ജയരാജന്റെ ചോര വീഴില്ല; വിവാദ നിയമനങ്ങൾ രാജിവെപ്പിച്ച് പ്രശ്നം സിപിഎം ഒത്തുതീർക്കും

'ജീവിക്കുന്ന രക്തസാക്ഷി' എന്നതു തന്നെയാണ് ജയരാജനെ കണ്ണർ നേതാക്കൾ കയ്യൊഴിയാത്തതിനു പിന്നിലെ മേജർ കാരണം. ആർ എസ് എസുമായുള്ള സംഘർഷം മൂർഛിച്ചു നിൽക്കുന്ന സന്ദർഭമെന്നത് ജയരാജനെ തൊട്ടു കളിക്കാൻ കണ്ണൂർ സംഘം അനുവദിക്കാതിരിക്കുന്നതിനും കാരണമാണ്. കണ്ണൂരിനു പുറത്തും പാർട്ടിക്കു പുറത്തുമുള്ള 'ഭീകര'പരിവേഷമൊന്നും കണ്ണൂരിൽ ജയരാജനെതിരെ വിലപ്പോവില്ല.

ജയരാജന്റെ ചോര വീഴില്ല; വിവാദ നിയമനങ്ങൾ രാജിവെപ്പിച്ച് പ്രശ്നം സിപിഎം ഒത്തുതീർക്കും

ബന്ധു നിയമന വിവാദത്തിൽ നഷ്ടപ്പെട്ട മുഖം വീണ്ടെടുക്കാൻ സിപിഎം ഒത്തുതീർപ്പു ഫോർമുലകൾ തിരയുന്നു. വെള്ളിയാഴ്ച ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ വിവാദം ഒത്തുതീർക്കാനാണ് പാർട്ടി വഴികൾ തേടുന്നത്. ഇ.പി.ജയരാജനെ കൂടുതൽ മാനക്ഷതത്തിലാക്കാൻ പാർട്ടി തുനിയില്ല. വിവാദ നിയമനങ്ങളിൽ സ്ഥാനം കിട്ടിയവർ രാജിവക്കുകയെന്നതാണ് ഉരുത്തിരിയുന്ന ഒന്നാമത്തെ വഴി. ജയരാജൻ വകുപ്പ് മാറുകയെന്നതാണ് ആലോചനയിലുള്ള രണ്ടാമത്തെ വഴി. ഇതു പക്ഷെ ഏറ്റവുമൊടുക്കത്തെ വഴിയാവും.


ജയരാജൻ ക്യാമ്പ് തനിച്ചും; പാർട്ടി വേറെയും - ഇങ്ങനെ രണ്ടു തലങ്ങളിലാണ് കൂടിയാലോചനകൾ മുറുകുന്നത്. പിണറായിയും കോടിയേരിയുമൊഴികെയുള്ള കണ്ണൂർ നേതാക്കൾ രണ്ടു തലങ്ങളിലെ ചർച്ചകളിലും പങ്കെടുക്കുന്നുണ്ട്. ജയരാജനെതിരെ കണ്ണൂരിനു പുറത്തുള്ള പാർട്ടി ഘടകങ്ങളിൽ കാലങ്ങളായി നീറുന്ന അതൃപ്തിയുണ്ട്. ഇത് നിയമന വിവാദത്തിന്റെ മറവിൽ തീർക്കാൻ ശ്രമിക്കുന്നതിനെ കണ്ണൂർ സംഘം അനുവദിക്കില്ല. ഇതിനാലാണ് ജയരാജനോടുള്ള കണ്ണൂർ നേതാക്കളുടെ ഐക്യദാർഢ്യം. അവരുടെ മുൻകയ്യിൽ നടക്കുന്ന കൂടിയാലോചനകളാണ് ഒത്തുതീർപ്പു ഫോർമുലകൾക്ക് അവസാന അംഗീകാരം നൽകുക.


കേന്ദ്രനേതൃത്വം നടപടി ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് സംസ്ഥാന തലത്തിലുള്ള കൂടിയാലോചനകൾ തകൃതിയായിരിക്കുന്നത്. സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളും മറ്റ് മുതിർന്ന നേതാക്കളും തമ്മിൽ ചർച്ചകൾ നടക്കുന്നത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയൊഴികെ മറ്റൊരു ജില്ലയിൽ നിന്നും ജയരാജന്റെ ചോരക്കുവേണ്ടി മുറവിളി ഉയരാതിരിക്കുന്നില്ല. മറ്റ് ജില്ലകളിൽ നിന്നുള്ള സെക്രട്ടറിയറ്റംഗങ്ങളൊന്നും അതുകൊണ്ടുതന്നെ ജയരാജന് മാന്യമായ ഒത്തുതീർപ്പു വഴിയുണ്ടാക്കണമെന്ന് നിർബന്ധബുദ്ധി പുലർത്തുന്നുമില്ല. ഇതാണ് കണ്ണൂരുകാരെ ജാഗ്രതയിലാക്കുന്നത്.


കണ്ണൂരിനു പുറത്തെ നേതാക്കളുൾപ്പെട്ട തലത്തിലെ കൂടിയാലോചനകളും കണ്ണൂർ നേതൃതലത്തിലെ കൂടിയാലോചനകളും കൂട്ടിയിണക്കി അന്തിമ ഫോർമുലയുണ്ടാക്കേണ്ട ബാധ്യതയാണ് കോടിയേരിയുടെ ചുമലിലുള്ളത്. കണ്ണൂർ ലോബിയെ തമർത്താൻ അവസരം കാത്തു നിൽക്കുന്നവരുമായാണ് കോടിയേരിക്ക് ഒത്തുതീർപ്പ് ഫോർമുലകൾ ചർച്ച ചെയ്യേണ്ടത്. അതിന്റെ ആപത്ത് സൂചിപ്പിക്കുന്നതാണ് മന്ത്രി എ കെ ബാലന്റെയും മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടിയുടെയുമായി വന്ന പ്രതികരണങ്ങൾ. ഇങ്ങനെ ചുരുക്കം പേരേ പ്രശ്നത്തിൽ പ്രതികരിച്ചിട്ടുള്ളൂ. തെറ്റുപറ്റിയിട്ടുണ്ടെന്ന് സമ്മതിക്കുന്ന വിധത്തിലാണ് ഇരുവരും പ്രതികരിച്ചിരിക്കുന്നത്.


'ജീവിക്കുന്ന രക്തസാക്ഷി' എന്നതു തന്നെയാണ് ജയരാജനെ കണ്ണർ നേതാക്കൾ കയ്യൊഴിയാത്തതിനു പിന്നിലെ മേജർ കാരണം. ആർ എസ് എസുമായുള്ള സംഘർഷം മൂർഛിച്ചു നിൽക്കുന്ന സന്ദർഭമെന്നത് ജയരാജനെ തൊട്ടു കളിക്കാൻ കണ്ണൂർ സംഘം അനുവദിക്കാതിരിക്കുന്നതിനും കാരണമാണ്. കണ്ണൂരിനു പുറത്തും പാർട്ടിക്കു പുറത്തുമുള്ള 'ഭീകര'പരിവേഷമൊന്നും കണ്ണൂരിൽ ജയരാജനെതിരെ വിലപ്പോവില്ല. നായനാരുടെ ബന്ധുവും വിവാദത്തിലുൾപ്പെട്ടതുകൊണ്ട് ജയരാജന്റെ രക്തത്തിനു വേണ്ടിയുള്ള നിലവിളിയൊന്നും കണ്ണൂർ നേതാക്കൾ അംഗീകരിക്കാൻ പോകുന്നില്ല.


പിണറായി മാന്ത്രിക വടിയെടുത്താൽ ഒരെതിർപ്പും ഇന്നത്തെ നിലക്ക് നടക്കാൻ പോകുന്നില്ല. പിണറായിയുടെ മനസ്സിലിരുപ്പ് മറ്റ് സ്വീകാര്യമായ പോംവഴികളൊന്നും മേൽപ്പറഞ്ഞ രണ്ടു തലങ്ങളിൽ നിന്നും ഉണ്ടായില്ലെങ്കിലേ പുറത്തു വരൂ. അതിനു മുമ്പ് ജയരാജന്റെ മുഖം രക്ഷിക്കുന്ന ഫോർമുലക്ക് കാതോർക്കുന്നത് കണ്ണൂരുകാരിൽ നിന്നുമാണ്.


അതിലൊന്നാണ് ബുധനാഴ്ചയുണ്ടായ ദീപ്തിയുടെ രാജി. നായനാരുടെ ബന്ധുവടക്കമുള്ളവരുടെ രാജി, കുടുംബങ്ങളിൽ പ്രത്യാഘാതമുണ്ടാക്കാതെ സാധിച്ചെടുക്കാനാണ് കണ്ണൂർ നേതൃത്വം ശ്രമിക്കുന്നത്. ഇതിനോട് പിണറായി തൃപ്തി അറിയിച്ചില്ലെങ്കിൽ മാത്രം വകുപ്പു മാറ്റമെന്ന നിർദേശവും കണ്ണൂരുകാർ മുന്നോട്ടുവച്ചേക്കും. എന്നാൽ, ഈ ഘട്ടം ആലോചിക്കാൻ കണ്ണൂരുകാരും ഒന്നറയ്ക്കും. കാരണം, അപമാനിതനായി മന്ത്രിസഭയിൽ തുടരുന്നതിനോട് ജയരാജനിലെ ചോര പൊരുത്തപ്പെടണമെന്നില്ല. ജയരാജൻ വ്രണിതഹൃദയനാകുന്ന സ്ഥിതി വന്നാൽ കണ്ണൂർ പാർട്ടിയുടെ ഹൃദയമാണ് മുറിഞ്ഞൊഴുകുക.


ഒറ്റക്കൊരു തീരുമാനം ജയരാജൻ എടുക്കുകയെന്നതാണ് മറ്റൊരു സാധ്യത. ഈ സാധ്യതയെ കണ്ണൂർ പാർട്ടിക്ക് ആശങ്കയോടെയേ കാണാനാകൂ. അധികാരത്തോട് ആർത്തി പുലർത്തുന്ന സി പി എം നേതാക്കളിൽ പിൻനിരയിലേ ജയരാജനുള്ളൂ എന്ന് മറ്റാരുമംഗീകരിക്കില്ലെങ്കിലും കണ്ണൂർ നേതാക്കൾക്ക് അറിയുന്ന സത്യമാണ്. അധികാരത്തിൽ കടിച്ചുതൂങ്ങാനൊന്നും വ്യക്തിപരമായി ജയരാജൻ താൽപ്പര്യപ്പെടില്ല. അതറിയുന്നതിനാൽ കണ്ണൂരുകാർ അവസാന ശ്വാസംവരെയും ജയരാജന്റെ മാനത്തിനു വേണ്ടി പോരാടും.


ഇവരുടെ കൂട്ടത്തിലാണ് മറ്റേതു തലങ്ങളിൽ പ്രവർത്തിക്കുമ്പോഴും പിണറായിയും കോടിയേരിയും. അതു കൊണ്ടുതന്നെ വിവാദ നിയമനങ്ങളിൽപ്പെട്ടവരുടെ രാജിയിൽ പ്രശ്നം പാർട്ടിക്കകത്ത് ഒത്തുതീർക്കുകയും, പുറത്ത് 'പാർട്ടി വിരുദ്ധ' പ്രചാരണങ്ങൾക്കെതിരെ തുടർന്നു പോരാടലുമാവും അന്തിമമായി ഉണ്ടാകാൻ പോവുന്നത്.


ജയരാജന്റെ ബന്ധു ദീപ്തി നിഷാദിന്റെ രാജി ഈ തിരക്കിട്ട കൂടിയാലോചനകളുടെ ഭാഗമാണ്. ഈ രാജിയുടെ തുടർച്ചയായി മറ്റു രാജികളും രമ്യമായി നടന്നില്ലെങ്കിലേ ഇതര ഫോർമുലകൾ ചർച്ചക്കെടുക്കാൻ കണ്ണൂരുകാർ അനുവദിക്കൂ.