ഈജിപ്ത് ഡയറിക്കുറിപ്പ്: ഭാഗം രണ്ട്

പിരമിഡ് കവാടത്തിൽ കനത്ത മിലിട്ടറി സെക്യുരിറ്റിയാണ്. ഓരോ വാഹനങ്ങളും പരിശോധിച്ച ശേഷമേ അകത്തു വിടുന്നുള്ളു. പ്രത്യേകം ശ്രദ്ധിച്ച കാര്യം വിദേശ സഞ്ചാരികളെ ഒരിക്കലും ബുദ്ധിമുട്ടിക്കാതെയാണ് പരിശോധന നടക്കുന്നത്. ടിക്കറ്റ് എടുത്തു പിരമിഡ് കോംപ്ലക്‌സിന്റെ അകത്തു കയറി. ഈജിപ്ത് യാത്രാവിവരണത്തിലെ രണ്ടാം ഭാഗം. സമീർ എം എ എഴുതുന്നു.

ഈജിപ്ത് ഡയറിക്കുറിപ്പ്: ഭാഗം രണ്ട്

സമീർ എം എ

മുഹമ്മദിന്റെ ഡ്രൈവർ 8 മണിക്ക് എത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. റൂം ബോയ് രാവിലത്തെ ഭക്ഷണവുമായിയെത്തി, മുട്ട പൊരിച്ചതും ചൂട് ബണ്ണും ഈജിപ്ഷ്യൻ ചായയുമാണ് മെനു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും മുഹമ്മദിന്റെ കോൾ വന്നു. താഴെ ഡ്രൈവർ എത്തിയിട്ടുണ്ട്, തിരിച്ചറിയാൻ ആളിന്റെ രൂപവും പറഞ്ഞു തന്നു. ക്യാമറ ബാഗും തൂക്കി താഴെയെത്തി. ആളെ കണ്ടപ്പോൾ ഒന്ന് ഞെട്ടി, തനി ബിൻ ലാദൻ ലുക്ക്. ഞാനും സിദ്ധുവും പരസ്പരം നോക്കി. വരുന്നിടത്ത് വെച്ച് കാണാം എന്നുള്ള ഭാവത്തിൽ ഞങ്ങൾ കാറിൽ കയറി.


ഒന്നാം ഭാഗം

പേര് ഇമാദ്, സ്വന്തം ടാക്‌സിയാണ്. മുഹമ്മദിന് ആവശ്യം ഉള്ളപോൾ ടൂറിസ്റ്റുകളെ സ്ഥലങ്ങൾ സന്ദർശിക്കാൻ കൊണ്ട് പോകും അല്ലാത്ത സമയങ്ങളിൽ മുഴുവൻ സമയം ടാക്‌സി ഡ്രൈവർ ആണ്. രൂപത്തിൽ മാത്രമേ ഭീകര ലുക്കുള്ളു, ഭയങ്കര തമാശക്കാരനാണ് കക്ഷി. ഇംഗ്ലീഷ് ലവലേശം അറിയില്ല. ഗൂഗിൾ ട്രാൻസ്ലേട്ടർ ആണ് ദ്വിഭാഷി. രാവിലെ തന്നെ പോകുന്നത് ലോകത്തിലെ 7 മഹാത്ഭുദങ്ങളിൽ ഒന്നായ ഗിസ പിരമിഡിലേക്കാണ്. ഉള്ള ഇംഗ്ലീഷ് വെച്ച് ഇമാദ് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു, അങ്ങ് ദൂരെ പിരമിഡ് കണ്ടു തുടങ്ങി.

egypt_1പിരമിഡ് കവാടത്തിൽ കനത്ത മിലിട്ടറി സെക്യൂരിറ്റിയാണ്. ഓരോ വാഹനങ്ങളും പരിശോധിച്ച ശേഷമേ അകത്തു വിടുന്നുള്ളു. പ്രത്യേകം ശ്രദ്ധിച്ച കാര്യം വിദേശ സഞ്ചാരികളെ ഒരിക്കലും ബുദ്ധിമുട്ടിക്കാതെയാണ് പരിശോധന നടക്കുന്നത് എന്നതാണ്. ടിക്കറ്റ് എടുത്ത് പിരമിഡ് കോംപ്ലക്‌സിന്റെ അകത്തു കയറി. ഖുഫു, ഖഫ്രെ, മേൻകൌരെ (Khufu, Khafre and Menkaure) എന്നീ പേരുകളിലുള്ള മൂന്ന് പിരമിഡുകളാണ് ഉള്ളത്. 2550 ബി.സിയിൽ നിർമിച്ച ഫറോവ ഖുഫുവിന്റെ 481 അടി ഉയരമുള്ള 'ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസ' യാണ് ലോകത്തിൽ നിർമിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പിരമിഡ്, 4000 വർഷത്തോളം ലോകത്തിലെ ഏറ്റവും ഉയരമുള്ള നിർമിതി ആയിരുന്നു ഗിസ പിരമിഡ്.

ഒന്നാം ഭാഗം

മരണാനന്തര ജീവിതത്തിനു വളരയേറെ വില കൽപിക്കപ്പെട്ടിരുന്ന ഫറോവൻ കാലഘട്ടത്തിൽ പിരമിഡുകൾ നിർമിക്കപ്പെട്ടിരുന്നത് ഫറോവമാരുടെയും, രാജ്ഞിമാരുടെയും ശവകുടീരങ്ങൾ ആയിട്ടായിരുന്നു. 20 ലക്ഷത്തിലധികം വരുന്ന ചുണ്ണാമ്പ് കല്ലുകൾ കൊണ്ടാണ് ഗിസ പിരമിഡ് നിർമിക്കപ്പെട്ടത്. ഓരോ കല്ലുകളും 2 മുതൽ 50 ടൺ ഭാരം വരുന്നവയാണ്. നിലവിൽ കാണുന്നത്തിന് വിഭിന്നമായി, വളരെ മിനുസവും, തിളക്കമേറിയതുമായ പുറം ചട്ടയായിരുന്നു പിരമിഡിനുള്ളത്. തൂറാ കല്ലുകൾ (Tura Stones ) എന്നറിയപെടുന്ന വെളുത്ത ചുണ്ണാമ്പ് കല്ലുകളാണ് ഇതിനു വേണ്ടി ഉപയോഗിച്ചത്. 13-ആം നൂറ്റാണ്ടിലുണ്ടായ ഭൂകമ്പം മൂലം ഇളക്കം തട്ടിയ പുറം കല്ലുകൾ, അറബ് അധിനിവേശകാലത്ത് പള്ളികളും, കൊട്ടാരങ്ങളും മോടി പിടിപ്പിക്കുന്നതിനായി കൊള്ളയടിക്കപെട്ടു.

egypt_2820 AD- യിൽ ഖലിഫ അൽ മമൌന്റെ (caliph, Al Mamoun ) നേതൃത്വതിലുള്ള അറബ് സംഘമാണ് ആദ്യമായി ഗിസ പിരമിഡിനുള്ളിൽ പ്രവേശിച്ചതെന്ന് കരുതുന്നു. പിരമിഡിനുള്ളിലേക്കുള്ള യഥാർത്ഥ പ്രവേശന കവാടം കണ്ടെത്താൻ ആവാത്തതിനാൽ വടക്ക് അഭിമുഖമായി തുരംഗം ഉണ്ടാക്കിയാണ് അകത്തു കടന്നത്. രസകരമായ സംഗതി, ഇവർ തുരന്നതിന് തൊട്ടു മുകളിലായി തന്നെയായിരുന്നു യഥാർത്ഥ പ്രവേശന കവാടവും. നിലവിൽ സന്ദർശകർ പിരമിഡിനുള്ളിലേക്ക് പ്രവേശിക്കുന്നത് അറബികൾ ഉണ്ടാക്കിയ വഴിയിലൂടെയാണ്. അകത്തു കയറുന്നതിന് പ്രത്യേകം ടിക്കറ്റ് എടുക്കണം. നേരിൽ കാണുമ്പോൾ മാത്രമേ എത്രമാത്രം വലിപ്പമുണ്ട് പിരമിഡിന് എന്നത് മനസ്സിലാകു.

ബാഗ് ഇമാദിനെ ഏൽപിച്ചു പിരമിഡിന് ഉള്ളിലേക്ക് കയറി, പിരമിഡിന്റെ ഉള്ളിൽ ഫോട്ടോ എടുക്കാൻ അനുമതിയില്ല. ഒരാൾക്ക് മാത്രം കഷ്ടിച്ചു കയറി പോകാൻ കഴിയുന്ന വഴിയിൽ കൂടി അകത്തേക്ക് പ്രവേശിച്ചു. Queen's Chamber , King's Chamber , Subterranean Chamber എന്നി മൂന്ന് അറകളാണ് പിരമിഡിനുള്ളിൽ ഉള്ളത്. എല്ലാ അറകളിലേകും പ്രവേശനമില്ല, രാജാവിന്റെ അറയിലേക്ക് മാത്രമേ ഇപ്പോൾ പ്രവേശനമുള്ളു. ഗ്രാൻഡ് ഗ്യാലറി (Grand Gallery) എന്നറിയപെടുന്ന കുത്തനെയുള്ള ഇടനാഴിയിൽ കൂടി ചെന്നെത്തുനത് വിശാലമായ ഉയരം കൂടിയ കിങ്ങ്‌സ് ചേംമ്പറിലാണ്. ഒറ്റക്കൽ നിർമിതമായ ഗ്രാനൈറ്റ് ശവപേടകം മാത്രമാണ് അറയിൽ നിന്നും കണ്ടെത്തിയത്. വളരെ മിനുസമേറിയ ഗ്രാനൈറ്റ് കൊണ്ടാണ് അറ നിർമിച്ചിരിക്കുന്നത്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന കല്ലുകൾ 1000 കിലോമീറ്റർ അകലെ ഉള്ള അസ്വാൻ മലകളിൽ നിന്നുള്ളവയാണ്.

ഒന്നാം ഭാഗം

ടൺ കണകിന് ഭാരമേറിയ കല്ലുകൾ എങ്ങനെ ഇത്ര ദൂരം കൊണ്ടുവന്നത് വലിയ അതിശയമാണ്. ടെക്‌നോളജിയുടെ യാതൊരു വിധ സഹായവുമില്ലാതെയുള്ള പിരമിഡിന്റെ നിർമിതി ലോകത്തെ ഇന്നും അമ്പരിപ്പിക്കുന്നു.  എത്രമാത്രം മികച്ചതയിരുന്നു ഇതിന്റെ നിർമാണ വൈദഗ്ദ്യം എന്നുള്ളത് വിസ്മരിക്കപ്പെടാനാകാത്ത വസ്തുതയാണ്. ആയിരകണക്കിന് വർഷങ്ങൾക്കു മുൻപ് മനുഷ്യൻ ഇത്രമേൽ വലിയ ഒരു നിർമിതി ഉണ്ടാകാൻ പ്രാപ്തരായിരുന്നു എന്നുള്ളതും തികച്ചും അത്ഭുതം തന്നെ. ഇതിന്റെ നിർമാണ വൈദഗ്ദ്യം കൊണ്ടാകാം 3000 വർഷങ്ങൾക്കു ഇപ്പുറവും ഒരു കോട്ടവും തട്ടാതെ ഇപ്പോഴും തല ഉയർത്തി തന്നെ പിരമിഡ് നിലകൊള്ളുന്നത്.

ഖുഫുവിന്റെ മകനായ ഖഫ്രിക്ക് വേണ്ടി 2520 ബി.സിയിൽ നിർമിക്കപെട്ട 448 അടി ഉയരമുള്ളതാണ് രണ്ടാമത്തെ വലിയ പിരമിഡ്. ഫറോവ മേൻകൌരെക്ക് വേണ്ടി 2490 ബി.സിയിൽ നിർമിച്ചതാണ് കൂട്ടത്തിൽ ഏറ്റവും ചെറിയ മൂന്നാമത്തെ പിരമിഡ്.

പിരമിഡിന്റെ പുറത്തിറങ്ങി. ഇവിടെ വന്നതിനു തെളിവ് വേണമല്ലോ പല ആങ്കിളുകളിൽ നിന്ന് ഫോട്ടോയെടുപ്പ് നടത്തി. അവിടെ നിന്നും നേരെ പനോരമിക് വ്യു പോയിന്റിലേക്കാണ് പോയത്. മൂന്ന് പിരമിഡുകളും ദൂരെ നിന്നും ഒറ്റ ഫ്രെയ്മിൽ കാണാൻ പറ്റുന്ന സ്ഥലം ആണത്. പിരമിഡിന് തൊട്ട് പിറകിലായി ആണ് പ്രസിദ്ധമായ മനുഷ്യന്റെ തലയും സിംഹത്തിന്റെ ഉടലുമുള്ള ഗ്രേറ്റ് സ്ഫിൻക്‌സ് (Great Sphinx of Giza) പ്രതിമ ഉള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കൽ ശിൽപ്പങ്ങളിൽ ഒന്നാണ് സ്ഫിൻക്‌സ്. ഫറോവാൻ കാലഘട്ടത്തിൽ നിലനിന്നിരുന്ന ആചാരങ്ങളുടെ അവശേഷിക്കുന്ന തെളിവാണ് സ്ഫിൻക്‌സ്.

egypt_4ശ്രദ്ധയിൽ പെട്ട മറ്റൊരു കാര്യം ടൂറിസ്റ്റുകൾ വളരെ കുറവാണു. വഴിയോര കച്ചവടക്കാർ മുതൽ ടൂറിസ്റ്റ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഇതു ബാധിച്ചിട്ടുണ്ട്. ഈജിപ്ഷ്യൻ സർക്കാർ ടൂറിസത്തെ പ്രമോട്ട് ചെയാൻ എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ട്. വാർത്ത മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തകൾ കാരണം ഒരു നാടിനു നേരിടേണ്ടി വരുന്ന നഷ്ടം ചെറുതല്ല. അതിനെ സാധുകരികുന്ന ഒരു തെളിവും ഉണ്ടായി, അത് വഴിയെ പറയാം.

മോകതം ഹില്ലിൽ സ്ഥിതി ചെയ്യുന്ന സലാദിൻ സിടാടെൽ ഓഫ് കെയ്റോ (The Citadel of Saladin) ആണ് അടുത്തായി സന്ദർശിച്ചത്. സിറ്റിയെ അക്രമത്തിൽ നിന്നും രക്ഷിക്കുന്നതിനായാണ് വീതിയേറിയ കോട്ട മതിലുകളും, കാവൽഗോപുരങ്ങളും, കോട്ട വാതിലുകളുമുള്ള സിടാടെൽ അയ്യുബിദ് രാജവംശതിന്റെ (Ayyubid Dynasty ) കാലത്ത് നിർമ്മിക്കപ്പെട്ടത്. വർഷങ്ങളോളം ഈജിപ്ത് ഗവർണർമാരുടെ ഭരണസിരാ കേന്ദ്രം സിടാടെൽ ആയിരുന്നു.

സിടാടിനുള്ളിൽ തന്നെയാണ് മുഹമ്മദ് അലി മോസ്‌ക് സ്ഥിതി ചെയുന്നത്. പൌരാണിക ഇസ്ലാമിക വസ്തു ശിൽപകലയുടെ അവശേഷിക്കുന്ന ചുരുക്കം ചില നിർമിതികളിൽ ഒന്നാണ് ടർകിയിലെ ബ്ലൂ മോസ്‌കിന്റെ രൂപസാദൃശ്യമുള്ള അലി മോസ്‌ക്. സുൽത്താൻ അൽ -നസീർ മുഹമ്മദ് ഇബ്ൻ ഖല 'അൺ മോസ്‌ക് (Sultan al-Nasir Muhammad ibn Qala'un Mosque), മോസ്‌ക് ഓഫ് സുലെയ്മാൻ പാഷയെന്ന (Mosque of Suleyman Pasha) മറ്റു പള്ളികളും ഇതിനോടൊപ്പമുണ്ട്. സിടാടെൽ ഏരിയയിൽ തന്നെയാണ് ഈജിപ്ഷ്യൻ മിലിട്ടറി & പോലിസ് മ്യുസിയവും ഉള്ളത്.

egypt_5യുദ്ധശേഷിപ്പുകളുടെ ബാക്കിപത്രമെന്ന നിലയിൽ നിരവധി ചരിത്ര ശേഷിപ്പുകളും യുദ്ധ ഉപകരണങ്ങളും പ്രദർശനത്തിനുണ്ട്. സിടാടെൽ നിലകൊളുന്ന മോകതം ഹില്ലിൽ നിന്നും താഴെ കെയ്റോ നഗരത്തിന്റെ ദൃശ്യ ഭംഗി ആസ്വദിക്കാം. ഒരു വശം പഴയ കാലഘട്ടത്തെ അനുസ്മരിക്കുന്ന കെട്ടിടങ്ങളെങ്കിൽ മറ്റൊരു വശം നവീനത കൈവരിക്കാൻ വെമ്പി കുതിച്ചുകൊണ്ടിരിക്കുന്ന പുതിയ വികസന പ്രവർത്തനങ്ങൾ കാണാം. അങ്ങ് ദൂരെ ഇനി എന്ത് വന്നാലും യാതൊരു മാറ്റവും ആവശ്യമില്ല എന്ന ധാർഷ്ട്യത്തോടെ പിരമിഡ് തല ഉയരത്തി നിൽക്കുന്നു.

ഒന്നാം ഭാഗം

നല്ല വിശപ്പ്. മുഹമ്മദ് പറഞ്ഞതനുസരിച്ച് ഇമാദ് ഞങ്ങളെയും കൊണ്ട് ഒരു റസ്റ്റോറന്റിൽ പോയി. ഗ്രിൽഡ് ഇറച്ചിയാണ് അവിടുത്തെ പ്രത്യേകത. കിട്ടിയതൊക്കെ വലിച്ചു കയറ്റി. അടുത്ത ലക്ഷ്യം പുരാതനമായ ഖാൻ അൽ ഖലിലി മാർക്കറ്റ് (Khan EL Khalili Bazzar) ആണ്. കാർ ദൂരെ ഒരിടത്ത് പാർക്ക് ചെയ്തു നടക്കാൻ തുടങ്ങി. അൽ ഹുസ്സൈൻ മോസ്‌ക് (Al-Hussein Mosque) ഏരിയയിൽ ആണ് ആദ്യം എത്തിയത്. ഈജിപ്തിലെ ഒരു പ്രധാന മുസ്ലിം തീർഥാടന കേന്ദ്രമാണ് അൽ ഹുസ്സൈൻ മോസ്‌ക്. മുഹമദ് നമ്പിയുടെ ചെറുമകനായ അലി ഇബ്ൻ അബു താലിബിന്റെ തിരുശേഷിപ്പുകൾ ഇവിടെയാണ് അടക്കം ചെയ്യപെട്ടതെന്നു വിശ്വസിക്കുന്നു. പള്ളിയുടെ ഉൾവശം നല്ല രസമുള്ള കാഴ്ചയാണ്, റാന്തലുകളും, ഫാനും അതേപടിതന്നെ നിലനിർത്തി പഴമ ഒട്ടും തന്നെ നഷ്ടപ്പെടുത്തിയിട്ടില്ല.

egypt_6ഉള്ളിലെ കാഴ്ചകൾ കണ്ടു തീർത്ത് പുറത്തിറങ്ങി. നല്ല തിരക്ക്, ചെറിയ കടകൾ ഇടതിങ്ങിയ ഇടുങ്ങിയ വഴികളിലൂടെ മാർക്കറ്റിലേക്ക് കയറി. സ്വദേശികൾ മുതൽ വിദേശികൾ വരെ എല്ലാവർക്കും വേണ്ട വസ്തുകൾ അവിടെയുണ്ട്.

തിരക്കിനിടയിലൂടെ സുന്ദരികളായ ഈജിപ്ത്യൻ പെൺപിള്ളാരെയും വായിനോക്കി നടക്കാൻ നല്ല രസം. നേരം ഇരുട്ടി തുടങ്ങി. തിരികെ കാർ ഇട്ടിരിക്കുന്നിടത്തേക്ക് നടന്നു. റോഡിൽ തലങ്ങും വിലങ്ങും വണ്ടികൾ പായുന്നു.

ഒന്നാം ഭാഗം

ട്രാഫിക് നിയമം എന്നത് ഈജിപ്ത്യർ കേട്ടിടുണ്ടോ എന്ന് തന്നെ സംശയമാണ്. തട്ടും മുട്ടും ഏൽക്കാത്ത ഒരൊറ്റ വണ്ടിയും കാണാൻ സാധിക്കില്ല. രാത്രി ഭക്ഷണമായി ഈജിപ്ത്യൻ ഫലാഫെലും ജൂസും വാങ്ങി. ഹോട്ടലിൽ ഇറക്കി നാളെ വരാമെന്ന് പറഞ്ഞു ഇമാദ് പോയി. ഇരുട്ട് കനത്തതോടെ നല്ല തണുപ്പായി, ആ തണുപ്പ് പറ്റി ഞങ്ങൾ പുറത്തു നടക്കാൻ ഇറങ്ങി. ഇത്ര രാത്രിയിലും നഗരത്തിന്റെ എല്ലാ ഏരിയയിലും പെൺകുട്ടികൾ ഒരു ഭയവും കൂടാതെ സ്വതന്ത്രമയി സഞ്ചരിക്കുന്നത് കണ്ടപ്പോൾ നമ്മുടെ നാട്ടിലെ കാര്യം ഓർത് ഞാൻ ലജിച്ചു. മുഹമ്മദ് പറഞ്ഞത് സ്ത്രീകൾകെതിരെയുള്ള അക്രമങ്ങൾക്ക് കഠിന ശിക്ഷയാണ് നിലവിലുള്ളത്, നമ്മുടെ നാട്ടിൽ ഇല്ലാത്ത മറ്റൊന്ന്. (തുടരും)