ഉത്പാദനം നിലച്ചിട്ട് ഒരു മാസം; മന്ത്രി വന്നിട്ടും നടപടിയായില്ല; മലബാര്‍ സിമന്റ്‌സില്‍ ഗുരുതര പ്രതിസന്ധി

പഴയ എംഡി അറസ്റ്റിലാവുകയും പുതിയ എംഡിയെ നിയമിക്കാൻ വൈകുകയും ചെയ്തതോടെ അക്ഷരാർത്ഥത്തിൽ നാഥനില്ലാക്കളരിയായി മലബാർ സിമെന്റ്സ് മാറി

ഉത്പാദനം നിലച്ചിട്ട് ഒരു മാസം; മന്ത്രി വന്നിട്ടും നടപടിയായില്ല; മലബാര്‍ സിമന്റ്‌സില്‍ ഗുരുതര പ്രതിസന്ധി

പാലക്കാട്: അസംസ്കൃത വസ്തുക്കൾ ലഭിക്കാത്തതിനാൽ മലബാർ സിമന്റ്സിൽ ഉത്പാദനം നിലച്ചിട്ട് ഒരു മാസം കഴിഞ്ഞു. വ്യവസായ മന്ത്രി ഇ പി ജയരാജൻ മലബാർ സിമന്റ്സിൽ നേരിട്ടെത്തി ഇടപെട്ടിട്ടും പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല. കാര്യങ്ങൾ പൂർവസ്ഥിതിയിലാക്കാൻ ക്രിയാത്മകമായ ഒരു ഇടപെടലും നടക്കുന്നില്ല. അതിനിടയിലാണ് വ്യവസായവകുപ്പുമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടി വിവാദവും ഉടലെടുത്തത്. പഴയ എംഡി അറസ്റ്റിലാവുകയും പുതിയ എംഡിയെ നിയമിക്കാൻ വൈകുകയും ചെയ്തതോടെ അക്ഷരാർത്ഥത്തിൽ നാഥനില്ലാക്കളരിയായി  മലബാർ സിമെന്റ്സ് മാറി.


വാര്‍ഷിക അറ്റകുറ്റ പണിക്ക് വേണ്ടി കമ്പനിയില്‍ ഉത്പാദനം കുറച്ചു ദിവസം നിര്‍ത്തി വെച്ചിരുന്നു. അപ്പോഴേയ്ക്കും സിമന്റ് ഉത്പാദിപ്പിക്കാനുള്ള അസംസ്കൃത വസ്തുക്കളും പൂര്‍ണമായി തീര്‍ന്നിരുന്നു. അസംസ്കൃത വസ്തുക്കള്‍ കിട്ടാതെ ഉത്പാദനം തുടങ്ങാനാവില്ല. ഈ സാഹചര്യത്തിലാണ് ഒക്ടോബർ ആറിന് മന്ത്രി ഇ പി ജയരാജൻ മലബാർ സിമന്റ്സിൽ എത്തിയത് . അസംസ്കൃത വസ്തുക്കളുടെ കുറവാണ് ഉൽപ്പാദനം നിലക്കാൻ കാരണമായി മന്ത്രിയും പറഞ്ഞത് . " കൽക്കരി വിതരണത്തിനുള്ള ടെൻഡറിന് കാല താമസം വന്നു. ലാറ്ററൈറ്റ് എത്തിച്ചിരുന്ന കാസർഗോഡ് കരിന്തരത്തു ഖനനത്തിന് തടസങ്ങൾ വന്നു " എന്നിവയാണ് അസംസ്കൃത വസ്തുക്കൾ കിട്ടാതായതിനു കാരണമായി മന്ത്രി പറഞ്ഞത് . കരിന്തളത്ത് ഖനനം തുടങ്ങാൻ നടപടികൾ സ്വീകരിച്ചതായും രാജസ്ഥാനിലെ പൊതുമേഖല സ്ഥാപനത്തിൽ നിന്ന് ചുണ്ണാമ്പുകല്ല് എത്തിക്കാൻ നടപടിയായെന്നും മന്ത്രി പറഞ്ഞിരുന്നു .

ഖനനം ജനകീയ സമിതി തളളി, ലാറ്ററൈറ്റ് കിട്ടാൻ സാധ്യതയില്ല

എന്നാൽ കരിന്തളത്ത് കെ. സി.സി .പി എല്ലിന്റെ ലാറ്ററൈറ്റ് ഖനനം പുനരാരംഭിക്കണമെന്ന ആവശ്യം സർവ്വ കക്ഷി യോഗത്തിൽ ജനകീയ സമിതി തളളി . ഇതു സംബന്ധിച്ച് നീലേശ്വരത്ത് മന്ത്രി വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞതോടെ മലബാർ സിമന്റ്സിലെ പ്രതിസന്ധി നീളുമെന്നുറപ്പായി. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു ഭീഷണിയായ ഖനനം വേണ്ടെന്ന നിലപാടിലാണ് നാട്ടുകാർ . മറ്റ് മേഖലകളിൽ നിന്നും അസംസ്കൃത വസ്തുക്കൾ എത്തിക്കുമെന്ന് മന്ത്രി പറഞ്ഞെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ നടപടികളൊന്നുമായില്ല.

കല്‍ക്കരിയടക്കമുള്ള അസംസ്കൃത വസ്തുക്കള്‍ നേരത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടര്‍ പ്രകാരമാണ് വാങ്ങിയിരുന്നത്. നിത്യേന രണ്ടായിരം ടണ്‍ സിമന്റ് ഉല്‍പ്പാദിക്കുന്ന മലബാര്‍ സിമന്റ്‌സില്‍ ലക്ഷ കണക്കിന് ടണ്‍ അസംസ്കൃത വസ്തുക്കളാണ് ആവശ്യമുള്ളത്.

പുനഃസംഘടന വൈകുന്നു, ഭരണം അവതാളത്തിൽ


ഒക്ടോബർ 4 ന് ചേർന്ന മലബാര്‍ സിമന്റ്‌സിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും തീരുമാനങ്ങളൊന്നും ഉണ്ടായില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഡയറകടര്‍ ബോര്‍ഡിലെ രാഷ്ട്രീയ പ്രതിനിധികളെ ഒഴിവാക്കിയിരുന്നെങ്കിലും പകരം ആരെയും നിയമിച്ചിട്ടില്ല. പുതിയ എം ഡിയായി വി ബി രാമചന്ദ്രന്‍ നായരെ നിയമിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ വിഞ്ജാപനം ഇറക്കിയിട്ടുണ്ട് . കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡിന്റെ മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് വി ബി രാമചന്ദ്രന്‍ നായര്‍. അദ്ദേഹം പുതിയ എം ഡി യായി ചുമതലയേറ്റാലും ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിച്ച ശേഷമെ സുപ്രധാന തീരുമാനങ്ങള്‍ കൈകൊള്ളാനാവു എന്നതാണ് സ്ഥിതി.

ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും വിജിലന്‍സ് കേസുമൊക്കെയായി ആകെ അലങ്കോലപ്പെട്ടുകിടക്കുകയാണ് മലബാർ സിമെന്റ്സ് ഭരണസംവിധാനം. രാഷ്ട്രീയ പ്രതിനിധികളെ ഉള്‍പ്പെടുത്തിയുളള ബോര്‍ഡ് പുനഃസംഘടനയും അനന്തമായി നീളുകയാണ്. ഇതിനു പുറമെയാണ് അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം. അത്യധ്വാനം ചെയ്തെങ്കിലേ വരുന്ന ഒരു മാസത്തിനുളളിലെങ്കിലും ഉത്പാദനം തുടാനാവൂ. നിലവിൽ ആ ലക്ഷണങ്ങളൊന്നും കാണുന്നില്ല. അതായത്, ഇപ്പോഴത്തെ നിലയിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നതെങ്കിൽ മലബാർ സിമന്റ്സിലെ പ്രതിസന്ധി  അനന്തമായി നീളും.

നഷ്ടം സഹിച്ചും ചേർത്തലയിലെ സിമെന്റ് വാളയാറിലെത്തിക്കാൻ ആലോചന

പാലക്കാട് കമ്പനിയില്‍ ഉത്പാദനവും വിതരണവും പൂര്‍ണമായി നിലച്ചതോടെ ചേര്‍ത്തല പ്ലാന്റില്‍ നിന്നുള്ള സിമന്റ് വാളയാറിലേക്ക് എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തില്ല. ആലപ്പുഴയടക്കമുള്ള തെക്കന്‍ ജില്ലകളിലേക്ക് സിമന്റ് നല്‍കാന്‍ ആരംഭിച്ച ചേര്‍ത്തലയിലെ പ്ലാന്റില്‍ നിത്യേന 500 ടണ്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയാണുള്ളത്. എന്നാല്‍ ഇപ്പോള്‍ ഇവിടേയും 200 ടണ്ണില്‍ താഴെയായി ഉല്‍പ്പാദനം കുറഞ്ഞു.

ചേര്‍ത്തലയിലെ പ്ലാന്റില്‍ നിന്ന് ഇപ്പോള്‍ തന്നെ 20 രൂപയോളം കുറച്ചാണ് സിമന്റ് നല്‍കുന്നത്. മുപ്പതു രൂപ വരെ കടത്തു കൂലി കുറച്ച് ഈ സിമെന്റ് വാളയാറിലെത്തിക്കുന്നതിനെക്കുറിച്ചാണ് മാര്‍ക്കറ്റിങ് വിഭാഗം ആലോചിക്കുന്നത്. ഈ കച്ചവടം വഴി ചാക്കൊന്നിന് 50 വരെ നഷ്ടം ഉണ്ടാവും. എങ്കിലും ഈ വഴിക്കാണ് ആലോചന പുരോഗമിക്കുന്നത്.

ഏറ്റവും ലാഭകരമായ പൊതുമേഖലാ സ്ഥാപനം, പക്ഷേ, കുപ്രസിദ്ധി മുഴുവൻ അഴിമതിയിൽ


പ്രതിവർഷം 6.2 ലക്ഷം ടണ്‍ സിമന്റ് ഉത്പാദിപ്പിക്കുന്ന മലബാര്‍ സിമന്റ്‌സ് കേരളത്തിലെ ഏറ്റവും ലാഭകരമായ പൊതുമേഖലാ സ്ഥാപനമാണ്. പക്ഷേ, നിരന്തരമായി ഉന്നയിക്കപ്പെടുന്ന അഴിമതിയുടെ പേരിലാണ് സ്ഥാപനത്തിന് കുപ്രസിദ്ധി. അതിനിടെയാണ് അറ്റകുറ്റപ്പണികൾക്കായി ഉത്പാദനം നിർത്തിവെച്ചതും. പ്രതിദിനം വൻ നഷ്ടമാണ് കമ്പനിയ്ക്കുണ്ടാകുന്നത്.

1998 മുതല്‍ 2011 വരെയുള്ള വര്‍ഷങ്ങളില്‍ മാത്രം മലബാര്‍ സിമന്റ്‌സിന് ഉണ്ടായത് 2000 കോടിയിലധികം രൂപയുടെ നഷ്ടമാണ്. 2000 കോടിയെന്നത് പൂര്‍ണമായും ശരിയായ കണക്കല്ല. വിവിധ കാലങ്ങളായി ഇവിടെ നടന്ന അഴിമതിയുടേയും ക്രമക്കേടിന്റേയും എജി റിപ്പോര്‍ട്ടില്‍ പറയുന്ന കണക്കാണിത്. കണക്കില്‍ പെടാത്ത അഴിമതിക്കണക്ക് ഇതിലുമെത്രയോ മേലെയാണ്. ഇതിന്റെ ലാഭം ചില പോക്കറ്റുകളിലേക്കാണ് പോയിരുന്നത്. ഇപ്പോള്‍ ഉത്പാദന മേഖല സ്തംഭിപ്പിച്ചതും ചിലരുടെ താല്‍പ്പര്യ പ്രകാരമാണെന്നാണ് മലബാര്‍ സിമന്റ്‌സിലെ അഴിമതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച ജോയ് കൈതാരം ആരേപിക്കുന്നത്.

" ഇല്ലാതായ അസംസ്കൃത വസ്തുക്കളുടെ ക്ഷാമം കൃത്രിമമായി ചിലര്‍ ഉണ്ടാക്കിയതാണ്. ഉത്പാദനം തുടങ്ങാനായി ഇത് അടിയന്തിരമായി ഇറക്കുമതി നടത്താന്‍ ചിലരുടെ ബിനാമി കമ്പനികളുമായി പുതിയ കരാര്‍ ഉണ്ടാക്കുകയും അതുവഴി കോടികളുടെ തട്ടിപ്പ് നടത്താനാണ് ഉദ്ദേശമെന്നും പൊതു പ്രവർത്തകനായ ജോയ് കൈതാരത്ത്  നാരദാ ന്യൂസിനോട് പറഞ്ഞു.

അതെ സമയം മലബാര്‍ സിമന്റ്‌സ് മുന്‍ എം ഡി കെ പത്മകുമാറിനെ ' റിയാബിന്റെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നിര്‍ബന്ധിത അവധിയില്‍ വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പത്മകുമാറിനോട് അവധിയില്‍ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. മുന്‍ എം ഡി പത്മകുമാറിനൊപ്പം വിജിലൻസ് കേസുകളില്‍ കുടുങ്ങിയ ഡപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ ജി .വേണുഗോപാല്‍, ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ് എന്നിവര്‍ തല്‍സ്ഥാനത്ത് തുടരുകയാണ്. എന്നാൽ പ്രതികളാക്കിയവരെ നിക്കണമെന്ന വിജിലൻസ് ശുപാർശ കിട്ടിയിട്ടില്ലെന്നും കുറ്റമാരോപിച്ചാൽ ഉടൻ തന്നെ സർക്കാറിന് നടപടിയെടുക്കാൻ കഴിയില്ലെന്നുമാണ് ഇത് സംബന്ധിച്ച് വ്യവസായ മന്ത്രി ഇ പി ജയരാജന്റെ പ്രതികരണം . എം. ഡി യായിരുന്ന കെ പത്മകുമാറിനെ അറസ്റ്റു ചെയ്തതിന് ശേഷമാണ് അദ്ദേഹത്തിനെതിരെ തെളിവും സർക്കാറിന് പരാതിയും കിട്ടിയതെന്നും മന്ത്രി പറഞ്ഞു .

Story by
Read More >>