറ്റൊരു താലിയായിരുന്നു, പോൾ കല്ലൂർക്കാരൻ എന്ന ചെന്നായ കൗശലപ്പൂർവ്വം ചാർത്തി നൽകിയ ഒരു താലി. ആ താലി സോഫിയയെ ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത അന്ധതയിൽ തളച്ചിടുകയായിരുന്നു.

വശ്യസൗന്ദര്യത്തിന്‍റെ പര്യായം മലയാള സിനിമയില്‍ ഇന്നും സുമലത എന്ന പേരില്‍ തങ്ങി നില്‍ക്കുന്നത് ഇങ്ങനയുള്ള കഥാപാത്രങ്ങളില്‍ കൂടി തന്നെയാണ്.