വികെസി മമ്മദുകോയയെ മന്ത്രിയാക്കാതിരുന്നത് വാക്കു തെറ്റിക്കലാണ്; തോൽവി അതിനുള്ള ശിക്ഷയുമാണ്

ഒരു വഞ്ചനക്ക് ഒരു ചെറിയ മറുവഞ്ചന. അതാണ് ബേപ്പൂർ ഉപതെരഞ്ഞെടുപ്പു ഫലം. പാർട്ടിക്ക് വേണമെങ്കിൽ ഗൗരവമായെടുക്കാം. വോട്ടുകളുടെ എണ്ണം അവലോകനംചെയ്ത് വേറെ വ്യാഖ്യാനങ്ങൾ നടത്തണമെങ്കിൽ അതുമാവാം. പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങൾ നോക്കാൻ പാർട്ടിതന്നെ ധാരാളം.

വികെസി മമ്മദുകോയയെ മന്ത്രിയാക്കാതിരുന്നത് വാക്കു തെറ്റിക്കലാണ്; തോൽവി  അതിനുള്ള ശിക്ഷയുമാണ്

കഴിഞ്ഞ നിയമസഭയിലേക്ക് എളമരം കരീം മത്സരിച്ചിരുന്നെങ്കിൽ മന്ത്രിയാകുമെന്ന് തീർച്ചയല്ലേ?

ഇല്ലെന്നു കരുതുന്നവരുണ്ടാവില്ല. ഉണ്ടെങ്കിലും അത് വളരെ ച്ചുരുക്കം പേരാവും. രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികളൊന്നും ചികയാൻ മെനക്കെടാത്തവർ. ന്യൂസ് അവർ ചർച്ചകൾ കാണാത്തവർ. സംഘടനകൾ മുകളിൽ ആലോചിച്ചു തീരുമാനിക്കുന്നവയൊക്കെ ജനാധിപത്യപരമായി താഴേക്കു പങ്കിടുമെന്ന് വിശ്വസിക്കാത്തവർ. അത്തരക്കാരായ മനുഷ്യർക്കൊക്കെ എളമരം കരീമെന്നാൽ അടുത്ത മന്ത്രിയായിരുന്നു. ഐസക്കിന് ധനവകുപ്പെന്ന പോലെ ഉറച്ച വകുപ്പും അവർക്ക് എളമരം കരീമിനെ കാത്തിരിക്കുന്നുണ്ടായിരുന്നു - വ്യവസായ വകുപ്പ്.


എളമരം മത്സരിച്ചില്ല. പാർട്ടി നിശ്ചയിച്ച 'പലകുറിക്കാർക്ക് അവസരമിക്കുറി വേണ്ട' എന്ന തീരുമാനമാവാം കാരണം. ചിലപ്പോൾ വേറെ കാരണങ്ങളുമുണ്ടാവാം. ഇ.പി. ജയരാജന് വ്യവസായമന്ത്രിപദം തീർച്ചപ്പെടുത്തിയതുകൊണ്ടാവാം. കെ.ടി. ജലീലിനെ മന്ത്രിയാക്കാൻ വേണ്ടിയാവാം. അങ്ങനെ എന്തുമാവാം.

എളമരം കരീമെന്നാൽ മറ്റേതൊരെമ്മെല്ലേക്കും സമാനനായ ജനപ്രതിനിധിയായിരുന്നില്ല ബേപ്പൂരുകാർക്ക്. മന്ത്രിയും എംഎൽഎയും തമ്മിൽ എത്ര വ്യത്യാസമുണ്ട്! എതിരഭിപ്രായങ്ങൾ വേണ്ടുവോളമുണ്ടായിരുന്നിട്ടും കരീംതന്നെ സ്ഥാനാർത്ഥിയാവണമെന്നാണല്ലോ പാർട്ടിക്ക് (പിന്നീട് തീരുമാനം മാറ്റിയെങ്കിലും) തോന്നിയത്. അത് ഏതുവിധേനയും മണ്ഡലം നിലനിർത്താൻ കരീമിന് കഴിയുമെന്ന തോന്നൽകൊണ്ടാണെന്ന് ബേപ്പൂരുകാർ അംഗീകരിക്കില്ല. 'ബേപ്പൂരിന് ഒരിക്കൽക്കൂടി കരീംമന്ത്രി' എന്ന ജനഹിതം വോട്ടാകുമെന്ന തോന്നലാണ് കരീമാണ് സ്ഥാനാർത്ഥിയെന്ന പാർട്ടിയിലെ ആദ്യധാരണക്ക് പിന്നിലെന്നവർ വിശ്വസിക്കുന്നു.

ഒരിക്കൽക്കൂടി പറയട്ടെ, എളമരം കരീം മത്സരിക്കരുതെന്നും മന്ത്രിയാവരുതെന്നും പാർട്ടിയിൽപോലും ഉണ്ടാവരുതെന്നും കരുതുന്ന, രാഷ്ട്രീയാഭിപ്രായങ്ങളുള്ള ജനവിഭാഗമല്ല ഇവിടെ ചർച്ചാവിഷയികൾ. ആ വിഭാഗങ്ങൾക്കു പുറത്തുനിൽക്കുന്ന, രാഷ്ട്രീയത്തെ തലക്കുമീതെക്കൂടി ഒഴുകിപ്പോകുന്ന എന്തോ ഒന്നായി കരുതുന്ന സാമാന്യജനവിഭാഗത്തിൽ പെട്ടവരും, ട്രേഡ് യൂണിയൻ സമരങ്ങളിലൂടെ പാർട്ടിക്കാരായി മാറിയ ഇടതുപക്ഷ വോട്ടർമാരും ചേർന്നവരാണ്. (ബേപ്പൂർ മണ്ഡലത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ചരിത്രം ട്രേഡ് യൂണിയൻ പോരാട്ടങ്ങളുടെ ദീർഘചരിത്രമാണ്).

മത്സരിക്കുമെന്നു ധാരണയായ എളമരം മത്സരിച്ചില്ല എന്നതിനെക്കാൾ ഇപ്പറഞ്ഞ ബേപ്പൂരുകാർക്ക് പ്രധാനം എളമരം മന്ത്രിയായിട്ടില്ല എന്നതാണ്. ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ എളമരത്തിനു പകരം വികെസി മത്സര രംഗത്തിറങ്ങിയപ്പോൾ മേൽപ്പറഞ്ഞ സാമാന്യജനതയുടെ (അരാഷ്ട്രീയർ എന്നൊക്കെ നമ്മൾ രാഷ്ട്രീയക്കാർ നിന്ദാരൂപത്തിൽ വിളിക്കുന്നവരാണവരിൽ നല്ലൊരു പങ്ക്) ആലോചനാചിത്രം പാടെ മാറി.

വി.കെ.സി. വിജയയന്ത്രം മാത്രം

വികെസിയിൽ പാർട്ടിനേതൃത്വം കണ്ടത് ബേപ്പൂർ ഇടതുപക്ഷത്ത് ഉറപ്പിച്ചുനിർത്താനുള്ള സ്ഥൈര്യമുള്ള സ്ഥാനാർത്ഥിയെ മാത്രമാണ്. അതിലപ്പുറം കാണാൻ പാർട്ടിക്ക് ബാധ്യതയോ സംഘടനാപരമായ അവകാശമോ ഇല്ല. പാർട്ടി കേന്ദ്ര കമ്മറ്റിയംഗം, സമീപകാലത്ത് പാർട്ടി നേരിട്ട വലിയ ആക്രമണങ്ങളിൽ അമരക്കാർക്കൊപ്പം ഉറച്ചുനിന്ന നേതാവ്, അനുഭവസമ്പന്നനായ മുൻമന്ത്രി തുടങ്ങി ഒട്ടേറെ തൂവൽത്തിളക്കമുണ്ട് പാർട്ടിയിൽ എളമരത്തിന്.
പാർട്ടി ഏരിയാ കമ്മിറ്റിയംഗം, മുൻ എംഎൽഎ, വ്യവസായി തുടങ്ങിയ വികെസിയുടെ ആലഭാരങ്ങൾ എങ്ങനെ തൂക്കിയാലും എളമരത്തിനോളം വരില്ല. അതിനാൽത്തന്നെ എളമരം കരീമിനുമേൽ ആഗ്രഹിക്കാവുന്ന ഉയർച്ചകളൊന്നും വികെസി മമ്മദ് കോയക്കുമേൽ പാർട്ടിക്ക് ആഗ്രഹിച്ചു കൂടാ. പാർട്ടിയുടെ ആഭ്യന്തര ശ്രേണീബന്ധം അതനുവദിക്കുന്നില്ല.

വികെസി ജയിച്ചു. എംഎൽഎയായി. പാർട്ടിക്ക് ജയം മാത്രം. പിണറായിസർക്കാരിനു വിശ്വസ്തനായൊരു എംഎൽഎയെ കിട്ടി. എന്നാൽ, പാർട്ടി ആലോചിക്കുമ്പോലെ ആലോചിക്കാൻ ബാധ്യസ്ഥരല്ലല്ലോ നമ്മുടെ കഥാപുരുഷർ/സ്ത്രീകൾ.

പിണറായിയെ രാജിവെപ്പിച്ച് എം.പി. ആക്കിയാലെങ്ങനെ!

അവർക്കും വികെസി ജയിച്ചു, എംഎൽഎയായി. പക്ഷെ, നഷ്ടം പറ്റി. എംഎൽഎയാക്കുംമുമ്പ് വികെസിയെ കോഴിക്കോട് കോർപ്പറേഷനിലേക്ക് മത്സരിപ്പിച്ച് ജയിപ്പിച്ചവരാണവർ. വികെസി ജയിച്ച വാർഡുൾപ്പെട്ട ബേപ്പൂർ ഗ്രാമപഞ്ചായത്ത് കോഴിക്കോട് കോർപ്പറേഷന്റെ ഭാഗമാക്കപ്പെട്ടശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിലാണ് മുൻ എംഎൽഎ കൂടിയായ വികെസിയെ അവർ കോർപ്പറേഷനിലേക്ക് തെരഞ്ഞെടുത്തയച്ചതെന്ന് ഓർക്കണം.

ജയിച്ച വികെസി അവർക്ക് വെറും കോർപ്പറേഷൻ കൗൺസിലറായിരുന്നില്ല. നഗരപിതാവായാണ് വികെസി മാറിയത്. ധർമ്മടത്തുകാർക്ക് പിണറായി പോലെ. പിണറായി ധർമ്മടത്തുകാർക്ക് എംഎൽഎ മാത്രമല്ലല്ലോ.

നഗരപിതാവിന്റെ സ്ഥാനത്താണ് ബേപ്പൂരുകാർക്ക് വികെസിയെ എംഎൽഎയായി ലഭിച്ചത്. പിണറായി ഭരണത്തിന്റെ നൂറുദിവസം കൊണ്ടുണ്ടാക്കിയ ജനപ്രീതി കോഴിക്കോട് നഗരസഭാ ഭരണസാരഥിയായ വി.കെ.സി.യും ചുരുങ്ങിയ കാലംകൊണ്ട് നേടിയിരുന്നു. അതിന്റെ മുഴുവൻ അഭിമാനവും ഉണർവ്വും മുഖ്യമന്ത്രി പിണറായിയിൽ നിന്ന് ധർമ്മടത്തുകാർക്കുണ്ടായ പോലെ ബേപ്പൂർ അരീക്കാട് വാർഡുകാർക്ക് മേയർ വികെസിയിൽ നിന്നും ഉണ്ടായിരുന്നു.

പിണറായി മുഖ്യമന്ത്രിയായിരിക്കെ വടകരയിൽനിന്ന് പാർലമെണ്ടിലേക്ക് മത്സരിച്ച് വിത്തൽ ഭായ് പട്ടേൽ ഹൗസിലോ മറ്റോ ഒരു എം.പി.യായി കഴിയേണ്ട സ്ഥിതിവന്നാൽ ധർമ്മടത്തുകാർ പൊറുക്കുമോ? അത് ആർഎംപിക്കാരുടെ വിമത ഏർപ്പാട് കാലാകാലത്തേക്ക് തീർക്കാനുള്ള ഏകവഴിയായി പൊളിറ്റ് ബ്യൂറോയും സംസ്ഥാന കമ്മിറ്റിയും ഒറ്റക്കെട്ടായെടുത്ത തീരുമാനമാണെങ്കിൽപ്പോലും ഉരുക്കിന്റെ അച്ചടക്കമുള്ള ധർമ്മടത്തുകാർക്കും പിണറായിക്കാർക്കും സഹിക്കുമോ? അവർ പാർട്ടി തീരുമാനം അംഗീകരിച്ചു തരുമോ?

തോറ്റത് പാർട്ടിയല്ല; ഒരിക്കലുമല്ല

ഇല്ലെന്നുറപ്പല്ലേ. അതാണ് ബേപ്പൂരിൽ കോർപ്പറേഷൻ ഉപതെരഞ്ഞെടുപ്പിൽ സംഭവിച്ചത്. വി.കെ.സി. രാജിവച്ച അരീക്കാട് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പ്രദേശത്തെ തലമുതിർന്ന നേതാവ്   തറപറ്റി. കഴിഞ്ഞ തവണത്തേതിനെക്കാൾ മികച്ച മാർജിനിൽ സയ്യിദ് മുഹമ്മദ് ഷമീലെന്ന പഴയ എസ്.എഫ്.ഐ.ക്കാരൻ ജയം തനിക്കനുകൂലമായി തിരിച്ചിട്ടു. വികെസിക്കെതിരെയും ഷമീലായിരുന്നു സ്ഥാനാർത്ഥി.

വാർഡ് നിലവിൽ വന്നമുതൽ പാർട്ടിക്കൊപ്പം നിന്ന ഒരു പ്രദേശത്ത് പാർട്ടി സ്ഥാനാർത്ഥി സ്വതന്ത്രനോട് തോറ്റത് പാർട്ടിയെ ബേപ്പൂരുകാർ കൈവിടുന്നതിന്റെ മുന്നോടിയാണെന്നു വ്യാഖ്യാനിക്കാൻ വരട്ടെ. അതിനല്പം സമയമെടുക്കും!

എന്നാൽ, ബേപ്പൂരുകാരെ പച്ചക്ക് ആരോ പറ്റിച്ചിരിക്കുന്നു എന്നു പറഞ്ഞു നോക്കൂ. എന്തോ ലാഭംപറഞ്ഞ് അവരുടെ പ്രതിനിധിയായ നഗരപിതാവിനെ എംഎൽഎയാക്കി അവരോടെന്തോ കളിപ്പീര് ചെയ്തിരിക്കുന്നുവെന്ന് പറഞ്ഞു നോക്കൂ. നൂറു നൂറു പാർട്ടിക്കൈകൾ നിങ്ങളെ ശരിവച്ച് മേലോട്ടുയരും. കാരണം സിമ്പിളാണ്. ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളിലൂടെ പാർട്ടി അച്ചടക്കം പഠിച്ചവർക്ക് കളിപ്പീര് ഇഷ്ടപ്പെടില്ല. നേരത്തെപ്പറഞ്ഞ 'അരാഷ്ട്രീയ' ജനതക്കും കളിപ്പീര് ഇഷ്ടപ്പെടില്ല.

അവർ നൽകിയ ചെറിയ ശിക്ഷയാണ് ഉപതെരഞ്ഞെടുപ്പു ഫലം. യുഡിഎഫിനോ ബിജെപിക്കോ അതിൽ ക്രഡിറ്റില്ല. ജനാവലിക്കു മുമ്പാകെ പാർട്ടി നൽകിയ ഒരുറപ്പ് ലംഘിക്കപ്പെട്ടിരുന്നു! അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഒരു ലാഭം തുടർ ചർച്ചകൾക്ക് അനുമതിയേകാതെ പിൻമടക്കപ്പെട്ടിരുന്നു!

വഞ്ചനക്കൊരു മറുവഞ്ചന

എന്തായിരിക്കും അത്? വികെസിയെ മന്ത്രിയാക്കുമെന്നതിൽ കുറഞ്ഞ ഒന്നുമല്ല അത്. ഇല്ലെന്ന് തർക്കിച്ചേക്കാം പാർട്ടി ഘടകങ്ങൾ. അതു സത്യവുമാവാം. നേരിട്ടങ്ങനെ ഒരു വാക്കും നൽകിയിട്ടില്ലെങ്കിൽ ഇലക്ഷൻ മാനേജർമാർ അങ്ങനെയൊരു സ്വപ്നം സ്വയം ഉറപ്പില്ലാഞ്ഞിട്ടും ജനങ്ങൾമുമ്പാകെ വച്ചിരുന്നു. അതല്ലെങ്കിൽ, ജനതയുടെ ഇച്ഛ അതായിരുന്നു. അതു കാണുന്നതിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പു മാനേജർമാർക്ക് വശപ്പിശക് പറ്റിയെന്നെങ്കിലും ഉറപ്പാണ്.

എളമരത്തിനു മേൽ ബേപ്പൂരുകാർക്കുണ്ടായിരുന്ന സ്വപ്നം വി.കെ.സി.യിലൂടെ നടന്നിരുന്നെങ്കിൽ അവർക്ക് ലാഭം തോന്നുമായിരുന്നു. ലാഭമുണ്ടാവില്ലെന്ന് വല്ല സൂചനയും കിട്ടിയിരുന്നെങ്കിൽ ബേപ്പൂർ പഞ്ചായത്തിൽ നിയമസഭയിലേക്ക് എൽഡിഎഫിന് കിട്ടിയ വോട്ടിൽ അതു നിഴലിക്കുമായിരുന്നു. എന്നാൽ ബേപ്പൂർ പഞ്ചായത്തുകാർ പൊതുവിലും, കോർപ്പറേഷനിലേക്ക് വി.കെ.സി.യെ ജയിപ്പിച്ച വാർഡ് പ്രദേശത്ത് പ്രത്യേകിച്ചും, എൽഡിഎഫിന് അങ്ങനെയൊരു വോട്ടുക്ഷീണം ഉണ്ടായിട്ടില്ല. ഈ ഉപതെരഞ്ഞെടുപ്പു വരേക്കും!

അപ്പോൾ ഒരു വഞ്ചനക്ക് ഒരു ചെറിയ മറുവഞ്ചന. അതാണ് ബേപ്പൂർ ഉപതെരഞ്ഞെടുപ്പു ഫലം. പാർട്ടിക്ക് വേണമെങ്കിൽ ഗൗരവമായെടുക്കാം. വോട്ടുകളുടെ എണ്ണം അവലോകനംചെയ്ത് വേറെ വ്യാഖ്യാനങ്ങൾ നടത്തണമെങ്കിൽ അതുമാവാം. പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങൾ നോക്കാൻ പാർട്ടിതന്നെ ധാരാളം.

'പാർട്ടി മുസ്ലിങ്ങൾ'

എന്നാൽ വഞ്ചന നടന്നത് ശരിയാണെങ്കിൽ വേറൊരു രാഷ്ട്രീയ ചർച്ചക്ക് നിർബന്ധമായും സ്കോപ്പുണ്ട്. നടന്നുവെന്ന് വിശ്വസിക്കാവുന്ന പ്രാദേശികമായ വഞ്ചനക്ക് ഒരു ഓൾ കേരള പശ്ചാത്തലം ന്യായമായും ഉണ്ട്. അത് വിവിധ ജാതി-മത വിഭാഗങ്ങൾക്ക് മുഖ്യധാരാ രാഷ്ട്രീയത്തിൽ എത്രക്ക് പങ്കുണ്ടെന്ന ചില അന്വേഷണങ്ങളിലേക്കുകൂടി നീട്ടാവുന്നതാണ്.

ദളിതരും മുസ്ലിങ്ങളുമൊഴിച്ചുള്ള സമുദായ വിഭാഗങ്ങൾക്കൊക്കെ ഒട്ടും കുറവല്ലാത്ത വിലപേശൽ ശേഷിയുണ്ട് കേരളത്തിലെ അധികാര രാഷ്ട്രീയത്തിൽ. ഭരണത്തിലെ അവരവരുടെ സമുദായപ്രാതിനിധ്യം ഏതു ഭരണത്തിലും അവർക്ക് ഉറപ്പിക്കാൻ കഴിയാറുമുണ്ട്. ഉദാഹരണത്തിന് എൻഎസ്എസ്. അവർക്ക് അർഹിക്കുന്നതിലുമപ്പുറത്തെ പ്രാതിനിധ്യം കൊടുക്കാതെ ഏതു സർക്കാർ ഭരിച്ചിട്ടുണ്ട് കേരളത്തിൽ, പിണറായി സർക്കാരടക്കം? യുഡിഎഫ്. ഭരണത്തിലെങ്കിലും മുസ്ലിംലീഗും മുസ്ലിം സംഘടനകളും അവരുടെ സമുദായ പ്രാതിനിധ്യംകൂടി ഇപ്പറഞ്ഞതിനൊപ്പം നേടാറുമുണ്ട്.

ഇടതുപക്ഷത്തിനകത്ത് അകപ്പെട്ട മുസ്ലിങ്ങൾക്ക് പക്ഷെ വേറെ കഥയുണ്ടെന്ന് നമുക്ക് വിശ്വസിക്കേണ്ടിവരും. അവിടെ റിസർവേഷൻ വളരെ കണിശമാണ്. നിർമതരായി മാർഗ്ഗം കൂടിയാൽപ്പോലും അവർക്ക് റിസർവേഷൻ ക്വാട്ടക്കപ്പുറം ജനറൽ സീറ്റ് കിട്ടില്ല ഇടതുപക്ഷഭരണത്തിൽ. കെടി ജലീലും എ.സി. മൊയ്തീനുമുൾപ്പെട്ട കേരളഭരണത്തിൽ വി.കെ.സി.കൂടി മന്ത്രിയായാൽ സാമുദായിക സമവാക്യം തെറ്റും! നായർ-നമ്പ്യാർ എണ്ണം പോലല്ലോ അത്!

കോ-ലീ-ബിയെയും മാറാടിനെയും നേരിട്ടത് മുസ്ലിങ്ങളായല്ല

ഈ താരതമ്യത്തിൽ കേരളക്കാർക്ക് അസംബന്ധം തോന്നാം. എന്നാൽ ബേപ്പൂരുകാർക്ക് തോന്നേണ്ട കാര്യമില്ല, രണ്ടു കാരണങ്ങൾ കൊണ്ട്.

കോ-ലീ-ബി സഖ്യത്തെയും മാറാട് കലാപങ്ങളെയും നേരിടാൻ ബേപ്പൂരിനു കഴിഞ്ഞത് 'പാർട്ടിക്കകത്തെ മുസ്ലിങ്ങൾ' നേതൃപങ്ക് വഹിച്ചതുകൊണ്ടാണ്. ഉപതെരഞ്ഞെടുപ്പിൽ തോറ്റ സഖാവതിൽ പ്രമുഖനാണ്. അവർ മുസ്ലിങ്ങളായല്ല പാർട്ടിക്കൊപ്പം നിന്നതെങ്കിൽ പൊതുപരിഗണന അവർ അർഹിക്കുന്നുമുണ്ട്. അത് പ്രതീക്ഷിച്ചതുകൊണ്ടാണ് വി.കെ.സി. മന്ത്രിയാവുമെന്ന പ്രതീതി വോട്ടർമാരിൽ പ്രാദേശിക പാർട്ടി ഘടകങ്ങളുടെ മൗനാനുവാദത്തോടെ അവർ ജനിപ്പിച്ചതും. തെരഞ്ഞെടുപ്പു കഴിയുമ്പോൾ വി.കെ.സി. സാമുദായിക സമവാക്യം തെറ്റിക്കാനിടയുള്ള മുസ്ലിമായി തഴയപ്പെടുന്നത് അവർ പൊറുക്കേണ്ട കാര്യമെന്ത്!

തീർക്കാതെ നീറുന്ന വിശ്വാസ സംഘർഷങ്ങൾ

നിർമ്മതരാകാൻ നിർബന്ധിക്കപ്പെടുന്ന മുസ്ലിം സഖാക്കളുടെ ചില ദാർശനിക പ്രശ്നങ്ങളും കുഴമറിഞ്ഞു കിടക്കുന്നുണ്ട് പരാജയത്തിൽ. ജയിച്ച ഷമീൽ മുൻ എസ്എഫ്ഐക്കാരൻ മാത്രമല്ല, മുൻ പാർട്ടി പ്രവർത്തകനുമാണ്. പാർട്ടി നടപടിയെടുത്താണ് ഷമീൽ പുറത്തു പോയതെന്നു പാർട്ടി മുമ്പ് വിശദീകരിക്കുമ്പോൾ വിശ്വാസിയായതിന്റെ പേരിൽ പാർട്ടിയിലുണ്ടായ സംഘർഷങ്ങളാണ് പുറത്തുപോവാൻ ഇടയാക്കിയതെന്ന് ഷമീലും വാദിച്ചിരുന്നു.

സമാനമായ വിശ്വാസത്തർക്കങ്ങളൊന്നും തീർപ്പാവാറില്ല. പുറത്താവലോ പുറത്തറിയാതിരിക്കലോ മാത്രമേ ഉണ്ടാകാറുള്ളൂ. ഷമീലിന്റെ കാര്യത്തിലും ആരാണേതാണ് ശരിയെന്ന് തീർപ്പായിട്ടില്ല. ഇനിയക്കാര്യം കൂടി തീർപ്പുകല്പിക്കണമെന്ന് പാർട്ടിയോട് വിധിച്ചതുമായിരിക്കാം ബേപ്പൂരുകാർ.

'ഹംസ'വാക്യം

വിശ്വാസിയായതുകൊണ്ടാണ് പാർട്ടിക്ക് പുറത്തായതെന്നു പറയുന്നവരുടെ എണ്ണം കൂടുമ്പോഴും, വിശ്വാസിയായതുകൊണ്ടാണ് ഞാൻ പാർട്ടിക്കാരനും മന്ത്രിയുമായതെന്ന് കെടി ജലീൽ പോലും പറയാറുമില്ല! കെടി ജലീൽ യഥാർത്ഥത്തിൽ അങ്ങനെയായിട്ടും.

എന്നാൽ ബേപ്പൂരുകാരുടെ ഹൃദയപുരുഷനായിരുന്ന ടികെ ഹംസ സ്വയം അങ്ങനെയല്ലെങ്കിലും തമാശയായിട്ടെങ്കിലും അങ്ങനെ പറയാറുണ്ടായിരുന്നു!

Read More >>