സ്ത്രീവിരുദ്ധ പരാമര്‍ശം : ഡൊണാള്‍ഡ് ട്രംപ് മാപ്പ് പറഞ്ഞു

ട്രംപിന്റെതായി 2005-ല്‍ റിക്കോര്‍ഡ് ചെയ്യപ്പെട്ട ഒരു ശബ്ദരേഖ വാഷിംഗ്‌ടണ്‍ പോസ്റ്റ്‌, എന്‍ബിസി തുടങ്ങിയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന്, ട്രംപ് പ്രസിഡന്റ്‌ സ്ഥാനത്തിന് യോഗ്യനല്ലെന്നും തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറണമെന്നും വരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നു

സ്ത്രീവിരുദ്ധ പരാമര്‍ശം : ഡൊണാള്‍ഡ് ട്രംപ് മാപ്പ് പറഞ്ഞു

അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും വിവാദക്കുരുക്കില്‍ . ട്രംപിന്റെതായി 2005-ല്‍ റിക്കോര്‍ഡ് ചെയ്യപ്പെട്ട ഒരു ശബ്ദരേഖ വാഷിംഗ്‌ടണ്‍ പോസ്റ്റ്‌, എന്‍ബിസി തുടങ്ങിയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇത് വിവാദമായതിനേത്തുടര്‍ന്ന് ട്രംപ് മാപ്പ് പറയാന്‍ നിര്‍ബന്ധിതനായി.

വിവാഹിതയായ ഒരു സ്ത്രീയുമായി ബന്ധം പുലര്‍ത്തുന്നതിനെപ്പറ്റിയാണ് ശബ്ദരേഖയില്‍ ട്രംപ് പരാമര്‍ശിക്കുന്നത്. പ്രശസ്തനായതിനാല്‍ താന്‍ സ്ത്രീകളെ സ്പര്‍ശിക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്നുവെന്നും തങ്ങളോടു എന്തും ചെയ്യാന്‍ അവര്‍ തന്നെ അനുവദിക്കാറുണ്ടെന്നും തുടങ്ങി സ്ത്രീകളെ തീര്‍ത്തും അവഹേളിക്കുന്ന പ്രസ്താവനകള്‍ ട്രംപ് നടത്തുന്നുണ്ട്. ശബ്ദരേഖ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ട്രംപിന്റെ സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ പോലും അദ്ദേഹത്തിനെതിരായി രംഗത്തെത്തി. സ്ത്രീകളെപ്പറ്റി ഇത്രയും മോശം പരാമര്‍ശങ്ങള്‍ നടത്തിയ ട്രംപ് പ്രസിഡന്റ്‌ സ്ഥാനത്തിന് യോഗ്യനല്ലെന്നും തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറണമെന്നും വരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നു.

തുടര്‍ന്നാണ്‌ ഫേസ്ബുക്കിലൂടെ ട്രംപ് ക്ഷമാപണം നടത്തിയത്. താന്‍ ചെയ്തത് തെറ്റായിപ്പോയെന്നും ഏവരും തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബ്ദരേഖയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വെറും അവകാശവാദങ്ങള്‍ മാത്രമായിരുന്നുവെന്നും സ്ത്രീകളോട് താന്‍ അപമര്യാദയായി പെരുമാറുകയോ കൈയ്യേറ്റം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ട്രംപ് വിശദീകരിച്ചു.

Read More >>