ഉഷ്ണമേഖലാ സസ്യജാലങ്ങൾ വയനാട്ടിലേയ്ക്ക്; പരിസ്ഥിതി മാറ്റം കണ്ടുതുടങ്ങി

ഉഷ്ണമേഖലാപ്രദേശങ്ങളില്‍ കണ്ടുവരുന്ന അപൂര്‍വ പ്രതിഭാസങ്ങൾ ഈയടുത്ത കാലത്തായി വയനാട്ടിലും കണ്ടുവരുന്നുണ്ട്. വരണ്ടുണങ്ങിയ ഭൂമിയില്‍ മാത്രം തഴച്ചുവളരുന്ന സസ്യങ്ങളും പക്ഷികളും വയനാട്ടിലും കണ്ടുതുടങ്ങിക്കഴിഞ്ഞു

ഉഷ്ണമേഖലാ സസ്യജാലങ്ങൾ വയനാട്ടിലേയ്ക്ക്; പരിസ്ഥിതി മാറ്റം കണ്ടുതുടങ്ങി

കല്‍പറ്റ: ആഗോളതാപനത്തിന്റെ കാഠിന്യത്തില്‍ വരണ്ടുണങ്ങുകയാണ്  വയനാടന്‍ മലനിരകള്‍. വയനാടിന്റെ ചരിത്രത്തിലാദ്യമായാണ് മഴക്കാലത്ത് പോലും കടുത്ത ഉഷ്ണത്തെ അഭിമുഖീകരിക്കേണ്ടി വരുന്നത്. കൃഷികള്‍ കരിഞ്ഞുണങ്ങിയും ജലനിരപ്പ് കുത്തനെ കുറഞ്ഞും വരൾച്ചയിലേക്ക് അതിവേഗം അടുക്കുകയാണ് . ഉഷ്ണമേഖലാപ്രദേശങ്ങളില്‍ കണ്ടുവരുന്ന അപൂര്‍വ പ്രതിഭാസങ്ങൾ  ഈയടുത്ത കാലത്തായി വയനാട്ടിലും കണ്ടുവരുന്നുണ്ട്. വരണ്ടുണങ്ങിയ  ഭൂമിയില്‍ മാത്രം തഴച്ചുവളരുന്ന സസ്യങ്ങളും പക്ഷികളും വയനാട്ടിലും  കണ്ടുതുടങ്ങിക്കഴിഞ്ഞു.


മരുഭൂവത്കരണത്തിലേക്ക് അതിവേഗം വയനാട് കുതിക്കുന്നതിന്റെ ലക്ഷണങ്ങളാണിവയെന്ന്  വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കുന്നിടിച്ചും വയല്‍ നികത്തിയും അരുവികള്‍ ഗതിമാറ്റിയും ചതുപ്പുകളിലും മറ്റും കെട്ടിപ്പൊക്കുന്ന  കെട്ടിടങ്ങളും വനമേഖലയോട് ചേര്‍ന്ന് അതീവ പാരിസ്ഥിതിക മേഖലയില്‍പോലും റിസോര്‍ട്ടുകള്‍ വ്യാപകമായതും കര്‍ണാടകയില്‍ നിന്നുള്ള വരണ്ട കാറ്റിനെ പ്രതിരോധിച്ചിരുന്ന ഈറ്റക്കാടുകള്‍ കബനിയോരങ്ങളില്‍ നിന്ന് അപ്രത്യക്ഷമായതും കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടി.

ഉഷ്ണമേഖലയിലുള്ള സസ്യങ്ങളും പക്ഷികളും വയനാട്ടില്‍

പ്രകൃതി സൗന്ദര്യവും തണുത്ത കാലാവസ്ഥയുമായിരുന്നു സന്ദർശകരെ വയനാട്ടിലേക്കാകർഷിച്ച പ്രധാന ഘടകം. എന്നാൽ അതിൽ നിന്നെല്ലാം ഇന്നത്തെ വയനാട് ആറെ മാറി.  ഉഷ്ണമേഖലയിൽ മാത്രം കാണുന്ന പ്രകൃതി വൈവിദ്ധ്യങ്ങളെല്ലാം  ഇപ്പോൾ വയനാട്ടിൽ കണ്ടു വരുന്നു. വരണ്ട ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന സസ്യങ്ങളും പക്ഷികളും ഇവിടെ സദാ വിഹരിച്ചു തുടങ്ങിയിരിക്കുന്നു.

കല്‍പറ്റ എംഎസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന 30 ഓളം ചെടികള്‍ ഇവിടെ തഴച്ചുവളരുന്നതായി കണ്ടെത്തിക്കഴിഞ്ഞു. തെക്കേ അമേരിക്കയിലെ വരണ്ട പ്രദേശങ്ങളില്‍ കാണപ്പെടുന്ന ലന്താന, പാര്‍ത്തിനീയം, മെക്കാനിയ, മുള്ളന്‍വാടി ഇങ്ങനെയുള്ള ചെടികള്‍ വര്‍ധിച്ചുവരികയാണ്. മഴ തീരെയില്ലാത്ത പ്രദേശങ്ങളില്‍ മാത്രം കാണപ്പെട്ടിരുന്ന എണ്ണപ്പനകള്‍ ഇപ്പോള്‍ വയനാട്ടിലെ പ്രധാന കൃഷിയായി മാറിയിരിക്കുന്നു. വരണ്ടപ്രദേശങ്ങളില്‍ കാണപ്പെടുന്ന പക്ഷിക്കൂട്ടങ്ങളും വയനാട്ടില്‍ പതിവ് കാഴ്ച്ചയാകുന്നു. വയനാടന്‍ ഗ്രാമങ്ങളില്‍ മയിലുകളും സ്ഥിര സന്ദര്‍ശകരായി. വയലുകളിൽ നിന്ന് കര ഞണ്ടും തവളയും അപ്രത്യക്ഷമായി . കര്‍ഷകന്റെ കലപ്പ എന്നറിയപ്പെടുന്ന മണ്ണിരകള്‍ മണ്ണില്‍ ജലാംശം നഷ്ടപ്പെട്ട് ചത്തൊടുങ്ങിക്കൊണ്ടിരിക്കുന്നുവെന്നതാണ്പുതിയ വാർത്ത.

മഴ എവിടെപ്പോയൊളിച്ചു?

വയനാട്ടിലെ ഒരു കര്‍ഷകനോട് ഒരിക്കല്‍ മലബാര്‍ കളക്ടറായിരുന്ന വില്യം ലോഗന്‍  ചോദിച്ചു, ഇത്തവണ കാലവര്‍ഷം എപ്പോള്‍ ആരംഭിക്കുമെന്ന്. ഒരു നിമിഷം പോലും ആലോചിക്കാതെ അദേഹം മഴപെയ്യുന്ന മാസവും ദിവസവും സമയവും പറഞ്ഞു. സമയത്തിൽ കുറച്ചു വ്യത്യാസം  വന്നതൊഴിച്ചാൽ കർഷകൻ പ്രവചിച്ച ദിവസം തന്നെ കാലവർഷമെത്തി.  ഇക്കാര്യം വില്യം ലോഗന്‍ മലബാർ മാന്വലിൽ പരാമർശിച്ചിട്ടുണ്ട്. ഇങ്ങനെ കലണ്ടറിലൊന്നും നോക്കാതെ തന്നെ മഴക്കാലം പ്രവചിക്കുന്ന കർഷകരായിരുന്ന വയനാട്ടിലുണ്ടായിരുന്നത്.

നാലു മാസം കാലവര്‍ഷം, രണ്ടു മാസം തുലാവര്‍ഷം, മൂന്നു മാസം ശൈത്യം മൂന്നു മാസം ഉഷ്ണം എന്നിങ്ങനായായിരുന്ന ജില്ലയിലെ  കലാവസ്ഥ വയനാട്ടുകാർ കലണ്ടറില്‍ രേഖപ്പെടുത്തിയിരുന്നത്.

അതെല്ലാം മാറിമറിഞ്ഞു. കഴിഞ്ഞ പത്തു വർഷത്തിനിടെ ഏറ്റവും കുറഞ്ഞ മഴയാണിത്തവണ വയനാട്ടില്‍ ലഭിച്ചത്. അതായത് മുന്‍കാലത്തേതിൽ നിന്നു 60 ശതമാനം മഴകുറഞ്ഞെന്ന് ചുരുക്കം. സംസ്ഥാനത്തൊട്ടാകെ ഇത്തവണ  32 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. എന്നാൽ വയനാട്ടില്‍ രേഖപ്പെടുത്തിയ മഴക്കുറവ് അതിന്റെ ഇരട്ടിയോളം വരും.

മഴക്കാടുകളുടെ ശോഷണമാണ് വയനാടിനെ ഈ അവസ്ഥയിലേക്ക തള്ളിവിട്ടത്. ഓള്‍ ഇന്ത്യ സോയില്‍ ആൻഡ് ലാന്റ്  യൂസ് സര്‍വേ വിഭാഗം 1979 മുതല്‍ 86വരെ ശേഖരിച്ച കണക്കുകള്‍ പ്രകാരം വയനാട്ടിൽ  2875  മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചിരുന്നു. മഴവെള്ളം കുത്തിയൊലിച്ച് 169 ടിഎംസി ജലം കബനീ നദിയിൽ എത്തിയിരുന്നു . ഇതില്‍ 96 ടിഎംസി നേരിട്ടും 73 ടിഎംസി ജലം മണ്ണിലൂടെ അരിച്ചിറങ്ങിയും മണ്ണിനെ  ജനസമ്പുഷ്ടമാക്കിയിരുന്നു.

കുന്നിടിക്കല്‍. വയല്‍നികത്തല്‍, തോടുകള്‍ ഗതിമാറ്റല്‍, അനിയന്ത്രിതമായ പാറഖനനം, മഴക്കാടുകളുടെ നശീകരണം, അശാസ്ത്രീയമായ ഭൂവിനിയോഗം തുടങ്ങിയ കാര്യങ്ങളാണ് വയനാട്ടിലെ മഴദൈവങ്ങള്‍ അപത്യക്ഷമാകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 1990 വരെ ലക്കിടി പ്രദേശങ്ങളില്‍ നൂല്‍മഴ പെയ്തിരുന്നു. ടൂറിസത്തിന്റെ കടന്നുവരവും വൈത്തിരി പഞ്ചായത്തില്‍ വന്‍കിട കെട്ടിടങ്ങളും റിസോര്‍ട്ടുകളും തലപൊക്കുകയും ചെയ്തതോടെയാണ് നൂല്‍മഴയും  അപ്രത്യക്ഷമായി.

മഴക്കാടുകളെ തകര്‍ത്തത് വനംവകുപ്പ് തന്നെ

വേലിതന്നെ വിളവു  തിന്നുന്ന കാഴ്ച്ചയാണ് പലപ്പോഴും ഇക്കാര്യത്തിലും  സംഭവിച്ചത് . വനപ്രദേശങ്ങൾ വയനാട്ടിൽ നിന്നും അപ്രത്യക്ഷമായതിന്റെ ഉത്തരവാദിത്തം വനംവകുപ്പിന്റേതുകൂടിയാണ് . 1957 ല്‍ മുതല്‍ സ്വാഭാവിക വനങ്ങള്‍ വെട്ടിവെളുപ്പിച്ച് കൊണ്ട് ഇവിടെ തേക്കും യൂക്കാലിപ്റ്റ്സും സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി വച്ചുപിടിപ്പിച്ചത് വനംവകുപ്പായിരുന്നു. മാവൂര്‍ ഗ്വാളിയാര്‍ റയോണ്‍സുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ മുളങ്കാടുകള്‍ വ്യാപകമായി വെട്ടിനിരത്തെപ്പെട്ടു . 1990 വരെ ഇതു തുടര്‍ന്നു.

തേക്കും യൂക്കാലിയും ഭൂഗര്‍ഭജലം ഊറ്റിക്കുടിച്ചു തഴച്ചുവളര്‍ന്നപ്പോള്‍ ട്രോപ്പിക്കല്‍ റയിന്‍ ഫോറസ്റ്റ് പോലും ക്രമാതീതമായി കുറഞ്ഞു . വയനാടിന്റെ തണുത്ത കാലാവസ്ഥയ്ക്ക് കോട്ടം തട്ടിയതിന്റെ പ്രധാന കാരണവും ഇതുതന്നെ . ശരാശരി 15 ഡിഗ്രി സെന്റീഗ്രേഡ് മാത്രം  താപനിലയുണ്ടായിരുന്നത് ഇപ്പോള്‍ 25 സെന്റീഗ്രേഡ് വരെ ഉയര്‍ന്നതോടെയാണ് വയനാടും ചുട്ടുപൊള്ളാന്‍ തുടങ്ങിയത്.

കബനിയുടെ ഉത്ഭവസ്ഥാനമായ തൊണ്ടാര്‍മുടി മുതല്‍ നിറഞ്ഞുനില്‍ക്കുന്ന മലനിരകളെ മറികടന്ന് ഉഷ്ണക്കാറ്റ് വയനാട്ടിലേക്ക് ഇരച്ചുകയറിപ്പോള്‍ തേക്കും യൂക്കാലിയും ഇതിന് സംരക്ഷണമായി നിലകൊണ്ടു. മൊത്ത വിസ്തൃതിയുടെ 79 ശതമാനം വനമായിരുന്ന വയനാട്ടിലിപ്പോള്‍ 34 ശതമാനം വനമാണ് അവശേഷിക്കുന്നത്. ഇതിലാണ് പരിസ്ഥിതിക്ക് ഭീഷണിയുയര്‍ത്തുന്ന തേക്ക്, യൂക്കാലിപ്റ്റ്സ് മരങ്ങളും വളരുന്നത്. വനത്തില്‍ ജലവും ഭക്ഷണവും കുറഞ്ഞതോടെ കാടിറങ്ങുന്ന വന്യമൃഗങ്ങളും ഗ്രാമങ്ങളിലേക്ക് പലായനം തുടങ്ങിയതോടെയാണ് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതും.

Read More >>