ഡിറ്റക്ടീവ് പാക്കനാർ ആൻഡ് കമ്പനി

പാക്കനാര്‍ക്ക് സ്ക്രിപ്റ്റില്‍ യാതൊരു സംശയവുമില്ല "തീവ്രവാദി പാകിസ്ഥാനില്‍ നിന്നും വരുന്നു എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ഇതിനു പഴയ പോലെ ഒരു മാർക്കറ്റില്ല. പകരം സിറിയയോ, മസൂലോ ആക്കിയാലോ....?

ഡിറ്റക്ടീവ് പാക്കനാർ ആൻഡ് കമ്പനി

"അന്വേഷണ ഉദ്യോഗസ്ഥനായ 'പാക്കനാർ' മൊയ്തീനെ അറസ്റ്റ് ചെയ്തു". മാരകമായ സ്ഫോടക വസ്തുക്കൾ കടത്തിയതാണ് ‘പ്രമാദമായ' ഈ കേസിന് അടിസ്ഥാനം. സൈക്കിളിള്‍ മീൻ വിൽക്കുന്ന മൊയ്‌തീന്‍ ഗൂഢാലോചന നടത്തിയാണ് ഈ കൃത്യം നിര്‍വ്വഹിച്ചത്‌. തലക്കെട്ടും വാര്‍ത്തയും കെങ്കേമം!

കൃത്യത്തിന്റെ 'റൂട്ട്മാപ്പ്' സഹിതം സ്‍കോട്‍ലാൻഡ് പോലീസിൽ നിന്നും ഉപരിപഠനം നടത്തിയ "പാക്കനാർ" ഇതിന്റെ ഉറവിടം കണ്ടെത്തുന്നു.

പാക്കനാര്‍ക്ക് സ്ക്രിപ്റ്റില്‍ യാതൊരു സംശയവുമില്ല "തീവ്രവാദി പാകിസ്ഥാനില്‍ നിന്നും വരുന്നു എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ഇതിനു പഴയ പോലെ ഒരു മാർക്കറ്റില്ല. പകരം സിറിയയോ, മസൂലോ ആക്കിയാലോ....?


കൂട്ടത്തിലുള്ള മറ്റൊരു ഇൻവെസ്റ്റിഗേറ്റർ: "നമ്മൾ ഒരാളെ പൊക്കിയിട്ടുണ്ട് എന്ന് അങ്ങോട്ട് വെച്ചുപിടിച്ചാലോ ...?

"അതുമതി അതുമതി... കഥ അങ്ങനെ പോകട്ടെ… നമ്മൾ പൊക്കിയവൻ ഇവിടെനിന്നും ഇറാനിലേക്ക് പോകുന്നു, അവിടെ നിന്നും ഇറാഖിലേക്ക്. മേമ്പൊടിക്ക് പിന്നെയൊരു ‘മസൂൽ’ ആയുധ പരിശീലനം, അവിടെ നിന്നും 'ഡമാസ്‌ക്‌സ്' പിന്നെ 'ഇസ്താംബൂൾ’. കഥയങ്ങനെ നീളട്ടെ.

മറ്റൊരു ജൂനിയർ പാക്കനാർക്കും അഭിപ്രായമുണ്ട് "സർ, നാലു രാജ്യങ്ങൾ കടന്ന്, ഇദ്ദേഹം എങ്ങനെ ഇവിടെ എത്തി എന്നുള്ളതും മെനയെണ്ടേ?”

മറ്റൊരു ജൂനിയര്‍ മാൻഡ്രേക്കിന്റെ മറുപടി " അത് വളരെ സിമ്പിൾ അല്ലെ.. 'ബത്തേരിയിൽ' നിന്നും 'കൽപ്പറ്റയിലേക്കുള്ള ബസിൽ മൊയ്തീന്‍ കയറുന്നു, ടിക്കറ്റ് എടുക്കുന്നു. “

ജൂനിയറിന് പിന്നെയും സംശയം " എവിടെ പോകുന്നു എന്നല്ലാതെ എന്തിനു പോകുന്നു എന്ന് കണ്ടക്ടർ ചോദിക്കുമോ സർ? എവിടെയോ വായിച്ചിട്ടുണ്ട് ഇറാനും-ഇറാഖും അതിർത്തി സീൽ ചെയ്തിരിക്കുകയാണ് എന്ന്. അങ്ങനെയെങ്കില്‍ ആ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന മൊയ്തീന്‍ എങ്ങനെ അതിര്‍ത്തി കടക്കും?"

ഉടനെ വരും പാക്കനാർ സീനിയറിന്റെ താക്കീത്. "ഇതുപോലെ ലോജിക്കില്ലാത്ത ചോദ്യങ്ങള്‍ ഇനിയും ആവർത്തിക്കരുത്"

"സാർ ചില കാര്യങ്ങള്‍ കൂടി. ടർക്കി എന്ന് പറയുന്നത് യൂറോപ്യൻ രാജ്യമാണ്, അവരുടെ അതിർത്തിയും കടന്ന്, ഇന്ത്യയുടെ എംബസ്സിയിൽ ടിയാൻ എത്തപ്പെട്ടു. അവിടെ പോലും ആരും ഇദ്ദേഹം ആരായിരുന്നു, എവിടെയായിരുന്നു എങ്ങനെയായിരുന്നു എന്നൊന്നും സംശയിച്ചില്ലേ? പാസ്‌പോർട്ടിലെ എക്സിറ്റ് ആൻഡ് എൻട്രി ആരും നോക്കിയില്ല എന്ന് പറഞ്ഞാല്‍ അത് വിശ്വസനീയമാകുമോ? മറ്റൊരു സംശയം ഈ ഭീകരൻ പോയി എന്ന് നമ്മള്‍ പറയുന്ന രാജ്യങ്ങളിലെല്ലാം ഭീകരപ്രവർത്തനങ്ങളും ഉണ്ട്. എൻട്രി ഇറാനിലും എക്സിറ്റ് ടർക്കിയിലുമാകുന്നതെങ്ങനെ?

പാക്കനാര്‍ക്ക് അക്കാര്യത്തില്‍ ലവലേശം സംശയം ഇല്ല. "ആരു ചോദിക്കാന്‍, എന്ത് ചോദിക്കാന്‍? ...ഇതൊക്കെ ചോദിയ്ക്കാൻ നമ്മള്‍ മാത്രമേ ഉള്ളു..."

എന്നിട്ടും ജൂനിയര്‍ പാക്കനാര്‍ക്ക് സംശയങ്ങള്‍ ബാക്കി.

"സാർ ഇയാൾ നമ്മുടെ നാട്ടിൽ ഇറങ്ങുമ്പോൾ ഇമിഗ്രേഷൻസ്കാര് ചോദിക്കില്ലെ, ഇറാനിൽ മാത്രം പോകാനുള്ള വിസവച്ച്, അല്ലെങ്കിൽ, മൾട്ടിപ്ൾ എൻട്രി വിസ ഇല്ലാതെ ടിയാൻ എങ്ങനെ ഇസ്താംബൂൾ എയർപോർട്ടിൽ നിന്നും കയറി? ഉത്തരം ശരിയായ രീതിയിൽ അല്ലേങ്കില്‍, പാസ്പോര്‍ട്ട്‌ നോക്കി ഇയാളെ അകത്തിടേണ്ടതല്ലെ? ഒരു സംശയമാണ് സാർ, മറ്റൊന്നും തെറ്റിദ്ധരിക്കരുത്.

പാക്കനാർ:" ഈ ചോദ്യങ്ങളുടെയൊന്നും ആവശ്യമില്ല, അതിനല്ലേ നമ്മൾ ഇവിടെ ഇരിക്കുന്നത്.

മറ്റൊരു ഉദ്യോഗസ്ഥന്റെ ബലമായ സംശയം ഈ ഭീകരൻ അവിടെ പോയത് മീൻ കച്ചവടത്തിന് ആയിരിക്കും എന്നാണ്. ഇദ്ദേഹം പത്രത്തിൽ വായിച്ചിയിരുന്നു, ഇസ്ലാമിക ഭീകരരുടെ സാമ്പത്തിക സ്രോതസ്സുകള്‍ അമേരിക്കയും സഖ്യരാജ്യങ്ങളും തകർത്തുവെന്ന്, ഇപ്പോൾ ‘മീൻകച്ചവടവും അവയവദാനവും’ നടത്തിയാണ് അവര്‍ പണം സ്വരൂപിക്കുന്നത് എന്ന് തട്ടി വിടാം. ചിലപ്പോൾ നമ്മള്‍ പിടികൂടിയ ഈ ഭീകരൻ തന്റെ അവയവം എടുത്തു വിറ്റ് പണം അയച്ചു കൊടുക്കാനായിരിക്കും വീണ്ടും ഇവിടെ എത്തിയത്.

സീനിയര്‍ പാക്കനാര്‍: "പക്ഷെ കേസ് എറിക്കില്ല. ഒരു ഓളം വേണമെങ്കില്‍ ബോംബും തോക്കും ഒക്കെ വേണം എന്നാലേ ഒരു കൊഴുപ്പുള്ളു, പത്രങ്ങളും ഒന്നാഘോഷിക്കട്ടെ, നമ്മൾ ഒന്നും അവർക്കുകൊടുത്തില്ല എന്നു വേണ്ട..."

"സാർ, മൊയിദീനെ എന്തുചെയ്യണം...?"

"നോട്ട് ദി പോയിന്റ്! അപ്പോൾ അയാള്‍ മീൻകൊട്ടയിലാണ് മാരക സ്ഫോടകവസ്തുക്കള്‍ താമരശ്ശേരിയിലുള്ള പരമുവിന്റെ വീട്ടിൽ എത്തിച്ചത്. പരമുവിന്റെ വീടിനു പുറകുവശത്തുനിന്നുമാണ് ഉപേക്ഷിക്കപ്പെട്ട ഈ അത്യുഗ്ര സ്‌ഫോടകവസ്തുക്കള്‍ നമ്മള്‍ കണ്ടെടുക്കുന്നതും."

"സാർ പലപ്രാവശ്യം ചോദ്യം ചെയ്തിട്ടും…”

"അയാള്‍ എന്തു പറയുന്നു കോൺസ്റ്റബിൾ...?"

"കിണറ്റിലെ പാറപൊട്ടിക്കാൻ വേണ്ടി വാങ്ങിയ വെടിമരുന്ന്, മഴപെയ്തു വെള്ളം പൊങ്ങിയപ്പോൾ, വീടിനു പുറംവശത്തേക്കു കളഞ്ഞതാണ് എന്നാണ് മൊയ്തീന്‍ പറയുന്നത്."

"അതെങ്ങനെ വിശ്വസിക്കും, അത് പൊതിഞ്ഞിരുന്നത് ചന്ദ്രിക പത്രത്തിലല്ലേ?. ഇതിലും നല്ല തെളിവ് വേണോ?. ഉറപ്പാണ്‌ മൊയ്തീന്‍ പുറത്തേക്ക് എറിഞ്ഞത് RDX അല്ലെങ്കിൽ TNT ആണ്. മൊയ്‌ദീനെ അകത്തേക്കും പരമുവിനെ പുറത്തേക്കും വിട്ടോളൂ.

"സാർ ആ വെടിമരുന്നു മഴവെള്ളത്തിൽ കുതിർന്നിരിക്കുകയാണ്."

പാക്കനാർ: "ഒരു കാര്യം ചെയ്യൂ... കുറച്ചു വെള്ളത്തിൽ അതുചൂടാക്കി പഞ്ചസാരയും ഇട്ടു, "തൊണ്ടി" ആയിട്ടു "മാൽ" റൂമിൽ വയ്ക്കു."

"സാർ കോടതിയിൽ നമ്മൾ എന്തൊക്കെ തെളിവുകൾ കൊടുക്കും....?"

പാക്കനാർ ഒന്ന് ചിരിച്ചു. "നമ്മൾ കൊടുത്ത വാർത്തകളുടെ "പേപ്പർ കട്ടിംഗാണ് ഏറ്റവും പരമപ്രദാന തെളിവ്. അത് മാത്രം വച്ച്, ഇവരെല്ലാം കുറഞ്ഞത് പത്തു വർഷം അകത്തും കിടക്കും. അപ്പോഴേക്കും നമ്മൾ റിട്ടയർ ചെയ്യും, അല്ലെങ്കിൽ ട്രാൻസ്ഫര്‍!