ലാവലിൻ ചതി പൊറുക്കാൻ പിണറായി; ഇപിയുടെ പകരക്കാരനായി ശർമ്മയ്ക്കു സാധ്യത

ശർമ്മയെ മന്ത്രിസ്ഥാനത്തേയ്ക്കു പരിഗണിക്കുന്നതോടെ തന്റെ വ്യക്തി ജീവിതത്തിലെയും രാഷ്ട്രീയ ജീവിതത്തിലെയും ഏറ്റവും വലിയ ചതി കൂടി പൊറുക്കുകയാണ് പിണറായി.

ലാവലിൻ ചതി പൊറുക്കാൻ പിണറായി; ഇപിയുടെ പകരക്കാരനായി ശർമ്മയ്ക്കു സാധ്യത

അജയ് ഗോപൻ

ഇ പി ജയരാജൻ രാജിവെച്ച ഒഴിവിൽ വ്യവസായമന്ത്രി പദത്തിലേയ്ക്ക് എസ് ശർമ്മയെ ഒന്നാമതായി പരിഗണിക്കുമ്പോൾ പിണറായി പൊറുക്കുന്നത് ലാവലിൻ കരാറിലെ ചതി. രണ്ട് ഇടതുപക്ഷ സർക്കാരുകളിൽ എട്ടു വർഷത്തെ അനുഭവ പരിചയമാണ് എസ് ശർമ്മയെ മന്ത്രിപദത്തിലേയ്ക്കു തുണയ്ക്കുന്നത്. വിഎസിനെ മെരുക്കാനും അദ്ദേഹത്തിന്റെ കടുത്ത അനുഭാവിയായ ശർമ്മയെ മന്ത്രിയാക്കുന്നതിലൂടെ കഴിയുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോഴും കടുത്ത വിഎസ് അനുഭാവം പുലർത്തുന്ന നേതാവാണ് ശർമ്മ. വ്യവസായ നഗരമായ കൊച്ചി ഉൾപ്പെടുന്ന എറണാകുളം ജില്ലയ്ക്ക് മന്ത്രിയില്ല എന്ന പോരായ്മയ്ക്ക് പരിഹാരം വേണമെന്ന വാദവും ശർമ്മയുടെ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.


ശർമ്മയെ മന്ത്രിസ്ഥാനത്തേയ്ക്കു പരിഗണിക്കുന്നതോടെ തന്റെ വ്യക്തി ജീവിതത്തിലെയും രാഷ്ട്രീയ ജീവിതത്തിലെയും ഏറ്റവും വലിയ ചതി കൂടി പൊറുക്കുകയാണ് പിണറായി. എസ്എൻസി ലാവലിൻ വിവാദത്തിന്റെ നാൾവഴികളിൽ മലബാർ കാൻസർ സെന്ററിനു ലഭിക്കേണ്ട തുക നഷ്ടപ്പെടുത്തിയതിന്റെ സൂത്രധാര സ്ഥാനമാണ് ശർമ്മയ്ക്ക്.

[caption id="attachment_50211" align="aligncenter" width="640"]lavalin-thomas-isaac തോമസ് ഐസക്കിന്റെ ലാവലിൻ പുസ്തകത്തിൽ നിന്ന് - കാൻസർ സെന്ററിന് ധനസഹായം ലഭ്യമാക്കുന്ന കരാർ അട്ടിമറിച്ചതിൽ എസ്. ശർമ്മയുടെ പങ്കു സൂചിപ്പിക്കുന്ന ഭാഗം[/caption]

വാഗ്ദാന പ്രകാരമുളള തുക സമാഹരിച്ചു നൽകാൻ നിയമബന്ധിതമായ ചുമതല സ്വയം ഏറ്റെടുക്കാൻ യഥാർത്ഥത്തിൽ ലാവലിൻ കമ്പനി തയ്യാറായിരുന്നു. അതിനുവേണ്ടി കമ്പനിയും സർക്കാരും മലബാർ കാൻസർ സെന്ററുമായി ഒപ്പിടേണ്ട കരാറിന്റെ കരടും അവർ തയ്യാറാക്കി സർക്കാരിനു സമർപ്പിച്ചിരുന്നു. പിണറായിയുടെ പിൻഗാമിയായി എസ്. ശർമ്മയായിരുന്നു അന്ന് വൈദ്യുതി മന്ത്രി. ഈ കരാറിന്റെ ഫയലിന്മേൽ നടന്ന തന്ത്രങ്ങളാണ് മലബാർ കാൻസർ സെന്ററിനു വാഗ്ദാനം ചെയ്യപ്പെട്ട സാമ്പത്തിക സഹായം ലഭിക്കാതെ പോയതിനു പിന്നിലെന്ന് ഡോ. ടി. എം. തോമസ് ഐസക് എഴുതിയ "ഇനിയെന്ത് ലാവലിൻ" എന്ന പുസ്തകത്തിലും സൂചിപ്പിക്കുന്നുണ്ട്.

2000 മെയ് 13നാണ് അന്തിമ കരാറിന്റെ കരട് എസ്. ശർമ്മയ്ക്കു എസ്എൻസി ലാവലിൻ പ്രതിനിധികൾ സമർപ്പിച്ചത്. പൊതുഭരണവകുപ്പും നിയമവകുപ്പും ധനവകുപ്പും അംഗീകരിച്ച കരടു കരാർ ബാലിശമായ വാദങ്ങൾ നിരത്തി തിരസ്കരിക്കുകയാണ് അന്ന് ശർമ്മ ചെയ്തത്. എല്ലാ വകുപ്പുകളും അംഗീകരിച്ചപ്പോൾ നിയമസെക്രട്ടറിയുടെ വ്യക്തിപരമായ അഭിപ്രായം തനിക്കറിയണമെന്നു കാട്ടി അദ്ദേഹം ഫയൽ മടക്കിയ സംഭവുമുണ്ട്.

[caption id="attachment_50212" align="aligncenter" width="640"]justice-v-ramkumar-lavalin
കരാറുമായി മുന്നോട്ടു പോകുന്നതിന് നിയമപരമായ തടസമില്ലെന്നു ചൂണ്ടിക്കാട്ടി അന്നത്തെ നിയമസെക്രട്ടറിയായിരുന്ന ജസ്റ്റിസ് വി രാംകുമാർ എഴുതിയ കുറിപ്പ്[/caption]

ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് വി. രാംകുമാറായിരുന്നു അക്കാലത്ത് നിയമസെക്രട്ടറി. കരാറിലേർപ്പെടാൻ നിയമപരമായ തടസങ്ങളൊന്നുമില്ലെന്ന് ചൂണ്ടിക്കാണിച്ച് ജസ്റ്റിസ് വി രാംകുമാർ എഴുതിയ കുറിപ്പും ഫയലിലുണ്ട്. എന്നിട്ടും, സർക്കാരിന് പണം ഇങ്ങോട്ടു ലഭിക്കേണ്ട കരാറിൽ ഒപ്പിടാൻ വിസമ്മതിക്കുകയായിരുന്നു എസ്. ശർമ്മ. യഥാർത്ഥത്തിൽ മലബാർ കാൻസർ സെന്ററിന് ലാവലിൻ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായത്തിലെ അവശേഷിക്കുന്ന തുക നഷ്ടപ്പെടുത്തിയതിന്റെ ആദ്യത്തെ ഉത്തരവാദി എസ്. ശർമ്മയാണ്.

അക്കാലത്തെ അതിരൂക്ഷമായ സിപിഎം വിഭാഗീയതയുടെ ഫലമായിരുന്നു ഈ അട്ടിമറി. തുടർന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശർമ്മയ്ക്കു സീറ്റു നിഷേധിക്കപ്പെട്ടു. മലപ്പുറം സമ്മേളനത്തോടെ അദ്ദേഹം പാർടി സെക്രട്ടേറിയറ്റിൽ നിന്നും പുറത്തായി. വിഎസ് ശക്തമായി കേന്ദ്രനേതൃത്വത്തിൽ ചെലുത്തിയ സമ്മർദ്ദത്തെ തുടർന്നാണ് 2006ൽ ശർമ്മയ്ക്കു സീറ്റു ലഭിച്ചതും മന്ത്രിസഭയിൽ ഫിഷറീസ് മന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടതും. എന്നാൽ പിണറായി മുഖ്യമന്ത്രിയായപ്പോൾ പല പുതുമുഖങ്ങളെയും മന്ത്രിസ്ഥാനത്തേയ്ക്കു പരിഗണിച്ചെങ്കിലും ശർമ്മയെ ഒഴിവാക്കുകയായിരുന്നു.

ഈ ചരിത്രവും വ്യക്തിപരമായ ചതിയും മറന്ന് ശർമ്മയുടെ പരിചയസമ്പത്തിനെ പിണറായി അംഗീകരിക്കാനൊരുങ്ങുകയാണ് എന്നാണ് പാർടി വൃത്തങ്ങൾ നൽകുന്ന സൂചന. ഇ പി ജയരാജനു വിനയായത് പരിചയക്കുറവാണെന്ന വാദവും പ്രബലമാണ്. പല മന്ത്രിമാരും അവരുടെ ഓഫീസും പരിചയക്കുറവിന്റെ പ്രശ്നങ്ങൾ നേരിടുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് വ്യവസായം പോലെ സുപ്രധാനമായ ഒരു വകുപ്പിൽ പുതുമുഖത്തെ പരീക്ഷിക്കുന്നത് വിനയാകുമെന്ന അഭിപ്രായത്തിനു മേൽക്കൈ ലഭിക്കുന്നത്. വിഭാഗീയതയുടെ അവശേഷിക്കുന്ന കനലുകളെയും കെടുത്താമെന്ന ചിന്തയും ശർമ്മയെ മന്ത്രിയാക്കണമെന്ന ആശയത്തിനു പിന്നിലുണ്ട്.

പാർടിയിലെ ഏറ്റവും വിശ്വസ്തനായിരുന്ന ഇ പി ജയരാജനു പകരക്കാരനായി എസ്. ശർമ്മയെ പിണറായി വിജയൻ പരിഗണിക്കുന്നുവെന്ന വാർത്ത പോലും അത്ഭുതകരമാണ്. അതു യാഥാർത്ഥ്യമാവുകയാണെങ്കിൽ സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്രനൈപുണ്യമായി ആ തീരുമാനം വിലയിരുത്തപ്പെടുമെന്നതിൽ തർക്കമില്ല.

Read More >>