തീണ്ടൽ നാടുനീങ്ങിയെന്ന് ആരു പറഞ്ഞു? നാട്ടുകവലയിൽ അടുത്തിരുന്നതിന് അഞ്ചലിൽ ദളിത് യുവാവിനെ ആക്രമിച്ചത് സിപിഐഎം പ്രവർത്തകൻ!

ഒരു ദളിത് യുവാവിന്റെ കൈവിരലുകള്‍ അറ്റുപോകുന്ന തരത്തില്‍ മുറിവേറ്റിട്ടും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചിട്ട് പത്തു ദിവസങ്ങള്‍ പിന്നിട്ടിട്ടും 324 വകുപ്പ് പ്രകാരം മാത്രമാണ് കേസെടുത്തത്.

തീണ്ടൽ നാടുനീങ്ങിയെന്ന് ആരു പറഞ്ഞു? നാട്ടുകവലയിൽ അടുത്തിരുന്നതിന് അഞ്ചലിൽ ദളിത് യുവാവിനെ ആക്രമിച്ചത് സിപിഐഎം പ്രവർത്തകൻ!

കൊല്ലം: അടുത്തിരുന്നതിന് ദളിത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചെന്നും ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും പരാതി.  കഴിഞ്ഞ നാലാം തിയതിയാണ് അഞ്ചല്‍ മൈലക്കോണം പുതിയവയല്‍ വീട്ടില്‍ മനോജി(28)നെ അയല്‍വാസിയായ സുബൈര്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കൈയ്ക്ക് മുറിവേറ്റ മനോജ് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സ നേടിയിരുന്നു. സിപിഐഎം പ്രവർത്തകനാണ് സുബൈർ എന്ന് മനോജ് പറഞ്ഞു.


അഞ്ചൽപോലീസിൽ പരാതി നൽകിയെങ്കിലും തുടർ നടപടി ഒന്നുമുണ്ടായില്ലെന്നും  സുബൈറിനെ രക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നും മനോജ് പറഞ്ഞു.  ഒരു ദളിത് യുവാവിന്റെ കൈവിരലുകള്‍ അറ്റുപോകുന്ന തരത്തില്‍ മുറിവേറ്റിട്ടും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചിട്ട് പത്തു ദിവസങ്ങള്‍ പിന്നിട്ടിട്ടും 324 വകുപ്പ് പ്രകാരം മാത്രമാണ് കേസെടുത്തത്. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനും ദളിത് പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും മനോജ് നാരദ ന്യൂസിനോട് പറഞ്ഞു.

സംഭവത്തെക്കുറിച്ച് മനോജ് പറയുന്നതിങ്ങനെ
''ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. മൈലക്കോണം എന്ന സ്ഥലത്തെ കടയില്‍ നിന്ന് റീച്ചാര്‍ജ് കൂപ്പണ്‍ വാങ്ങിയ ശേഷം കടയുടെ അരികിൽ കിടന്ന പോസ്റ്റില്‍ ഇരുന്നു. കൂപ്പണ്‍ ചുരണ്ടി ചാര്‍ജ് ചെയ്‌തോണ്ടിരുന്നപ്പോഴാണ് അതേ പോസ്റ്റില്‍ ഇരുന്ന സുബൈര്‍ എന്നയാള്‍ എണീറ്റു പോടാ എന്ന് പറഞ്ഞത് തെറിവിളിച്ചത്. അതെന്താ എനിക്കിവിടെ ഇരുന്നാല്‍ എന്നു ചോദിച്ചപ്പോള്‍ അയാള്‍ ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ചു. ' കണ്ട കുറവാമൂളികള്‍ക്കിരിക്കാനുള്ള' സ്ഥലമല്ലെന്നും വേണെങ്കില്‍ വീട്ടിപ്പോയിരിക്കടെ എന്നും പറഞ്ഞു. ഞാനിവിടെ ഇരിക്കുമെന്ന് പറഞ്ഞപ്പോള്‍ നിന്നെയൊക്കെ വളര്‍ത്തുന്നത് ഞങ്ങളാടാ എന്ന് പറഞ്ഞു. നിങ്ങളാരും ഞങ്ങളെ വളര്‍ത്തണ്ടാ, ഞങ്ങള് തന്നെ വളര്‍ന്നതാണെന്ന് പറഞ്ഞതോടെ അയാള്‍ ദേഷ്യപ്പെട്ട് എങ്ങോട്ടോ പോയി. ഞാന്‍ കുറച്ച് കഴിഞ്ഞ് വീട്ടിലേക്ക് പോന്നു. കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ അയാളോടിവന്ന് ഇറച്ചി വെട്ടുന്ന കത്തികൊണ്ട് എന്റെ കഴുത്തിന് വെട്ടി. പെട്ടന്ന് തടഞ്ഞതുകൊണ്ട് എന്റെ കൈയ്ക്കാണ് വെട്ടുകിട്ടിയത്. വെട്ടുകൊണ്ട കൈയുമായി ഞാന് വീട്ടിലേക്ക് ഓടി. വീട്ടുകാരെന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് കൊണ്ടു പോയത്. അവിടെ ചെന്നപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകാന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വെച്ച് എന്റെ കൈയ്ക്ക് ഓപ്പറേഷേന്‍ ചെയ്തു. വിരലിലേക്ക് പോയ ഞരമ്പുകളെല്ലാം മുറിഞ്ഞുവെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഓപ്പറേഷന് ശേഷം താലൂക്ക് ആശുപത്രിയില്‍ നാലുദിവസം കിടന്നു''


'ആറുമാസത്തേക്ക് കൈ അനക്കരുതെന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്. മേസ്തിരിപ്പണിക്ക് പോയിട്ടാണ് ജീവിക്കുന്നത്. നാലര വയസുള്ള മോനും ഭാര്യയും അമ്മയുമാണ് വീട്ടിലുള്ളത്. ഭാര്യയ്ക്ക് ജോലിയൊന്നുമില്ല. പരാതികൊടുത്തിട്ടും പോലീസ് നടപടിയെടുത്തിട്ടില്ല. ആശുപത്രിയില്‍ നിന്ന് വന്നതിന് പിറ്റേദിവസം പൊലീസുകാര് സ്റ്റേഷനില്‍ ചെല്ലാന്‍ പറഞ്ഞു. അതല്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാനോ നടപടിയെടുക്കാനോ പൊലീസ് ശ്രമിച്ചിട്ടില്ല'

സംഭവം നടന്നതിന്റെ അന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു എന്ന്  അഞ്ചല്‍ സ്റ്റേഷനിലെ എസ്‌ഐ പി ഐ മുബാറഖ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മനോജിനെ ചികിത്സിച്ച ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മുബാറഖ് പറഞ്ഞു.

Read More >>