മിയാന്‍ദാദിനെതിരെ മിണ്ടിയാല്‍ വിവരമറിയുമെന്ന് അഫ്രീദിക്ക് ദാവൂദിന്റെ ഭീഷണി

പാക് ക്രിക്കറ്റിലെ മുന്‍ ക്യാപ്റ്റന്‍മാരുടെ വാക്പോരിന് ചൂടും ചൂരും പകര്‍ന്ന് അധോലോക നായകന്റെ ഭീഷണി സന്ദേശം.

മിയാന്‍ദാദിനെതിരെ മിണ്ടിയാല്‍ വിവരമറിയുമെന്ന് അഫ്രീദിക്ക് ദാവൂദിന്റെ ഭീഷണിമുന്‍ പാക് ക്രിക്കറ്റ് താരങ്ങളായ മിയാന്‍ദാദ്-  ഷാഹിദ് അഫ്രിദി വാക്പോരിന് ഫുള്‍സ്റ്റോപ്പിട്ട് അധോലോക നായകന്‍ ദാവുദ് ഇബ്രാഹിം.

പാക് ക്രിക്കറ്റിലെ മുന്‍ ക്യാപ്റ്റന്‍മാരുടെ വാക്പോരിന് ചൂടും ചൂരും പകര്‍ന്ന് അധോലോക നായകന്റെ ഭീഷണി സന്ദേശം. മുന്‍ നായകന്‍ ഷാഹിദ് അഫ്രിദിക്കാണ് ഇന്ത്യ തേടുന്ന കൊടുംകുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ ഭീഷണി സന്ദേശം ലഭിച്ചത്.


ഒത്തുകളിച്ച് പാക് ക്രിക്കറ്റിനെ അഫ്രീദി നശിപ്പിച്ചുവെന്നും പണത്തിന് വേണ്ടിയാണ് താരം വിടവാങ്ങള്‍ മല്‍സരം പോലും കളിച്ചതെന്നുമൊക്കെയുള്ള മിയാന്‍ദാദിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അഫ്രീദി രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍  പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ അഫ്രീദി ഈ ലോകത്ത് മിയാന്‍ദാദിന് മറ്റെന്തിനേക്കാളും വലുത് പണമാണെന്നും ആരോപിച്ചിരുന്നു.

താരങ്ങള്‍ തമ്മിലുള്ള വാക്പോര്‍ രൂക്ഷമായ ഘട്ടത്തിലാണ് തന്റെ മരുമകന്റെ അച്ഛനായ മിയാന്‍ദാദിന്റെ രക്ഷയ്ക്കായി അധോലോക നായകന്‍ ദാവുദ് ഇബ്രാഹിം എത്തിയിരിക്കുന്നത്.

മിയാന്‍ദാദിനെതിരെ ഇനി മിണ്ടരുതെന്നും, വായടച്ചില്ലെങ്കില്‍ വിവരമറിയുമെന്നുമുള്ള സന്ദേശം ദാവൂദ് അഫ്രീദിക്ക് കൈമാറി കഴിഞ്ഞുവെന്നാണ് വിവരം. രണ്ടു ദിവസം മുമ്പാണ് ദാവൂദിന്റെ സന്ദേശം അഫ്രിദിക്ക് ലഭിച്ചതെന്ന് പ്രമുഖ ടിവി ചാനലായ എബിപി ലൈവ് റിപ്പോര്‍ട്ട് ചെയ്‌തത്.ഒക്ടോബര്‍ 12ന് ദാവുദ് അഫ്രീദിയെ നേരിട്ട് ഫോണില്‍ വിളിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട് പാക് മുന്‍ താരങ്ങളായ വസിം അക്രം, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ ഇടപ്പെട്ട് പ്രശ്നം ഒത്തുതീര്‍പ്പാക്കിയെന്നാണ് വിവരം.

ഏതായാലും പൊതുവേദികളില്‍ മിയാന്‍ദാദിനെതിരെ ആഞ്ഞടിച്ചിരുന്ന അഫ്രിദി, ദാവൂദിന്റെ സന്ദേശത്തിന് ശേഷം വാ തുറന്നിട്ടില്ലെന്നാണ് പാക് മാധ്യമങ്ങളും സമ്മതിക്കുന്നത്.

Read More >>