സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലീം സ്ത്രീകള്‍ വെറും മാംസശരീരം; മഞ്ജുവാര്യര്‍, ലിസി തുടങ്ങിയവരെ ചൂണ്ടിക്കാട്ടി മുത്തലാക്കിനെ ന്യായീകരിക്കുന്നത് പരിഹാസ്യമാണെന്ന് ഡോ: ഖദീജ മുംതാസ്

സ്ത്രീയുടെ അഭിമാനസംരക്ഷണത്തിനുകൂടി ഉദ്ദേശിച്ച് കല്‍പ്പിക്കപ്പെട്ട പുനര്‍വിവാഹ നിര്‍ദേശത്തെ പരിഹാസ്യമാക്കി, അവളെ ഒറ്റദിവസത്തേക്ക് ഒരു 'വാടകക്കാരനെ'ക്കൊണ്ട് പേരിന് കെട്ടിച്ച് പിറ്റേന്ന് മൊഴിചൊല്ലിച്ച്, മുത്തലാഖിനുശേഷം ഭൂതോദയമുണ്ടായ പുരുഷന് 'ഹലാലാ'ക്കിയെടുക്കുന്ന കാടന്‍രീതിയേയും ഖദീജ വിമര്‍ശിക്കുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലീം സ്ത്രീകള്‍ വെറും മാംസശരീരം; മഞ്ജുവാര്യര്‍, ലിസി തുടങ്ങിയവരെ ചൂണ്ടിക്കാട്ടി മുത്തലാക്കിനെ ന്യായീകരിക്കുന്നത് പരിഹാസ്യമാണെന്ന് ഡോ: ഖദീജ മുംതാസ്

മുസ്ലീം സമുദായത്തിലെ മുത്തലാക്കിനെ വിമര്‍ശിച്ച് എഴുത്തുകാരി ഡോ: ഖദീജ മുംതാസ്. മുസ്ലിം പുരുഷന് വിവാഹമോചനം നേടാന്‍ കാരണം വേണ്ടയെന്ന രീതിയാണ് മുത്തലാക്കിനെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ മുസ്ലീം സമുദാത്തില്‍ നിന്നുയര്‍ന്നുവരുന്നതെന്നും മുത്തലാഖിനെ പ്രതിരോധിക്കാന്‍ സിനിമാ താരങ്ങളായ മഞ്ജുവാര്യരെയും ലിസിയെയും സരിതയെയുമൊക്കെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്ന രീതി വിമര്‍ശന വിധേയമാണെന്നും അവര്‍ പറഞ്ഞു. ഇവയിലധികവും പരസ്പരം ആലോചിച്ചും ജനാധിപത്യപരമായും നടന്നവയായിരിക്കുമ്പോള്‍ മുത്തലാക്കുമായി ബന്ധപ്പെടുത്തുന്നതെന്തിനാണെന്നും ഖദീഷ ചോദിക്കുന്നു.


ദേശാഭിമാനിയിലെഴുതിയ 'സ്ത്രീപക്ഷത്തുതന്നെ; മനുഷ്യപക്ഷത്തും' എന്ന ലേഖനത്തിലാണ് ഖദീജമുംതാസ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വിവാഹമോചനം ഏറ്റവും കുറഞ്ഞ ശതമാനം ഇസ്ലാമിലാണെന്നും ബഹുഭാര്യത്വം ഏറ്റവും കൂടുതല്‍ ഹിന്ദുസമുദായത്തിലാണെന്നും അസാന്മാര്‍ഗിക ബന്ധങ്ങള്‍ അമുസ്ലീങ്ങള്‍ക്ക് സ്വന്തമാണെന്നും വാദിക്കുന്നവര്‍ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കലാണ് ചെയ്യുന്നതെന്നും അവര്‍ സൂചിപ്പിക്കുന്നു. ഇക്കാര്യങ്ങള്‍ക്ക് മറ്റു സമുദായങ്ങളില്‍ കുറ്റം കാണുന്നവരും ബഹുഭാര്യത്വം ഏറ്റവും കുറച്ചുമാത്രം ഉള്ളവരെന്ന് അവകാപ്പെടുകയും ചെയ്യുന്നവരാണെങ്കില്‍ ഈ നിയമങ്ങള്‍ എന്തിന് നിലനിര്‍ത്തണമെന്ന് വാശിപിടിക്കുന്നതെന്നും ഖദീജ് ലേഖനത്തില്‍ ചോദിക്കുന്നു.

സ്ത്രീയുടെ അഭിമാനസംരക്ഷണത്തിനുകൂടി ഉദ്ദേശിച്ച് കല്‍പ്പിക്കപ്പെട്ട പുനര്‍വിവാഹ നിര്‍ദേശത്തെ പരിഹാസ്യമാക്കി, അവളെ ഒറ്റദിവസത്തേക്ക് ഒരു 'വാടകക്കാരനെ'ക്കൊണ്ട് പേരിന് കെട്ടിച്ച് പിറ്റേന്ന് മൊഴിചൊല്ലിച്ച്, മുത്തലാഖിനുശേഷം ഭൂതോദയമുണ്ടായ പുരുഷന് 'ഹലാലാ'ക്കിയെടുക്കുന്ന കാടന്‍രീതിയേയും ഖദീജ വിമര്‍ശിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആത്മാഭിമാനാവകാശമുള്ള മുസ്ലിം സ്ത്രീ ഇവിടെ വെറുമൊരു 'മാംസശരീരം' മാത്രമായി ഒതുങ്ങിപ്പോകുകയാണ്- ഖദീജ മുംതാസ് ചൂണ്ടിക്കാട്ടുന്നു.

ഡോ. ഖദീജ മുംതാസിൻ്റെ ലേഖനത്തിൻ്റെ പൂർണ്ണരൂപം:


'സ്ത്രീയും നിയമവും' എന്ന കെല്‍സയുടെ (കേരള സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി) കൈപ്പുസ്തകത്തില്‍ ഹിന്ദു– മുസ്ളിം– ക്രിസ്ത്യന്‍ വിവാഹനിയമങ്ങള്‍ പ്രത്യേകമായി പ്രതിപാദിക്കുന്നുണ്ട്. ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും കാര്യത്തില്‍ 'വിവാഹമോചനം നേടാനുള്ള കാരണങ്ങള്‍' എന്നാണ് ഉപശീര്‍ഷകം. മുസ്ളിം വിവാഹനിയമത്തിന്റെ അധ്യായത്തില്‍ 'മുസ്ളിം സ്ത്രീക്ക് വിവാഹമോചനം ലഭിക്കാന്‍ വേണ്ട കാരണങ്ങള്‍' എന്നും! മുസ്ളിം പുരുഷന് കാരണങ്ങള്‍ വേണ്ട എന്നര്‍ഥം; കോടതിയും വേണ്ട, നിയമങ്ങളും വേണ്ട. ഒരു കാരണവും പറയുകയോ അറിയിക്കുകയോ ചെയ്യാതെ മൂന്നുവട്ടം ഇതാ നിന്നെ ഞാന്‍ തലാഖ് (പുരുഷ തീരുമാനമനുസരിച്ചുള്ള വിവാഹബന്ധം വേര്‍പെടുത്തല്‍ പ്രഖ്യാപനം) ചൊല്ലിയിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചാല്‍ മതി. ജീവിക്കാന്‍ സ്വന്തമായി ചുറ്റുപാടുകളൊന്നും ഇല്ലാത്തവളെങ്കില്‍ ഭാര്യയും കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവരും തെരുവിലായി. നിസ്സഹായയും ചിലപ്പോഴൊക്കെ നിരക്ഷരയുമായിരിക്കാവുന്ന അവള്‍ പിന്നെ അവകാശങ്ങള്‍ക്കായി കോടതികള്‍ കയറിയിറങ്ങണം. വക്കീലിനെ കണ്ടെത്തണം. ഫീസ് കൊടുക്കാന്‍ വഴിതേടണം. ജീവിതം മുഴുവനുമൊരു യാതനായാത്രയാക്കണം.


മുത്തലാഖിനെ എതിര്‍ക്കുന്നവരാരും വിവാഹമോചനത്തെയല്ല എതിര്‍ക്കുന്നത്. വിവാഹം ഒരു കോണ്‍ട്രാക്ട് മാത്രമാണെന്നത്ര ഉദാരമാണുതാനും ഇസ്ളാം. ഏത് മതത്തിലെയായാലും ഒരു സ്ത്രീയോ പുരുഷനോ കൂട്ടായോ വെവ്വേറെയായോ വിവാഹമോചന തീരുമാനമെടുത്താല്‍ അതിന് തടസ്സം നില്‍ക്കാന്‍ സ്റ്റേറ്റിന് അവകാശമില്ലതന്നെ. 'വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നും ദൈവം കൂട്ടിച്ചേര്‍ത്തതിനെ പിരിക്കാന്‍ മനുഷ്യന് അവകാശമില്ല' എന്നും ശക്തമായ ചിന്താധാര നിലനില്‍ക്കുന്ന ക്രിസ്ത്യന്‍ സമുദായത്തില്‍പ്പോലും വിവാഹമോചന വിഷയത്തിലും പിന്തുടര്‍ച്ചാവകാശ നിയമങ്ങളിലും പരിഷ്കരണങ്ങള്‍ നടന്നു. ഹിന്ദുമതത്തില്‍ അതിനേക്കാള്‍ എത്രയോ മുമ്പേ, 1955ല്‍തന്നെ പരിഷ്കരണങ്ങളും ഏകീകരണവും നടന്നു. മുത്തലാഖും ബഹുഭാര്യത്വവും പിന്തുടര്‍ച്ചാവകാശങ്ങളിലെ സ്ത്രീവിരുദ്ധതകളും പരിഷ്കരിക്കാനാകാത്ത ദൈവനിയമങ്ങളാണെന്ന വാദവുമായി സ്വാതന്ത്യ്രത്തിനുശേഷം 70-ാം വർഷത്തിലും  ഇന്ത്യന്‍ മുസ്ളിങ്ങള്‍ അചഞ്ചലരായിത്തന്നെ!


ക്രൈസ്തവമതത്തെപ്പോലെ ഇസ്ളാമും ഒരു പ്രത്യേക കാലഘട്ടത്തില്‍ ഒരു പ്രത്യേക പ്രദേശത്ത് അതതിടങ്ങളില്‍ നിലനിന്നിരുന്ന അനാചാരങ്ങളെ തിരുത്തിയ, ലോകത്തിന് മാനവികതയുടെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങളുയര്‍ത്തിയ, ആത്മീയതയിലൂന്നിയ പ്രസ്ഥാനങ്ങളായിരുന്നു. അന്നവ തുടങ്ങിവച്ച പരിഷ്കരണദൌത്യം വേദഗ്രന്ഥങ്ങളില്‍തന്നെ പരാമര്‍ശിക്കപ്പെടുന്ന വിശ്വമാനവികതയുടെയും തുല്യനീതിയുടെയും ആശയങ്ങളുള്‍ക്കൊണ്ടുതന്നെ കാലാനുസൃതമായി തുടര്‍ന്നുകൊണ്ടുവരേണ്ടവയാണെന്ന് ചിന്താശക്തിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇനി അങ്ങനെയല്ല, വേദഗ്രന്ഥങ്ങള്‍ പറഞ്ഞത് വള്ളിപുള്ളി വിടാതെ അനുസരിക്കലാണ് ഭക്തന്റെ ധര്‍മമെന്ന് വിശ്വസിക്കുന്നുവെങ്കില്‍, മുത്തലാഖിന്റെ കാര്യത്തിലെങ്കിലും അവര്‍ കാണിക്കുന്ന കാപട്യം അത്ഭുതപ്പെടുത്തുന്നതാണ്. ഖുര്‍ആനില്‍ കൃത്യമായി പറയുന്നത് വിവാഹമോചന തീരുമാനമെന്നാല്‍ ഏറെ ആലോചിച്ചും സ്വയം തിരുത്തിയും ഒക്കെ എടുക്കേണ്ട ഒന്നാണെന്നാണ്. ഒരു സ്ത്രീയുമായി ഒന്നിച്ചുകഴിയാനാകില്ലെന്ന് തോന്നിയാല്‍ പുരുഷന് ആദ്യവട്ട തീരുമാനമറിയിക്കാം. അത് ആദ്യ തലാഖ്. അപ്പോള്‍ കുടുംബക്കാര്‍ ഇടപെടുന്നു. കാരണങ്ങള്‍ വിശകലനം ചെയ്യപ്പെടുന്നു. യോജിക്കാനുള്ള മാര്‍ഗങ്ങളുണ്ടോ എന്നാരായുന്നു. പറഞ്ഞുതീര്‍ക്കാവുന്ന തെറ്റിദ്ധാരണകളുടെയും വ്യാജാഭിമാനബോധത്തിന്റെയും പേരില്‍ ഒരു ബന്ധം തകര്‍ത്തുകളയുന്നതിലെ സാമൂഹ്യമായ ആഘാതങ്ങളെപ്പറ്റി കരുതലുള്ളതുകൊണ്ടാണ് അങ്ങനെ. പിരിയാനുള്ള തീരുമാനം ഐച്ഛികമായി വച്ചുകൊണ്ടുതന്നെ ദമ്പതികളെ വീണ്ടും ഒന്നിച്ചുകഴിയാന്‍ വിടുന്നു. ആ കാലയളവില്‍ ദമ്പതികള്‍ക്കിടയില്‍ ഒരു പുനര്‍വിചിന്തനത്തിന് സാധ്യതകളുണ്ടാകാമല്ലോ. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ ഒത്തുകഴിയലിനുശേഷവും തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ രണ്ടാംവട്ട തലാഖ്. വീണ്ടുമൊരുവട്ടംകൂടി ആലോചനയ്ക്ക് അവസരമേകിക്കൊണ്ട് മൂന്നാംതലാഖുവരെ സമയം. മൂന്നാംവട്ട തലാഖോടെ ഒന്നിച്ചൊരുവിധേനയും കഴിയാനാകില്ലെന്ന് തീരുമാനമെടുത്ത ദമ്പതികള്‍ പിരിയുന്നു. ഇനി ആ സ്ത്രീ മറ്റൊരു വിവാഹബന്ധത്തിന്റെ കെട്ടുപാടുകളില്‍നിന്ന് തലാഖിനാലോ ഭര്‍തൃമരണത്താലോ സ്വതന്ത്രയായിരിക്കുന്ന അവസരത്തിലേ, ആദ്യഭര്‍ത്താവിന് അവളെ സ്വീകരിക്കാനാകൂ എന്ന നിബന്ധനവച്ചത് ഏറെ ആലോചിച്ചുമാത്രം തലാഖ് തീരുമാനമെടുക്കുക എന്ന മുന്നറിയിപ്പായാണ്.


ഏറെ ന്യായവും തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കും തലാഖ് ചൊല്ലിയ പുരുഷനും ഭാവിയെപ്പറ്റി തീരുമാനങ്ങളും കരുതലുകളുമെടുക്കാനും ബന്ധുക്കളെ ഉള്‍പ്പെടുത്താനും സാവകാശം നല്‍കുന്ന വിവാഹമോചനരീതിതന്നെയാണിത്. ഈ മനുഷ്യോചിതവും വേദഗ്രന്ഥ കല്‍പ്പിതംതന്നെയുമായ വിവാഹമോചന സമ്പ്രദായത്തെയാണ്, ലഹരിക്കടിമയായിരുന്ന് കൊണ്ടുപോലും മൂന്നുവട്ടം തലാഖ് ഒരുമിച്ച് ചൊല്ലിപ്പോയാല്‍ സ്ത്രീ അപമാനിതയും തിരസ്കൃതയുമായി ഇറങ്ങിപ്പോരേണ്ടിവരുന്ന മുത്തലാഖ് സമ്പ്രദായമായി ഇന്നാട്ടില്‍ നിലനിര്‍ത്തിപ്പോരുന്നത്. സ്ത്രീയുടെ അഭിമാനസംരക്ഷണത്തിനുകൂടി ഉദ്ദേശിച്ച് കല്‍പ്പിക്കപ്പെട്ട പുനര്‍വിവാഹ നിര്‍ദേശത്തെ പരിഹാസ്യമാക്കി, അവളെ ഒറ്റദിവസത്തേക്ക് ഒരു 'വാടകക്കാരനെ'ക്കൊണ്ട് പേരിന് കെട്ടിച്ച് പിറ്റേന്ന് മൊഴിചൊല്ലിച്ച്, മുത്തലാഖിനുശേഷം ഭൂതോദയമുണ്ടായ പുരുഷന് 'ഹലാലാ'ക്കിയെടുക്കുന്ന കാടന്‍രീതിയും കൊണ്ടുവരപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിലെ ആത്മാഭിമാനാവകാശമുള്ള മുസ്ളിം സ്ത്രീ ഇവിടെ വെറുമൊരു 'മാംസശരീരം' മാത്രമായി ഒതുങ്ങിപ്പോകുന്നത് കാണുക.


പാകിസ്ഥാനിലും ബംഗ്ളാദേശിലും തുര്‍ക്കിയിലും തുനീഷ്യയിലും പരിഷ്കരിക്കപ്പെട്ട വിവാഹമോചന, ബഹുഭാര്യത്വ നിയമങ്ങള്‍ ഇന്ത്യയില്‍ ഒരു പരിഷ്കരണവുമില്ലാതെ നിലനിര്‍ത്തണമെന്ന് പറയുന്നവരുടെ വാദം ആ രാജ്യങ്ങളൊന്നും യഥാര്‍ഥ മുസ്ളിം രാജ്യങ്ങളല്ല എന്നാണ്. എങ്കില്‍ ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വര മതേതര രാജ്യത്തിനുമാത്രം അക്കാര്യത്തില്‍ എന്ത് ഉത്തരവാദിത്തമാണുള്ളത്? സ്വാതന്ത്യ്രസമ്പാദനത്തിനുമുമ്പ് ഭരണകര്‍ത്താക്കളായിരുന്ന വെള്ളക്കാരുടെ ആവശ്യപ്രകാരം മുപ്പതുകളില്‍തന്നെ തട്ടിക്കൂട്ടിയെടുത്ത മുസ്ളിം വ്യക്തിനിയമം അക്കാരണംകൊണ്ടുതന്നെ ഇസ്ളാമിക ശരീഅത്ത് വള്ളിപുള്ളി വിടാതെ പിന്തുടരുന്നതോ ആഗോളതലത്തില്‍ മുസ്ളിംരാജ്യങ്ങളില്‍ സാര്‍വത്രികമോ അല്ല. കാലാനുസൃതമായി പരിഷ്കരിക്കപ്പെടേണ്ടതാണ് സിവില്‍ നിയമങ്ങളെന്ന് കൂലങ്കഷമായ കൂടിയാലോചനകള്‍ക്കും സുദീര്‍ഘ ചര്‍ച്ചകള്‍ക്കുംശേഷം രൂപീകൃതമായ ഇന്ത്യന്‍ ഭരണഘടനയുടെ ക്രാന്തദര്‍ശികളായ ശില്‍പ്പികള്‍ രേഖപ്പെടുത്തിവച്ചതുമാണ്. സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ വ്യക്തിനിയമങ്ങള്‍ സ്വതന്ത്ര ഇന്ത്യയുടെ ബാല്യദശയില്‍തന്നെ തിരുത്തപ്പെടാതിരുന്നത് വിഭജനാനന്തര ഇന്ത്യയിലെ അശാന്ത കാലാവസ്ഥയില്‍ ബഹുസംസ്കൃതികളെ ഒന്നിപ്പിച്ചുനിര്‍ത്തിക്കൊണ്ടുപോകേണ്ടതിലെ നിഷ്കര്‍ഷകൊണ്ടുതന്നെയായിരുന്നു. പിന്നീട് ഇതിനുള്ള ചര്‍ച്ചകളും മുന്നൊരുക്കങ്ങളും നടന്നപ്പൊളൊക്കെ മതസ്വാതന്ത്യ്രത്തിന്റെയും സ്വത്വസംരക്ഷണത്തിന്റെയും വാദങ്ങളുന്നയിച്ച് അതിനെ എതിര്‍ക്കുകയായിരുന്നു മുസ്ളിം പുരുഷസമൂഹം. മുസ്ളിം സ്ത്രീകളുടെ ശബ്ദം ഒരിക്കലും വന്നില്ലല്ലോ. ഏഴു ദശകങ്ങളോളമായി ജനാധിപത്യബോധവും സ്വസമുദായത്തിലെ സഹോദരിമാരുടെ സഹനജീവിതത്തെപ്പള്ളി സഹാനുഭൂതിയുമുള്ള മുസ്ളിം സ്ത്രീസംഘടനകള്‍ മനുഷ്യവിരുദ്ധവും മതവിരുദ്ധംതന്നെയുമായ ഇത്തരം നിയമങ്ങളുടെ പരിഷ്കരണങ്ങള്‍ക്കുവേണ്ടി സംസാരിച്ചുകൊണ്ടും ഇടപെട്ടുകൊണ്ടും ഇരിക്കുന്നു. വോട്ടുബാങ്കിന്റെ താക്കോല്‍ സൂക്ഷിപ്പുകാര്‍ പുരുഷപൌരോഹിത്യമാണല്ലോ. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് നിസ്സഹായരാക്കപ്പെടുന്ന സ്ത്രീസമൂഹത്തിന്റെ തലയില്‍ ചവുട്ടിനിന്നുകൊണ്ടാണല്ലോ മതത്തിന്റെ കെട്ടുറപ്പും വോട്ടുബാങ്ക് താക്കോല്‍ സൂക്ഷിപ്പും പുരുഷ ഇസ്ളാമിന്റെ വക്താക്കള്‍ പ്രാവര്‍ത്തിക്കമാക്കുന്നത്. 1986ല്‍ തലാഖ് ചൊല്ലപ്പെട്ട ദരിദ്രസ്ത്രീക്ക് ജീവനാംശം കൊടുക്കാനുള്ള സുപ്രീംകോടതിവിധിയെപ്പോലും അട്ടിമറിച്ച് പുതിയൊരു ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍മാത്രം ശക്തരായി അവര്‍. ഇപ്പോഴിതാ നിയമപരിഷ്കരണത്തിനുള്ള തീരുമാനാവകാശം ഒട്ടും ആശാസ്യമല്ലാത്ത ഒരു കാലത്തിന്റെ കടവില്‍ കൊണ്ടുവന്ന് കെട്ടിയിരിക്കുന്നു അവര്‍.


ഇന്ത്യ ഹിന്ദുവിന്റേതുമാത്രമെന്ന വാദങ്ങളുയരുകയും സവര്‍ണമേധാവിത്വത്തിന്റെ കരാളതകള്‍ ന്യൂനപക്ഷങ്ങളും ജാതിശ്രേണിയില്‍ താഴ്ന്നവരും അമ്പരപ്പോടെ നോക്കിക്കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന കാലത്ത് പ്രതിരോധത്തിന്റെ മുന്നേറ്റത്തില്‍ അണിചേരണ്ട മുസ്ളിംസമുദായം ആത്മപരിശോധനയ്ക്ക് തയ്യാറായേ മതിയാകൂ. സ്വസമുദായത്തിലെ ജനാധിപത്യവിരുദ്ധതകള്‍ ശരിയായ രീതിയില്‍ അഭിമുഖീകരിക്കുകയും തിരുത്തുകയും ചെയ്യാത്ത ഒരു സമൂഹത്തിന് എങ്ങനെ ഭരണകര്‍ത്താക്കളുടെ ജനാധിപത്യവിരുദ്ധതകളെപ്പറ്റി സംസാരിക്കാനാകും? ഒരു സമൂഹത്തിന്റെ, സമുദായത്തിന്റെ സാംസ്കാരികമാപിനി അവര്‍ സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്നതനുസരിച്ചായിരിക്കുമെന്ന് തിരിച്ചും മറിച്ചുമിട്ട് നാമെപ്പോഴും പറയാറുണ്ടല്ലോ. ഏകപീക്ഷയമായ, പുരുഷ കേന്ദ്രീകൃതമായ വിവാഹമോചനവും ബഹുഭാര്യത്വവും മുസ്ളിം സമുദായത്തിലെ സ്ത്രീകളെയും കുട്ടികളെയും മാനസികമായും സാംസ്കാരികമായും എങ്ങനെ ബാധിക്കുന്നുവെന്ന് വിശകലനംചെയ്യാതെ സമുദായത്തിന് ഇനിയുമേറെക്കാലം പിടിച്ചുനില്‍ക്കാനാകില്ലതന്നെ. മുത്തലാഖ് മാത്രമല്ല, വ്യക്തിനിയമത്തിലെ ജനാധിപത്യവിരുദ്ധമായ എല്ലാ നിയമങ്ങളും പരിഷ്കരിക്കാന്‍ ആവശ്യപ്പെട്ട് മുന്നോട്ടുവരികയാണ് തിരിച്ചറിവുള്ള സമുദായം ചെയ്യേണ്ടത്.


അതിനുപകരം ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കലാണ് ചര്‍ച്ചകളിലും നവമാധ്യമ അഭിപ്രായപ്രകടനങ്ങളിലും നിരന്തരം കാണുന്നത്. കണക്ക് കൊണ്ടുള്ള കളികളുമേറെ. വിവാഹമോചനം ഏറ്റവും കുറഞ്ഞ ശതമാനം ഇസ്ളാമില്‍, ബഹുഭാര്യത്വം ഏറ്റവും കൂടുതല്‍ ഹിന്ദുസമുദായത്തില്‍, അസാന്മാര്‍ഗിക ബന്ധങ്ങളേറെ അമുസ്ളിങ്ങളില്‍ എന്നിങ്ങനെ. സിനിമാതാരങ്ങളായ മഞ്ജു വാര്യരെയും സരിതയെയും ലിസിയെയുംവരെ തലാഖ് ചൊല്ലപ്പെട്ട നിസ്സഹായരുടെ പട്ടികയിലേക്ക് അവര്‍ നീക്കിനിര്‍ത്തുന്നു. പരിഹാസ്യമാണ് ഇത്തരം വാദങ്ങള്‍ എന്നു പറയാതെ വയ്യ. അവയൊക്കെ എങ്ങനെയാണ് മുത്തലാഖിന് സമാനമാകുന്നത്? പ്രത്യേകിച്ച് അവയിലധികവും പരസ്പരം ആലോചിച്ചും ജനാധിപത്യപരമായും നടന്നവയായിരിക്കുമ്പോള്‍! വിവാഹമോചനം ഒട്ടും ആഗ്രഹിക്കാത്ത സമൂഹമെങ്കില്‍, ബഹുഭാര്യത്വം ഏറ്റവും കുറച്ചുമാത്രം പ്രാക്ടീസ് ചെയ്യുന്നവരെങ്കില്‍ എന്തിന് നിയമങ്ങള്‍ നിലനിര്‍ത്തണമെന്നുമാത്രം വാശി?


മുത്തലാഖിനെപ്പറ്റി തീരുമാനമെടുക്കേണ്ടത് ഹമീദ് ചേന്ദമംഗലൂരോ കാരശേരിയോ ഫസല്‍ ഗഫൂറോ അല്ലെന്ന് കെ എം ഷാജി. അതു മുസ്ളിങ്ങള്‍ക്ക് വിട്ടുകൊടുക്കുക എന്നും. ആരാണ് മുസ്ളിങ്ങള്‍? വളരെ അടിയന്തരമായി വ്യക്തിനിയമ പരിഷ്കാരം ആവശ്യമാണെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം പ്രബുദ്ധരായ മുസ്ളിംസമൂഹമുണ്ടിവിടെ. മുത്തലാഖ് കൊണ്ടും ബഹുഭാര്യത്വംകൊണ്ടും കെടുതികള്‍ അനുഭവിക്കുന്ന സമൂഹത്തിന്റെ അടിത്തട്ടിലെ ദരിദ്ര മുസ്ളിം സ്ത്രീകളും മറിച്ച് ചിന്തിക്കാന്‍ വഴിയില്ല. എങ്കിലും നേതൃസ്ഥാനം സ്വയമേറ്റെടുക്കുന്നവര്‍ക്ക്, ഷബാനുകേസ് വിധിക്കെതിരെയെന്നതുപോലെ അണികളെ ഇളക്കിവിട്ട് പ്രകടനങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കാനാകും എന്നുമറിയാം. 'അപരിഷ്കൃതരും മുഷ്കരുമായ' മുസ്ളിങ്ങളെ രാജ്യവ്യാപകമായി പ്രതിസ്ഥാനത്ത് നിര്‍ത്തി ആക്രമിക്കാനും അടിച്ചമര്‍ത്താനും ഫാസിസ്റ്റ് ശക്തികള്‍ക്ക് വേറെ കാരണം തേടിപ്പോകേണ്ടിവരില്ല അപ്പോള്‍. മുത്തലാഖും നാലുകെട്ടലും നിയമപരമായി നിലനിര്‍ത്തിയില്ലെങ്കില്‍ മുസ്ളിമായി ജീവിക്കാനാകില്ലെന്ന കടുംപിടിത്തം തികച്ചും ന്യൂനപക്ഷവിരുദ്ധമായ ഒരു ഏകശിലാ സിവില്‍കോഡിന്റെ അടിച്ചേല്‍പ്പിക്കലിലേക്കേ നയിക്കൂവെന്ന സത്യം വിസ്മരിക്കപ്പെടുകയുമാണ്.