ഇംഗ്ലീഷ് മീഡിയം സ്കൂളുകളും കുറെ നിഗൂഢതകളും

കുട്ടികളുടെ അഡ്മിഷനു വേണ്ടി ഡൊണേഷൻ വാങ്ങുന്നത് സി.ബി.എസ്.ഇ നിയമാവലി പ്രകാരവും നമ്മുടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകൾ പാസാക്കിയ വിദ്യാഭ്യാസവകാശ നിയമപ്രകാരവും കുറ്റകരമാണ്. സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാം സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കേസെടുക്കാം. പക്ഷെ കേരളത്തിലെ സ്‌കൂളുകളിൽ ഡൊണേഷൻ വാങ്ങുന്നത് പരസ്യമായാണ്. മന്ത്രിമാരുടെയും എം.എൽ.എ മാരുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും കയ്യിൽ നിന്ന് പോലും അവർ ഡൊണേഷൻ വാങ്ങുന്നു!

ഇംഗ്ലീഷ് മീഡിയം സ്കൂളുകളും കുറെ നിഗൂഢതകളും

സുരേഷ് കുഞ്ഞുപിള്ള

എഴുപതുകളിൽ ജനിച്ച ഏതൊരു മലയാളിയെയും പോലെ ശ്രീനിവാസനും മഷിത്തണ്ട് കൊണ്ട് മായ്ച്ച സ്ലേറ്റിൽ തറപറയെഴുതിയാണ് പഠിച്ചത്. ഇലാസ്റ്റിക്കിട്ട് കെട്ടിയ പുസ്തകങ്ങൾ കയ്യിലിട്ടു കറക്കി സ്‌കൂളിലേക്ക് പതിയെ നടന്നു പോയിരുന്ന, ഉച്ചക്ക് സ്‌കൂളിൽ നിന്ന് കിട്ടുന്ന ഉപ്പുമാവ് തിന്നിട്ടു സ്‌കൂൾ കിണറ്റിലെ വെള്ളം കോരിക്കുടിച്ചിരുന്ന, വൈകുന്നേരം ജനഗണമന മുഴുവനാകുന്നതിനു മുമ്പേ പുസ്തകമെടുത്തു വീട്ടിലെക്കൊടുന്ന വെറുമൊരു സാധാരണ വിദ്യാർഥി.


നാട്ടിൻപുറത്തെ സ്‌കൂളിലും കോളേജിലുമായി പത്താം ക്ലാസും പ്രീഡിഗ്രിയും ഡിഗ്രിയും പാസായെങ്കിലും പഠിത്തം കഴിയുമ്പോൾ നേരെ ചൊവ്വേ ഒരു വാക്ക് ഇംഗ്ലീഷിൽ എഴുതാനോ പറയാനോ ഉള്ള കഴിവ് ശ്രീനിവാസനുണ്ടായിരുന്നില്ല. ജീവിതമാർഗ്ഗം അന്വേഷിച്ച് ഏറണാകുളത്തെത്തിയ ശ്രീനിവാസൻ ഇന്നൊരു തയ്യൽ കട നടത്തുന്നു. മോശമല്ല, കടയിൽ തരക്കേടില്ലാത്ത വരുമാനമുണ്ട്. ഡിഗ്രിക്കാരനായിട്ടും ഇംഗ്ലീഷ് കണ്ടാൽ വിയർക്കുന്ന തന്റെ അനുഭവം തന്റെ മകനുണ്ടാവരുത് എന്ന് കരുതി ശ്രീനിവാസൻ മകനെ പട്ടണത്തിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ചേർത്തിരിക്കുന്നു.

പ്രതിവർഷം നാൽപ്പതിനായിരത്തോളം രൂപയാണ് ഫീസ്. പിന്നെ യൂണിഫോം പുസ്തകങ്ങൾ, കുട, ഷൂസ്, മറ്റു സാമഗ്രികൾ, വണ്ടി വാടക ഇതെല്ലാം കൂടി വീണ്ടുമൊരു ഇരുപതിനായിരം രൂപ കൂടി ചെലവാകും.

പക്ഷെ മോൻ ഏതു സിലബസിലാണ് പഠിക്കുന്നതെന്നു ശ്രീനിവാസനോട് ചോദിച്ചപ്പോൾ അറിയില്ല, ഇംഗ്ലീഷ് മീഡിയമാണ് എന്നായിരുന്നു മറുപടി!

ശ്രീനിവാസന് മാത്രമല്ല, ഇന്ന് മക്കളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലയച്ചു പഠിപ്പിക്കുന്ന കേരളത്തിലെ ഭൂരിപക്ഷം മാതാപിതാക്കൾക്കും അറിയില്ല തങ്ങളുടെ മക്കൾ പഠിക്കുന്നത് സ്‌റേറ്റ് സിലബസിലാണോ, സി.ബി.എസ്.ഇയാണോ, ഐസിഎസ്ഇയാണോ, ഐ.ബിയാണോ, ഓപ്പൺ സ്‌കൂൾ ആണോ എന്നൊന്നും. ഇംഗ്ലീഷ് മീഡിയമാണെന്ന് മാത്രമറിയാം.

സിലബസിന്റെ കാര്യത്തിൽ മാത്രമല്ല ഈ അജ്ഞത. സംസ്ഥാനത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ അതിന്റെ ഉടമസ്ഥർക്ക് തോന്നിയ പോലെ നടത്താനുള്ള അവകാശമുണ്ട് എന്നും സാധാരണ രക്ഷിതാക്കൾ കരുതുന്നു. സ്‌കൂൾ കെട്ടിടവും മറ്റു സൗകര്യങ്ങളും മാനേജുമെന്റ് തന്നെ നിർമ്മിക്കുന്നത് കൊണ്ട് ഫീസിന്റെ കാര്യത്തിലോ മറ്റു സംഭാവനകൾ വാങ്ങുന്ന കാര്യത്തിലോ ഇവരെ ചോദ്യം ചെയ്യാൻ പാടില്ല എന്നാണു ഭൂരിപക്ഷം രക്ഷിതാക്കൾ കരുതിയിരിക്കുന്നത്. ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ തുടങ്ങാൻ പ്രത്യേകിച്ച് അനുമതിയോ ലൈസൻസോ ഒന്നും വേണ്ട എന്നുപോലും ചില രക്ഷിതാക്കൾ കരുതുന്നു.

school

കേരളത്തിൽ 1,256 സ്‌കൂളുകൾക്കാണ് സി.ബി.എസ്. ഇ (Cetnral Board of Secondary Education) അഫിലിയേഷനുള്ളത് എന്നാണു തിരുവനന്തപുരത്തെ സി.ബി.എസ്.ഇ യുടെ റീജിയണൽ ഓഫീസിൽ ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. സ്‌റേറ്റ് സിലബസിൽ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്‌കൂളുകൾ ഇതിലുമധികം വരും. ഏകദേശം നാനൂറോളം സ്‌കൂളുകൾ ഐ.സി.എസ്.ഇ (Indian Certificate of Secondary Education) സിലബസിലും പിന്നെ നൂറോളം സ്‌കൂളുകൾ ഐ.ബി (International Baccalaureate) സിലബസിലും ഓപൺ സ്‌കൂൾ സിലബസിലുമായി പ്രവർത്തിക്കുന്നുണ്ട്. പിന്നെ ഇത്തരം ഒരു ബോർഡിലും അഫിലിയേഷൻ ഇല്ലാതെ തീർത്തും അനധികൃതമായി വേറെയും നിരവധി സ്‌കൂളുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഈയടുത്ത് വിവാദത്തിൽ അകപ്പെട്ട കൊച്ചിയിലെ പീസ് സ്‌കൂൾ തന്നെ ഉദാഹരണം.

ഇങ്ങനെ വിവിധ ബോർഡുകളിൽ അഫിലിയേഷൻ ഉള്ളതും ഇല്ലാത്തതുമായി സ്വകാര്യ മേഖലയിൽ ഏകദേശം നാലായിരത്തോളം അൺ എയ്ഡഡ് സ്‌കൂളുകളാണ് ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്നത്. മത സമുദായ സംഘടനകളുടെ ഉടമസ്ഥതയിലാണ് ഈ സ്‌കൂളുകളിൽ ഭൂരിപക്ഷവും. പക്ഷെ ഇപ്പോൾ മദ്യ വ്യവസായികളും റിയൽ എസ്റ്റേറ്റ് ഭീമന്മാരും വരെ സ്‌കൂളുകൾ ആരംഭിക്കുന്നു. വാസ്തവത്തിൽ കേരളത്തിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഒരു വ്യവസായവുമാണ് ഈ അൺ എയ്ഡഡ് സ്‌കൂളുകൾ.

കേരളത്തിൽ ഒരു അൺ എയ്ഡഡ് സ്‌കൂൾ ആരംഭിക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ എൻ.ഒ.സി. (non objection certificate) ലഭിച്ചിരിക്കണമെന്നാണ് ചട്ടം. ട്രാവൻകൂർ കൊച്ചിൻ ലിറ്റററി, സയന്റഫിക് ആൻഡ് ചാരിറ്റബിൾ ആക്ട് പ്രകാരം രജിസ്ടർ ചെയ്ത സൊസൈറ്റികൾക്കാണ് സാധാരണയായി സ്‌കൂൾ തുടങ്ങാനുള്ള അനുമതി ലഭിക്കുക. കർശനമായ വ്യവസ്ഥകളോടെയാണ് ഈ എൻ.ഒ.സി നൽകപ്പെടുന്നത്. ലാഭേച്ഛയോടെ വിദ്യാലയം നടത്തരുത് എന്ന് തുടങ്ങി ഇരുപതു കുട്ടികൾക്ക് ഒരു ശുചിമുറി ഉണ്ടായിരിക്കണം എന്നു വരെയുള്ള നിർദ്ദേശങ്ങൾ ഈ എൻ.ഒ.സിയിൽ ഉണ്ട്. ഇതിനേക്കാൾ കർശനമാണ് സി.ബി.എസ്.ഇ യുടെ നിയമങ്ങൾ. സി.ബി.എസ്.ഇ ബൈലോയിൽ പറയുന്ന ഏതാനും കാര്യങ്ങൾ താഴെ കൊടുക്കുന്നു.

 1. വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്‌ലെറ്റ്, കുടിവെള്ളം മറ്റു സാനിറ്റേഷൻ സൗകര്യങ്ങൾ എന്നിവ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ഒരുക്കേണ്ടതാണ്. ഇരുപതു കുട്ടികൾക്ക് ഒരു ശുചിമുറി എന്നതാണ് കണക്ക്.

 2. ഓരോ ക്ലാസ് റൂമിനും മിനിമം എട്ടു മീറ്റർ നീളവും ആറുമീറ്റർ വീതിയും ഉണ്ടായിരിക്കേണ്ടതാണ്. ക്ലാസിൽ മുപ്പത്തിയാറ് കുട്ടികളിൽ കൂടാൻ പാടില്ല.

 3. ഓരോ സ്‌കൂളിലും ഭിന്നശേഷിയുള്ള കുട്ടികൾക്ക് സഹായകമായ വിധത്തിൽ റാമ്പുകൾ ഉണ്ടായിരിക്കണം. ലിഫ്റ്റിൽ ഭിന്നശേഷിയുള്ളവർക്കായി ഓഡിറ്ററി സിഗ്‌നലുകൾ വേണം. അതായതു ബഹുനിലകളിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ നിർബന്ധമായും ലിഫ്റ്റ് വേണം.

 4. കുടിവെള്ളം, അഗ്‌നി സുരക്ഷ, ഗതാഗത സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽപ്പെട്ട അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ അതതു സമയങ്ങളിൽ വാങ്ങിയിരികണം.

 5. ടെക്സ്റ്റ് ബുക്കോ പഠന സഹായികളോ അല്ലാത്ത 1500 പുസ്തകങ്ങളെങ്കിലും സ്‌കൂൾ ലൈബ്രറിയിൽ ഉണ്ടായിരിക്കേണ്ടതാണ്. ആവശ്യത്തിനുള്ള മാസികകളും പത്രങ്ങളും വരുത്തിയിരിക്കണം. വിവിധ വിഷയങ്ങളിൽ മിനിമം പതിനഞ്ചു മാസികകൾ എങ്കിലും വേണം എന്നാണു നിയമം.

 6. ഓരോ സ്‌കൂളും അധ്യാപകർക്ക് വർഷത്തിലൊരിക്കൽ മിനിമം ഒരാഴ്ചയെങ്കിലും നീളുന്ന ട്രെയിനിംഗ് പ്രോഗ്രാം നിർബന്ധമായും നടത്തിയിരിക്കണം.

 7. രണ്ടാം ക്ലാസ് വരെ സ്‌കൂൾ ബാഗോ ഹോം വർക്കോ പാടില്ല, അതിനു ശേഷവും കുട്ടികൾ സ്വയം വിശകലനം ചെയ്തു പഠിക്കുന്ന പഠന രീതിക്ക് ഊന്നൽ നല്ക്കണം. മാർക്ക് കൊടുത്തു ജയിപ്പിക്കലോ തോൽപ്പിക്കലോ പാടില്ല.

 8. സ്‌കൂളിൽ നിന്നുള്ള വരുമാനം ട്രസ്ടിലോ മാനേജിംഗ് കമ്മിറ്റിയിലോ ഉൾപ്പെട്ട യാതൊരു വ്യക്തിയും കൈവശപ്പെടുത്താൻ പാടില്ല. സ്‌കൂളിൽ നിന്നും അധിക വരുമാനം ഉണ്ടായാൽ അത് സ്‌കൂളിന്റെ ആവശ്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മാത്രം ചെലവാക്കണം. സ്‌കൂളിന്റെ വരവുചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്ത് അധികൃതർക്ക് സമർപ്പിക്കണം. അതിന്റെ ഒരു കോപ്പി CBSEക്കും അയച്ചു കൊടുക്കണം.school

 9. സ്‌കൂളിലെ അഡ്മിഷന് യാതൊരുവിധ ഡോണേഷനോ ക്യാപ്പിറ്റേഷൻ ഫീസോ വാങ്ങാൻ പാടില്ല. അഡ്മിഷന് കുട്ടിയേയോ മാതാപിതാക്കളെയോ യാതൊരു തരത്തിലും ഇന്റർവ്യൂ ചെയ്യാൻ പാടില്ല. അങ്ങിനെ ഏതെങ്കിലും സ്‌കൂളുകൾ ചെയ്തതായി റിപ്പോർട്ട് കിട്ടിയാൽ ആ സ്‌കൂളിന്റെ അംഗീകാരം നഷ്ടപെടും.

 10. ട്യൂഷൻ ഫീസ് അല്ലാതെ മറ്റൊരു വിധത്തിലുമുള്ള ഡൊണേഷനോ പാരിതോഷികങ്ങളോ സ്‌കൂൾ മാനേജ്‌മെന്റ് രക്ഷിതാക്കളിൽ നിന്നും ആവശ്യപ്പെടാൻ പാടില്ല. ട്യൂഷൻ ഫീസ് തന്നെ സ്‌കൂളിലെ സൗകര്യങ്ങുടെ അടിസ്ഥാനത്തിലായിരിക്കണം നിശ്ചയിക്കേണ്ടത്. പി.ടി.എ യുമായോ പി.ടി.എ ഇല്ലെങ്കിൽ രക്ഷിതാക്കൾ തെരഞ്ഞെടുക്കുന്ന പേരന്റ്‌സ് റെപ്രസെന്റേറ്റീവുമാരുമായോ ചർച്ച നടത്തി മുഴുവൻ രക്ഷിതാക്കളെയും ബോധ്യപ്പെടുത്തിയതിന് ശേഷമേ ഫീസുകൾ നിശ്ചയിക്കാനും വർദ്ധിപ്പിക്കാനും പാടുള്ളൂ. (സ്‌കൂളിൽ പി.ടി.എ വേണമെന്ന് സി.ബി.എസ്.ഇ നിഷ്‌കർഷിക്കുന്നില്ല, പാടില്ല എന്ന് വിലക്കുന്നുമില്ല. എന്നാൽ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയിൽ ഓരോ തരത്തിലും മിനിമം ഒന്നെന്ന നിലയിൽ രക്ഷിതാക്കളാൽ തെരഞ്ഞെടുക്കപ്പെട്ട പേരന്റ്‌സ് റെപ്രസെന്റേറ്റീവുമാർ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.

 11. Persons with disabilities Act 1995 പ്രകാരം ഭിന്നശേഷിക്കാരായ കുട്ടികൾക്കു സാധാരണ സ്‌കൂളിൽ പഠിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണം.

 12. സ്‌കൂൾ മാനേജുമെന്റ് അംഗങ്ങളുടെ ബന്ധുക്കൾ സ്‌കൂളിന്റെ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ തസ്തികകളിൽ ഇരിക്കാൻ പാടില്ല.

 13. സ്‌കൂൾ നടത്തിപ്പ് ധനസമ്പാദനത്തിനല്ല, സാമൂഹിക സേവനത്തിനു മാത്രമാണെന്ന് സത്യവാങ്മൂലം നല്കണം.

 14. ഓരോ വിഷയത്തിലും CBSE നിശ്ചയിച്ച യോഗ്യത ഉള്ളവരെ വേണം അധ്യാപകരായി നിയമിക്കാൻ. (ഈ യോഗ്യതകൾ CBSE Bylaw വിൽ വിവരിച്ചു പറഞ്ഞിട്ടുണ്ട്.) അധ്യാപകർ സ്ഥിരം നിയമനം ആയിരിക്കണം. താത്കാലിക അധ്യാപകരെ യാതൊരു കാരണവശാലും നിയമിക്കാൻ പാടില്ല.

 15. ഈ അധ്യാപകർക്ക് അതേ കാറ്റഗറിയിൽ പെട്ട സർക്കാർ അധ്യാപകരുടെ അതേ സ്‌കെയിലിലുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും നല്കണം. ശമ്പളം ബാങ്ക് വഴി മാത്രമേ നല്കാൻ പാടുള്ളൂ. പണമായി നല്കാൻ പാടില്ല.

 16. സ്‌കൂളിനോടനുബന്ധിച്ചു മറ്റു സ്ഥാപനങ്ങളോ സ്‌റോറുകളോ കൊമേഴ്‌സ്യൽ സംരംഭങ്ങളോ പ്രവർത്തിക്കാൻ പാടില്ല. ലാഭം പ്രതീക്ഷിച്ച് ഉല്പ്പന്നങ്ങളോ സേവനങ്ങളോ സ്‌കൂളിനുള്ളിൽ വില്ക്കുന്നത് കുറ്റകരമാണ്.


ഇങ്ങനെ കർശനമായ വ്യവസ്ഥകളാണ് സി.ബി.എസ്.ഇയും ഗവണ്മെന്റും നിഷ്‌കർഷിക്കുന്നത്. മറ്റു ബോർഡുകൾക്കും സമാനമായ വ്യവസ്ഥകളും നിയമങ്ങളുമുണ്ട്.

school_cbsc

എന്നാൽ കേരളത്തിലെ ഒരു അൺഎഡയ്ഡഡ് സ്‌കൂൾ പോലും ഈ നിയമങ്ങൾ പാലിക്കുന്നില്ല എന്നതാണ് വാസ്തവം. കുട്ടികളുടെ അഡ്മിഷനു വേണ്ടി ഡൊണേഷൻ വാങ്ങുന്നത് സി.ബി.എസ്.ഇ നിയമാവലി പ്രകാരവും നമ്മുടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകൾ പാസാക്കിയ വിദ്യാഭ്യാസവകാശ നിയമപ്രകാരവും കുറ്റകരമാണ്. സ്‌കൂളിന്‍റെ അംഗീകാരം റദ്ദാക്കാം. സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കേസെടുക്കാം. പക്ഷെ കേരളത്തിലെ സ്‌കൂളുകളിൽ ഡൊണേഷൻ വാങ്ങുന്നത് പരസ്യമായാണ്. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും കയ്യിൽ നിന്ന് പോലും അവർ ഡൊണേഷൻ വാങ്ങുന്നു!

ഈ വർഷമാദ്യം കൊച്ചിയിലെ ഒരു സ്‌കൂളിലെ അമിത ഫീസിനും ഭീമമായ ഡൊണേഷനുമെതിരെ അവിടുത്തെ രക്ഷിതാക്കൾ ഒരു അസോസിയേഷൻ രൂപീകരിക്കുകയും കേരളാ ഹൈക്കോടതിയിൽ ഒരു റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുകയുമുണ്ടായി. ഈ കേസിലെ കൗണ്ടർ അഫിഡവിറ്റിൽ പ്രസ്തുത സ്‌കൂൾ തങ്ങൾ യാതൊരു തരത്തിലുമുള്ള ഡൊണേഷനും സ്‌കൂൾ അഡ്മിഷന് വേണ്ടി വാങ്ങുന്നില്ല എന്നും സ്‌കൂളിനോടനുബന്ധിച്ചു നടത്തുന്ന കിന്റർ ഗാർട്ടനിൽ അഡ്മിഷൻ നല്കുന്നതിനു മാത്രമാണ് ഡൊണേഷൻ സ്വീകരിക്കുന്നതെന്നുമാണ്.

ഇതാണ് പോയിന്റ്!

നമ്മുടെ നാട്ടിലെ സ്‌കൂൾ വിദ്യാഭ്യാസം ആരംഭിക്കുന്നത് എൽ.കെ.ജി യിലാണ്. എല്ലാ അൺ എയ്ഡഡ് സ്‌കൂളുകളിലും കിന്റർ ഗാർഡൻ ഒരവിഭാജ്യഘടകമാണ് താനും. സ്വാഭാവികമായും ഒരു കുട്ടിയെ സ്‌കൂളിൽ ചേർക്കുക എന്നാൽ കിന്റർ ഗാർഡനിൽ ചേർക്കുക എന്നാണർത്ഥം. ഇവിടെ നല്ലൊരു സ്‌കൂളിൽ ഒരു കുട്ടിയെ കിന്റർ ഗാർഡനിൽ ചേർക്കണമെങ്കിൽ അമ്പതിനായിരം മുതൽ ഒന്നര ലക്ഷംവരെ ഡൊണേഷൻ നൽകേണ്ടി വരുന്നു. ഇത് നിയമവിരുദ്ധമല്ല എന്നതാണ് തമാശ. കാരണം കിന്റർ ഗാർഡൻ സി.ബി.എസ്.ഇ യുടെയോ വിദ്യാഭ്യാസ നിയമങ്ങളുടെയോ പരിധിയിൽ വരുന്നില്ല. അതിനാൽ തന്നെ പരസ്യമായി ഡൊണേഷൻ വാങ്ങുന്നതിന് അവർക്ക് സാങ്കേതികമായി നിയമ തടസവുമില്ല. അതിനാൽ ഈ ഡൊണേഷന് അവർ രസീതിയും നൽകും.

വാസ്തവത്തിൽ ഉയർന്ന ക്ലാസുകളിൽ അഡ്മിഷൻ നല്കുമ്പോഴും സ്‌കൂളുകൾ ഡൊണേഷൻ വാങ്ങുന്നുണ്ട്, പക്ഷെ അത് യാതൊരു വിധ രസീതിയും നൽകാതെ രഹസ്യമായാണ് വാങ്ങാറുള്ളത് എന്ന് മാത്രം. സംസ്ഥാനത്തെ ചുരുക്കം ചില സ്‌കൂളുകൾ ഡൊണേഷനായി വാങ്ങിയ തുകയിൽ ഒരു ഭാഗം കുട്ടി സ്‌കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചു പിരിഞ്ഞു പോകുമ്പോൾ തിരിച്ചു നല്കാറുണ്ട്. എന്നാൽ ഭൂരിപക്ഷം സ്‌കൂളുകളിലും ഒരിക്കൽ നല്കിയാൽ ഈ ഡൊണേഷൻ തുക തിരിച്ചു കിട്ടുന്നതല്ല.

ഭീമമാണിവിടുത്തെ കച്ചവടം. കേരളത്തിൽ മൂന്നു ലക്ഷം കുട്ടികൾ ഓരോ വർഷവും അൺഎയ്ഡഡ് സ്‌കൂളുകളിൽ ചേരുന്നുണ്ട്. ഗ്രാമ പ്രദേശങ്ങളിലെ സ്‌കൂളുകളിൽ ഇരുപതിനായിരം മുതൽ അമ്പതിനായിരം വരെയാണ് ഡൊണേഷനെങ്കിൽ പട്ടണ പ്രദേശങ്ങളിൽ അത് അമ്പതിനായിരം മുതൽ രണ്ടു ലക്ഷം വരെയാണ്. അതായത് ഒരു സ്‌കൂളിനു ശരാശരി അമ്പതിനായിരം എന്ന കണക്കെടുത്താലും പ്രതി വർഷം കേരളത്തിലെ രക്ഷിതാക്കൾ മക്കളെ സ്‌കൂളിൽ ചേർക്കാൻ ഈ അൺഎയ്ഡഡ് സ്‌കൂളുകളിൽ നിയമവിരുദ്ധ ഡൊണേഷനായി നല്കുന്നത് ഏകദേശം നാലായിരം കോടി രൂപയാണ്! ഏതാണ്ട് ഇതേ തുക ഫീസിനത്തിലും ഈ സ്‌കൂളുകൾ പിരിച്ചെടുക്കുന്നു.

school_cbsce_2

അതേപോലെയാണ് അധ്യാപക നിയമനം. മിക്ക സ്‌കൂളുകളിലും കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകർക്ക് സി.ബി.എസ്.ഇയൊ ഐ.സി.എസ്.ഇയൊ നിഷ്‌കർഷിക്കുന്ന നിലവാരമോ അതിന്റെ പകുതിയോ പോലുമില്ല. മാസ്‌റ്റർ ഡിഗ്രി വേണ്ടിടത്ത് ടി.ടി.സിക്കാർ പഠിപ്പിക്കുന്നു.

ഇവർക്ക് ശമ്പളം നല്കുന്നതിലുമുണ്ട് കള്ളത്തരം. മിക്കവാറും എല്ലാ സ്‌കൂളിലും രണ്ടു ശമ്പള രജിസ്ടർ ഉണ്ട്. ഒന്ന് ഗവണ്മെന്റിനെയും സി.ബി എസ്.ഇ യെയുമൊക്കെ ബോധിപ്പിക്കാനുള്ള കള്ള രജിസ്റ്റർ. മറ്റൊന്ന് യഥാർത്ഥ ശമ്പള രജിസ്ടർ. അധ്യാപകർ ഒപ്പിടുന്നത് ഉയർന്ന ശമ്പളം രേഖപ്പെടുത്തിയ ആദ്യത്തെ രജിസ്‌റ്ററിൽ ആയിരിക്കും. എന്നാൽ അവർക്ക് കൈയിൽ കിട്ടുന്നത് രണ്ടാമത്തെ രജിസ്‌റ്ററിൽ രേഖപ്പെടുത്തിയ നാമമാത്രമായ തുകയുമായിരിക്കും. അധ്യാപകരെ ഒരിക്കലും ഇത്തരം സ്‌കൂളുകൾ സ്ഥിരപ്പെടുത്തുകയില്ല. തോന്നുമ്പോൾ പിരിച്ചു വിടുകയും ചെയ്യും.

മറ്റൊന്ന് ഈ സ്‌കൂളുകൾ സർക്കാരിൽ സമർപ്പിക്കുന്ന കണക്കിലുള്ള വെട്ടിപ്പാണ്. മുകളിൽ രക്ഷിതാക്കൾ കേസിന് പോയതായി പരാമർശിച്ച സ്‌കൂൾ കഴിഞ്ഞ പത്ത് വർഷങ്ങളിൽ സർക്കാരിനു സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് രക്ഷിതാക്കൾ വിവരാവകാശ നിയമ പ്രകാരം രജിസ്ട്രാർ ഓഫീസിൽ നിന്നും എടുക്കുകയുണ്ടായി. ആ റിപ്പോർട്ട് പ്രകാരം രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ആ സ്‌കൂളിന്റെ കഴിഞ്ഞ രണ്ടു വർഷത്തെ വരവ് വെറും എൺപതു ലക്ഷം രൂപയ്ക്കടുത്താണ്. പക്ഷെ ഇതേ സ്‌കൂൾ കോടതിയിൽ സമർപ്പിച്ച അഫിഡവിറ്റ് പ്രകാരം ഒരു വർഷം ആറര കോടി രൂപ ഫീസിനത്തിൽ കളക്റ്റ് ചെയ്യുന്നുണ്ട് എന്ന് സമ്മതിക്കുന്നു. അതായത് അഞ്ചരക്കോടി രൂപയ്ക്ക് മേൽ ഇവിടെ കണക്കില്ലാതെ പോകുന്നു. സംസ്ഥാനത്തെ ഏതു സ്‌കൂളിന്റെ കാര്യമെടുത്താലും ഇതുതന്നെ സ്ഥിതി.

ഇതിനു പുറമേ ഉയർന്ന വിലയ്ക്ക് പാഠപുസ്തകങ്ങൾ, യൂണിഫോം മുതലായവ നല്കി രക്ഷിതാക്കളെ കബളിപ്പിക്കുന്നതും ഇത്തരം സ്‌കൂളുകളിൽ പതിവാണ്. പാഠപുസ്തകങ്ങൾക്ക് എപ്പോഴും വളരെ ഉയർന്ന വിലയായിരിക്കും ഇത്തരം സ്‌കൂളുകളിൽ. അത് പ്രസാധകരും സ്‌കൂളും ചേർന്നുള്ള ഒരു ഒത്തുകളിയാണ്. രക്ഷിതാക്കൾക്ക് ചോദിക്കുന്ന പണം നല്കുക എന്നതല്ലാതെ വേറെ വഴിയൊന്നുമില്ല.

മുകളിൽ പറഞ്ഞ ശ്രീനിവാസനെപോലെയുള്ള മാതാപിതാക്കളുടെ മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ അയച്ചു പഠിപ്പിക്കണം എന്ന ഒരൊറ്റ ആഗ്രഹത്തെ ചൂഷണം ചെയ്തു സംസ്ഥാനത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ ഫീസിനത്തിൽ മാത്രം പിരിക്കുന്നത് ഏതാണ്ട് ഒരുലക്ഷത്തി എഴുപതിനായിരം കോടി (1700,000,000,000) രൂപയാണ്. ഡൊണേഷൻ മറ്റ് സംഭാവനകൾ, സ്‌പെഷ്യൽ ഫീസ് എന്നിവ വേറെ. ഇത്തരം സ്‌കൂളുകളെ നിയന്ത്രിക്കാൻ സർക്കാരിനോ കോടതിക്കോ സാധ്യമാണോ? അല്ലെന്നതാണ് ഇതുവരെയുള്ള അനുഭവം. കാരണം മിക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും മൈനോരിറ്റി സ്റ്റാറ്റസ് സർട്ടിഫിക്കറ്റ് ഉള്ളവയാണ്. നമ്മുടെ നിയമം അനുസരിച്ച് മൈനോറിറ്റി സ്റ്റാറ്റസ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ സ്‌കൂൾ ഏതെങ്കിലും പള്ളിയുടെയോ മതന്യൂനപക്ഷ സ്ഥാപനത്തിന്റെയോ ഉടമസ്ഥതയിൽ ആയിരിക്കണം എന്ന് നിർബന്ധമില്ല. സ്‌കൂൾ നടത്തുന്ന കമ്മിറ്റിയിലെ അംഗങ്ങളിൽ അമ്പതു ശതമാനം പേരെങ്കിലും ന്യൂനപക്ഷ മതത്തിൽപ്പെട്ടവർ ആയിരുന്നാൽ മതി. അതായത് ക്രിസ്ത്യനോ മുസ്ലീമോ ആയ ഒരേ കുടുംബത്തിലെ അംഗങ്ങൾ ചേർന്ന് ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്തു ഒരു സ്‌കൂൾ തുടങ്ങിയാൽ പോലും അതിനു മൈനോരിറ്റി സ്റ്റാറ്റസ് സർട്ടിഫിക്കറ്റ് നിസ്സാരമായി ലഭിക്കും. ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് നല്കുന്ന പ്രത്യേക അവകാശങ്ങൾ പ്രകാരം കേരളത്തിലെ വിദ്യാഭ്യാസ നിയമമോ കേന്ദ്ര ഗവൺമെന്റ് പാസാക്കിയ വിദ്യാഭ്യാസവകാശ നിയമമോ ഈ സ്‌കൂളുകൾക്ക് ബാധകമല്ല.

ഇത്രയൊക്കെ ചൂഷണം നടന്നിട്ടും വീണ്ടും എന്തുകൊണ്ട് മാതാപിതാക്കൾ തങ്ങളുടെ മക്കളെ ഇത്തരം സ്‌കൂളിൽ അയയ്ക്കുന്നു എന്നൊരു ചോദ്യം സാധാരണ ഉയരാറുണ്ട്. ഒന്നാമത്തെ കാരണം രക്ഷിതാക്കളുടെ അജ്ഞതയും പൊങ്ങച്ചവും അവകാശ ബോധമില്ലായ്മയുമാണ്. രണ്ടാമത്തെ കാരണം വാസ്തവത്തിൽ കേരളത്തിലെ പല രക്ഷിതാക്കൾക്കും ഇതല്ലാതെ വേറെ മാർഗ്ഗമില്ല എന്നതാണ്.

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ രംഗത്തിന്റെ നട്ടെല്ല് സർക്കാർ സ്‌കൂളുകളല്ല. ഏറ്റവുമധികം സ്‌കൂളുകളുള്ള എറണാകുളം ജില്ലയിൽ ഗവൺമെന്റ് ഹൈസ്‌കൂളുകളുടെ എണ്ണം വെറും എഴുപത്തിനാല് മാത്രമാണ്. എന്നാൽ സ്വകാര്യ എയ്ഡഡ് സ്‌കൂളുകൾ ഇതിന്റെ മൂന്നിരട്ടിയോളമുണ്ട്. ഇതിനു പുറമെയാണ് ഇപ്പോൾ കൂൺപോലെ മുളച്ചു പൊങ്ങുന്ന അൺ എയ്ഡഡ് സ്‌കൂളുകൾ.

വാസ്തവത്തിൽ ഇന്ന് പല എയ്ഡഡ് സ്‌കൂളുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. കേരളത്തിലെ 5,137 സ്‌കൂളുകൾ അൺഇക്കണോമിക് എന്ന് പ്രഖ്യാപിച്ച് അടച്ചു പൂട്ടാൻ കാത്തിരിക്കുകയാണ്. നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങളിലാണ് മിക്ക എയ്ഡഡ് സ്‌കൂളുകളും സ്ഥിതി ചെയ്യുന്നത്. എയ്ഡഡ് സ്‌കൂളിനായി സർക്കാർ നല്കുന്ന നാമമാത്രമായ ഗ്രാൻഡിനേക്കാൾ സ്‌കൂളിരിക്കുന്ന സ്ഥലത്തിന്റെ വിപണി സാദ്ധ്യതകൾ ഇന്ന് മിക്ക സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റിനെയും പ്രലോഭിപ്പിക്കുന്നു.

സ്‌കൂൾ അടച്ചുപൂട്ടി അവിടെ ഷോപ്പിംഗ് മാളോ തിയേറ്ററോ ഹോട്ടലോ പണിയുന്നതിനായി സ്‌കൂൾ നഷ്ടത്തിലാക്കി പൂട്ടിക്കാൻ പല മാനേജ്‌മെന്റുകളും ശ്രമിക്കുന്നു. മലാപ്പറമ്പിലും കിനാലൂരും ഒക്കെ നമ്മൾ ഇതിന്റെ മാതൃകകൾ കണ്ടതാണ്. വരും വർഷങ്ങളിൽ കൂടുതൽ സ്‌കൂളുകൾ ഈ മാതൃക പിന്തുടർന്നു രംഗത്ത് വരും.

ഈ ഒഴിവിലാണ് അൺ എയ്ഡഡ് സ്‌കൂളുകൾ തഴച്ചു വളരുന്നത്. കൊച്ചി നഗരത്തിൽ ജീവിക്കുന്ന ഒരു രക്ഷിതാവിനെ സംബന്ധിച്ച് തന്റെ വീടിനടുത്ത് ഒന്നോ രണ്ടോ സർക്കാർ സ്‌കൂൾ ആണുള്ളതെങ്കിൽ ഇരുപതോ ഇരുപത്തഞ്ചോ അൺ എയ്ഡഡ് സ്‌കൂളുകൾ ഉണ്ടാവും എന്നതാണ് സ്ഥിതി. സ്‌കൂൾ ബസും പകിട്ടുള്ള കെട്ടിടവും മറ്റു സൗകര്യങ്ങളും ഒക്കെ കാണിച്ച് ഈ സ്‌കൂളുകൾ രക്ഷിതാക്കളെ പ്രലോഭിപ്പിക്കുന്നു. മധ്യവർഗ്ഗ മലയാളിയുടെ പൊങ്ങച്ചം കൂടിയാവുമ്പോൾ ഈ സ്‌കൂളുകൾക്ക് കാര്യം എളുപ്പമാവുന്നു. ഉയർന്ന ഫീസ് വാങ്ങുന്നുവെന്നല്ലാതെ ഈ സ്‌കൂളുകളിലെ പഠന നിലവാരത്തിനു പ്രത്യേകിച്ച് മേന്മയൊന്നും ഇല്ലതാനും.

ശ്രീനിവാസനെപോലുള്ളവർ യഥാർത്ഥത്തിൽ ഇരകളാണ്. സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം ഒരു കുട്ടിയുടെ അവകാശമാണ് എന്ന് നിയമമുള്ള ഈ നാട്ടിൽ ഇയാൾ തന്റെ സമ്പാദ്യത്തിലെ സിംഹ ഭാഗവും മക്കളുടെ വിദ്യാഭ്യാസത്തിനു ചെലവാക്കുന്നു. ഇത്തരം സ്‌കൂളുകളെ നിയന്ത്രിക്കേണ്ടത് സർക്കാരാണ് എന്ന് ഇടപ്പള്ളി കാമ്പയിൻ സ്‌കൂളിനെതിരെ രക്ഷിതാക്കൾ നല്കിയ കേസിൽ വിധി പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട ഹൈക്കോടതി വ്യക്തമാക്കിയതാണ്.

മുണ്ടശേരിയുടെ വിദ്യാഭ്യാസ ബില്ല് മൂലം ഒരിക്കൽ കത്തിയെരിഞ്ഞതാണ് നമ്മുടെ നാട്. അതിനാൽ തന്നെ ശതകോടികളുടെ വ്യവസായം നടക്കുന്ന ഈ രംഗത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജാതിമത താൽപര്യങ്ങൾക്ക് വഴങ്ങാത്ത, അസാമാന്യ ഇച്ഛശക്തിയുള്ള ഒരു ഭരണകൂടം ഇവിടെ ഉണ്ടാവേണ്ടിയിരിക്കുന്നു. അതുണ്ടാവും എന്ന് പ്രതീക്ഷിക്കുക മാത്രമാണ് ഒരു സാധാരണ പൗരന് തല്ക്കാലം ചെയ്യാൻ കഴിയുക.