ഇപി ജയരാജന്‍ മന്ത്രി സ്ഥാനം രാജിവച്ചു

ബന്ധു നിയമന വിവാദത്തില്‍ ഇപി ജയരാജന്‍ രാജിവച്ചു.

ഇപി ജയരാജന്‍ മന്ത്രി സ്ഥാനം  രാജിവച്ചു

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇപി ജയരാജന്‍ രാജിവച്ചു. വിവാദത്തെ തുടർന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ജയരാജനോട് രാജി വെക്കാൻ ആവശ്യപ്പട്ടിരുന്നു.  ഇന്നു ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ജയരാജന് എതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. നിയമനത്തിൽ ജയരാജന് ജാഗ്രത കുറവ് സംഭവിച്ചതായി സെക്രട്ടേറിയറ്റിൽ ഭൂരിപക്ഷാഭിപ്രായമുണ്ടായി.

സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും കൈയൊഴിഞ്ഞതോടെയാണ് ജയരാജന്‍ രാജിവച്ചത്. ഇപി കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യും.


നേരത്തെ, വ്യവസായവകുപ്പ് ഇപിയിൽ നിന്ന് എടുത്തുമാറ്റി താൽക്കാലിക പരിഹാരമുണ്ടാക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, സർക്കാർ അധികാരത്തിലേറിയ ശേഷം വ്യവസായവകുപ്പ് നടത്തിയ നിയമനങ്ങളില്‍ പാർട്ടി ഇടപെട്ട് വിലക്കിയവ പോലും നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ജയരാജന്‍ രാജി വയ്ക്കുക തന്നെയാണ് നല്ലതെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

താന്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം  ഇപി മുഖ്യമന്ത്രിയേയും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിരുന്നു. തന്റെ ഭാഗത്ത് തെറ്റുണ്ടായെന്നും പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കാന്‍ താന്‍ തയ്യാറാണെന്നും ഇപി പ്രതികരിച്ചു.

ബന്ധു നിയമന വിവാദത്തില്‍ ഇപിക്ക് എതിരെ ത്വരിതാന്വേഷണം വേണമെന്ന് വിജിലന്‍സിന് കഴിഞ്ഞ ദിവസം നിയമോപദേശം ലഭിച്ചിരുന്നു.

Read More >>