ഉത്തര്‍പ്രദേശില്‍ തകര്‍ന്നുകൊണ്ടിരിക്കുന്നത് സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെയുള്ള പ്രതിരോധമതില്‍

സംഘ് പരിവാർ അജണ്ടക്ക് പറ്റിയ പരീക്ഷണശാലയാണ് യുപി. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ സംഘ്പരിവാർ കടന്നുകയറ്റം പ്രതിരോധിച്ചു നിൽക്കുകയെന്നത് അത്ര ചെറിയ കാര്യമല്ല. പുതിയ സാഹചര്യത്തിൽ അതിന് വലിയ പ്രസക്തിയുണ്ട് . അച്ഛനെ എതിർത്ത് പാർട്ടി പിടിച്ചാലും, മുലായം കൈക്കൊണ്ട രാഷ്ട്രീയ നിലപാടുകൾ അതേപടി തന്നെ അഖിലേഷ് മുന്നോട്ടു കൊണ്ടുപോകുമോ എന്നതും കണ്ടറിയണം.

ഉത്തര്‍പ്രദേശില്‍ തകര്‍ന്നുകൊണ്ടിരിക്കുന്നത് സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെയുള്ള പ്രതിരോധമതില്‍

പി എസ് രാംദാസ്

2015 ൽ ബീഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിൽ നിന്ന് സീറ്റ് വിഭജനത്തിന്റെ പേരിൽ മുലായം സിങ്ങ് യാദവ് തെറ്റിപ്പിരിഞ്ഞ് ഇറങ്ങിപ്പോന്നത് നിതീഷ് കുമാറിന്റെ മതേതര നിലപാടുകളെപ്പറ്റി തനിക്ക് സംശയമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ്. പന്ത്രണ്ടു കൊല്ലത്തോളം ബിജെപിയുമായി അധികാരം പങ്കിട്ടയാൾ ഒരു അർധരാത്രിക്ക് താൻ സെക്യുലറാണെന്ന് പ്രഖ്യാപിച്ചാൽ അതുൾക്കൊളളാനാവില്ലെന്നത്രെ മുലായം അന്ന് പറഞ്ഞത്. എസ്പിയുടെ പിന്തുണയില്ലാതെ തന്നെ ബിജെപിക്കെതിരായ മഹാസഖ്യം മുന്നോട്ടു പോയി, ബീഹാർ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം നേടി, നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രിയായി. അപ്പോഴും, മുലായം പറഞ്ഞത് അങ്ങനെ ചരിത്രത്തിൽ കിടന്നു.


അതാണ് മുലായം. ജാതി രാഷ്ട്രീയവും ജാതിബോധവും ശക്തമായ, ജനസംഖ്യയിൽ നല്ലൊരു ശതമാനം മുസ്ലീങ്ങളുളള യുപി പോലൊരു വലിയ സംസ്ഥാനത്ത് പിടിമുറുക്കാൻ ബിജെപി കളിയഞ്ചും കളിച്ചിട്ടും കഴിയാത്തതിന്റെ ഒരു കാരണം, ബിജെപി സമം വർഗീയം എന്ന മുലായത്തിന്റെ ഉച്ചത്തിലും ഉറക്കെയുമുളള പ്രഖ്യാപനമാണ്. പിന്നീട് തെറ്റിപ്പിരിഞ്ഞെങ്കിലും, ബിജെപിയുടെ പുറത്തു നിന്നുളള പിന്തുണ മായാവതിക്ക് കിട്ടിയപ്പൊഴും, ആ ചാക്കിട്ടു പിടുത്തത്തിൽ ഒറ്റുകാരനായില്ലെന്ന് മുലായത്തിന് അഭിമാനത്തോടെ പറയാം. രാഷ്ട്രീയത്തിൽ ശരിതെറ്റുകളില്ലെന്നും സമവാക്യങ്ങളേ ഉളളൂവെന്നും പറയുമ്പോഴും, സമവാക്യങ്ങളുടെ കൊളുത്ത് ശരിയായ കഴുത്തിൽ തന്നെയാണെന്ന് ഉറപ്പിക്കാൻ മുലായം ശ്രമിച്ചിരുന്നുവെന്ന് തന്നെയാണ് പതിറ്റാണ്ടുകൾ നീണ്ട ആ രാഷ്ട്രീയ ജീവിതത്തെ പ്രസക്തമാക്കുന്നതും. ഗുജറാത്തും മധ്യപ്രദേശും അസമും  ഗോവയും ഛത്തീസ്ഗഡും  ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ സംഘ്പരിവാർ സമവാക്യങ്ങൾക്കനുസരിച്ച് ചൂത് വച്ചപ്പൊഴും, ആ കലക്കവെളളത്തളളലിൽ യുപി ഒലിച്ചു പോകാതിരുന്നത് മുലായം അവിടെ ഉണ്ടായിരുന്നതു കൊണ്ടാണ്. മായാവതിയുടെ ബിജെപി ബാന്ധവം പുറത്തു നിന്നുളള പിന്തുണയ്ക്കപ്പുറത്തേക്ക് വളരാതിരുന്നതിന് എതിർചേരിയുടെ രാഷ്ട്രീയനിലപാടും കാരണമായിട്ടുണ്ടാകാം.

സംഘ് പരിവാർ അജണ്ടക്ക് പറ്റിയ പരീക്ഷണശാലയാണ് യുപി. ദളിതരും അധഃകൃതരുമടങ്ങുന്ന വലിയ വിഭാഗം ജനങ്ങൾ, നല്ലൊരു ശതമാനത്തോളം വരുന്ന മുസ്ലീങ്ങൾ, അലിഗഡും അലഹാബാദും പോലുളള മുസ്ലീം ഭൂരിപക്ഷ ജില്ലകൾ, ഹിന്ദുപുണ്യകേന്ദ്രവും മോദിയുടെ മണ്ഡലവുമായ വാരണാസി, അയോധ്യയും താജ്മഹലും ഉൾപ്പെടുന്ന തർക്കകേന്ദ്രങ്ങൾ, ബുദ്ധമതകേന്ദ്രമായ സാരാനാഥ്, സാറ്റലൈറ്റ് നഗരമെന്നറിയപ്പെടുന്ന നോയിഡ, ലഖ്നൗ, മീററ്റ്, ബിജ്നോർ തുടങ്ങിയ നഗരങ്ങൾ, കോൺഗ്രസ് മണ്ഡലമായ അമേഠി... തുടങ്ങി ഇന്ത്യയുടെ രാഷ്ട്രീയവും വർത്തമാനവും ചരിത്രവും ചുറ്റിത്തിരിയുന്നത് ഈ സംസ്ഥാനത്തിൽക്കൂടിയാണ്.

നല്ലൊരു അഡ്മിനിസ്ട്രേറ്ററാണ് യുപി മുഖ്യമന്ത്രിയായ മുലായത്തിന്റെ മകൻ അഖിലേഷ് എന്ന് ആ സംസ്ഥാനത്ത് കുറച്ചുകാലം ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്ത അനുഭവത്തിൽ നിന്ന് എനിക്ക് പറയാനാകും. ഇ ഗവേണൻസ് വിപുലമാക്കിയതോടെ സർക്കാരോഫീസുകളിലെ അഴിമതിയും ചുവപ്പുനാടക്കുരുക്കുകളും കുറഞ്ഞിട്ടുണ്ട്. സർക്കാരുദ്യോഗസ്ഥർക്ക് ഒരു ചുമതലാബോധം വന്നിട്ടുണ്ട്. പത്തു കൊല്ലം മുൻപത്തെ യുപി പോലീസല്ല, ഇപ്പോഴത്തേത്. പോലീസിന്റെ സമീപനത്തിൽ മാറ്റമുണ്ട്.കച്ചവടസ്ഥാപനങ്ങൾ വളരുന്നുണ്ട്.  റോഡുകളുടെ ശോച്യാവസ്ഥ മാറിയിട്ടുണ്ട്. സാംസ്കാരികരംഗത്തും സ്തുത്യർഹമായ നീക്കങ്ങൾ അഖിലേഷ് നടത്തിയിട്ടുണ്ട്. കലാപാരമായി മികച്ചു നിൽക്കുന്ന സിനിമകൾക്കുളള സബ്സിഡി, ഷൂട്ടിങ്ങ് ക്ലിയറൻസിനുളള ഏകജാലക സംവിധാനം,ജില്ലകൾ തോറും സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങി കഴിഞ്ഞ വർഷങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾക്കു കൂടി മാതൃകയാകുന്ന ഒട്ടേറെ പദ്ധതികൾ ആ സംസ്ഥാനം നടപ്പാക്കിയിട്ടുണ്ട്. അച്ഛനെത്തളളിയും പാർട്ടി പിടിക്കാമെന്ന് അഖിലേഷ് കണക്കു കൂട്ടിയതിന്റെ കാരണവും താൻ നടപ്പാക്കിയ തീരുമാനങ്ങളിലുളള ആത്മവിശ്വാസമാവാം. എസ്പിക്ക് ഇനിയൊരു ടേമിനു കൂടി സാധ്യതയുണ്ടെന്ന തിരിച്ചറിവു തന്നെയാകാം ഇപ്പോഴത്തെ കുടുംബ വഴക്കിന്റെ കാരണവും.

മുലായം നടത്തിയത് കുടുംബഭരണമാണെന്നൊക്കെ വിമർശിക്കാം. ആ വിമർശനത്തിൽ കഴമ്പുണ്ട് താനും. പക്ഷെ, ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ സംഘ്പരിവാർ കടന്നുകയറ്റം പ്രതിരോധിച്ചു നിൽക്കുകയെന്നത് അത്ര ചെറിയ കാര്യമല്ല. പുതിയ സാഹചര്യത്തിൽ അതിന് വലിയ പ്രസക്തിയുണ്ട് . അച്ഛനെ എതിർത്ത് പാർട്ടി പിടിച്ചാലും, മുലായം കൈക്കൊണ്ട രാഷ്ട്രീയ നിലപാടുകൾ അതേപടി തന്നെ അഖിലേഷ് മുന്നോട്ടു കൊണ്ടുപോകുമോ എന്നതും കണ്ടറിയണം. എന്തായാലും, ഇപ്പോഴത്തെ രാഷ്ട്രീയപരീക്ഷണത്തെ അതിജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ, യുപിക്ക് ഒരു രണ്ടാം ചാൻസു കിട്ടുകയെന്നത് എളുപ്പമാവില്ല.