ജയരാജന്‍റെ  രാജിയും  ജനാധിപത്യത്തിലെ  ശരികളും

അഞ്ചു വര്‍ഷക്കാലം എല്ലാ തരത്തിലുമുള്ള അഴിമതികളെ ലെജിറ്റമൈസ് ചെയ്തു കൊണ്ട് ഭരണം നടത്തിയവര്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കും മാതൃകയാക്കാവുന്ന ഒരു പ്രവൃത്തിതന്നെയാണ് ഇ പി ജയരാജന്‍റെ രാജിയിലൂടെ ഇടതുപക്ഷം മുന്നോട്ട് വച്ചത്. ആ ഒരു പ്രവൃത്തി വളരെ ചെറിയതായി തോന്നാമെങ്കിലും അത് മുന്നോട്ട് വച്ച ജനാധിപത്യ മൂല്യം വളരെ വലുതാണ്‌. പി കെ ശ്രീകാന്ത് എഴുതുന്നു.

ജയരാജന്‍റെ  രാജിയും  ജനാധിപത്യത്തിലെ  ശരികളും

പി കെ ശ്രീകാന്ത്

ജനാധിപത്യം എന്ന വാക്ക് ആദ്യമായി പ്രയോഗിച്ചത് ബി.സി. 5-ആം നൂറ്റാണ്ടിലെ ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് ആയിരുന്നു. ജനങ്ങള്‍ക്ക്  വേണ്ടി  ജനങ്ങളാല്‍  എന്ന്  തുടങ്ങുന്ന  എബ്രഹാം  ലിങ്കണ്‍ നിര്‍വചനം കുഞ്ഞുനാള്‍ മുതല്‍ക്കേ  നമ്മള്‍ പാടി  പഠിച്ചതാണ്. ഈ ജനാധിപത്യ വ്യവസ്ഥതിയിലെ മഹത്തായ  ഒരു ശാഖയാണ് പാര്‍ല മെന്ററി ജനാധിപത്യം .

നിയമ നിർമ്മാണത്തിനുള്ള അധികാരം ഒരു ജനപ്രതിനിധി സഭയിൽ (parliament or legislative assembly) നിക്ഷിപ്തമായ ഭരണ സംവിധാനത്തെയാണ് പാർലമെന്ററി ജനാധിപത്യം എന്ന് പറയുന്നത്. സമാനമായി സർക്കാരിന്റെ 

കാര്യനിർവ്വഹണ വിഭാഗത്തിന്റെ (executive branch) പ്രവർത്തനങ്ങളുടെ അധികാരവും ജനപ്രതിനിധി സഭയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അതുപോലെ ഈ സംവിധാനത്തിൽ കാര്യനിർവ്വഹണ വിഭാഗം അവരുടെ പ്രവൃത്തികളുടെ ന്യായീകരണം ജനപ്രതിനിധി സഭയ്ക്ക് നൽകാൻ ബാധ്യസ്ഥരാകുന്നു. സ്വയം അവരോധിക്കുന്ന ഭരണാധികാരിയെ വിട്ട്, സ്വന്തം ഭാഗധേയം സ്വയം നിർണ്ണയിക്കുവാനുള്ള അവകാശം ജനങ്ങൾ നേടിയെടുക്കുക എന്നത് ചരിത്രത്തിലെ ഒരു വലിയ സംഭവമാണ്, അതുകൊണ്ട് തന്നെ  ജനാധിപത്യം എന്ന പദം  അത്രത്തോളം  പ്രാധാന്യമര്‍ഹിക്കുന്നു.

ഇന്ത്യയുടെ പ്രധാനപ്പെട്ട ഒരു സവിശേഷത ഒരുപാട് എതിരഭിപ്രയങ്ങളും കുഴപ്പങ്ങളും ഉണ്ടെങ്കിലും ജനാധിപത്യ സംവിധാനം തുടര്‍ച്ചയായി നിലകൊള്ളുന്നു എന്നതാണ്. ഭരണഘടന നിലവിൽ വന്ന ഉടനെ രാജ്യമാകെ പ്രായപൂർത്തി വോട്ടവകാശമനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തപ്പെടുകയും തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ് സ്ഥാപിതമാകുകയും ചെയ്തു

ഇന്നത്തെ  ഇന്ത്യ എത്തിച്ചേര്‍ന്നിരിക്കുന്ന ഒരു സ്ഥിതി വിശേഷം നമുക്കറിയുന്നതാണ്. ഒരു  ഫാഷിസ്റ്റ്‌ സ്വഭാവമുള്ള  ഗവണ്‍മെന്‍റ്  ആണ് ഭരിക്കുന്നതെങ്കിലും അത്  ഫെഡറല്‍  സംവിധാനത്തിലൂടെ  തിരഞ്ഞെടുക്കപ്പെട്ടു എന്നത് വിരോധാഭാസം ബാക്കി വെക്കുന്ന മറ്റൊരു ധാരണയാണ്. എങ്കിലും ഇപ്പോഴും  ജനാധിപത്യം അന്യം നിന്നിട്ടില്ല.

നമ്മുടെ  കൊച്ചു കേരളത്തില്‍, അഥവാ ജനാധിപത്യപരമായ  തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ലോകത്തിലെ  ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉണ്ടായ നമ്മുടെ കേരളത്തിലായിരിക്കും  ഒരു പക്ഷെ ജനാധിപത്യം എന്ന വാക്ക് ദിവസത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഉപയോഗിക്കുന്നുണ്ടാവുക. മലയാളിയുടെ രാഷ്ട്രീയ ഇടപെടലുകള്‍ അത്രമേല്‍ ബലമുള്ളതാണ്. അവിടെയും  ജനാധിപത്യം എന്ന ആശയത്തിന്‍റെ  ഇടപെടലുകളെ കുറിച്ച് വൈരുധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്  താനും.

അനിവാര്യമായ  സമയത്ത് തന്നെ  വീണ്ടുമൊരു ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലേറി. അധികാരത്തില്‍ ഏറി നാലുമാസം തികയും മുന്‍പ് മന്ത്രിസഭയിലെ  രണ്ടാമന്‍ തന്നെ രാജി വെക്കുന്ന സ്ഥിതി വിശേഷവും ഉണ്ടായി, അതും  അഴിമതി ആരോപണത്തിന്‍റെ  പേരില്‍!!

ഇത്രമേല്‍  മാധ്യമ സ്വാധീനം നില നില്‍ക്കുന്ന ഒരു സമൂഹത്തില്‍ സോഷ്യല്‍ മീഡിയകള്‍ പോലും ജനപ്രതിനിധികളുടെ ഭാവി നിര്‍ണ്ണയിക്കുന്ന ചുറ്റുപാടില്‍ ഇടതുപക്ഷത്തിനെതിരെ ഈര്‍ക്കിലി കയറ്റാന്‍  ഇടം കിട്ടിയാല്‍  കമ്പിപ്പാര കേറ്റാന്‍ മത്സരിക്കുന്ന വലതു സിന്‍ഡിക്കേറ്റുകള്‍ക്കിടയില്‍ വകുപ്പുകളുടെ ഉന്നത സ്ഥാനത്  സ്വന്തം ബന്ധുക്കളെ തിരുകി കയറ്റി ‘സ്വജന പക്ഷപാതം’ എന്ന ഭംഗിയുള്ള വ്യാകരണ മലയാളം കാഴ്ചവെച്ച സഖാവ് ജയരാജന്‍റെയും  സഖാവ് ശ്രീമതി ടീച്ചറുടെയും മസ്തിഷ്ക വികാസ പരിശോധനയും കമ്യൂണിസ്റ്റ് നൈതിക ഗുണങ്ങളും പാര്‍ട്ടിയും പൊതുസമൂഹവും ചര്‍ച്ച ചെയ്യട്ടെ. പക്ഷേ ഞാന്‍ അവിടെ കാണുന്നത് അതല്ല, മറിച്ച് ഇനിയും മരിച്ചിട്ടില്ലാത്ത ജനാധിപത്യത്തിന്‍റെ ചില ശരികളെയാണ്.

സ്വഭാവികമായും ഒരു സര്‍ക്കാരിനെ താരതമ്യം ചെയ്യുക തൊട്ടു മുന്നേയുള്ള സര്‍ക്കാരുമായാണ്. പക്ഷേ ഇടതു സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം തൊട്ടു മുന്നേയുള്ള ഇടതു സര്‍ക്കാറുകളുമായാണ് താരതമ്യം ചെയ്യേണ്ടത്. കാരണം രണ്ടാണ്, ഒന്ന് ജനാധിപത്യം എന്ന വ്യവസ്ഥിതിയെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് ഭരണം നടത്തിയ  കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോട്‌ താരതമ്യം ചെയ്യുന്നത് തന്നെ ഇടതു സര്‍ക്കാരിന് ഭൂഷണമല്ലാത്ത പ്രവൃത്തിയാണ്‌. രണ്ടു ഇടതുപക്ഷം എന്നത് നിരന്തരം വികാസം പ്രാപിക്കുന്ന ജനാധിപത്യത്തിന്‍റെ ലഭ്യമായ നൂതന വ്യവസ്ഥയാണ്‌. അതുകൊണ്ട് ബൂര്‍ഷ്വാ സര്‍ക്കാരുകളോടല്ല, ഇടതു സര്‍ക്കാരുകളെ ഇടതു സര്‍ക്കാരുകളോടാണ് താരതമ്യം ചെയ്യേണ്ടത്.

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ അഴിമതി ആരോപണം നേരിടാത്ത മന്ത്രിമാര്‍ ഉണ്ടോ എന്ന കാര്യത്തില്‍ സംശയമായിരുന്നു. ആദ്യ വര്‍ഷം മുതല്‍ കസേര വിട്ടൊഴിയുന്ന അവസാന നിമിഷം വരെ ചര്‍ച്ചകളില്‍ അഴിമതി കലരാത്ത മാസങ്ങള്‍ ആ മന്ത്രിസഭ നമുക്ക് സമ്മാനിച്ചിട്ടില്ല. അഴിമതിക്കാരും ക്രിമിനലുകളും തമ്മിൽ, വാസ്തവത്തിൽ അഴിമതിയും ക്രിമിനാലിറ്റിയും തമ്മിൽ ഉറ്റ ബന്ധമാണുള്ളത്. രണ്ടും നിയമത്തിന് പുറത്ത് നിൽക്കുന്നു. ബലപ്രയോഗം വഴി നിലനിൽക്കുന്നു. ഭരണാധികരികൾ ജനങ്ങളെ പിഴിയുവാൻ അധികാരമുപയോഗിക്കുന്നു. നിരന്തരമായ രാജി ആവശ്യങ്ങള്‍ക്കും  കോടതി പരാമര്‍ശങ്ങള്‍ക്കും ഇടയില്‍ മുഖ്യമന്ത്രിയായിരുന്ന ശ്രീമാന്‍ ഉമ്മന്‍‌ചാണ്ടി പറഞ്ഞിരുന്ന ചില വാചകമുണ്ട്, “എന്‍റെ മനസാക്ഷിയുടെ കോടതിയില്‍ ഞാന്‍ തെറ്റുകാരന്‍ അല്ലെന്നു”.

മനസാക്ഷി എന്നത് ഒരു ധാര്‍മിക പ്രക്രിയയുടെ കേന്ദ്ര ബിന്ദുവാണ്. അത് അപേക്ഷികവുമാണ്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഈ മനസാക്ഷി പ്രധാന കഥാപാത്രമാകുന്ന പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. മോഹന്‍ദാസ്‌ കരം ചന്ദ് ഗാന്ധി എന്ന നമ്മുടെ രാഷ്ട്ര പിതാവ് ഈ മനസാക്ഷി രാഷ്ട്രീയത്തിന്‍റെ പ്രയോക്താവും പ്രധാന വക്താവുമായിരുന്നു. അദ്ദേഹം ഏതു കാര്യത്തിനും തന്‍റെ മനസാക്ഷിയുടെ വിളിയോടായിരുന്നു കടപ്പെട്ടിരുന്നത്. തന്‍റെ മനസാക്ഷി എന്ത് പറയുന്നോ അത് മറ്റൊരാളോടും കൂടിയാലോചനയില്ലാതെ അദ്ദേഹം ഒറ്റയ്ക്ക് തീരുമാനിക്കുമായിരുന്നു. അവിടെ വ്യത്യസ്തനായി ഗാന്ധിയെ തിരുത്തി നേരിട്ട ഏറ്റുമുട്ടി നിന്നിരുന്നത് ബാബ സാഹേബ് അംബേദ്‌കര്‍ ആയിരുന്നു. അംബേദ്‌കര്‍ ആത്മാവിന്‍റെ വിളിയെ കാത്തു നിന്ന ആളല്ല, അദ്ദേഹത്തെ നയിച്ചത് യുക്തിയായിരുന്നു. സമൂഹമായിരുന്നു. ജനതയായിരുന്നു. അതുകൊണ്ട് തന്നെയാണ് ഗാന്ധിയില്‍ കാണുവാന്‍ കഴിയാത്ത  ഉദാത്തമായ ജനാധിപത്യബോധം അംബേദ്‌കറില്‍ ദര്‍ശിക്കുവാന്‍ കഴിയുന്നത്. പറഞ്ഞു വരുന്നത് മനസാക്ഷി എന്ന സ്ഥാപനം ഒട്ടും ജനാധിപത്യപരമല്ലെന്നും പലപ്പോഴും അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ പ്രക്രിയകളുടെ കാരണവും ആണെന്നാണ്‌. തീര്‍ച്ചയായും ധാര്‍മികത എന്നത് മനുഷ്യനുണ്ടായിരിക്കേണ്ട ഗുണങ്ങളില്‍ പ്രാഥമിക സ്ഥാനത്തുള്ളത് തന്നെയാണ്. ഒരുപക്ഷേ ആ ഒരു ധാര്‍മിക ബാധ്യതയുടെ പുറത്തു തന്നെയാവാം സഖാവ് ഇപി ജയരാജന്‍ രാജി സമര്‍പ്പിച്ചതും. തനിക്ക് തെറ്റ് പറ്റിയെന്നു തുറന്നു സമ്മതിച്ച ജയരാജന്‍ പാര്‍ട്ടിയുടെയും സര്‍ക്കാറിന്‍റെയും യശസ്സുയര്‍ത്താനാണ് താന്‍ രാജിവെക്കുന്നത് എന്ന് അറിയിക്കുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ ജയരാജന്‍ ഉയര്‍ത്തിയത് പാര്‍ട്ടിയുടെയും സര്‍ക്കാറിന്‍റെയും യശസ്സ് മാത്രമല്ല, ജനാധിപത്യം എന്ന വാക്കിന്‍റെ യശസ്സ് കൂടിയാണ്.

സ്വജനപക്ഷപാതടക്കമുള്ള അഴിമതിയുടെ ഗണത്തില്‍പ്പെട്ട ഏതൊരു  പ്രവര്‍ത്തിയും നടക്കുന്നത് ജനാധിപത്യ സംവിധാനങ്ങളുടെ ദുരുപയോഗത്തിലൂടെയാണ്. അഴിമതി മലീമസമാക്കുന്നത് ഭരണ സംവിധാനത്തെയോ ജനാധിപത്യ സ്ഥാപനങ്ങളെയോ മാത്രമല്ല ആ ജനാധിപത്യം ഇടപാട് നടത്തുന്ന താഴെ തട്ടിലുള്ള സമൂഹത്തെ കൂടിയാണ്. ജനങ്ങള്‍ക്ക് ജനാധിപത്യ സംവിധാനങ്ങളോടുള്ള മതിപ്പും വിശ്വാസവും നഷ്ട്ടപ്പെടാന്‍ വലിയ രീതിയില്‍ കാരണമായി തീര്‍ന്ന അല്ലെങ്കില്‍ കാരണമായി തീരുന്ന ഒരു മാലിന്യമാണ് അഴിമതി. അത് കേവലമായ നിയമപരമല്ലാത്ത  മൂലധന വിനിമയമോ പ്രീതിയോ പക്ഷപാതമോ മാത്രമല്ല, മറിച്ച് ഒരു സമൂഹത്തില്‍ ക്രിയാത്മകമായി ഇടപാട് നടത്തേണ്ട ഒരു വ്യവസ്ഥതിയോടുള്ള വെല്ലുവിളി കൂടിയാണ്.

ജനാധിപത്യം സ്ഥാപിതമാകുന്ന രാജ്യങ്ങൾ ആദ്യം ചെയ്യുക ഒരു ഭരണഘടന ഉണ്ടാക്കുകയാണ്. ആ ഭരണഘടനയിൽ അവർ സ്വാഭാവികമായും അതിനെ സാധ്യമാക്കിയ മൂല്യങ്ങൾ ഉൾപ്പെടുത്തുകയും അവയ്ക്കു നിയമസാധുത പ്രദാനം ചെയ്യുകയും ചെയ്യുന്നു. കാരണം, അവയില്ലാതെ അവയുടെ അടിത്തറയുടെ മേലല്ലാതെ ജനാധിപത്യം ഉണ്ടാകുമായിരുന്നില്ല. ആയതിനാല്‍ തന്നെ ആ  മൂല്യങ്ങളെ കാത്തു സൂക്ഷിക്കുക എന്നത് ജനാധിപത്യം സാധ്യമാക്കേണ്ട ഓരോ വ്യക്തിയുടെയും കടമ കൂടിയാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ കേരളം കാണാത്ത ഒരു മൂല്യമാണ് ജയരാജനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും പ്രദര്‍ശിപ്പിച്ചത്. അഴിമതി ആരോപണം നേരിടുന്ന ജയരാജനെ ഒരിക്കലും പിന്താങ്ങുകയല്ല, മറിച്ച് ആ ആരോപണം ശരിയാണെന്ന വിലയിരുത്തല്‍ വന്ന ഉടനെ തന്നെ ക്രിയാതമകമായി ഇടപെടുകയും അദ്ദേഹത്തെ ഭരണഘടനാ പരമായ ഒരു ജനാധിപത്യ സ്ഥാപനത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തു  നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത അദ്ദേഹത്തിന്‍റെ പാര്‍ട്ടി ചെയ്തത് ജനാധിപത്യത്തോടുള്ള വലിയൊരു കടമയാണ്. ആരുടെ നിര്‍ബന്ധത്തെ തുടര്‍ന്നായാലും മറ്റെന്തു കാരണം കൊണ്ടായാലും സ്വയം മന്ത്രി സ്ഥാനത്തു നിന്ന് മാറിനില്‍ക്കുക വഴി ജയരാജന്‍ ചെയ്തത് തന്‍റെ പാര്‍ട്ടിയുടെയോ സര്‍ക്കാറിന്റെയോ യശസ്സുയര്‍ത്തലില്‍ ഉപരി, ഒരു ജനതയുടെ അന്തസ്സിനോടുള്ള പ്രതിബന്ധതയും അവര്‍ക്ക് ആ അന്തസ്സ് പ്രതിനിധാനം ചെയ്യുന്ന ജനാധിപത്യത്തോടുള്ള ഉത്തരവാദിത്വവുമാണ്. തീര്‍ച്ചയായും നമ്മുടെ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളെ സംരക്ഷിക്കുന്നതിലും ഉറപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും പുറകോട്ടു നടക്കുന്ന  ഈ കാലത്ത് എല്ലാവരും ഒരുപോലല്ല എന്ന തോന്നല്‍ തന്നെ പ്രതീക്ഷ നല്‍കുന്നതുമാണ്.

അടിയന്തരാവസ്ഥയടക്കമുള്ള ക്രൂരമായ ജനാധിപത്യ ധ്വംസനങ്ങളെ നേരിട്ട ചരിത്രമുള്ള ഇന്ത്യന്‍  ഇടതുപക്ഷത്തില്‍ പ്രതീക്ഷകള്‍ ഏറെയാണ്‌. പ്രത്യേകിച്ച് ഇന്നത്തെ ഇന്ത്യയില്‍ ഇടതുപക്ഷ സര്‍ക്കാരുകളെ മുന്‍ നിര്‍ത്താന്‍ കാരണങ്ങള്‍ ഏറെയുള്ള സമയം. ഒരുപാട് പ്രതീക്ഷകളോടെ അധികാരത്തിലേറിയ ഈ സര്‍ക്കാറിന് ഉത്തരവാദിത്വങ്ങള്‍ ഏറെയുണ്ട്. ആധുനിക ഫാഷിസം ബാലറ്റ് പെട്ടിയിലൂടെ അധികാരത്തില്‍ കയറിയ രാജ്യത്ത് ജനാധിപത്യ മൂല്യങ്ങളെ കാത്തു സൂക്ഷിക്കുക എന്ന ഉത്തരവാദിത്വം മറ്റാരെക്കാളേറെ ഇടതുപക്ഷത്തിനാണ്. ആയതിനാല്‍ തന്നെ നിരന്തരമായ തിരുത്തല്‍ ക്രിയകളിലൂടെ ഈ വ്യവസ്ഥതിയെ സുന്ദരമായി മുന്നോട്ട് കൊണ്ടുപോവുകയും അതിന്‍റെ വിശ്വാസം കാത്തു സൂക്ഷിക്കുകയും ചെയ്യണം.

അഴിമതി ലെജിറ്റമൈസ് ചെയ്ത് ഭരണം നടത്തിയ ഉമ്മന്‍ ചാണ്ടിയുടെ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ബദല്‍ മോഡലില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ജനങ്ങള്‍ ഇടതുപക്ഷത്തെ വോട്ടു നല്‍കി  വിജയിപ്പിച്ചത്. അഴിമതിരഹിത സംവിധാനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതിന് സഹായകമായി സമൂഹത്തിന്റെ ശക്തമായ പിന്തുണ ഉണ്ടാകണം. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമല്ല  നീതിയുടെ വഴിക്ക് കൂടി  ശക്തമായി മുന്നോട്ട് പോകണം. അങ്ങനെയാണെങ്കില്‍  സാമൂഹ്യ മനസാക്ഷിയും അഴിമതിക്കെതിരെ ശക്തമായി നിലകൊള്ളുകയും ജനാധിപത്യത്തിന്‍റെ മൂല്യങ്ങളും വിശ്വാസവും കാത്തു സൂക്ഷിക്കുകയും ചെയ്യും.

അഴിമതിയെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്ന തോന്നല്‍ സമൂഹത്തില്‍ വന്നാല്‍ അവിടെ കളഞ്ഞു പോകുന്നത് ജനാധിപത്യ സംവിധാനങ്ങളോടുള്ള വിശ്വാസം കൂടിയാണ്. സമീകകാല ഇന്ത്യയെ വീക്ഷിച്ചാല്‍ അറിയാം ജനാധിപത്യത്തെ ദുര്‍ബലമാക്കുന്ന രണ്ടു ഘടകങ്ങള്‍ അഴിമതിയുടെയും വര്‍ഗ്ഗീയതയുടെയും വ്യാപനമാണ്.  അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിശാല താല്‍പര്യങ്ങള്‍ ഉള്‍ക്കൊള്ളണം. മൂല്യാധിഷ്ഠിത സമൂഹവും മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ജനങ്ങളും ഉണ്ടാകണം. അങ്ങനെയുള്ള ജനങ്ങള്‍ക്കിടയില്‍ മാത്രമേ ജനാധിപത്യം ഇടപാട് നടത്തുകയുള്ളൂ.

അഴിമതിക്കെതിരെയുള്ള  നിലപാടില്ലാത്തതും  ആ അഴിമതിയോടുള്ള നടപടികളില്‍ ഉത്തരവാദിത്തവുമില്ലാത്ത സര്‍ക്കാരുകളുടെ പ്രവര്‍ത്തനവും  ജനങ്ങളോടുള്ള അനീതിയും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണ്. ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിനെ തൊഴിച്ചു പുറത്താക്കാന്‍ പ്രധാന കാരണവും അത് തന്നെയായിരുന്നു. പൊതുപണം വളരെ ചെറിയ ഒരു വിഭാഗത്തിന്‍റെ കൈകളിലേക്ക് വലിച്ചെടുക്കപ്പെടുക എന്നതും അതിനെ ജനാധിപത്യ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുക എന്നുള്ളതും ആ ചൂഷണത്തിനു ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ കൂട്ട് നില്‍ക്കുക എന്നതും ജനാധിപത്യ വ്യവസ്ഥയ്ക്ക് അങ്ങേയറ്റം ലജ്ജാകരമാണ്.

പൊതുനന്മയാണ് ജനാധിപത്യത്തിന്റെ ആത്യന്തികമായ ലക്‌ഷ്യം. ധാരണാശക്തി തൃപ്തികരമായിരിക്കുകയും സ്വഭാവം മെച്ചപ്പെട്ടിരിക്കുകയും ചെയ്യുമ്പോൾ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ജനത ബോധവാൻമാരാകുന്നു. രാഷ്ട്രീയമായ വിവേകം ജനാധിപത്യത്തില്‍ പ്രഥമ സ്ഥാനത്താണ്. ആ വിവേകമാണ് പുതിയ തലമുറയെ സാംസ്കാരികപരമായും രാഷ്ട്രീയപരമായും നേര്‍വഴിക്ക് നടത്തുന്നത്.

മധ്യകാല യാഥാസ്ഥിതികത്വത്തിൽ നിന്ന് മുന്നോട്ടു പോകാത്ത പ്രതിലോമശക്തികൾ നിലനിൽക്കുക മാത്രമല്ല പെരുകിക്കൊണ്ടിരിക്കുന്ന സമയമാണിത്, മറ്റൊരു വശത്ത് യുവതലമുറ ദിനം പ്രതി അരാഷ്ട്രീയവല്ക്കരിച്ചു കൊണ്ടിരിക്കുന്നു. ഈ സമയത്ത് നിലനില്‍ക്കുന്ന ജനാധിപത്യത്തിന്‍റെ അന്തസ്സ് കാത്തു സൂക്ഷിക്കേണ്ട ചുമതല ഏറ്റവും കൂടുതല്‍ നിക്ഷിപ്തമായിരിക്കുന്നത് ഇടതുപക്ഷത്തിന്‍റെ തോളിലാണ്. ഇടതു പക്ഷത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും അവരുണ്ടാക്കിയ  ഗവൺമെനറും  അതിന്റെയെല്ലം സൂത്രധാരനായ കമ്യൂണിസ്റ്റ് പാര്‍ട്ടിയും വളരെ ക്രിയാതമകമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ വരും കാലങ്ങളില്‍ ജനാധിപത്യ മൂല്യങ്ങളെ  നൈതികമായി മുന്നോട്ട് കൊണ്ട് പോവാന്‍ കഴിയുകയുള്ളു. അഴിമതിയെ സംരക്ഷിച്ചു നിര്‍ത്തുന്ന കീഴ്വഴക്കം ഇടതു സര്‍ക്കാരുകളില്‍ ഇല്ല എന്നിരിക്കെ തന്നെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം എല്ലാ തരത്തിലുമുള്ള അഴിമതികളെ ലെജിറ്റമൈസ് ചെയ്തു കൊണ്ട് ഭരണം നടത്തിയവര്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കും മാതൃകയാക്കാവുന്ന ഒരു പ്രവൃത്തിതന്നെയാണ് ഇ പി ജയരാജന്‍റെ രാജിയിലൂടെ ഇടതുപക്ഷം മുന്നോട്ട് വച്ചത്.  ആ  ഒരു പ്രവൃത്തി വളരെ ചെറിയതായി തോന്നാമെങ്കിലും അത് മുന്നോട്ട് വച്ച ജനാധിപത്യ മൂല്യം വളരെ വലുതാണ്‌.

അതുകൊണ്ട് തന്നെ ഇപി ജയരാജന്‍റെ ഈ രാജി കേവലമായ ഒരു  രാജിമാത്രമല്ല അത് ജനാധിപത്യ സംവിധാനത്തെയും മൂല്യങ്ങളെയും  നേരെ നിര്‍ത്തുന ഒരു വലിയ ശരി കൂടിയാണ്.