പാലക്കാട്ടെ എന്‍എന്‍ കൃഷ്ണദാസിന്റെ തോല്‍വി; പാര്‍ട്ടി യുവ നേതാവിന്റെ ഇടപെടല്‍ തോല്‍വിയുടെ ആഴം കൂട്ടി എന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

പട്ടാമ്പി, ചിറ്റൂര്‍ ഉള്‍പ്പടെ യു ഡി എഫ് സ്ഥിരമായി കൈവശം വെച്ചിരുന്ന സീറ്റുകൾ വരെ ഇടത് മുന്നണി ജയിച്ചിട്ടും പാലക്കാട് മൂന്നാമതായി പോയത് വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ മൂലമാണെന്നും റിപ്പോർട്ടിലുണ്ട്

പാലക്കാട്ടെ എന്‍എന്‍ കൃഷ്ണദാസിന്റെ തോല്‍വി; പാര്‍ട്ടി യുവ നേതാവിന്റെ ഇടപെടല്‍ തോല്‍വിയുടെ ആഴം കൂട്ടി എന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർത്ഥി എൻഎൻ കൃഷ്ണദാസിന്റെ തോൽവിക്ക് കാരണം വിഭാഗീയതയും ജില്ലയിലെ നേതാക്കളുടെ ഇടപെടലുമാണെന്ന് അന്വേഷണ റിപ്പോർട്ട്. ജില്ലയിലെ പ്രമുഖ യുവ നേതാവിന്റെയും  അദ്ദേഹത്തിന്റെ ഭാര്യാ പിതാവിന്റേയും ഇടപെടൽ തോൽവിയുടെ ആഴം കൂട്ടി എന്നും റിപ്പോർട്ടിൽ പറയുന്നു. പാര്‍ട്ടിക്ക് കിട്ടേണ്ട കുറെ വോട്ടുകള്‍ എതിർ ചേരിയിലേക്കു പോകുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തോൽവിക്ക് കാരണം രാഷ്ട്രീയത്തിന് അതീതവും അപകടകരവുമായ കൂട്ടുകെട്ടാണെന്നും . ഇടത് തരംഗം ഉണ്ടായിട്ടും അതു മുതലെടുക്കാൻ ജില്ലയിലെ നേതാക്കൾക്ക് കഴിഞ്ഞില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.


ത്രികോണ മത്സരം നടന്ന പാലക്കാട് എൻഎൻ കൃഷ്ണദാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്  അക്ഷരാർത്ഥത്തിൽ പാർട്ടിയെ ഞെട്ടിച്ചു.തുടർന്നാണ് അന്വേഷണത്തിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദൻ കമ്മീഷനെ നിയോഗിച്ചത്.

സിപിഐഎം ശക്തികേന്ദ്രങ്ങളായിരുന്നു ജില്ലാ പഞ്ചായത്തുകളിലും വാർഡുകളിലും നേട്ടമുണ്ടാക്കിയത് കോൺഗ്രസോ ബിജെപിയോ ആയിരുന്നു.   പട്ടാമ്പി, ചിറ്റൂര്‍ ഉള്‍പ്പടെ യു ഡി എഫ് സ്ഥിരമായി കൈവശം വെച്ചിരുന്ന സീറ്റുകൾ വരെ ഇടത് മുന്നണി ജയിച്ചിട്ടും പാലക്കാട് മൂന്നാമതായി പോയത് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ മൂലമാണെന്നും റിപ്പോർട്ടിലുണ്ട്. കണ്ണാടി ,മാത്തൂര്‍ പഞ്ചായത്തുകള്‍ ഭരിക്കുന്നത് സി പിഐഎമ്മായിട്ടും കൃഷ്ണദാസിന് പാർട്ടി വോട്ടുകൾ പോലും ലഭിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. കണ്ണാടി, മാത്തൂർ ലോക്കൽ കമ്മിറ്റികളുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നും അച്ചടക്ക ലംഘനം നടത്തിയെന്നും റിപ്പോർട്ടിലുണ്ട്..

Read More >>