ഇ പി ജയരാജനെതിരെ സിപിഐഎം കടുത്ത നടപടിയിലേയ്ക്ക്?

വിവാദനിയമനങ്ങൾ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ സർക്കാരിന് കടുത്ത വിമർശനം ഏൽക്കേണ്ടി വരുമെന്ന് ഉറപ്പായതോടെയാണ് നടപടിയെടുത്ത് മുഖം രക്ഷിക്കണമെന്ന വികാരം ശക്തമാകുന്നത്. പ്രതിപക്ഷത്തിന് മുതലെടുക്കാൻ അവസരം ലഭിക്കുന്നതിനു മുമ്പ് തീരുമാനമുണ്ടാകാനാണ് സാധ്യത. കണ്ണൂർ ജില്ലാക്കമ്മിറ്റിയും ഒന്നടങ്കം ഇ പി ജയരാജനെതിരെ കടുത്ത നിലപാടിലാണ്.

ഇ പി ജയരാജനെതിരെ സിപിഐഎം കടുത്ത നടപടിയിലേയ്ക്ക്?

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത പദവികളിൽ  ബന്ധുക്കൾക്ക് വഴിവിട്ടു നിയമനം നൽകി പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കിയ വ്യവസായമന്ത്രി ഇ പി ജയരാജനെതിരെ കടുത്ത നടപടിയ്ക്ക് സിപിഐഎം ഒരുങ്ങുന്നു. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിൽ നിർണായക തീരുമാനമുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. വിവാദനിയമനങ്ങൾ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ സർക്കാരിന് കടുത്ത വിമർശനം ഏൽക്കേണ്ടി വരുമെന്ന് ഉറപ്പായതോടെയാണ് നടപടിയെടുത്ത് മുഖം രക്ഷിക്കണമെന്ന വികാരം ശക്തമാകുന്നത്. പ്രതിപക്ഷത്തിന് മുതലെടുക്കാൻ അവസരം ലഭിക്കുന്നതിനു മുമ്പ് തീരുമാനമുണ്ടാകാനാണ് സാധ്യത. കണ്ണൂർ ജില്ലാക്കമ്മിറ്റി ഒന്നടങ്കം ഇ പി ജയരാജനെതിരെ കടുത്ത നിലപാടിലാണ്.


കണ്ണൂരിലെ നേതാക്കളുടെ രോഷം ഉൾക്കൊണ്ടു കൂടിയാണ് ഇ പി ജയരാജനെ കണ്ണൂർ ഗസ്റ്റ് ഹൗസിലേയ്ക്ക് വിളിച്ചു വരുത്തി കടുത്ത ഭാഷയിൽ പിണറായി എതിർപ്പറിയിച്ചത്. നിയമനങ്ങളെ തള്ളിപ്പറഞ്ഞ് കോടിയേരി ബാലകൃഷ്ണനും പരസ്യമായി രംഗത്തെത്തി. മന്ത്രിമാരടക്കം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഭൂരിപക്ഷവും ജയരാജനെതിരാണ്. തന്റെ നിയോജകമണ്ഡലത്തിൽ താനറിയാതെ നടന്ന നിയമനത്തിനെതിരെ തളിപ്പറമ്പ് എംഎല്‍എ ജെയിംയ് മാത്യുവും നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്.

ജയരാജൻറെ സഹോദര പുത്രന്റെ ഭാര്യ ദീപ്തിക്ക് പാപ്പിനിശേരിയിലെ കേരളാ ക്ലെയ്‌സ് ആന്റ് സെറാമിക്‌സ് ലിമിറ്റഡിലാണ് ജനറല്‍ മാനേജരായി നിയമനം ലഭിച്ചത്. ഇക്കാര്യം പത്രങ്ങളിൽ നിന്നാണ് കണ്ണൂർ നേതൃത്വം അറിഞ്ഞത്. പാർടിയെ നോക്കുകുത്തിയാക്കുന്ന  മന്ത്രിയുടെ നീക്കങ്ങൾ ഒരിക്കലും അനുവദിക്കാൻ കഴിയില്ലെന്ന കടുത്ത നിലപാടിലാണ് ജില്ലാ നേതൃത്വം.

എണ്ണമറ്റ സഹകരണ സ്ഥാപനങ്ങളിലെ ചെറിയ നിയമനങ്ങൾപോലും പാർടി ഘടകങ്ങളിൽ ആലോചിച്ച് തീരുമാനിക്കുന്ന ശൈലിയുള്ള കണ്ണൂർ സിപിഎമ്മിന് വ്യവസായ വകുപ്പിലെ നിയമനവാർത്ത അക്ഷരാർത്ഥത്തിൽ ഇരുട്ടടിയായിരുന്നു. അതുകൊണ്ട് വിവാദമുണ്ടായ ഉടൻ തന്നെ മൊറാഴ ലോക്കല്‍ കമ്മിറ്റി യോഗം ചേർന്ന് തളിപ്പറമ്പ് ഏരിയാകമ്മിറ്റിക്ക് സംഘടനാപരമായ പരാതി രേഖാമൂലം നല്‍കി.

സ്ഥാപനവും നിയമനം ലഭിച്ച ആളും മൊറാഴ ലോക്കൽ കമ്മിറ്റിയ്ക്കു കീഴിലാണ്. ഇ പി ജയരാജന്റെ ബന്ധു എന്നല്ലാതെ പറയത്തക്ക പാർട്ടി ബന്ധമൊന്നും ദീപ്തിയ്ക്കില്ല. ഇങ്ങനെയൊരാളെ തങ്ങളോട് ആലോചിക്കാതെ നാട്ടിലെ സ്ഥാപനത്തിൽ നിയമിച്ചത് സംഘടനാവിരുദ്ധ നടപടിയാണെന്ന് മൊറാഴ ലോക്കൽ കമ്മിറ്റി
ആരോപിക്കുന്നു. ജില്ലയിലെ പാർട്ടി നേതൃത്വത്തെ ജനങ്ങൾക്കു മുന്നിൽ തരംതാഴ്ത്തുന്ന നടപടിയാണ് ഇ പി ജയരാജന്റെ ഭാഗത്തു നിന്നുണ്ടായത് എന്നും ഇതുപൊറുക്കാൻ കഴിയില്ലെന്നുമാണ് ജില്ലയിലെ പാർട്ടി പ്രവർത്തകരുടെ പൊതു വികാരം.

പി ജയരാജനെയാണ് ഇക്കാര്യത്തിൽ ജില്ലയിലെ പാർട്ടി അണികൾ മാതൃകയായി ചൂണ്ടിക്കാണിക്കുന്നത്. കടുത്ത പ്രതിസന്ധിയ്ക്കിടയിലും മക്കളെ ആരെയും ഒരു സഹകരണസ്ഥാപനത്തിൽ പോലും നിയമിക്കാൻ പി ജയരാജൻ തയ്യാറായിട്ടില്ല. കൂലിപ്പണിയെടുത്തും എതിരാളികളെ പ്രവർത്തകർക്കൊപ്പം നേരിട്ടും ജില്ലാ
സെക്രട്ടറിയുടെ മക്കൾ ജീവിക്കുന്ന നാട്ടിലാണ് പാർട്ടിയുടെ പേരിൽ ഇ പി ജയരാജന്റെ ഉറ്റബന്ധുക്കൾക്ക് നിയമനം ലഭിച്ചിരിക്കുന്നത്. ഇതിലുള്ള കടുത്ത അമർഷം സമൂഹ മാധ്യമങ്ങളിലും പ്രകടമാണ്.

ഏറെക്കാലമായി കണ്ണൂരിൽ സംഘടനാചുമതലയൊന്നും ഇല്ലാതിരിക്കുന്ന ജയരാജനെ അനുകൂലിക്കാൻ ജില്ലാ നേതൃത്വത്തിൽ ആരുമില്ല. തൃശൂരാണ് ഇപിയുടെ തട്ടകമായി മാറിയത്. ജില്ലയിലെ പലരുമായുള്ള ബന്ധത്തെക്കുറിച്ചും അനേകം പരാതികൾ പാർടിയ്ക്കു ലഭിച്ചിട്ടുണ്ട്.

ഇ പി ജയരാജനെ തളയ്ക്കാൻ ഈ വിവാദം ഒരു അവസരമാക്കണമെന്ന പൊതുനിലപാടിലേയ്ക്കാണ് സിപിഎം എത്തുന്നത്. പൊതുസമൂഹത്തിന്റെ വിമർശനങ്ങളെ തികഞ്ഞ പുച്ഛത്തോടെ സമീപിക്കുന്ന ഇപി ശൈലിയ്ക്ക് പിണറായി വിജയൻ തന്നെ പൂർണവിരാമമിടും എന്നാണ് കണ്ണൂരിൽ നിന്നുള്ള സൂചന.