സമ്മാനമായി ലഭിച്ച ബിഎംഡബ്ല്യു കാർ ദീപ കര്‍മ്മാക്കര്‍ തിരികെ നൽകുന്നു; കാറിന്റെ വില പണമായി നല്‍കിയാല്‍ മതിയെന്ന് ദീപയുടെ കുടുംബം

അഗര്‍ത്തലയില്‍ കാറിന് സർവീസിംഗ് സെന്റർ ഇല്ലാത്തതാണ് കാര്‍ മടക്കി നല്‍കാന്‍ ദീപയേ പ്രേരിപ്പിച്ചത്. അവിടുത്തെ റോഡുകളുടെ മോശം അവസ്ഥയും ഇതിന് കാരണമായി

സമ്മാനമായി ലഭിച്ച ബിഎംഡബ്ല്യു കാർ ദീപ കര്‍മ്മാക്കര്‍ തിരികെ നൽകുന്നു; കാറിന്റെ വില പണമായി നല്‍കിയാല്‍ മതിയെന്ന് ദീപയുടെ കുടുംബം

അഗർത്തല: റിയോ ഒളിംപിക്സിൽ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെച്ച ജിംനാസ്റ്റിക്ക് താരം ദീപ കര്‍മ്മാക്കര്‍ തനിക്ക് സമ്മാനമായി ലഭിച്ച ബിഎംഡബ്ല്യു കാർ തിരികെ നൽകുന്നു. ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുൽക്കറാണ് ദീപക്ക് കാര്‍ സമ്മാനിച്ചത്‌.ദീപക്കൊപ്പം ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടിയ പി വി സിന്ധു, ഗുസ്തിയിൽ വെള്ളിനേടിയ സാക്ഷി മാലിക്, സിന്ധുവിന്റെ കോച്ച് പുല്ലേല ഗോപീചന്ദ് എന്നിവര്‍ക്കും അദ്ദേഹം കാറുകള്‍ സമ്മാനിച്ചിരുന്നു.


ദീപയുടെ സ്വദേശമായ അഗര്‍ത്തലയില്‍ കാറിന് സർവീസിംഗ് സെന്റർ ഇല്ലാത്തതാണ് കാര്‍ മടക്കി നല്‍കാന്‍ ദീപയേ പ്രേരിപ്പിച്ചത്. അവിടുത്തെ റോഡുകളുടെ മോശം അവസ്ഥയും ഇതിന് കാരണമായി. കാറിന്‍റെ വില പണമായി നല്‍കിയാല്‍ അത് പരിശീലനത്തിനും മറ്റും ഉപയോഗിക്കാമെന്നും കാര്‍ പരിപാലിക്കാന്‍ ഉള്ള സൗകര്യങ്ങള്‍ ദീപയുടെ പക്കലില്ലെന്നും ദീപയുടെ പരിശീലകന്‍ ബിശ്വേശർ നന്ദിയും ദീപയുടെ കുടുംബാംഗങ്ങളും മാധ്യമങ്ങളെ അറിയിച്ചു. ഇക്കാര്യത്തില്‍ ദീപയുടെ പ്രതികരണം ലഭ്യമായിട്ടില്ല.