ഡൽഹിയും പുനെയും ഇന്ന് നേർക്കുനേർ; മത്സരഫലം കേരളത്തിന് നിർണായകം

പോയിന്റ് പട്ടികയിൽ ഇനിയും താഴെ പോകാതിരിക്കാൻ വേണ്ടിയാണ് ഡൽഹിയും പുനെയും ജയം ആഗ്രഹിക്കുന്നതെങ്കിൽ ബ്ലാസ്റ്റേഴ്‌സും ചെന്നൈയിനും ഫലം ഉറ്റുനോക്കുന്നത് അവർ പിന്നിലാകുമോയെന്ന ആശങ്കയോടെയാണ്. കളി സമനിലയാകാൻ വേണ്ടിയാകും ബ്ലാസ്‌റ്റേഴ്‌സിന്റെയും ചെന്നൈയുടെയും പ്രർത്ഥന.

ഡൽഹിയും പുനെയും ഇന്ന് നേർക്കുനേർ;  മത്സരഫലം കേരളത്തിന് നിർണായകം

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നത്തെ മത്സരം ആറാം സ്ഥാനക്കാരായ ഡൽഹി ഡയനാമോസും ഏഴാം സ്ഥാനത്തുള്ള പുനെ സിറ്റിയും തമ്മിൽ. ഡൽഹിയുടെ ഹോം ഗ്രൗണ്ടായ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഇരുവർക്കും എന്നതു പോലെ കേരള ബ്ലാസ്‌റ്റേഴ്‌സിനും ചെന്നൈയിൻ എഫ്.സിക്കും കൂടി നിർണ്ണായകമാകും.
പോയിന്റ് പട്ടികയിൽ ഇനിയും താഴെ പോകാതിരിക്കാൻ വേണ്ടിയാണ് ഡൽഹിയും പുനെയും ജയം ആഗ്രഹിക്കുന്നതെങ്കിൽ ബ്ലാസ്റ്റേഴ്‌സും ചെന്നൈയിനും ഫലം ഉറ്റുനോക്കുന്നത് അവർ പിന്നിലാകുമോയെന്ന ആശങ്കയോടെയാണ്. കളി സമനിലയാകാൻ വേണ്ടിയാകും ബ്ലാസ്‌റ്റേഴ്‌സിന്റെയും ചെന്നൈയുടെയും പ്രർത്ഥന.

ഒരൊറ്റ ജയം കൊണ്ട് പോയിന്റ് പട്ടികയിൽ മുകളിലേക്ക് ഉയരാൻ കളിക്കുന്ന ഇരു ടീമുകൾക്കും അവസരവുമുണ്ട്. അഞ്ചു കളികളിൽ നിന്ന് ആറു പോയിന്റുള്ള ഡൽഹിയാണ് ജയിക്കുന്നതെങ്കിൽ ചെന്നൈയിൻ എഫ്.സിയെ മറികടന്ന് പട്ടികയിലെ നാലാം സ്ഥാനക്കാരാകാം. അഞ്ചു കളികളിൽ നിന്ന് എട്ടു പോയിന്റുമായാണ് ചെന്നൈ ഇപ്പോൾ നാലാം സ്ഥാനത്ത് നിൽക്കുന്നത്.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കാര്യമാണ് കൂടുതൽ പരിതാപകരം. ആരു ജയിച്ചാലും ബ്ലാസ്റ്റേഴ്‌സ് നില തെറ്റി താഴോട്ടു പോകുമെന്ന അവസ്ഥയിലാണ്. ഡൽഹി ജയിച്ചു മുന്നിൽ കയറിയാലും ആറു കളികളിൽ എട്ടു പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. മറിച്ച് അഞ്ചുകളികളിൽ നിന്നും അഞ്ചു പോയിന്റുള്ള പുനെ സിറ്റി ജയിച്ചാലും മഞ്ഞപ്പട ആറാം സ്ഥാനക്കാരാകും. ഒന്നിലേറെ ഗോളുകളുടെ വ്യത്യാസത്തിന് പൂനെ ജയിച്ചാൽ മാത്രമേ അവർക്ക് മുന്നേറാൻ സാധിക്കൂ എന്നതാണ് ഏക ആശ്വാസം. ഇന്നത്തെ കളി സമനിലയാകാൻ വേണ്ടിയുള്ള ആരാധകരുടെ പ്രാർത്ഥന ഫലിച്ചാൽ കേരളത്തിന്റെ സെമി സാദ്ധ്യതയേറും.
കഴിഞ്ഞ നാലു മത്സരങ്ങളിൽ വിജയം അറിയാത്ത ടീമാണ് ഡൽഹി ഡൈനാമോസ്. ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയെ 3-1 ന് തോൽപ്പിച്ച് തുടങ്ങിയ അവർ പിന്നെ ബ്‌ളാസ്റ്റേഴ്‌സിനോട് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. നോർത്ത് ഈസ്റ്റിനോടും മുംബൈ സിറ്റിയോടും സമനിലയിൽ പിരിഞ്ഞശേഷം കഴിഞ്ഞ കളിയിൽ അത്ലറ്റിക്കോ കൊൽക്കത്തയോട് തോൽക്കുകയും ചെയ്തു.
ഇത്തവണ ഗോവയോട് മാത്രമാണ് പൂനെ ജയിച്ചത്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയോട് തോറ്റ ശേഷമാണ് ഗോവയ്‌ക്കെതിരെ ജയം കണ്ടത്. തുടർന്ന് നോർത്ത് ഈസ്റ്റിനോട് തോറ്റു. കഴിഞ്ഞ മത്സരങ്ങളിൽ കേരള ബ്‌ളാസ്റ്റേഴ്‌സ്, ചെന്നൈയിൻ എന്നിവരോട് 1-1 എന്ന സ്‌കോറിന് സമനിലയിൽ പിരിഞ്ഞു.
ഡൽഹി ഡൈനാമോസും പൂനെ സിറ്റിയും തമ്മിൽ കഴിഞ്ഞ രണ്ട് സീസണുകളിലായി നാല് തവണ ഏറ്റുമുട്ടിയപ്പോൾ മൂന്ന് തവണയും ജയം ഡൽഹിക്കൊപ്പമായിരുന്നു. പൂനെയ്ക്ക് ഒരു തവണ പോലും ജയം നേടാൻ കഴിയാതെ വന്നപ്പോൾ ഒരു കളി ഗോൾ രഹിത സമനിലയിലായി. കണക്കുകൾക്ക് കാൽപ്പന്തുകളിയിൽ കാര്യമില്ല. വൈകീട്ട് ഏഴിന് നടക്കുന്ന മത്സരത്തിൽ തീപാറുമെന്ന് പ്രതീക്ഷിക്കാം.

Read More >>