ഈജിപ്ത് ഡയറിക്കുറിപ്പ്: ഭാഗം ഒന്ന്

ഈജിപ്റ്റ് നൈലിന്റെ വരദാനാമാണ് എന്നുളളതിന്റെ തെളിവ് തന്നെയാണ് ഈ കൃഷിയിടങ്ങൾ. ഇവിടെ കൃഷി ഭൂമി വിൽക്കുന്നതിനു വളരെ കർശനമായ നിയമം ഉണ്ട്. അത് മാത്രമല്ല സ്വന്തം കൃഷി ഭൂമി വിൽക്കുന്ന ആളെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്ന സംഭവങ്ങൾ വരെയുണ്ട് എന്ന് മുഹമദ് പറഞ്ഞപോൾ ആശ്ചര്യം തോന്നി. ഈജിപ്ത് യാത്രാ വിവരണത്തിലെ ഒന്നാം ഭാഗം. സമീർ എം എ എഴുതുന്നു.

ഈജിപ്ത് ഡയറിക്കുറിപ്പ്: ഭാഗം ഒന്ന്

സമീർ എം എ

അടുത്തിടെ ഒരു ഈജിപ്റ്റ് യാത്ര തരപെട്ടു. എയർ അറേബ്യ ഈജിപ്റ്റിലേക്ക് പ്രഖ്യാപിച്ച കുറഞ്ഞ യാത്ര നിരക്കാണ് ഈ യാത്രയ്ക്ക് പ്രേരിപ്പിച്ചത്. ഹോസ്‌നി മുബാറക് സ്ഥാനഭ്രഷ്ടനായ ശേഷം ആഭ്യന്തര കലാപം രൂക്ഷമായ (മാധ്യമ സൃഷ്ടി) ഒരു സ്ഥലത്ത് പോകുന്നത് എല്ലാവരും എതിർത്തു. ട്രിപ്പ് ആഡ്വയ്‌സറിൽ അടുത്ത കാലത്ത് യാത്ര നടത്തിയവർ ഇട്ട വിവരം അനുസരിച്ച് വളരെ നല്ല അഭിപ്രായം മാത്രമേ അവർക്കു പങ്കുവെക്കുവാൻ ഉണ്ടായിരുന്നുള്ളു.


ആ ഒരു വിശ്വാസത്തിൽ ആദ്യ പടിയായി മറ്റൊന്നും ആലോചിക്കാതെ ടിക്കറ്റ് ബുക്ക് ചെയ്തു. പാക്കേജ് ടൂർ ഇഷ്ടപെടാത്ത ഞങ്ങൾ ട്രിപ്പ് ആഡ്വയ്‌സറിൽ നിന്നും കിട്ടിയ ഒരു ലോക്കൽ ടൂർ ഗൈഡിനെ ബന്ധപ്പെട്ടു. ഇംഗ്ലീഷ് സംസാരിക്കുന്ന സുമുഖനായ മുഹമ്മദ് ആയിരുന്നു ഈ യാത്ര നല്ല രീതിയിൽ പൂർത്തിയാക്കാൻ സഹായിച്ചത്.

ഈജിപ്റ്റ് വിസ കിട്ടണമെങ്കിൽ കമ്പനിയിൽ നിന്നുള്ള എൻഒസി ലെറ്ററും (ദുബൈ റസിഡന്‌സ് വിസ ഉള്ളവർ), ഈജിപ്റ്റ് ഹോട്ടൽ ബുക്ക് ചെയ്തതിന്റെ കോപ്പി, 2 വൈറ്റ് ബാക്ക്‌ഗ്രൌണ്ട് ഫോട്ടോഗ്രഫ്, 140 ദിർഹം വിസ ഫീസും എംബസ്സിയിൽ കൊടുത്താൽ മൂന്ന് ദിവസത്തിനകം വിസ സ്റ്റാമ്പ് ചെയ്തു കിട്ടും. ദുബൈയിൽ ഉള്ള ഏറ്റവും വലിയ പ്രയോജനം എല്ലാ രാജ്യങ്ങളുടെയും എംബസ്സികൾ അടുത്ത് തന്നെ ഉണ്ട് എന്നതാണ്. കൂടാതെ ദുബൈ എയർപോർട്ട് ഒരു മെയിൻ ഇന്റർനാഷണൽ ഹബ് ആയതുകൊണ്ട് ചീപ്പ് എയർ ടിക്കറ്റ് ഒട്ടുമിക്ക രാജ്യങ്ങളിലേക്കും തരപെടുത്താൻ എളുപ്പവുമാണ്.

egypt_1മുഹമ്മദ് നിർദ്ദേശിച്ചതിന് അനുസരിച്ച് 3 ദിവസത്തേക്ക് ഒരു ഗസ്റ്റ് ഹൌസ് ബുക്ക് ചെയ്തു. ബാച്ചിലേഴ്സായ  ഞങ്ങൾ ഒരു ബാക്ക് പാക്കർ ടൂർ എന്ന രീതിയിൽ ആണ് പ്രോഗ്രാം പ്ലാൻ ചെയ്തത്. ട്രാവൽ ഏജൻസി ഗൈഡ് ടൂറിനെ അപേക്ഷിച്ച് വളരെ ചെലവ് കുറഞ്ഞ രീതിയിൽ മുഹമ്മദ് ഞങ്ങളെ ഈജിപ്റ്റിന്റെ കാഴ്ചകളിലേക്ക് എത്തിച്ചു. അലെക്‌സാൻഡ്രിയ എയർപോർട്ടിൽ ചെന്നിറങ്ങുനത് മുതൽ പ്രധാനപ്പെട്ട എല്ലാ ടൂറിസ്റ്റ് സ്ഥലങ്ങളും സന്ദർശിച്ചു തിരിച്ചു എയർപോർട്ടിൽ കൊണ്ട് വിടുന്നത് വരെ ഉള്ള എല്ലാ യാത്ര ചിലവുകളും ഉൾപ്പെടെ മുഹമ്മദുമയി ഒരു തുകയിൽ സമതിച്ചു.

ഒന്നാമത്തെ ദിവസം

ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും രാവിലെ 8.20 നുള്ള ഫ്‌ളൈറ്റിൽ അലക്സാൻഡ്രിയയിലേക്ക് പുറപെട്ടു. ബജറ്റ് ട്രാവൽ യാത്രകാർക്ക് പറ്റിയ ഏറ്റവു നല്ല ചോയ്‌സ് ആണ് എയർ അറേബ്യ.

ഷാർജയിൽ നിന്നും ഒട്ടുമിക്ക രാജ്യങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ എയർ അറേബ്യയുടെ സേവനം ഉണ്ട്. ഏതാണ്ട് 4.30 മണിക്കൂർ യാത്രക്ക് ശേഷം ബോർഗ് അൽ അറബ് ഇന്റർനാഷണൽ എയർപോർട്ട്, അലക്സാൻഡ്രിയയിൽ ലാൻഡ് ചെയ്തു. കെയ്റോയെ അപേക്ഷിച്ച് റേറ്റ് കുറവായതിനാലാണ് അലക്സാൻഡ്രിയ ബുക്ക് ചെയ്തത്. പക്ഷേ അലക്സാൻഡ്രിയയിൽ നിന്നും 3 മണിക്കൂർ യാത്രയുണ്ട് കെയ്റോയിൽ എത്താൻ. ഏറ്റവും ഉത്തമം കെയ്റോ എയർപോർട്ടിൽ വരുന്നതാണ്. എയർപോർട്ട് ഇമ്മിഗ്രേഷൻ ഫോർമാലിറ്റികൾക്ക് ശേഷം വളരെ പെട്ടെന്ന് തന്നെ പുറത്തിറങ്ങി.

പറഞ്ഞത് പോലെ മുഹമ്മദ് ഞങ്ങളെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. മുഹമ്മദിനെ കണ്ട മാത്രയിൽ തന്നെ അതുവരെ ഉണ്ടായിരുന്ന ഭയം മാറികിട്ടി. മുഹമ്മദിനെ കുറിച്ച് ഒരു വിവരണം ആവാം. ഇംഗ്ലണ്ടിൽ പഠിച്ചത് കൊണ്ട് നല്ലത് പോലെ ഇംഗ്ലീഷ് സംസാരിക്കും. അതുപോലെ തന്നെ സരസമായ സംസാരവും പെരുമാറ്റവും. ഈ കാരണം ആവാം മറ്റുള്ളവർ ട്രിപ്പ് അഡ്വൈസറിൽ റെക്കമന്റ് ചെയ്യാൻ കാരണം. ടൂർ ഗൈഡ് ഒരു സൈഡ് ബിസിനസ് മാത്രമാണ്. മറ്റു സമയങ്ങളിൽ പല ബിസിനസ്സിലും ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. അഭ്യന്തര കലാപം ഉണ്ടായതിനു ശേഷം ഈജിപ്തിലേക്കുള്ള  ടൂറിസ്റ്റുകളുടെ വരവ് നന്നേ കുറഞ്ഞു. ഈ മേഖലയിൽ ജോലി ചെയ്തിരുന്നവർ ഇപ്പോൾ മറ്റു ജോലികൾ ചെയ്യുന്നു. ഈ അവസ്ഥ മറികടക്കാൻ ഗവൺമെന്റ് ടൂറിസ്റ്റ് ലോക്കേഷനുകളിൽ ഇപ്പോൾ മികച്ച സുരക്ഷ ഉറപ്പാക്കിയിടുണ്ട്.

egypt_5കെയ്റോ യാത്രയിൽ ഉടനീളം മുഹമ്മദ് വാ തോരാതെ ഈജിപ്ത് ചരിത്രത്തെ കുറച്ചു പറഞ്ഞു കൊണ്ടിരുന്നു. എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം കൃഷി സ്ഥലങ്ങൾ ഇല്ലാത്ത പ്രദേശങ്ങൾ അവിടെ കുറവാണു. ഈജിപ്റ്റ് നൈലിന്റെ വരദാനാമാണ് എന്നുളളതിന്റെ തെളിവ് തന്നെയാണ് ഈ കൃഷിയിടങ്ങൾ. ഇവിടെ കൃഷി ഭൂമി വിൽക്കുന്നതിനു വളരെ കർശനമായ നിയമം ഉണ്ട്. അത് മാത്രമല്ല സ്വന്തം കൃഷി ഭൂമി വിൽക്കുന്ന ആളെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്ന സംഭവങ്ങൾ വരെയുണ്ട് എന്ന് മുഹമദ് പറഞ്ഞപോൾ ആശ്ചര്യം തോന്നി.

മൂന്ന് മണിക്കൂർ യാത്രയ്ക്ക് ശേഷം ഹോട്ടൽ ബുക്ക് ചെയ്തിരുന്ന കെയ്റോ ഡോക്കിയിൽ എത്തി. കലശലായ വിശപ്പിന്റെ കാര്യം അവതരിച്ചപ്പോൾ മുഹമ്മദ് നേരെ ഒരു ഈജിപ്ഷ്യൻ ശവർമ ഷോപ്പിലേക്ക് വിട്ടു. നമ്മുടെ നാട്ടിലെ ശവർമയുടെ മൂന്നിരട്ടി വലിപ്പമുണ്ട് ശവർമയ്ക്ക്. പൊതിഞ്ഞ് വാങ്ങി നേരെ ഗസ്റ്റ് ഹൌസിലേക്ക് വിട്ടു. വളരെ ചെറിയ ഒരു ഗസ്റ്റ് ഹൌസ് ആണ് ഞങ്ങൾ ബുക്ക് ചെയ്തത്. നാളെ ഈജിപ്ത് കാഴ്ചകൾ കാണിക്കുവാൻ മുഹമ്മദിന്റെ ഡ്രൈവർ വരുമെന്നു പറഞ്ഞു. മുഹമ്മദ് പോയി കഴിഞ്ഞപ്പോഴാണ് ശരിക്കും പെട്ടത് റൂം ബോയ് ഈജിപ്ത്യന് ഇംഗ്ലീഷ് വശമില്ല, പെട്ടില്ലേ?

egypt_2ഒരു വിധം അവന്റെ കൈയിൽ നിന്നും വൈഫൈ പാസ്സ്വേർഡ് വാങ്ങി ആദ്യം തന്നെ ഗൂഗിൾ ട്രാൻസിലേറ്റർ ഡൌൺലോഡ് ചെയ്തു. ശരിക്കും പറഞ്ഞാൽ ഈ ട്രിപ്പിലെ താരം ഗൂഗിൾ ട്രാൻസിലേറ്റർ ആയിരുന്നു.

കുളിച്ചു ഫ്രഷ് ആയി ശവർമയും കഴിച്ചു പുറത്തു കറങ്ങാൻ ഇറങ്ങി. നേരെ മാപ് സെറ്റ് ചെയ്തു. കെയ്റോ ടവർ ലക്ഷ്യമാക്കി നടന്നു. അവധി ദിവസം ആയതിനാൽ നല്ല തിരക്കുണ്ട്, അതുപോലെ തന്നെ എല്ലായിടത്തും ഫുൾ സെക്യൂരിറ്റി ആണ്. ഈജിപ്തിലെ ഏറ്റവും ഉയരം കൂടിയ ബിൽഡിംഗ് ആണ് കെയ്റോ ടവേർ. എന്റെ ക്യാമറക്ക് ഒരു മോണോപോട് കരുതിയുന്നു. സെക്യൂരിറ്റി ഗേറ്റിൽ വെച്ച് എന്തോ അയുധമെന്നു കരുതി സെക്യൂരിറ്റി ജീവനക്കാർ അത് തടഞ്ഞുവെച്ചു. ടവറിൽ കേറാൻ നീണ്ട നിര തന്നെ ഉണ്ട് ടിക്കറ്റ് കൌണ്ടറിന് മുൻപിൽ. ഒടുവിൽ കുറെ നേരത്തെ കാത്തിരുപ്പിനു ശേഷം മുകളിൽ കയറാനുള്ള ശ്രമം ഉപേക്ഷിച്ചു ഞങ്ങൾ പുറത്തു മാത്രം കറങ്ങി തിരിച്ചിറങ്ങി.

ഈജിപ്ത്യൻ വിപ്ലവത്തിനിടയിൽ അഗ്‌നിക്കിരയാക്കിയ ഹോസ്‌നി മുബാരക്കിന്റെ പാർട്ടി ആസ്ഥാനതിന്റെ അടുത്തുള്ള പാലത്തിൽ നിന്നും ചുറ്റുവട്ടമുള്ള കാഴ്ച കണ്ടു സമയം കളഞ്ഞു. താഴെ ബോട്ടുകളിൽ ഈജിപ്ത്യർ അവധി ആഘോഷിക്കുന്ന തിരക്കിലാണ്. നല്ല ക്ഷീണം, റൂമിലേക് തിരിച്ചു പോകും വഴി ഫുഡ് വാങ്ങണം. ഏതൊക്കെയോ വഴികളിലൂടെ നടന്നു വഴിയിൽ കണ്ടവരോടൊക്കെ ഉള്ള അറബിയിൽ ഹോട്ടൽ ചോദിച്ചു കൊണ്ടിരുന്നു ഒടുവിൽ അല്പം ഇംഗ്ലീഷ് അറിയാവുന്ന ഒരാൾ ഒരു ഹോട്ടലിൽ കൊണ്ടെത്തിച്ചു. പാർസൽ വാങ്ങി മാപ്പിന്റെ സഹായത്തോടെ ഹോട്ടലിൽ തിരിച്ചെത്തി. നാളെ രാവിലെ 8.00 മുഹമ്മദിന്റെ ഡ്രൈവർ വരുമെന്നു പറഞ്ഞിരിക്കുന്നത്, വരുന്ന ആൾക്ക് അത്ര ഇംഗ്ലീഷ് വശമില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു. എന്താകുമോ എന്തോ കണ്ടറിയാം....(തുടരും)

egypt_3