ദീപാവലി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മഹനീയതയെ അടയാളപ്പെടുത്തുന്നത്: സുല്‍ത്താന്‍ അല്‍ ഹാജി

ദീപാവലിയുടെ വര്‍ണപൊലിമയും ആഘോഷവും ഇന്ത്യക്കാര്‍ക്കെന്ന പോലെ യുഎഇയിലും ഉണ്ട്. ഇവിടെയുളള പ്രവാസി ലോകവും ദീപാവലിയെ വന്‍ ആഘോഷങ്ങളോടും ആരവങ്ങളോടും കൂടിയാണ് വരവേല്‍ക്കുന്നത്.

ദീപാവലി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മഹനീയതയെ അടയാളപ്പെടുത്തുന്നത്: സുല്‍ത്താന്‍ അല്‍ ഹാജി

തിന്‍മയ്ക്കു മേല്‍ നന്‍മ നേടിയ വിജയത്തിന്റെ ഉത്സവമാണ് ഭാരതീയര്‍ക്ക് ദീപാവലി. രാത്രിയെ പകലാക്കി ആകാശത്ത് വര്‍ണങ്ങള്‍ വിതറി ഭാരതീയര്‍ ദീപാവലി ആഘോഷിക്കുന്നു. എവിടെയെല്ലാം ഇന്ത്യക്കാരുണ്ടോ അവിടെയെല്ലാം ദീപാവലി ആഘോഷിക്കപ്പെടുന്നു. ലോകമെമ്പാടുമുളള ഇന്ത്യക്കാര്‍ നെഞ്ചോടു ചേര്‍ക്കുന്ന ഉത്സവങ്ങളില്‍ ഒന്നാണ് ദീപാവലി.  ദീപാവലിയുടെ വര്‍ണപൊലിമയും ആഘോഷവും ഇന്ത്യക്കാര്‍ക്കെന്ന പോലെ യുഎഇയിലും ഉണ്ട്. ഇവിടെയുളള പ്രവാസി ലോകവും ദീപാവലിയെ വന്‍ ആഘോഷങ്ങളോടും ആരവങ്ങളോടും കൂടിയാണ് വരവേല്‍ക്കുന്നത്.


20 ലക്ഷത്തോളം ഇന്ത്യക്കാരാണ് കുടിയേറ്റക്കാരായി യുഎഇയില്‍ ഉളളത്. യുഎഇയിലെ പ്രസിദ്ധമായ ടോട്ടല്‍ ഇ ആന്റ് പി കമ്പനിയിലെ വൈസ് പ്രസിഡന്റും ചീഫ് സ്റ്റാറ്റര്‍ജി ഓഫീസറുമായ സുല്‍ത്താന്‍ അല്‍ ഹാജിക്കും ദീപാവലിയെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്. ഇന്ത്യയെ കുറിച്ച് കൃത്യമായ ധാരണയും അവബോധവും അദ്ദേഹത്തിനുണ്ട്. 50 ഓളം രാജ്യങ്ങളില്‍ നിന്നുളള ആളുകള്‍ ഈ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. 25 ഓളം ഭാഷകള്‍ സംസാരിക്കുന്നവരും പല സംസ്‌കാരങ്ങള്‍ പിന്തുടരുന്നവരുമായ ഇവരെ ഒരു കുടക്കീഴില്‍ കൊണ്ടു വരുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

'ദീപാവലിയെന്നാല്‍ തിന്‍മയുടെ മേലുളള നന്‍മയുടെ വിജയമാണെന്ന് യുഎഇയിലെ പ്രവാസി സമൂഹത്തിന് നല്‍കിയ സന്ദേശത്തില്‍ സുല്‍ത്താന്‍ അല്‍ ഹാജി പറഞ്ഞു. വിയോജിപ്പിനു മേലുളള ഒരുമയുടെ വിജയമാണിത്. അജ്ഞയുടെ മേല്‍ ജ്ഞാനത്തിന്റെയും അന്ധകാരത്തിന്റെ മേല്‍ പ്രകാശത്തിന്റെയും വിജയമാണിത്. സഹജീവികളോടുളള സ്‌നേഹവും സന്തോഷവും പ്രകടിപ്പിക്കാന്‍ നമുക്ക് ലഭിക്കുന്ന അസുലഭ അവസരമാണിതെന്നും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മഹനീയതയെയാണ് ദീപാവലി പ്രതിനിധാനം ചെയ്യുന്നതെന്നും' സുല്‍ത്താന്‍ അല്‍ ഹാജി  നാരദാ ന്യൂസിനോട് പറഞ്ഞു.

ഇന്ത്യയെ കുറിച്ച് വായിച്ചും ഇന്ത്യയിലൂടെ യാത്ര ചെയ്തും ഇന്ത്യയെ ആഴത്തില്‍ അനുഭവിച്ച അനുഭവ സമ്പത്തും അദ്ദേഹത്തിനു കൂട്ടായിട്ടുണ്ട്. യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തെ വളരെ താത്പര്യത്തോടും സഹാനുഭൂതിയോടും കൂടിയാണ് അദ്ദേഹം സമീപിക്കുന്നതു തന്നെ .ഇന്ത്യന്‍ പ്രവാസി സമൂഹം സംഘടിപ്പിക്കുന്ന പരിപാടികളില്‍ പരിചിത മുഖവും മുഖ്യ പ്രഭാഷകനുമാണ് അദ്ദേഹം.

'പരസ്പരം നമ്മള്‍ പ്രകടിപ്പിക്കേണ്ട മഹത്തായ സ്‌നേഹത്തെയാണ് ദീപാവലി പ്രതിനിധാനം ചെയ്യുക. മധുര പലഹാരങ്ങള്‍ വിതരണം ചെയ്തതു കൊണ്ടോ സമ്മാനങ്ങള്‍ കൈമാറിയതു കൊണ്ട് മാത്രമായില്ല. ജീവിതത്തോടുളള അഭിനിവേശവും സഹജീവികളോടുളള സ്‌നേഹവും പ്രകടിപ്പിക്കാന്‍ നമുക്ക് സാധിക്കണം.
വിവിധ സംസ്‌കാരത്തെയും വിശ്വാസങ്ങളെയും ബഹുമാനിക്കാന്‍ പഠിക്കുക. പാവപ്പെട്ടവരോടും ബലഹീനരോടും സഹാനുഭൂതിയോടെ പെരുമാറുക. സഹിഷ്ണതയോടും സന്തോഷത്തോടും കൂടിയാകണം ദീപാവലിയെ നാം വരവേല്‍ക്കേണ്ടത്. ദീപാവലി ആഘോഷിക്കുക. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷമാക്കുക'. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് നല്‍കിയ സന്ദേശത്തില്‍ സുല്‍ത്താന്‍ അല്‍ഹാജി പറഞ്ഞു.