ഇപിക്കെതിരെ കണ്ണൂർ തിളച്ചു മറിയുന്നു; ചായക്കടകളിലും തെരുവോരത്തും ആളിക്കത്തുന്നത് അതിരൂക്ഷമായ പരിഹാസവും വിമർശനവും

കണ്ണൂരിലെവിടെ തിരിഞ്ഞാലും വിഷയം 'ചിറ്റപ്പ'നാണ്. കുടുംബക്കാരുടെ അടുക്കളകളിൽ ഒരുപക്ഷേ, ന്യായീകരിക്കുന്നവരുണ്ടാകാം. പക്ഷേ, കണ്ണൂരിലെ പാർടി മനസ് ഇപിയെ പടിയിറക്കിക്കഴിഞ്ഞു.

ഇപിക്കെതിരെ കണ്ണൂർ തിളച്ചു മറിയുന്നു; ചായക്കടകളിലും തെരുവോരത്തും ആളിക്കത്തുന്നത് അതിരൂക്ഷമായ പരിഹാസവും വിമർശനവും

പയ്യന്നൂരിനും പരിയാരത്തിനും ഇടയ്ക്കുളള ഒരു ചായക്കട. സമയം ഏഴു കഴിഞ്ഞു. "ഇപിയുടെ ചിറ്റപ്പൻ സിൻഡ്രോം" എന്ന വിഷയത്തിൽ ചർച്ച പൊടിപൊടിക്കുന്നു. രോഷമാണ് ആ സംഘത്തിന്റെ പൊതുവികാരം.

"ഒരു നടപടി കൊണ്ടേ രക്ഷയുളളൂ; അന്വേഷണ കമ്മിഷനൊന്നും വെച്ച് ജനത്തിന്റെ കണ്ണിൽ ഇനി പൊടിയിടാനാവില്ല; ശക്തമായ നടപടി തന്നെ വേണ"മെന്ന് ഒരാൾ. ആ നിലയ്ക്കാണ് പാർടി ചിന്തിക്കുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നു, മറ്റേയാൾ.

"ചിറ്റപ്പൻ കളി അറിഞ്ഞയുടനെ പിണറായി തിരുത്തി; മുഖ്യമന്ത്രിയെന്ന നിലയിൽ ചെയ്യേണ്ടതു ചെയ്തു; ഇനി പാർടി സെക്രട്ടറിയുടെ ഊഴമാണ്; അതു കോടിയേരി സഖാവ് ചെയ്യണ"

മെന്ന് ഇനിയൊരാൾ.

ഇ പി ജയരാജന് പരിഭവം പറയാൻ ഒരു പഴുതും ബാക്കിയില്ലെന്ന് മറ്റൊരാൾ.  വ്യവസായം പോലൊരു വലിയ വകുപ്പിന്റെ ഭരണച്ചുമതലയും നിയമസഭയിൽ മുഖ്യമന്ത്രിയ്ക്കു തൊട്ടടുത്തു കസേരയും മുഖ്യമന്ത്രിയുടെ ഓഫീസിന് അഭിമുഖമായി ഓഫീസുമൊക്കെ ഇപിയ്ക്കു പാർടിയാണ് നൽകിയത്. എന്നിട്ടും പാർടിയ്ക്ക് ഇങ്ങനെയൊരു നാണക്കേടു വരുത്തിവെച്ചുവെങ്കിൽ കടുത്ത നടപടിയെടുത്തു തന്നെ പാർടി താക്കീതു കൊടുക്കണം. ഇനിയാരും ഇങ്ങനെയൊന്നും ചിന്തിക്കുക പോലും ചെയ്യരുത്. ഇങ്ങനെ ഓരോ മന്ത്രിമാരും അവരുടെ സ്ഥാപനങ്ങളിൽ ബന്ധുക്കളെ നിയമിച്ചു തുടങ്ങിയാൽ എന്താവും സ്ഥിതി. ചർച്ച അങ്ങനെ നീങ്ങി.

ആ വഴിക്കാവും പാർടി ആലോചിക്കുകയെന്ന് പൊതു അഭിപ്രായം. കടുത്ത പാർടി വിരുദ്ധത കാണിച്ച വിഎസിനെതിരെ പോലും പരസ്യമായി പറയാത്ത കോടിയേരി, ഇ പി ജയരാജനെതിരെ രൂക്ഷമായി പ്രതികരിച്ചത് പാർടി ചിലത് ആലോചിച്ചിട്ടുണ്ടെന്നതിന്റെ തെളിവെന്ന അഭിപ്രായത്തോട് എല്ലാവർക്കും യോജിപ്പ്.

കണ്ണൂരിലെവിടെ തിരിഞ്ഞാലും വിഷയം 'ചിറ്റപ്പ'നാണ്. കുടുംബക്കാരുടെ അടുക്കളകളിൽ ഒരുപക്ഷേ, ന്യായീകരിക്കുന്നവരുണ്ടാകാം. പക്ഷേ, കണ്ണൂരിലെ പാർടി മനസ് ഇപിയെ പടിയിറക്കിക്കഴിഞ്ഞു.

"ദേശാഭിമാനി പോലും വരുത്താത്ത വീട്". മൊറാഴയിലെ പാർടിക്കാർക്ക് ദീപ്തിയുടെ നിയമനത്തിലുളള രോഷമടങ്ങുന്നില്ല. "ക്ലബുകളുടെ ആഘോഷത്തിനു പിരിവു ചോദിച്ചാൽ തരാത്ത വീട്; ഒരു പിരിവിനും ഞങ്ങളങ്ങോട്ട് പോകാറേയില്ല; അങ്ങനെയൊരു വീട്ടിലെ അംഗത്തിനാണ് പാർടിയുടെ ചെലവിൽ ജനറൽ മാനേജർ പദവി".
മൊറാഴയിലെ ഒരു ഡിവൈഎഫ്ഐ പ്രവർത്തകന്റെ അമർഷം അണപൊട്ടിയൊഴുകുന്നു.

കണ്ണൂർ എയർപോർടിലെ താൽക്കാലിക നിയമനങ്ങളിൽ ഇപിയുടെ ഇടപെടൽ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നവരുണ്ട്.

"നിയമനം കിട്ടിയവരൊക്കെ ഇപിയ്ക്കു വേണ്ടപ്പെട്ടവരാണ്. സംശയമുണ്ടെങ്കിൽ നിങ്ങളന്വേഷിക്ക്.."
അത്ര തീർച്ചയാണ് തങ്ങളുടെ നേതാവിനെക്കുറിച്ച് പാർടിക്കാർക്ക്.

കുറുക്കന്റെ കണ്ണാണ് ഇപിയ്ക്കെന്ന് മറ്റൊരഭിപ്രായം. മരിച്ചു കിടന്നാലും കണ്ണ് കോഴിക്കൂട്ടിലേയ്ക്കായിരിക്കുമത്രേ. ആരും കാണാത്തത് ഇപി കാണും. ആ വാദമുറപ്പിക്കാനും പ്രസക്തമായ ചോദ്യത്തിന്റെ പിൻബലമുണ്ട്.

"എന്തിനാണ് ഇപി മത്സരിക്കാൻ മട്ടന്നൂരിലെത്തിയത്. സ്വന്തം നാടായ കല്യാശേരിയും തൊട്ടടുത്തു കിടക്കുന്ന പയ്യന്നൂരും പാർടി കോട്ടകളാണല്ലോ. പിന്നെന്തിന് മട്ടന്നൂർ?"


മറുപടിയും ചോദ്യകർത്താവു തന്നെ പറഞ്ഞു.

"മട്ടന്നൂരാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. ഒരാളെപ്പോലും ഒഴിപ്പിക്കാതെ ഏറ്റെടുക്കാൻ ഏക്കറു കണക്കിന് ഭൂമിയുളള മണ്ഡലം. വ്യവസായവും സ്ഥാപനങ്ങളും റോഡുകളും എന്നിങ്ങനെ കോടാനുകോടികളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുളള സാധ്യത". അട്ടയുടെ കണ്ണു കാണുന്ന കച്ചവടക്കാരനാണത്രേ ഇപി.

ഇപിയുടെ രാഷ്ട്രീയ കൌശലത്തിനും ജന്മനാട്ടിൽ നല്ല മതിപ്പാണ്.

"നിങ്ങളെപ്പോഴെങ്കിലും രാഷ്ട്രീയ എതിരാളികൾക്കെതിരെ ഇപിയുടെ ഒരു വിവാദപ്രസ്താവന കേട്ടിട്ടുണ്ടോ. ഊരും പേരുമില്ലാത്ത സിബിഐക്കാരെ പോടാ പുല്ലേ എന്നു പറഞ്ഞതല്ലാതെ. ആർഎസ്എസിനെ തുടച്ചു നീക്കുമെന്ന് പി ജയരാജൻ പറയുന്നു. ജഡ്ജിമാരെ ശുംഭനെന്നു വിളിച്ച് എം വി ജയരാജൻ ജയിലിൽ കിടക്കുന്നു. ഒക്കെ വിവാദവും ചാനലുകളിൽ ചർച്ചയുമൊക്കെ ആകുന്നു. അതുപോലൊരു സംഭവം ഇ പി ജയരാജൻറെ പേരിൽ ചൂണ്ടിക്കാണിക്കാമോ.."
ഒരാളിന്റെ ചോദ്യമാണ്.

അദ്ദേഹം തുർന്നു; "വിഎസിനെതിരെ കണ്ണൂർ ലോബിയെന്നൊക്കെ പത്രങ്ങൾ തലക്കെട്ടെഴുതുമ്പോൾ ഇപിയുടെ നിലപാടെന്തായിരുന്നു. മട്ടന്നൂരിൽ കഴിഞ്ഞ തവണ തിരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ വിഎസിനെ പ്രത്യേകം ക്ഷണിച്ചുകൊണ്ടുവന്നു. വിഎസിന്റെ ചിത്രമുളള പോസ്റ്ററും ഫ്ലക്സും ഏറ്റവും കൂടുതൽ അച്ചടിച്ചതും ഒരുപക്ഷേ, ഇപിയായിരിക്കും".


പ്രസക്തമായ മറ്റൊരു നിരീക്ഷണവും ഈ സഖാവിനുണ്ട്. "ഈ നിയമനം കിട്ടിയത് പിണറായി വിജയൻറെയോ കമല ടീച്ചറുടെയോ ബന്ധുവിനായിരുന്നുവെന്നു വെയ്ക്കുക. വിഎസ് ഇപ്പോ എത്ര പ്രാവശ്യം പത്രസമ്മേളനം വിളിച്ചിട്ടുണ്ടാവും. എത്ര തവണ കേന്ദ്രക്കമ്മിറ്റിയ്ക്ക് കത്തെഴുതിയിട്ടുണ്ടാവും. ചൈനീസ് കമ്മ്യൂണിസ്റ്റു പാർടിയ്ക്കു വരെ പുളളി കത്തെഴുതിയേനെ. പക്ഷേ, ഇത് ഇപിയാണ്. വിഎസ് മിണ്ടില്ല. നിങ്ങൾ നോക്കിക്കോ".


പഴയൊരു സംഭവവും അദ്ദേഹം പറഞ്ഞു. പണ്ട് ഇപി കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലം. അക്കാലത്താണ് അദ്ദേഹത്തിന് വീടു വെച്ചത്. വീടുവെയ്ക്കാൻ 11 ലക്ഷം ചെലവിട്ടുവെന്നൊക്കെ കേട്ടാൽ ജനം ഞെട്ടി മരിച്ചുപോവുന്ന സമയം. വലിയ ബിസിനസുകാർക്കോ പൂത്ത പണമുളള ഗൾഫുകാർക്കോ മാത്രം സാധിക്കുന്ന സ്വപ്നം. മനോരമയിലൊക്കെ സിപിഎം ജില്ലാ സെക്രട്ടറിയുടെ വീട് ചർച്ചയായി. വിഎസ് പ്രതികരിച്ചു. നല്ല വീടുവെയ്ക്കാൻ ഇക്കാലത്ത് അത്രയൊക്കെ ചെലവാകും എന്നായിരുന്നു വിഎസിന്റെ ന്യായം.

ഇന്നും പാർടി സെക്രട്ടേറിയറ്റിൽ പിണറായിയെ സുഖിപ്പിക്കാൻ വിഎസിനെതിരെ ഇപി പലതും പറഞ്ഞേക്കാം. കേൾക്കാനവിടെ വിഎസ് ഇല്ലല്ലോ. പക്ഷേ, മറ്റാരുമറിയാതെ വിഎസുമായി ഉറ്റബന്ധം ഇപി നിലനിർത്തുന്നുണ്ട്. അല്ലെങ്കിലെന്തുകൊണ്ട് ഈ നിയമനങ്ങൾക്കെതിരെ വിഎസ് പ്രതികരിക്കുന്നില്ല. ചോദ്യങ്ങളിലും നിരീക്ഷണങ്ങളിലും ന്യായമില്ലെന്ന് ആർക്കു പറയാൻ കഴിയും?

വേറൊരാളിന്റെ വക ഇങ്ങനെ. "മന്ത്രിസഭയിലെ രണ്ടാം നമ്പരെന്നൊക്കെ ഇപി സ്വയം പറഞ്ഞു നടക്കുന്നതല്ലേ.. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വിവാദങ്ങളെക്കുറിച്ചന്വേഷിക്കാനുളള മന്ത്രിസഭാ സബ് കമ്മിറ്റിയുടെ കൺവീനറാരാ.. എ കെ ബാലൻ. കമ്മിറ്റിയിൽ പിന്നെ സിപിഎമ്മിൽ നിന്ന് തോമസ് ഐസക്കും. എന്തുകൊണ്ടാണ് ആ കമ്മിറ്റിയിൽ ഇപിയെ പിണറായി ഉൾപ്പെടുത്താത്തത്?".


ഉത്തരവും സഖാവു തന്നെ പറഞ്ഞു.

"ആ റിപ്പോർട്ടു വെച്ച് ഇപി ഉമ്മൻചാണ്ടിയോടു വിലപേശും. ഒത്താലൊരു ബന്ധുവിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കി പ്രശ്നം സെറ്റിൽ ചെയ്യും. അതു പിണറായിയ്ക്കറിയാം".

ഇതാണ് കണ്ണൂരിലെ സിപിഎമ്മുകാരുടെ പൊതു മനസ്. അതിരൂക്ഷമായ വിമർശനവും പരിഹാസവുമാണ് ഇപിയ്ക്കെതിരെ അവിടെ തിളച്ചു മറിയുന്നത്. പണ്ടാണെങ്കിൽ ആരാദ്യം പറയും എന്നൊരു പ്രശ്നം പാർടി അംഗങ്ങളെ മഥിച്ചിരുന്നു. സോഷ്യൽ മീഡിയ വന്നതോടെ ആ പ്രതിബന്ധം നീങ്ങി.

പതിനാലിനു ചേരുന്ന പാർടി സെക്രട്ടറിയേറ്റിലേയ്ക്ക് കണ്ണു നട്ടിരിക്കുകയാണ് കണ്ണൂരൊന്നടങ്കം.

Read More >>