തെറിയുടെ രാഷ്ട്രീയവും സൈബറിടങ്ങളില്‍ തെറിവിളിക്കുന്നവരുടെ മാനസികനിലയും

വെര്‍ബല്‍ റെയ്പിനിരയായി നിരവധി സ്ത്രീകളാണ് ഫെയ്സ്ബുക്ക് പോലുള്ള നവമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നത്.

തെറിയുടെ രാഷ്ട്രീയവും സൈബറിടങ്ങളില്‍ തെറിവിളിക്കുന്നവരുടെ മാനസികനിലയും

ലീന മേഴ്സി

നവമാധ്യമങ്ങള്‍ വന്നതോടെ പൊതുവിടങ്ങളില്‍ തെറിവിളിച്ച് ആനന്ദം കൊള്ളുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. സൈബര്‍ നിയമങ്ങളൊന്നും ശരിയായ വിധത്തില്‍ പ്രയോഗിക്കപ്പെടാത്തിടത്ത് ഇക്കൂട്ടരുടെ അഴിഞ്ഞാട്ടം തന്നെയാണ് നടക്കുന്നത്. വെര്‍ബല്‍ റെയ്പിനിരയായി നിരവധി സ്ത്രീകളാണ് ഫെയ്സ്ബുക്ക് പോലുള്ള നവമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നത്.

രോഷം പ്രകടിപ്പിക്കാന്‍ നവമാധ്യമങ്ങളില്‍ തെറി വിളിക്കുന്ന മലയാളി സംസ്‌ക്കാരത്തിന് സോഷ്യല്‍ മീഡിയയോളം തന്നെ പഴക്കമുണ്ട്. ആരാണെന്നോ എന്താണ് വിഷയമെന്നോ നോക്കാതെയാണ് പലരും ചീത്തവിളിക്കുന്നത്. ഷറപ്പോവയെ  മുതല്‍ പമേലയെ  വരെ , ദുല്‍ക്കര്‍ ആണ് മമ്മുട്ടിയിലും  മിടുക്കന്‍  എന്ന് പറഞ്ഞ രാം ഗോപാല്‍ വര്‍മ്മയെ  മുതല്‍ ഇന്നലെ പുലിമുരുകനെ വിമര്‍ശിച്ചെഴുതിയ വീട്ടമ്മയെ വരെ- ഇങ്ങനെ പരന്നു കിടക്കും തെറിവിളി കേട്ടവരുടെ ലിസ്റ്റ്. സച്ചിന്‍ തെണ്ടുല്‍ക്കറെ  അറിയില്ല എന്ന 'കുറ്റ'ത്തിനാണ് ടെന്നീസ് താരം ഷറപ്പോവ മലയാളത്തിലടക്കം ചീത്തവിളി കേട്ടത്. ഷറപ്പോവക്ക് മനസിലാകാത്ത ഭാഷയില്‍ ചീത്ത വിളിച്ച് ആനന്ദം കണ്ടെത്തുന്ന മനോരോഗമുള്ള കുറേയാളുകളെയാണ് അന്ന് നവമാധ്യമങ്ങളില്‍ കണ്ടത്. അന്നാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ കുറെ ചീത്ത വാക്കുകള്‍ രൂപപ്പെട്ടത്. തൃശൂര്‍ പൂരത്തിന് കൃത്രിമ ആനകളെ ഉപയോഗിച്ചുകൂടേ എന്ന് അഭിപ്രായം പറഞ്ഞതിനാണ് പമീലയെന്ന യുവതി ചീത്തവിളി കേട്ടത്. ഇതിനെയെല്ലാം കവച്ചുവയ്ക്കുന്ന തെറിപ്പാട്ടാണ് സിനിമാ താരങ്ങളെ വിമര്‍ശിക്കാന്‍ പോകുന്നവര്‍ക്ക് ലഭിക്കുന്നത്. ആരെയെങ്കിലും കിട്ടിയാല്‍ ഒന്ന് ആക്രമിക്കാമായിരുന്നു എന്ന് കരുതി കാത്തിരിക്കുന്നതുപോലെയാണ് സൈബര്‍ ലോകത്തെ ഭരണിപ്പാട്ടുകാര്‍ തെറിവിളി നടത്തുന്നത്.


എന്നാല്‍ തെറി കേവലം വികാരപ്രകടനത്തിനുള്ള വാക്കാണെന്ന് പറഞ്ഞ് നിസാരമാക്കാവുന്നതല്ല. തെറി വാക്കുകളുടെ ചരിത്രം പരിശോധിച്ചാലറിയാം അവ എത്രത്തോളം മനുഷ്യത്വവിരുദ്ധമായ സാഹചര്യങ്ങളില്‍ നിന്ന് രൂപപ്പെട്ടതാണെന്ന്. തെറി വാക്കുകള്‍ ഒരു കാലത്തും വെറുതെ പൊട്ടി മുളച്ചു വന്നവ ആയിരുന്നില്ല, കേരളീയ സമൂഹത്തില്‍ നിലനിന്നിരുന്ന, അല്ലെങ്കില്‍ ഇപ്പോഴും മലയാളി  മനസ്സുകളിലെങ്കിലും  നിലനില്‍ക്കുന്ന ജാതി വ്യവസ്ഥയില്‍ നിന്നും  കീഴാള ജാതി സംബോധനകളില്‍ നിന്നും  ഉരുത്തിരിഞ്ഞു വന്നവയാണ് അവയിലേറെയുമെന്നതാണ് വാസ്തവം. തെറിവാക്കുകളില്‍ വലിയൊരളവും കീഴ്ജാതിയിലുള്ളവരെ അഭിസംബോധന ചെയ്തതും കീഴ്ജാതി പേരുകളില്‍ നിന്ന് രൂപപ്പെട്ടവയുമാണ്. ചെറ്റ, പുലയാടി, കഴുവേറി, തോട്ടി, കുണ്ടന്‍,  കൂത്തിച്ചി, കാടന്‍  തുടങ്ങിയ തെറിപദങ്ങളുടെ  ഉറവിടം  തേടിച്ചെന്നാല്‍ അത് ബോധ്യമാവും. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇത്തരം തെറിവാക്കുകളെ കൊട്ടിഘോഷിക്കുന്നതില്‍ മലയാളം സിനിമകളും അവയുടേതായ  പങ്കു വഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗുരുവായൂരപ്പന്‍ കോളേജ് വിദ്യാര്‍ഥികള്‍ 'വിശ്വവിഖ്യാത തെറി' എന്ന പേരില്‍ കോളജ് മാഗസിന്‍ ഇറക്കി ഈ തെറികളില്‍ ചിലതെല്ലാം പോളിച്ചെഴുതാനുള്ള ആര്‍ജവം കാണിച്ചത് അഭിനന്ദനീയമാണ്. പൊതുബോധം രൂപപ്പെടുത്തിയ  ഈ വാക്കുകളൊന്നും തെറി ആയിരുന്നില്ല എന്ന് ഉറക്കെ വിളിച്ചു പറയാനുള്ള ധൈര്യമാണ് വിദ്യാര്‍ഥികള്‍ കാണിച്ചത്.

cyber-bullying-photoഎന്നാല്‍ മലയാളിയുടെ സോഷ്യല്‍ മീഡിയ സംസ്‌ക്കാരത്തില്‍  ഇത്തരം തെറികള്‍ ഏതു വിധമാണ് കടന്നുവരുന്നത്. 'പുലയാടി മോളേ നീ ഏട്ടന്റെ ഫാന്‍സിനോടാണോടി  കളിക്കുന്നത്'എന്നാണ് ഒരു  'മാന്യന്‍' പുലിമുരുകന്‍ എന്ന സിനിമയുമായി ബന്ധപെട്ടു  ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടതിന് എന്നോട് ഇന്‍ബോക്സില്‍ ചോദിച്ചത്. പുലയാടി മോളിലും കൂത്തിച്ചിയിലും തുടങ്ങി ലൈംഗികപദങ്ങളുടെ അതിപ്രസരത്തിലൂടെയാണ് ഇത്തരം ആളുകള്‍ പോസ്റ്റുകളും കമന്റുകളും  എഴുതുന്നത്.  വ്യക്തികളെ  ലക്ഷ്യംവെച്ച് നടത്തുന്ന ഇത്തരം കമന്റുകളും  പോസ്റ്റുകളും വഴി വ്യക്തിഹത്യകളാണ്  ഇത്തരക്കാരുടെ ഉദ്ദേശം. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കാന്‍ ശക്തമായ ഫേസ്ബുക്  ഗ്രൂപ്പുകള്‍ തന്നെയുണ്ട്. വിദേശ  രാജ്യങ്ങളില്‍ ഇരുന്നു പ്രോക്സി സെര്‍വര്‍ ഉപയോഗിച്ചു വ്യാജ ഐഡിയിലൂടെയാണ് പലപ്പോഴും ഇത്തരം പോസ്റ്റുകളും കമന്റുകളും ഇടുന്നത്. ഇതിനാല്‍ സെബര്‍ പോലീസിനും നടപടിയെടുക്കാനാകുന്നില്ലെന്ന ആരോപണമുണ്ട്.

തെറിയെ വെറും രോഷപ്രകടനമായി കാണാനാവില്ല. ലൈംഗീക പദങ്ങളിലൂടെ ഇത്തരം തെറി വിളികള്‍ നടത്തുന്ന ഓരോരുത്തരും തന്റെ തന്നെ  ഉള്ളിലുള്ള വികലമായ ലൈംഗീകത്വരയെ  ജനമധ്യത്തില്‍ ചര്‍ദ്ദിച്ച് രതിമൂര്‍ച്ച നേടാന്‍ ശ്രമിക്കുന്നവരാണ്. ഇത്  ഒരു മാനസിക രോഗമാണ് ഇത്തരം ആക്രമണങ്ങളില്‍ മനം നൊന്ത് സോഷ്യല്‍ മീഡിയ തന്നെ ഉപേക്ഷിച്ചു പോകുന്നവരും വിഷാദം  പോലുള്ള പ്രശ്നങ്ങളിലും ആത്മഹത്യയിലും വരെ എത്തിച്ചേരുന്നവരുമുണ്ടെന്ന് മനസിലാകുമ്പോഴാണ് ഈ ആക്രമണത്തിന്റെ ഭീകരത മനസിലാവുക.

ഒരു വ്യക്തി എന്തെങ്കിലും പറയുമ്പോള്‍ അത് എവിടെയായാലും  സ്വയം നിര്‍വചിക്കുകയാണ് ചെയ്യുന്നത്. സ്വയം വെളിപ്പെടുത്തലാണിത് .പക്ഷേ  പലപ്പോഴും വ്യാജ ഐഡിയുടെ  മറവില്‍  ഇരുന്നു തെറി വിളിക്കുന്ന ഒരാള്‍ക്ക് ഇത് എത്രമാത്രം ബാധകമാണ്?  സദാചാരം എന്നത് സ്ത്രീകളുടെ വസ്ത്രത്തിന്റെ നീളത്തിലും വലുപ്പത്തിലും അവളെ ഒരു പുരുഷന്റെ  കൂടെ തനിയെ കാണുന്ന കാഴ്ചയിലും  ആണെന്ന് മാത്രം കരുതുന്ന ഒരു നാട്ടില്‍ ഇത്തരം തെറിവിളികള്‍ ഇനിയും കൂടുതല്‍ ശക്തമാകാനേ സാധ്യതയുള്ളു. ഇത്തരം രോഗികള്‍ക്ക് ചികിത്സയാണ്  ആവശ്യമെന്നതാണ് യാഥാര്‍ഥ്യം.

Read More >>