സെബാസ്റ്റ്യന്‍ പോള്‍ നിയമ വ്യവസ്ഥയുടെ അന്തസ് കെടുത്തിയെന്ന് അഭിഭാഷക സംഘടന; അവമതി ഉണ്ടാക്കിയത് അഭിഭാഷകരുടെ പ്രവൃത്തിയെന്ന് സെബാസ്റ്റ്യന്‍ പോള്‍

"ഭരണഘടനയെ അടിസ്ഥാനപ്പെടുത്തി ഒരു അഭിപ്രായം പറഞ്ഞാല്‍ അതെങ്ങനെയാണ് അഭിഭാഷകര്‍ക്കു മൊത്തം അപമാനം ഉണ്ടാക്കുന്നത്? പ്രവൃത്തി കൊണ്ട് അവമതി ഉണ്ടാക്കിയവരെ അവര്‍ സംരക്ഷിക്കുന്നു. വാക്കു കൊണ്ട് അഭിപ്രായം പറഞ്ഞവരെ അവര്‍ ബഹിഷ്‌കരിക്കുന്നു. അതൊരു ന്യായമായ സമീപനമല്ല," - ഡോ. സെബാസ്റ്റ്യൻ പോൾ

സെബാസ്റ്റ്യന്‍ പോള്‍ നിയമ വ്യവസ്ഥയുടെ അന്തസ് കെടുത്തിയെന്ന് അഭിഭാഷക സംഘടന; അവമതി ഉണ്ടാക്കിയത് അഭിഭാഷകരുടെ പ്രവൃത്തിയെന്ന് സെബാസ്റ്റ്യന്‍ പോള്‍

കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കു നടത്തണമെന്ന ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ പ്രസ്താവനയ്‌ക്കെതിരെ വാളെടുത്ത് അഭിഭാഷക സംഘടന. സെബാസ്റ്റ്യന്‍ പോള്‍ നിയമവ്യവസ്ഥയുടെ അന്തസ് കെടുത്തിയെന്ന്  ഡോ.സെബാസ്റ്റ്യന്‍ പോളിനെ അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അഭിഭാഷക സംഘടന ആരോപിക്കുന്നു. സെബാസ്റ്റ്യന്‍ പോളിന് എതിരെയുളള ആരോപണം പ്രഥമ ദൃഷ്ടിയില്‍ തന്നെ നിലനില്‍ക്കുന്നതാണെന്നും മാധ്യമങ്ങളുടെ കൈയ്യടിക്കും സ്വകാര്യ നേട്ടത്തിനു വേണ്ടിയും അഭിഭാഷകരെ പൊതുസമൂഹത്തിനു മുന്നില്‍ അപകീര്‍ത്തിപ്പെടുത്തുകയാണ് സെബാസ്റ്റ്യന്‍ പോള്‍ ചെയ്യുന്നതെന്നും അഭിഭാഷക സംഘടന കുറ്റപ്പെടുത്തി.


ജുഡിഷ്യറിയെയും നിയമവ്യവസ്ഥയെയും അങ്ങയേറ്റം അപമാനിക്കുന്നതാണ് സെബാസ്റ്റ്യന്‍ പോളിന്റെ പ്രസംഗമെന്ന് അഭിഭാഷക സംഘടനയുടെ സെക്രട്ടറി ജഗന്‍ ഏബ്രഹാം എം ജോര്‍ജ് നാരദാ ന്യൂസിനോട് പറഞ്ഞു. അസോസിയേഷന്റെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കാരണത്താലാണ് സെബാസ്റ്റ്യന്‍ പോളിനെ പുറത്താക്കിയതെന്നും ജഗന്‍ ഏബ്രഹാം എം ജോര്‍ജ് പറഞ്ഞു.

എന്നാല്‍ അഭിഭാഷക സമൂഹത്തിന് അവമതി ഉണ്ടാക്കിയത് തന്റെ പ്രസംഗമല്ല  അഭിഭാഷകരുടെ പ്രവൃത്തിയാണെന്ന് സെബാസ്റ്റ്യന്‍ പോള്‍ നാരദാ ന്യൂസിനോട് പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷകര്‍ കൈക്കൊണ്ട മോശം നിലപാടിനെതിരെ ഞാന്‍ ഒരു നിലപാട് സ്വീകരിച്ചു. എന്റെ അഭിപ്രായമാണ് ഞാന്‍ പറഞ്ഞത്. ഭരണഘടനയെ അനുസൃതമാക്കി ഒരു അഭിപ്രായം പറഞ്ഞാല്‍ അതെങ്ങനെയാണ് അഭിഭാഷകര്‍ക്കു മൊത്തം അപമാനം ഉണ്ടാക്കുന്നത്? പ്രവൃത്തി കൊണ്ട് അവമതി ഉണ്ടാക്കിയവരെ അവര്‍ സംരക്ഷിക്കുന്നു. വാക്കു കൊണ്ട് അഭിപ്രായം പറഞ്ഞവരെ അവര്‍ ബഹിഷ്‌കരിക്കുന്നു. അതൊരു ന്യായമുളള സമീപനമല്ല.

എന്നെ പുറത്താക്കിയ നടപടി യുക്തിക്ക് നിരക്കുന്നതല്ല. മുഖ്യമന്ത്രിയും പ്രതിപക്ഷ പാര്‍ട്ടികളും എല്ലാ രാഷ്ട്രീയ നേതാക്കളും നയം വ്യക്തമാക്കിയതിനു ശേഷവും ഞങ്ങള്‍ വഴങ്ങാന്‍ തയ്യാറല്ല എന്ന പ്രഖ്യാനമാണ് ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നിലുളളത്. ഈ പ്രതിസന്ധിക്ക് ഒരു പരിഹാരമുണ്ടാകില്ല എന്ന വ്യക്തമായ സന്ദേശമാണ് അവര്‍ നല്‍കുന്നത്. എന്റെ സസ്‌പെന്‍ഷന്‍ വ്യക്തിപരമാണ്. പക്ഷേ ഈ പ്രശ്‌നം ഇത്തരത്തില്‍ നീളുന്നത് ആശാസ്യമല്ല. ജഡ്ജിമാര്‍ക്കെതിരെ സംസാരിച്ചാല്‍ എങ്ങനെ അപമാനമാകും? ആ ജഡ്ജിമാര്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് ഞാന്‍ അഭിപ്രായം പറഞ്ഞതാണ്. അഭിഭാഷക അസോസിയേഷന് അതില്‍ എന്താണ് കാര്യം? നടപടിയെടുക്കണമെങ്കില്‍ കോടതിയലഷ്യത്തിനാണ് നടപടി എടുക്കേണ്ടതെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

കോഴിക്കോട് ടൗണ്‍ എസ്ഐ വിമോദിന് അനുകൂലമായി ജസ്റ്റിസ് കമാല്‍ പാഷ പുറപ്പെടുവിച്ച വിധി നിയമവിരുദ്ധമാണെന്ന പ്രസ്താവനയെ തുടര്‍ന്നാണ് സെബാസ്റ്റ്യന്‍ പോളിനെതിരെ നടപടിയെടുക്കാന്‍ അഭിഭാഷക സംഘടന തീരുമാനിച്ചത്. ജഡ്ജിയ്‌ക്കെതിരെ തൊടുത്ത ഈ വിമര്‍ശനം ചൂണ്ടിക്കാട്ടിയാണ് സെബാസ്റ്റ്യന്‍ പോളിന്റെ അംഗത്വം റദ്ദാക്കാന്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ തീരുമാനിച്ചത്.

Read More >>