കട്ടനും പരിപ്പുവടയും ഉപേക്ഷിച്ച് ലാന്‍ഡ് റോവറില്‍ കൊടികെട്ടിയ മന്ത്രി സഖാവ്

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യശാസ്ത്ര വ്യതിചലനത്തിന്റെ മനുഷ്യരൂപമായിരുന്നു ഇ.പി ജയരാജന്‍. പിണറായിപ്പടയിലെ കൊലകൊമ്പന്‍ ബന്ധുനിയമനത്തിലൂടെ പുറത്താകുമ്പോള്‍ ഓരോരുത്തരും അറിയുക ആരായിരുന്നു 'ത്രിജയരാജ'മൂര്‍ത്തികളിലെ ഇപിയെന്ന്

കട്ടനും പരിപ്പുവടയും ഉപേക്ഷിച്ച് ലാന്‍ഡ് റോവറില്‍ കൊടികെട്ടിയ മന്ത്രി സഖാവ്

ബന്ധു നിയമന വിവാദത്തില്‍പ്പെട്ട് വ്യവസായ മന്ത്രി ഇപി ജയരാജന്‍ രാജി വെയ്ക്കുമ്പോള്‍ ഇമേജ് നഷ്ടപ്പെടുന്നത് ജയരാജനും പ്രതിഛായ വര്‍ദ്ധിക്കുന്നത് പിണറായി സര്‍ക്കാരിനും ആണ്. പാര്‍ട്ടിയിലെ തന്റെ പ്രവര്‍ത്തന പാരമ്പര്യം വെച്ചു നോക്കിയാല്‍ കോടിയേരി ബാലകൃഷ്ണന് മുമ്പ് സംസ്ഥാന സെക്രട്ടറിയാകേണ്ട ആളാണ് ഇപി ജയരാജന്‍. പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തില്‍ ഏറ്റവും വിശ്വസ്തന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ കഴിഞ്ഞാല്‍ കണ്ണൂര്‍ ജില്ലയിലെ ഏറ്റവും ഏറ്റവും തലയെടുപ്പുള്ള നേതാവ്- ഇതൊക്കെയായിരുന്നു ഇപി ജയരാജന്‍.


എസ്എഫ്‌ഐയിലൂടെയാണ് ഇപി ജയരാജന്‍ പൊതുരംഗത്തെത്തുന്നത്. 1981 ല്‍ ഡിവൈഎഫ്‌ഐയുടെ ആദ്യ അഖിലേന്ത്യ പ്രസിഡന്റ് ആയി. സംഘടനാപ്രവര്‍ത്തന കാലത്ത് ഇപി ജയില്‍വാസം അനുഭവിക്കുകയും പൊലീസ് മര്‍ദ്ദനത്തിന് ഇരയാകുകയും ചെയ്തിട്ടുണ്ട്. അടിയന്തിരാവസ്ഥക്കാലത്ത് കുടിയാന്മല രക്തസാക്ഷി അനുസ്മരണത്തില്‍ പ്രസംഗിച്ചതിന്റെ പേരില്‍ ആറുമാസം തടവ് അനുഭവിച്ചു. 1971-ല്‍ നടന്ന ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരിലും ജയില്‍വാസം അനുഷ്ഠിച്ചു. 1974- ല്‍ ജയപ്രകാശ് നാരായണന് സ്വീകരണം നല്‍കി മടങ്ങവേ കണ്ണൂര്‍ ടൗണില്‍ വെച്ച് പൊലീസ് തല്ലിച്ചതച്ചു. എകെജി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ പൊലീസിന്റെ ഭീകരമായ മര്‍ദ്ദനത്തിനിരയായി.

കണ്ണുര്‍ ജില്ലാ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന സമയത്താണ് ജയരാജന്‍ ആദ്യമായി വിവാദത്തില്‍പ്പെടുന്നത്. കല്ല് വെട്ട് നിര്‍മാണ മേഖലയില്‍ യന്ത്രങ്ങള്‍ വരുന്നതിനെതിരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചെങ്കല്‍ തൊഴിലാളികള്‍ സമരം ചെയ്തു വരുന്ന സമയം. ജില്ലാ സെക്രട്ടറി എന്ന നിലയില്‍ സമരങ്ങള്‍ ഉദ്ഘാടനം ചെയ്തത് പ്രസംഗിക്കേണ്ട അവസരങ്ങള്‍ ഇപിക്കുണ്ടായിട്ടുണ്ട്. പിന്നീട് പാപ്പിനിശേരിയില്‍ യന്ത്രക്കല്ലുപയോഗിച്ചത് വീട് നിര്‍മിച്ചത് വിവാദമായി. വിഷയം പാര്‍ട്ടിക്കകത്തും പുറത്തും ചര്‍ച്ചയായി. ഈ വിവദങ്ങളില്‍ നിന്ന് ഇപിയെ ചെറിയ രീതിയിലെങ്കിലും പിന്തുണച്ചത് അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന വിഎസ് ആയിരുന്നു. പാര്‍ട്ടിയുടെ ആളുകള്‍ എല്ലാകാലവും മൂന്നു കാലുള്ള ബെഞ്ചില്‍ ഇരിക്കണം, കട്ടന്‍ ചായ കുടിച്ച് കഴിയണം എന്നാണ് നിങ്ങളുടെ ഉദ്ദേശ്യം എന്ന് വിഎസ് പറഞ്ഞതോടെ വിവാദങ്ങള്‍ അവസാനിച്ചു.

1987 അഴീക്കോട് മണ്ഡലത്തില്‍ എംവി രാഘവനോട് മത്സരിച്ചാണ് ഇപി ജയരാജന്‍ പാര്‍ലിമെന്ററി മത്സര രംഗത്തെത്തിയത്. അന്ന് രണ്ടായിരത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുകയാണുണ്ടായത്. 2011 ലും 2016 ലും മട്ടന്നൂരില്‍ നിന്ന് വിജയിച്ചു. 1991-ല്‍ അഴീക്കോട് നിന്ന് നിയമസഭയിലെത്തി. എക്‌സൈസ് മന്ത്രിയായിരുന്ന രഘുചന്ദ്രബാല്‍ നടത്തിയ അഴിമതി ഇപിയാണ് നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

1995 ല്‍ ചണ്ഡിഗഡില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് മടങ്ങവെ വാടകക്കൊലയാളികളുടെ വെടിയേറ്റു. ആന്ധ്രയിലെ ചിരാല റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു സംഭവം. ദീര്‍ഘകാലത്തെ ആശുപത്രിവാസത്തിന് ശേഷമാണ് ഇപി വീണ്ടും പൊതുരംഗത്തെത്തുന്നത്. ഇപി വധശ്രമക്കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍, സിംഎംപി നേതാവ് എംവി രാഘവന്‍, വാടകക്കൊലയാളി വിക്രംചാലില്‍ ശശി എന്നിവരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു. എന്നാല്‍ പിന്നീട് ഈ കേസ് എങ്ങുമെത്തിയില്ല. എംവി രാഘവവനും സുധാകരനും കേസില്‍ നിന്ന് രക്ഷപെട്ടു. ജാമ്യത്തിലിറങ്ങിയ വിക്രംചാലില്‍ ശശി വെട്ടേറ്റു മരിച്ചു. കേസിലെ മറ്റൊരു പ്രതിയായ പേട്ട ദിനേശനെ ഈയിടെയാണ് കോടതി ഏഴുവര്‍ഷം തടവിന് ശിക്ഷിച്ചത്. ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കവേ നാലുതവണ ഇപിക്കെതിരെ ബോംബാക്രമണമുണ്ടായിട്ടുണ്ട്.

ലിസ് ദീപസ്തംഭം കേസ് കത്തി നിന്ന സമയത്ത് കേസുകള്‍ ഒത്തുതീര്‍ക്കാന്‍ ഉടമ ചാക്കോയില്‍ നിന്ന് ഇപി ജയരാജന്‍ തന്റെ അടുത്ത വിശ്വസ്തന്‍ ദേശാഭിമാനി പരസ്യവിഭാഗം മാനേജറായിരുന്ന കെ വേണുഗോപാല്‍ വഴി പണം വാങ്ങിയതായി ആരോപണം ഉണ്ടായി. പണം വാങ്ങിയ ജയരാജന്‍ കേസ് ഒത്തു തീര്‍പ്പാക്കിയില്ല എന്ന കാര്യം ചൂണ്ടിക്കാണിച്ച് ലിസ് ചാക്കോ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് പരാതി നല്‍കി. സംഗതി അന്വേഷിച്ച പിണറായി പണം തിരികെ വിശ്വസ്തനോട് ആവശ്യപ്പെട്ടെങ്കിലും അത് പാലിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് മുന്‍കൈ എടുത്ത പാര്‍ട്ടി തലത്തില്‍ നടപടി പ്രഖ്യാപിച്ചു. എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസീല്‍ പിണറായി വിജയന്‍ നേരിട്ട് പങ്കെടുത്ത യോഗത്തില്‍ ദേശാഭിമാനി പരസ്യവിഭാഗം മാനേജറായിരുന്ന കെ വേണുഗോപാലിനെ സ്ഥാനത്തുനിന്ന് നീക്കി. ഇടപാടില്‍ ജയരാജന് പങ്കില്ലെന്നായിരുന്നു പാര്‍ട്ടി അന്വേഷണത്തിലെ കണ്ടെത്തല്‍.

ജയരാജന്‍ ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന സമയത്ത് ലോട്ടറി വ്യാപാരി സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് ദേശാഭിമാനി പത്രത്തിന് വേണ്ടി രണ്ടു കോടി രൂപയുടെ ബോണ്ട് വാങ്ങിയെന്നതായിരുന്നു മറ്റൊരു വിവാദം. ഇക്കാര്യം ദിനപത്രം വാര്‍ത്തയാക്കി. വിവാദം പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായയ്ക്ക് ദോഷമായപ്പോള്‍ ദേശാഭിമാനി ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് ജയരാജനെ മാറ്റി. രണ്ട് കോടി തിരിച്ചുകൊടുക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു. എന്നാല്‍ വൈകാതെ ജയരാജന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തി.

കണ്ണൂരില്‍ പാര്‍ട്ടിയുടെ പേരില്‍ നടത്തിയ നായനാര്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സറായി ഫാരിസ് അബൂബക്കറെ കൊണ്ടുവന്നതിന്റെ പേരിലും ജയരാജന്‍ പുലിവാല് പിടിച്ചു. ഫാരിസിനെ വെറുക്കപ്പെട്ടവന്‍ എന്ന വിഎസ് വിശേഷിപ്പിച്ചതിന് പിന്നാലെയായിരുന്നു ജയരാജന്റെ നടപടി.

പ്ലീനത്തിന് അഭിവാദ്യം; ചാക്ക് രാധാകൃഷ്ണന്‍റെ പരസ്യം ദേശാഭിമാനിയില്‍

സിപിഐഎം പാലക്കാട് സംസ്ഥാന പാര്‍ട്ടി പ്ലീനത്തില്‍ ആരോപണ വിധേയരുമായി പാര്‍ട്ടി നേതാക്കള്‍ക്കുമുള്ള വഴിവിട്ട ബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനമുണ്ടായി. പ്ലീനത്തിന്റെ സമാപന ദിവസത്തില്‍ ദേശാഭിമാനി പാലക്കാട് എഡീഷന് മുന്‍പേജില്‍ വിവാദ വ്യവസായി വിഎം രാധാകൃഷ്ണന്റെ സ്ഥാപനത്തിന്റെ പരസ്യമുണ്ടായിരുന്നത് വിവാദമായി. പരസ്യം വാങ്ങുന്നതില്‍ തെറ്റില്ലെന്നായിരുന്നു ജയരാജന്റെ വാദം. ദേശാഭിമാനിയുടെ തിരുവനന്തപുരം ഓഫീസ് മന്ദിരം വിഎം രാധാകൃഷ്ണന്റെ ബിനാമിക്ക് തുച്ഛമായ വിലയ്ക്ക് വിറ്റുവെന്ന് ജയരാജനെതിരെ പാര്‍ട്ടി തലത്തില്‍ ആരോപണം വന്നു.കണ്ണൂര്‍ പറശിനിക്കടവിലെ വിസ്മയ വാട്ടര്‍ തീം പാര്‍ക്ക്, വളപട്ടണത്തെ കണ്ടല്‍ പാര്‍ക്ക് എന്നിവ ജയരാജന്‍ മുന്‍കൈ എടുത്ത് നടത്തിയ പദ്ധതികളായിരുന്നു. കുടിവെള്ള പ്രശ്‌നം രൂക്ഷമായി നേരിടുന്ന പ്രദേശത്ത് ജലം ധൂര്‍ത്തടിച്ച് ഉല്ലാസ പാര്‍ക്ക് സ്ഥാപിക്കുന്നുവെന്ന്് വിസ്മയ പാര്‍ക്കിനെതിരെ വിമര്‍ശനമുയര്‍ന്നു. കണ്ടല്‍ പാര്‍ക്ക് പദ്ധതിക്കെതിരെ ആദ്യം രംഗത്തുവന്നത് കെ. സുധാകരനാണ്. കണ്ടല്‍ വെട്ടിനശിപ്പിച്ച് പുഴയോരം സിപിഐഐം കൈയേറുന്നുവെന്ന് അദ്ദേഹം കോടതിയില്‍ പരാതി നല്‍കി. കണ്ടല്‍ വെട്ടിനശിപ്പിച്ചുള്ള പ്രവൃത്തി പാടില്ലെന്ന് കോടതി ഉത്തരവിട്ടു. പാര്‍ക്കിനെ ന്യായീകരിച്ച് ഇപി ജയരാജനും പാര്‍ട്ടിയും രംഗത്തു വന്നതോടെ അതും വിവാദത്തിലായി.ധാരാളം ബഹുജന സംഘടനകളുടെ നേതൃത്വത്തിലുണ്ടായിരുന്ന ജയരാജന്‍ കര്‍ഷക തൊഴിലാളി സംഘടനയായ കെഎസ്‌കെടിയുവിന്റെ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കുമരകത്ത് ആഡംബര വാഹനമായ ലാന്‍ഡ് റോവറില്‍ എത്തിയതും ചര്‍ച്ചയായി. നികുതി വെട്ടിച്ച് ഇംഗ്ലണ്ടില്‍ നിന്നും ഇറക്കുമതി ചെയ്ത കാറിലാണ് ജയരാജനെത്തിയതെന്നാണ് പിന്നീട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കമ്മ്യൂണിസ്റ്റുകാര്‍ കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് മുഷിഞ്ഞ വേഷത്തില്‍ നടന്ന് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന കാലം കഴിഞ്ഞുവെന്ന പ്രസ്താവന ജയരാജനെ വീണ്ടും വിവാദത്തിലാക്കി. എസ് എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ച കാലത്ത് നടത്തിയ ' പോടാ പുല്ലേ സിബിഐ' പ്രസ്താവനയും വാര്‍ത്തയായി.

പിണറായി വിജയന്‍ മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ വ്യവസായം, കായികം എന്നീ വകുപ്പുകളാണ് ഇപി ജയരാജന് ലഭിച്ചത്. കായിക വകുപ്പ് മന്ത്രിയെന്ന നിലയിലും ജയരാജന്‍ വിവദത്തില്‍പ്പെട്ടു. ബോക്‌സിംങ് ഇതിഹാസം മുഹമദലിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയത് പരിഹാസത്തിന് ഇടയാക്കി. കേരളത്തിന് വേണ്ടി സ്വര്‍ണ മെഡല്‍ നേടിയ ആളാണ് മുഹമദലി എന്ന രീതിയിലായിരുന്നു ജയരാജന്റെ പ്രതികരണം.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെ ശകാരിച്ചത് വാര്‍ത്തയായി. ജയരാജനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. സ്പോര്‍ട്സ് കൗണ്‍സിലില്‍ സ്വന്തക്കാരെ നിയമിച്ചുവെന്നായിരുന്നു അഞ്ജുവിനെതിരെ ജയരാജന്‍ ഉന്നയിച്ച പ്രധാന ആരോപണം. ഇപ്പോള്‍ അതേ ബന്ധുനിയമനത്തിന്റെ പേരിലാണ് ജയരാജന്‍ പുറത്ത് പോകുന്നത്. കാലത്തിന്റെ നീതി എന്നായിരുന്നു അഞ്ജു ഈ വിഷയത്തില്‍ പ്രതികരിച്ചത്.

ഭാര്യാ സഹോദരി കൂടിയായ കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതിയുടെ മകന്‍ പികെ സുധീറിനെ വ്യവസായ വകുപ്പിന് കീഴില്‍ കെഎസ്‌ഐഇ മാനേജിങ് ഡയറക്ടറായി നിയമിച്ചതാണ് ആദ്യം പുറത്തുവന്ന ബന്ധുനിയമനം. പിന്നീട് മറ്റ് ബന്ധുക്കളെയും വ്യവസായ വകുപ്പിന് കീഴിലെ തസ്തികളില്‍ നിയമിച്ച വിവരം പുറത്തുവന്നു. ഇത്് സര്‍ക്കാരിനെയും പാര്‍ട്ടിയെയും കടുത്ത പ്രതിരോധത്തിലാക്കി ഈ നിയമനങ്ങള്‍. സുധീര്‍ ചുമതലയേല്‍ക്കാതെ മാറിനില്‍ക്കുകയും ജ്യേഷ്ഠന്റെ മകള്‍ ദീപ്തി നിഷാദ് ക്ലേസ് ആന്റ് സിറാമിക്‌സ് പ്രൊഡക്ടേഴ്‌സിന്റെ ജനറല്‍ മാനേജര്‍ സ്ഥാനവും ഒഴിഞ്ഞെങ്കിലും വിവാദം അടങ്ങിയില്ല. ഒടുക്കം വിഷയത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും ഇടപെട്ടതോടെയാണ് ജയരാജന്റെ മന്ത്രിസ്ഥാനം തെറിക്കുന്നത്.

Read More >>