പ്ലീസ്, ഡ്രൈവിനു കേള്‍വി വേണമെന്നു സോഫിയയോട് പറയരുത്!

കേള്‍വി കുറഞ്ഞവര്‍ക്കും ഡ്രൈവിങ്ങ് ലൈസന്‍സ് നല്‍കാമെന്ന് കേന്ദ്രം തീരുമാനിച്ചു. എന്നാല്‍ കേള്‍വിയില്ലാത്ത 'സൂപ്പര്‍ മോഡല്‍' സോഫിയയും അവളുടെ അനുജനും റോഡിലൂടെ ബുള്ളറ്റിലും കാറിലും കുതിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി- ലൈസന്‍സോടെ തന്നെ!

പ്ലീസ്, ഡ്രൈവിനു കേള്‍വി വേണമെന്നു സോഫിയയോട് പറയരുത്!


'നിങ്ങളൊരു അച്ഛനാണോ... മനുഷ്യനാണോ.. സ്വന്തം മകളെ കൊലയ്ക്കു കൊടുക്കാന്‍ പോകുന്നോ?'മകള്‍ക്ക് ലൈസന്‍സ് വേണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ചെന്ന കൊച്ചി എരൂര്‍ സ്വദേശി ജോസഫ് ഫ്രാങ്കിനോട് ഓഫീസര്‍ കലിതുള്ളി. പിന്നെയും ചെന്നപ്പോള്‍ ഉപദേശിച്ചു-
'നമുക്ക് കേള്‍വിയുണ്ടായിട്ടു തന്നെ ഡ്രൈവിങ്ങ് എന്തു പാടാണ്... അപ്പോള്‍ ഈ കുട്ടിക്കോ'അവര്‍ പറയുന്നത് തന്റെ മകളെ അറിയാഞ്ഞിട്ടാണെന്നു ജോസഫിന് അറിയാമായിരുന്നു. കുഞ്ഞിക്കാലം മുതലേ ബുള്ളറ്റോടിക്കുന്ന മകള്‍ക്ക് കേള്‍വിശക്തിയില്ലെന്ന പേരില്‍ ഡ്രൈവിങ്ങ് ലെസന്‍സ് നല്‍കില്ലെന്നു പറയുന്നത് അനീതിയാണ്. അത് അവളോട് മാത്രമുള്ള അനീതിയല്ല- കേള്‍ക്കാനാവാത്ത... അതിനാല്‍ മിണ്ടാനാവാത്ത അനേകരോടുള്ള അവഗണന. ജോസഫ് പോരാടാന്‍ തന്നെയുറച്ചു; സോഫിയയ്ക്ക് വേണ്ടി.


10251936_1485266201687083_1747912617869603002_nഇത് സോഫിയ. കേള്‍ക്കുകകയും പറയുകയുമില്ല. അവളുടെ അനുജന്‍ റിച്ചാര്‍ഡും അതേപോലെ തന്നെ. രണ്ടു വയസിന്റെ വ്യത്യാസത്തില്‍ പിറന്നു വീണ രണ്ടുമക്കളും മിണ്ടുകയോ പറയുകയോ ഇല്ലെന്ന സങ്കടമൊക്കെ എന്നേ പോയതാണ്. സ്‌പെഷ്യല്‍ ചൈല്‍ഡാണവര്‍. മറ്റുള്ളവരില്‍ നിന്ന് ഏറെ വ്യത്യാസമുള്ള കുട്ടികള്‍. ആ വ്യത്യസ്തതയെ അവര്‍ അംഗീകരിക്കുകയായിരുന്നു, ജീവിതത്തിലെ ഓരോ നിമിഷവും. ആരും പഠിപ്പിച്ചിട്ടല്ല സോഫിയ റൈഡിങ്ങ് പഠിച്ചത്. പപ്പയുടെ ബുള്ളറ്റില്‍ സ്‌കൂള്‍ പ്രായത്തിലെ റൈഡിങ്ങ് പഠിച്ചു അവള്‍. ചേച്ചി കാണിക്കുന്നതു കണ്ട് റിച്ചാര്‍ഡും പഠിച്ചു.


കുട്ടിക്കാലത്ത് പെയിന്റിങ്ങും ആഭരണങ്ങളുണ്ടാക്കലുമായിരുന്നു അവള്‍ക്ക് കമ്പം. വലുതായപ്പോള്‍ സ്‌പോര്‍ട്ട്‌സിലായി താല്‍പ്പര്യം. ഷോട്ട് പുട്ട് പൂ പോലെ അവള്‍ എടുത്തറിഞ്ഞു. സ്പെഷ്യല്‍ സ്‌കൂള്‍ കായിക മേളയില്‍ അവള്‍ കേരളത്തെ പ്രതിനിധീകരിച്ചു. അവളെറിഞ്ഞ എട്ടുമീറ്റര്‍ ദേശീയ റെക്കോര്‍ഡ് ആര്‍ക്കും ഇനിയും ഭേദിക്കാനായിട്ടില്ല- ബധിര മൂക വിഭാഗത്തില്‍ ഷോട്ട്‌പുട്ടില്‍ ദേശീയ ചാമ്പ്യയാണ് സോഫിയ.


പിന്നീടവള്‍ക്ക് ഡാന്‍സിനോടും മോഡലിങ്ങിനോടുമായി താല്‍പ്പര്യം. അമൃത ടിവിയുടെ ഹിറ്റ് റിയാലിറ്റി ഷോയായിരുന്ന സൂപ്പര്‍ മോഡലില്‍ ഒന്നാമതെത്തി. മിസ് ഇന്ത്യ പാര്‍വ്വതി ഓമനക്കുട്ടന്‍ അവളെ സൗന്ദര്യകിരീടം ചൂടിച്ചു. പിന്നീട് റാമ്പിലായി സോഫിയ. മിസ് ഡഫ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. സൗന്ദര്യ മത്സരങ്ങളിലും ഫാഷന്‍ റാമ്പിലും സോഫിയ ഉറച്ച ചുവടുകള്‍ വച്ച് ചങ്കുവിരിച്ച് ലോകത്തെ തലയുയര്‍ത്തി നോക്കി - ആ മിടുക്കിക്കാണ് കേള്‍വിയില്ലെന്ന പേരില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് നല്‍കില്ലെന്ന് അധികൃതര്‍ പറഞ്ഞത്.1003034_1407441239469580_2021727241_n


കേസ് കൊടുത്ത് പൊരുതാനാണ് ആദ്യം ജോസഫ് തീരുമാനിച്ചത്. കേസുമായി പോയാല്‍ ജയിച്ചു വരാന്‍ വൈകും. പതിനെട്ടു തികഞ്ഞാല്‍ അവള്‍ക്ക് ലൈസന്‍സ് എടുക്കണമെന്ന മോഹം മുടങ്ങും. പിന്നെ വഴിയന്വേഷിച്ചു ചെന്നപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഒരു വിധി കിട്ടി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സോഫിയയുടെ കേള്‍വി ശക്തി പരിശോധിച്ചു. അവരും സഹായകരമായ നിലപാടെടുത്തു. സോഫിയയ്ക്ക് ലൈസന്‍സ് കിട്ടി. അതേ മാര്‍ഗ്ഗത്തില്‍ തന്നെ മകന് പതിനെട്ടു തികഞ്ഞ് ആദ്യ മാസം തന്നെ ലൈസന്‍സ് എടുത്തു.
[caption id="attachment_54801" align="alignleft" width="400"]1376526_1426004724279898_472203897_n ജോസഫ്, ഗൊരോത്തി, സോഫിയ, റിച്ചാര്‍ഡ്[/caption]

ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ മൂന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിനിയാണ് സോഫിയ. അവള്‍ക്ക് സ്വന്തമായി സ്‌കൂട്ടറുണ്ട്. അതിലാണ് യാത്ര. ചിലപ്പോള്‍ ബുള്ളറ്റിലാകും. അല്ലെങ്കില്‍ കാറെടുത്തു പോകും. അനുജനെ ഡ്രൈവിങ്ങ് പഠിപ്പിച്ചതും സോഫിയയാണ്. മൂന്നാറിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കും വയനാട്ടിലേയ്ക്കുമെല്ലാം സോഫിയയും റിച്ചാര്‍ഡും അപ്പനും അമ്മ ഗൊരോത്തിയുമായി കാറോടിക്കും.
'റിച്ചാര്‍ഡിന് റേസ് ഡ്രൈവറാകണമെന്നാണ് മോഹം. അവനിപ്പോ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കുകയാണ്. കുട്ടികളാണ് കാറോടിക്കുന്നതെങ്കില്‍, സമാധാനമായി ചാരിക്കിടന്ന് ഞാനുറങ്ങും. റിയര്‍ വ്യു മിറര്‍ അവര്‍ അത്ര നന്നായി ഉപയോഗിക്കും. ഹോണടിച്ച് മറ്റുള്ളവരെ ശല്യം ചെയ്യുകയുമില്ല'1375059_704262179602255_2006372483_nഇത് സോഫിയയുടേയും റിച്ചാര്‍ഡിന്റേയും മാത്രം അനുഭവമായിരിക്കാം ഇപ്പോള്‍. കേള്‍വിയില്ലാത്തവര്‍ക്ക് ടൂവീലറിലും ഫോര്‍വീലറിലും ദൂരങ്ങളെ അടുത്താക്കാം. കേള്‍ക്കാത്തവരെന്ന നിലയില്‍ റോഡില്‍ നിന്ന് അകറ്റി നിര്‍ത്തിയ ഇന്ത്യയിലെ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ചക്രസ്വാതന്ത്ര്യം കിട്ടുകയാണ്, കേള്‍വിയില്ലാത്തവര്‍ക്കും ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിക്കുന്നതിലൂടെ. റിയര്‍ വ്യൂ മിറര്‍ ഉള്ളപ്പോള്‍ എന്തിനാണ് കേള്‍വി, എന്ന ചോദ്യമാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത്.


ഡ്രൈവിങ്ങ് ലൈസന്‍സ് നല്‍കുമ്പോള്‍ പ്രത്യേക ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും വേണമെങ്കില്‍ കേള്‍വി കുറവാണെന്ന സൂചന വാഹനത്തില്‍ പ്രദര്‍ശിപ്പിക്കാമെന്നും ഗതാഗത മന്ത്രാലയം സംസ്ഥാനസര്‍ക്കാരിന് അയച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു. സോഫിയയോ റിച്ചാര്‍ഡോ ആ സൂചന വാഹനത്തില്‍ പതിക്കാന്‍ ഉദ്ദേശിക്കുന്നില്ല- അതിനവരുടെ മാതാപിതാക്കള്‍ സമ്മതിക്കില്ല. ആരെക്കാളും മികച്ച ഡ്രൈവിങ്ങാണ് മക്കളുടേതെന്ന് അവരുടെ ഡ്രൈവിന്റെ സുഖമറിഞ്ഞ ജോസഫും ഗൊരോത്തിയും പറയുന്നു.


സോഫിയയുടെ ഡ്രൈവിങ്ങ് ക്രേസ് എത്രമാത്രമെന്നറിയാന്‍, ഇതുകൂടി പറയാതിരിക്കാനാവില്ല. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമകളിലൂടെ റേസ്‌പ്രേമികളുടെ സിരകളിലെ സൂപ്പര്‍സ്റ്റാര്‍ ആയ പോള്‍ വാക്കര്‍, കാറപകടത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ സോഫിയ അവളുടെ ഫേസ്ബുക്ക് പേജില്‍ 2013 ഡിസംബര്‍ ഒന്നിന് കുറിച്ചു:
'He is my sweet heart.
i can not waiting for him..
kill me.. i want him
i m very very trouble n crying a lot...
i love him very much more...'