ആധാരം ആര്‍ക്കും എഴുതാം; നമുക്കു ജാഗ്രതയുണ്ടെങ്കിൽ ഇനിയാ പകൽക്കൊള്ള നടക്കില്ല

രജിസ്ട്രാപ്പീസുകളിലെ മാമൂൽപ്പരിപാടികൾക്ക് വലിയൊരളവിൽ മൂക്കുകയറിടാൻ പോവുന്ന 'ആർക്കും ആധാരമെഴുതാം' തീരുമാനം എന്താണെന്നു വിശദമാക്കുന്നു. നാം ജാഗ്രത കാണിച്ചില്ലെങ്കിൽ എങ്ങനെയീ ജനകീയ തീരുമാനം അട്ടിമറിയാൻ പോകുന്നുവെന്നും.

ആധാരം ആര്‍ക്കും എഴുതാം;  നമുക്കു ജാഗ്രതയുണ്ടെങ്കിൽ ഇനിയാ പകൽക്കൊള്ള നടക്കില്ല

കോഴിക്കോട്: വസ്തുവകകള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് സ്വയം ആധാരം തയ്യാറാക്കാം. ആധാരമെഴുതാനുള്ള ഭാഷാശൈലിയും ക്ഷമയും ഇതുസംബന്ധിച്ച വ്യവസ്ഥകളും മാത്രം അറിഞ്ഞാൽ മതി. ആധാരമെഴുത്തിന്റെ ക്ലിഷ്ടമായ ഭാഷയെക്കുറിച്ചൊന്നും ആശങ്കപ്പെടണ്ട. എങ്ങനെ എഴുതണമെന്നതിനു മാതൃക വെബ്‌സൈറ്റിൽ ലഭ്യമാണ്.

സര്‍ക്കാരിന്റെ ജനകീയ തീരുമാനത്തെ അഴിമതിപ്രിയരായ ഉദ്യോഗസ്ഥർ എങ്ങനെയാണ് അട്ടിമറിക്കാൻ പോകുന്നതെന്നേ ഇനി കാണാനുള്ളൂ. രജിസ്‌ട്രേഷന്‍ ഫീസിനും സ്റ്റാമ്പ് ഡ്യൂട്ടിയ്ക്കുമെല്ലാം പിന്നാലെ പതിനായിരങ്ങള്‍ കൈക്കൂലി നല്‍കി ആധാരം ചെയ്യിപ്പിക്കുന്ന സാധാരണക്കാരന്റെ ആകാംക്ഷ മുഴുവനുമിപ്പോൾ അതാണ്.


ആധാരമെഴുത്തിലെ പകൽക്കൊള്ള 

മൂന്നുലക്ഷം മുതൽ അഞ്ചുലക്ഷം വരെ രൂപക്കുള്ള ആധാരങ്ങൾക്ക് 5000 രൂപയാണ് ആധാരമെഴുത്തുകാര്‍ക്കായി സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്. എട്ടുലക്ഷത്തിന് മുകളിൽ എത്ര രൂപയാണെങ്കിലും 7500 രൂപ നല്കിയാൽ മതി. എന്നാൽ, സാധാരണക്കാരുടെ അജ്ഞത മുതലെടുത്ത് കനത്ത ഫീസാണ് ആധാരമെഴുത്തുകാര്‍ ഈടാക്കുന്നത്. എട്ടുലക്ഷത്തിന് മുകളിലുള്ള ആധാരങ്ങള്‍ക്ക് ഓരോ എട്ടുലക്ഷത്തിനും 7500 രൂപ വീതം ഈടാക്കി പകല്‍ക്കൊള്ള നടത്തുന്ന ആധാരമെഴുത്തുകാരുമുണ്ട്.

മാന്യമായ ഫീസ് ഈടാക്കി നല്ല നിലയില്‍ ആധാരം ചെയ്തുകൊടുക്കുന്ന എഴുത്തുകാരും കുറവല്ല. എന്നാല്‍ ഇത്തരക്കാരോട് ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യവുമില്ല. സത്യസന്ധമായി തൊഴിലിലേര്‍പ്പെടുന്ന ആധാരമെഴുത്തുകാരെ കൈക്കൂലി നല്‍കാന്‍ നിര്‍ബന്ധിക്കുന്ന നടപടിയാണ് പലപ്പോഴും രജിസ്‌ട്രേഷന്‍ വകുപ്പധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാറ്. ഈ സാഹചര്യത്തിലാണ് സ്വയം ആധാരമെഴുതാമെന്ന സർക്കാർ തീരുമാനം ഉദ്യോഗസ്ഥ-ആധാരമെഴുത്തു ലോബിക്ക് കനത്ത തിരിച്ചടിയുണ്ടാക്കാൻ പോകുന്നത്.

ഫയലിംഗ് ഷീറ്റും സ്വയം തയ്യാറാക്കാം

വസ്തുവകകള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുമ്പോൾ ആധാരം ചെയ്യുന്നതിനൊപ്പം വേണ്ട മറ്റൊരു പ്രവൃത്തിയാണ് ഫയലിംഗ് ഷീറ്റ് തയ്യാറാക്കല്‍. ഇത് രണ്ടും ഒരുമിച്ച് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ നടക്കൂ.

ആധാരത്തെക്കാള്‍ പ്രധാനമാണ് ഫയലിംഗ് ഷീറ്റ്. ആധാരം നഷ്ടപ്പെട്ടാല്‍ ഡ്യൂപ്ലിക്കേറ്റ് കോപ്പി നല്‍കുന്നത് ഈ ഫയലിംഗ് ഷീറ്റ് പരിശോധിച്ചാണ്. ആധാരമെഴുത്തില്‍ ഏറ്റവും കൂടുതല്‍ ക്രമക്കേടും കൈക്കൂലിയും മറിയുന്നത് ഫയലിംഗ് ഷീറ്റ് തയ്യാറാക്കലിലാണ്.

ആധാരം ചെയ്തുകഴിഞ്ഞാല്‍ ഫയലിംഗ് ഷീറ്റ് വൈകിയാലും ഇത് രജിസ്‌ട്രേഷന്‍ ചെയ്തുകൊടുക്കുന്നവരാണ് ഇന്ന് മിക്ക രജിസ്ട്രാര്‍-സബ് രജിസ്ട്രാര്‍ ഓഫീസിലെയും ജീവനക്കാര്‍. ആധാരമെഴുത്തുകാര്‍ വന്‍ കൈക്കൂലി നല്‍കിയാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ഇത് തരപ്പെടുത്തുന്നത്. സബ് രജിസ്ട്രാര്‍, ക്ലാര്‍ക്ക്, പ്യൂണ്‍ തുടങ്ങിയവര്‍ക്കായി കൈക്കൂലി വീതം വച്ചുകൊടുക്കണം. ഇവർക്ക് നല്‍കാനുള്ള പണം ആധാരം ചെയ്യാനെത്തുന്നവരിൽനിന്ന് ആധാരമെഴുത്തുകാർ പിരിച്ചെടുക്കുകയും ചെയ്യുന്നു. ഇതാണിന്നത്തെ എല്ലാവരാലും 'അംഗീകരിക്കപ്പെടുന്ന' മാമൂൽ.

ഫയലിംഗ് ഷീറ്റ് പൂര്‍ത്തിയാക്കാതെ രജിസ്‌ട്രേഷന്‍ നടത്തുന്ന, നിലവിൽ സജീവമായ, കൈക്കൂലിയുടെ ബലത്തിൽ മാത്രം നടക്കുന്ന, നിയമവിരുദ്ധ പ്രവൃത്തിയാണ് പുതിയ തീരുമാനം അട്ടിമറിക്കപ്പെട്ടില്ലെങ്കിൽ അവസാനിക്കാൻ പോവുന്നത്. സ്വയം ആധാരം എഴുതുമ്പോള്‍ ഫയലിംഗ് ഷീറ്റും സ്വയം തയ്യാറാക്കാന്‍ കഴിയുമെന്നതാണ് സർക്കാർ തീരുമാനത്തിലെ ആകർഷണം.

ഫയലിംഗ് ഷീറ്റിന്റെ മാതൃകയും വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ചില്ലറ സാങ്കേതിക പരിശീലനം നേടിയാൽ ആർക്കും ഫയലിംഗ് ഷീറ്റ് തയ്യാറാക്കുകയും ചെയ്യാം.

നിയമ അട്ടിമറി തുടരുമോ? 

ആധാരം സ്വയം എഴുതാമെന്ന സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയാവുന്നത് അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കുതന്നെയാണ് പ്രധാനമായും. അതുകൊണ്ടുതന്നെ നിയമം അട്ടിമറിക്കാന്‍ ചില ആധാരമെഴുത്തുകാരുടെ സഹായത്തോടെ ഉദ്യോഗസ്ഥലോബി നീക്കം തുടങ്ങിയിട്ടുണ്ട്.

രജിസ്‌ട്രേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടുന്ന ലോബിയാണ് ഇളകിയിരിക്കുന്നത്. നിയമത്തിനെതിരെ ആധാരമെഴുത്തുകാരെയും അഭിഭാഷകരെയും ഇളക്കിവിടുന്ന സ്ട്രാറ്റജിയാണ് നിയമ അട്ടിമറിക്ക് ആദ്യം പുറത്തെടുക്കുന്നതെന്നറിയുന്നു.

'ഭൂമാഫിയ'ക്കു വേണ്ടിയെന്ന് ആധാരമെഴുത്തുകാർ

സംസ്ഥാനത്ത് 25,000-ത്തോളം ആധാരമെഴുത്തുകാരാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ആധാരം ചെയ്യുന്ന അഭിഭാഷകരുമുണ്ട്. 1958-ലെ നിയമംവഴിയാണ് ആധാരമെഴുതുന്നതിന് ലൈസന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഭിഭാഷകര്‍ക്ക് നിലവില്‍ ലൈസന്‍സിന്റെ ആവശ്യമില്ല. പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്കാണ് ലൈസന്‍സില്ലാതെ ആധാരം ചെയ്യാനാവുക. സ്വയം ആധാരമെഴുതാം എന്ന നിയമം ഭൂമാഫിയക്ക് വേണ്ടിയാണ് സര്‍ക്കാര്‍  കൊണ്ടുവന്നതെന്ന് ആധാരമെഴുത്തുകാർ ആരോപിക്കുന്നു. ആര്‍ക്കുവേണമെങ്കിലും ഭൂമി വാങ്ങിക്കൂട്ടാൻ ഈ നിയമം സഹായിക്കുമെന്നാണ് ഇവരുടെ ആരോപണം.

ആധാരമെഴുത്തുകാരുടെ സംഘടനകള്‍ വിചാരിച്ചാല്‍ ഏതുസമയവും നിര്‍ത്താവുന്ന മാമൂല്‍ പരിപാടി തുടരുന്നത് ഏതു മാഫിയയാണെന്ന് ഇവർ പറയുന്നുമില്ല! സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ആധാരമെഴുത്തുകാരുടെ സംഘടനയായ ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ്  ആധാരമെഴുത്തുകാര്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രതിഷേധപരിപാടികള്‍ ആലോചിക്കുകയാണ് പുതിയ ഉത്തരവിനെതിരെ.

Edited By E. Rajesh

Story by
Read More >>