ആമിര്‍ ഖാന്‍റെ ഏറ്റവും പുതിയ ചിത്രം 'ദംഗലി'ന്‍റെ ട്രെയിലര്‍ കാണാം

ഗുസ്തി താരം മഹാവീര്‍ സിംഗ് ഫോഗാട്ടിന്‍റെയും മക്കളായ ഗീത ഫാഗോട്ടിന്റെയും ബബിത ഫോഗാട്ടിന്റെയും യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സ്വയം കൈവരിയ്ക്കാന്‍ കഴിയാതെപോയ ഉയരങ്ങള്‍ സ്വന്തം പെണ്മക്കളിലൂടെ നേടിയെടുക്കുന്ന അച്ഛന്റെ കഥയാണ്

ആമിര്‍ ഖാന്‍റെ ഏറ്റവും പുതിയ ചിത്രം

വന്‍ വിജയമായി മാറിയ പികെയ്ക്ക് ശേഷം കാത്തിരുന്ന ആമിര്‍ ഖാന്‍റെ ഏറ്റവും പുതിയ ചിത്രം 'ദംഗലി'ന്‍റെ ഔദ്യോഗിക ട്രെയിലര്‍ പുറത്ത്. ഗുസ്തി താരം മഹാവീര്‍ സിംഗ് ഫോഗാട്ടിന്‍റെയും മക്കളായ ഗീത ഫാഗോട്ടിന്റെയും ബബിത ഫോഗാട്ടിന്റെയും യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് നിതീഷ് തിവാരിയാണ്. മികച്ച പ്രതികരണമാണ് ട്രെയിലറിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

സ്വയം കൈവരിയ്ക്കാന്‍ കഴിയാതെപോയ ഉയരങ്ങള്‍ സ്വന്തം പെണ്മക്കളിലൂടെ നേടിയെടുക്കുന്ന അച്ഛന്റെ കഥയാണ് ദംഗല്‍ എന്ന് ട്രെയിലറിലൂടെ മനസ്സിലാക്കാം. ചിത്രത്തിന് വേണ്ടി ആമിര്‍ 22 കിലോയോളം ശരീരഭാരം വര്‍ദ്ധിപ്പിച്ചതും മറ്റും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. മഹാവീര്‍ സിംഗ് ഫോഗാട്ടിന്‍റെ കഥ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കായികജീവിതത്തെയും വ്യക്തിജീവിതത്തെയും മാത്രം ആധാരമാക്കിയുള്ള കഥ എന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍, അതിനുമപ്പുറത്തേയ്ക്ക് ചിത്രം അദ്ദേഹത്തിന്‍റെ പെണ്മക്കള്‍ക്ക് ഊന്നല്‍ കൊടുത്തിരിക്കുന്ന സ്ത്രീ കേന്ദ്രീകൃത സിനിമ എന്ന് തന്നെ പറയാം.


ഫാത്തിമാ ഷെയ്ഖും സന്യാ മല്‍ഹോത്രയുമാണ് ആമിര്‍ഖാന്റെ മക്കളായി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും ഡിസ്നി സിനിമാസും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് നിതീഷ് തിവാരിയും ശ്രേയസ് ജെയിനും പിയുഷ് ഗുപ്തയും ചേര്‍ന്നാണ്. ചിത്രം ഡിസംബര്‍ 23ന് തീയറ്ററുകളില്‍ എത്തുന്നു.