അടുത്തിരുന്നതിന് ദളിത് യുവാവിനെ ഇറച്ചിക്കത്തിക്ക് വെട്ടിയിട്ടും പൊലീസിന് കുലുക്കമില്ല; അനാസ്ഥ സംഭവിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിക്കാമെന്ന് റൂറല്‍ എസ്‌പി

കൊലപാതക ശ്രമവവും ജാതി അധിക്ഷേപവും ഒഴിവാക്കി കുറ്റപത്രം തയ്യാറാക്കാനാണ് അഞ്ചല്‍ പൊലീസ് ശ്രമിക്കുന്നത്. വെട്ടേറ്റ യുവാവ് മദ്യപിച്ചിരുന്നതായും അയാളുടെ മുറിവ് മാരകമല്ലെന്നുമാണ് പൊലീസ് നിലപാട്.

അടുത്തിരുന്നതിന് ദളിത് യുവാവിനെ ഇറച്ചിക്കത്തിക്ക് വെട്ടിയിട്ടും പൊലീസിന് കുലുക്കമില്ല; അനാസ്ഥ സംഭവിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിക്കാമെന്ന് റൂറല്‍ എസ്‌പി

കൊച്ചി: അടുത്തിരുന്നതിന് ദളിത് യുവാവിനെ ഇറച്ചിക്കത്തിക്ക് വെട്ടിയിട്ടും പൊലീസിന് കുലുക്കമില്ല. പൊലീസ് അനാസ്ഥ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ ഡിസിപി അന്വേഷണം നടത്തുമെന്ന് കൊല്ലം റൂറല്‍ എസ്. പി.  അജിത ബീഗം നാരദ ന്യൂസിനോട് പറഞ്ഞു. അങ്ങനെയൊരു സംഭവം ഇന്നാണ് തന്റെ ശ്രദ്ധയില്‍ പെട്ടത്. നിജസ്ഥിതിയെക്കുറിച്ച് അന്വേഷണം നടത്തും, വിഷയത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു.


സംഭവം നടന്ന് 12 ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വെട്ടേറ്റ മനോജ് നാളെ റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കാനിരിക്കെയാണ് അജിതാ ബീഗത്തിന്റെ പ്രതികരണം. അതേ സമയം കൊലപാതക ശ്രമവവും ജാതി അധിക്ഷേപവും ഒഴിവാക്കി കുറ്റപത്രം തയ്യാറാക്കാനാണ് അഞ്ചല്‍ പൊലീസ് ശ്രമിക്കുന്നത്. വെട്ടേറ്റ യുവാവ് മദ്യപിച്ചിരുന്നതായും അയാളുടെ മുറിവ് മാരകമല്ലെന്നുമാണ് പൊലീസ് നിലപാട്.

തീണ്ടൽ നാടുനീങ്ങിയെന്ന് ആരു പറഞ്ഞു? നാട്ടുകവലയിൽ അടുത്തിരുന്നതിന് അഞ്ചലിൽ ദളിത് യുവാവിനെ ആക്രമിച്ചത് സിപിഐഎം പ്രവർത്തകൻ!


കഴിഞ്ഞ നാലാം തിയതിയാണ് അഞ്ചല്‍ മൈലക്കോണം പുതിയവയല്‍ വീട്ടില്‍ മനോജി(28)നെ അയല്‍വാസിയായ സുബൈര്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വഴിയരുകിലെ പോസ്റ്റില്‍ ഇരുന്നതിന്റെ പേരിലായിരുന്ന ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. സുബൈര്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നും വീട്ടിലേക്ക് പോകുന്ന വഴി ഇറച്ചിക്കത്തിക്ക് വെട്ടിയെന്നും കാണിച്ച് മനോജ് അഞ്ചല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മുറിവേറ്റ മനോജ് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പരാതിയിന്മേല്‍ കേസെടുത്ത പൊലീസ് സുബൈറിനെതിരെ 324 വകുപ്പ് മാത്രമാണ് ചുമത്തിയത്. കൊലപാതക ശ്രമവും ദളിത് പീഡന നിരോധന നിയമവും ചേര്‍ക്കാതെ പൊലീസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് മനോജ് ആരോപിച്ചു.

എന്നാല്‍ പരാതിയിലും മൊഴിയിലും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് പരാമര്‍ശങ്ങളൊന്നുമില്ലെന്ന് അഞ്ചല്‍ സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ് ഐ മുബാറഖ് പറഞ്ഞു. മനോജിനെ ചികിത്സിച്ച ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം മറ്റു വകുപ്പുകള്‍ ചേര്‍ക്കും. പ്രതിയും വാദിയും തമ്മില്‍ മദ്യപിച്ച് വാക്കേറ്റമുണ്ടായതാണെന്നും മുബാറഖ് പറഞ്ഞു.

മനോജിന്റെ മുറിവ് ആഴമേറിയതായതിനാലാണ് താലൂക്ക് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതെന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് നാരദ ന്യൂസിനോട് പറഞ്ഞു. രാത്രിയാണ് മനോജ് ചികിത്സ തേടിയെത്തിയത്. അടിപിടിക്കേസാണെന്ന് പൊലീസ് പറഞ്ഞത്. കൈപ്പത്തിയിലെ മുറിവില്‍ നിന്ന് വളരെയേറെ രക്തം പോയിരുന്നു. സര്‍ജറിക്കുള്ള സൗകര്യം താലൂക്ക് ആശുപത്രിയില്ലാത്തതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി തിരുവനന്തപുരത്തേക്ക് റഫര്‍ ചെയ്തുവെന്നും രാജീവ് പറഞ്ഞു.Read More >>