പാക് ഭരണകൂടവും സൈന്യവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന് രാജ്യം വിടുന്നതില്‍ നിന്നും വിലക്ക്

പാക് സൈന്യം ഭീകര സംഘടനകള്‍ക്ക് രഹസ്യ പിന്തുണ നല്‍കുന്നുവെന്നും ഇതേച്ചൊല്ലി സര്‍ക്കാരും സൈന്യവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തുവെന്നുമാണ് സിറില്‍ തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തത്

പാക് ഭരണകൂടവും സൈന്യവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന് രാജ്യം വിടുന്നതില്‍ നിന്നും വിലക്ക്

പാക് ഭരണകൂടവും സൈന്യ നേതൃത്വവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന് രാജ്യം വിടുന്നതില്‍ നിന്നും വിലക്ക്.പാക്കിസ്ഥാനിലെ  പ്രമുഖ പത്രമായ 'ഡോണി'ലെ അസ്സിസ്റ്റന്റ് എഡിറ്ററായ സിറില്‍ അല്‍മെയ്ഡക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാക് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് പ്രകാരം രാജ്യം വിടുന്നതില്‍ നിന്നും വിലക്കപ്പെടുന്നവരുടെ പട്ടികയായ 'എക്സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റി'ല്‍ തന്‍റെ പേര് ഉള്‍പ്പെടുത്തിയതായി സിറില്‍ തന്നെയാണ് തന്‍റെ ട്വിറ്റര്‍ പേജിലൂടെ ജനങ്ങളെ അറിയിച്ചിരിക്കുന്നത്.
പാക് സൈന്യം ഭീകര സംഘടനകള്‍ക്ക് രഹസ്യ പിന്തുണ നല്‍കുന്നുവെന്നും ഇതേച്ചൊല്ലി സര്‍ക്കാരും സൈന്യവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തുവെന്നുമാണ് സിറില്‍ തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്താങ്ങുന്നത് മൂലമാണ്  അന്താരാഷ്‌ട്ര വേദികളില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നതെന്നും,  പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രഹസ്യ യോഗത്തില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവനും മന്ത്രിമാരുമായി കടുത്ത വാക്ക് തര്‍ക്കമുണ്ടായാതായും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്.

റിപ്പോര്‍ട്ട് വിവാദമായതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. വാര്‍ത്ത കെട്ടിചമച്ചതാണെന്നും, വാര്‍ത്തയുടെ ലേഖകനെതിരെയും പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെയും കടുത്ത ശിക്ഷാനടപടികള്‍ എടുക്കുമെന്നും  നവാസ് ഷെരീഫ് വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണ് സിറില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ഇതിനാലാണ് അദ്ദേഹത്തെ രാജ്യം വിടുന്നതില്‍ നിന്നും വിലക്കേണ്ടി വന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.