ആശ്രിത നിയമനവിവാദം : പറയേണ്ടവരെല്ലാം പറയട്ടേയെന്ന് മന്ത്രി ഇ.പി ജയരാജന്‍

''നിയമനങ്ങളെക്കുറിച്ച് യാതൊരു വിശദീകരണവും നല്‍കാന്‍ തല്‍ക്കാലം തയ്യാറല്ല. എല്ലാ ആരോപണങ്ങള്‍ക്കും ഒരുമിച്ച് മറുപടി നല്‍കും''

ആശ്രിത നിയമനവിവാദം : പറയേണ്ടവരെല്ലാം പറയട്ടേയെന്ന് മന്ത്രി ഇ.പി ജയരാജന്‍

കൊച്ചി: തന്റെ ബന്ധു നിയമനങ്ങളെക്കുറിച്ച് പറയേണ്ടവരെല്ലാം പറയട്ടേയെന്ന് മന്ത്രി ഇ.പി ജയരാജന്‍. വ്യവസായ വകുപ്പിലെ നിയമനവിവാദത്തെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പറയുന്നവരെയൊന്നും തനിക്ക് അറിയുക പോലുമില്ലെന്നും നിയമനങ്ങളെക്കുറിച്ച് യാതൊരു വിശദീകരണവും നല്‍കാന്‍ തല്‍ക്കാലം തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ആരോപണങ്ങള്‍ക്കും ഒരുമിച്ച് മറുപടി നല്‍കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മന്ത്രി ഇ പി ജയരാജന്റെ ബന്ധുവും പി കെ ശ്രീമതി എംപിയുടെ മകനുമായ പി കെ സുധീറിനെ കേരളാ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എംഡിയായി നിയമിച്ചതാണ് വിവാദങ്ങളുടെ തുടക്കം. വിവാദത്തെത്തുടര്‍ന്ന്, സുധീറിന്റെ നിയമനം റദ്ദാക്കിയെങ്കിലും ജയരാജന്‍ നടത്തിയ അഴിമതിയില്‍  അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് അയച്ചുകഴിഞ്ഞു. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നടപടിയാണ് ജയരാജന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.