നിയമന വിവാദം: ഒരു ആന്തരിക പ്രതിസന്ധി

വിവരാവകാശ നിയമം നിലനിൽക്കുന്ന, തൂണിലും തുരുമ്പിലും മാധ്യമ സാന്നിദ്ധ്യമുള്ള ഒരു സംസ്ഥാനത്ത് നിർദ്ദിഷ്ട യോഗ്യതപോലും ഇല്ലാതെ ഒരു നിയമനം നടന്നാൽ അത് ആരും കണ്ടുപിടിക്കില്ല എന്ന് കരുതുന്ന മന്ത്രിമാരുടെയും, എം പി മാരുടെയും കാര്യത്തിൽ രാജിയല്ല, മസ്തിഷ്ക വികാസ പരിശോധനയാണ് അടിയന്തിരമായി വേണ്ടത്.

നിയമന വിവാദം: ഒരു ആന്തരിക പ്രതിസന്ധി

വിശാഖ് ശങ്കർ

കാടടച്ചുള്ള വെടിയും, പുകയും, പത്തരമാറ്റ് പട്ടിണി സമരവും ഒക്കെ മാറ്റിവച്ചാൽ ഈ അടുത്ത് ഉയർന്നുവന്ന നിയമന വിവാദം സാധുവായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അവ പാർട്ടിക്ക് പുറത്തുനിന്ന് സർക്കാരിലേയ്ക്ക് ചൂണ്ടുന്നവയിൽ ഉപരി പാർട്ടിക്ക് ഉള്ളിൽ നിന്ന് അതിന്റെ കേന്ദ്രത്തിലേയ്ക്ക് ചൂണ്ടുന്നവയാണ്.

വിവരാവകാശ നിയമം നിലനിൽക്കുന്ന, തൂണിലും തുരുമ്പിലും മാധ്യമ സാന്നിദ്ധ്യമുള്ള ഒരു സംസ്ഥാനത്ത് നിർദ്ദിഷ്ട യോഗ്യതപോലും ഇല്ലാതെ ഒരു നിയമനം നടന്നാൽ അത് ആരും കണ്ടുപിടിക്കില്ല എന്ന് കരുതുന്ന മന്ത്രിമാരുടെയും, എം പി മാരുടെയും കാര്യത്തിൽ രാജിയല്ല, മസ്തിഷ്‌ക വികാസ പരിശോധനയാണ് അടിയന്തിരമായി വേണ്ടത്. കള്ളത്തരം കാണിക്കുമ്പോൾ ഒരു മിനിമം അവധാനതയെങ്കിലും വേണം. അതുമില്ലെങ്കിൽ അത് കൊള്ളയായി തീരും.


അത് പോട്ടെ, നിർദ്ദിഷ്ട യോഗ്യതയില്ലാത്ത, നടപടി ക്രമങ്ങൾ പാലിക്കാത്ത നിയമനങ്ങളെ നേരിടാൻ ഈ നാട്ടിൽ നിയമവും, കോടതിയുമുണ്ട്. അവയെ പുറത്ത് കൊണ്ടുവരാൻ, ഇനി ഒരുപക്ഷേ നൈതികതാ ബന്ധിയായ താല്പര്യങ്ങളാലല്ല, കേവലം വിവാദ സാദ്ധ്യതകളാൽ പ്രചോദിതമായാണെന്ന ആരോപണം സമ്മതിച്ചാൽ പോലും നിതാന്ത ജാഗ്രത പുലർത്തുന്ന മാധ്യമങ്ങളുണ്ട്. അതുകൊണ്ട് ആ മേഖല ഏതാണ്ട് ഭദ്രമാണെന്ന് തോന്നുന്നു. പക്ഷേ രാഷ്ട്രീയ നിയമനങ്ങൾ എന്ന പ്രത്യേകിച്ച് കർശന യോഗ്യതാ മാനദണ്ഡങ്ങളൊന്നും ഇല്ലാത്ത, അതുകൊണ്ട് തന്നെ ആരെ നിയമിച്ചാലും സാങ്കേതികമായി ചോദ്യം ചെയ്യാനാവാത്ത നിയമനങ്ങളിൽ അതല്ല സ്ഥിതി.

നിയമന വിവാദവും പ്രതിപക്ഷവും

ഈ നടന്ന സംഭവങ്ങളെ പ്രതിപക്ഷം സമീപിക്കുന്നത് തങ്ങളെ അഴിമതിക്കാർ എന്ന് വിളിച്ച ഇവർ എന്താ മോശമോ എന്ന വാദം മുൻ നിർത്തിയാണ്. അതുകൊണ്ട് തന്നെയാണ് അവർ കാടടച്ച് വെടിവയ്ക്കുന്നതും. നിശ്ചിത യോഗ്യതകൾ നിർബന്ധമായും പാലിക്കേണ്ട നിയമനങ്ങളെയും, രാഷ്ട്രീയ നിയമനങ്ങൾ എന്ന നിലയിൽ മാറിവരുന്ന സർക്കാരുകൾ തങ്ങളുടെ പ്രവർത്തകർക്ക് നൽകി പോരുന്ന നിയമനങ്ങളെയും ഒക്കെ ചേർത്ത് ഒരു ഒറ്റ പട്ടിക ഉണ്ടാക്കുകയും അവയെ എല്ലാം കേവലം വാക്ചാതുര്യം അനുസരിച്ച് അഴിമതിയായി സ്ഥിതീകരിക്കുകയുമാണ് രീതിശാസ്ത്രം.

ഇതനുസരിച്ച് മന്ത്രിമാരുടെ മക്കൾ ഏത് പൊതുമേഖലാ സ്ഥാപനത്തിൽ ജോലി നേടിയാലും അത് അഴിമതിയാണ്. ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ മകൻ യുഡിഎഫ് ഭരണകാലത്ത് നടന്ന ഇന്റർവ്യൂവിൽ റാങ്കോടെ പാസ്സായി ജോലി നേടിയ വ്യക്തിയായിട്ടും അയാളുടെ നിയമനവും ഈ കാടടച്ചുള്ള വെടിവയ്പ്പിൽ പെട്ടു. മേഴ്‌സികുട്ടിയമ്മയുടെ ബന്ധുക്കൾ എന്ന നിലയിൽ ചോദ്യം ചെയ്യപ്പെട്ട നിയമനങ്ങളിൽ സേവിയറും, രാജേഷും അഴിമതിക്കാരാണെന്ന വാദമാണ് കെപിസിസി വക്താവ് രാജ്‌മോഹൻ ഉണ്ണിത്താൻറേത്. പക്ഷേ തെളിവ് ചോദിച്ചാൽ സേവിയർ അഞ്ഞൂറു രൂപയിൽ കുറഞ്ഞ കൈ കൂലി പറ്റാത്തതുകൊണ്ട് 'അഞ്ഞൂറാൻ' എന്ന് വിളിപ്പേരുനേടിയ വ്യക്തിയാണ് എന്ന് എനിക്കറിയാം എന്ന സാക്ഷ്യമാണ്!

നിർദ്ദിഷ്ട യോഗ്യതാ മാനദണ്ഢങ്ങൾ പാലിക്കാത്ത, നടപടി ക്രമങ്ങൾ തെറ്റിച്ചുള്ള ഏത് നിയമനത്തിനെതിരെയും കോടതിയെ സമീപിക്കാം എന്നിരിക്കെ ഇത്തരം വിമർശനങ്ങൾ വെറും വാചാടോപങ്ങൾ മാത്രമാണെന്ന് വ്യക്തം. എന്ന് മാത്രമല്ല, സാധുവായ ഒരു നൈതീക പ്രശ്‌നത്തിന്റെ പരിധിയിൽ നിന്ന് ചർച്ചകളെ മുഴുവൻ വഴിതിരിച്ച് വിടുകയാണ് ഇത്തരം വെടി, പുക രാഷ്ട്രീയ വക്താക്കളും കവല പ്രസംഗത്തിനപ്പുറം ഉള്ളടക്കമില്ലാത്ത അവരുടെ വാദങ്ങളും.

ഗൗരവമായ പ്രശ്‌നം

ഈ നിയമന വിവാദം പുറത്ത് വന്നത് മുതൽ സാധാരണ പതിവില്ലാത്ത രണ്ട് കാര്യങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിച്ചു. പാർട്ടി എന്തുചെയ്താലും പിന്തുണയ്ക്കുന്ന, മസ്തിഷ്‌കം പണയം വച്ചവരാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അണികൾ, പ്രത്യേകിച്ച് അതിൽ പ്രബല കക്ഷിയായ സിപിഎമ്മിന്റെ അണികൾ എന്ന കാലാകാലമായി നിലനിന്ന സിദ്ധാന്തം തെറ്റി. ഇത് ആദ്യമായിട്ടൊന്നുമല്ല. എങ്കിലും ഇത്ര പ്രത്യക്ഷവും, പ്രബലവുമായി തെറ്റുന്നത് ഒരുപക്ഷേ ആദ്യമായിരിക്കാം. കാരണം ഏത് നാണം കെട്ട അഴിമതിയെയും എന്തെങ്കിലും പുകകൊണ്ട് മറയ്ക്കുന്ന പല ജാതി പാർട്ടി വക്താക്കളെയും അനുഭാവികളെയും കണ്ട കഴിഞ്ഞ അഞ്ച് വർഷത്തെ ചാനൽ ചർച്ചകളിൽനിന്ന് വ്യത്യസ്തമായി ഈ വിവാദത്തെ പ്രതിരോധിക്കാൻ ഒറ്റ ഇടത് വക്താവും വന്നില്ല. കിട്ടിയ അനുഭാവികൾ പോലും ഓഡിറ്റിങ്ങിലെ ഏകപക്ഷീയതയെ അല്ലാതെ നടന്നതിനെ വെള്ളപൂശിയില്ല.

പ്രശ്‌നം യോഗ്യതയുമായി ബന്ധപ്പെട്ട അക്കാദമിക്ക് കടമ്പകൾ ഒന്നുമില്ലാത്ത രാഷ്ട്രീയ നിയമനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇതിൽ പ്രതിപക്ഷത്തിനോ, മീഡിയയ്‌ക്കോ കാര്യമായ പങ്കൊന്നുമില്ല. ഇവിടെ നടക്കുന്നത് ഒരു ആന്തരിക ഓഡിറ്റിങ്ങാണ്. രാഷ്ട്രീയ നിയമനങ്ങളുണ്ട്. അത് പക്ഷേ നേതാക്കളുടെ ബന്ധുക്കൾക്കും, മക്കൾക്കും വീതിക്കാനുള്ളതല്ല പ്രസ്ഥാനത്തിനായി ചോര നീരാക്കിയ സഖാക്കൾക്ക് നൽകേണ്ടുന്ന സാദ്ധ്യമായ ഭൗതിക ഉപശാന്തിയാണ്. ഓരോ മന്ത്രിക്കും തന്റെ പെഴ്‌സണൽ സ്റ്റാഫിലേയ്ക്ക് മൂന്ന് നിയമനം നടത്താം എന്ന ഒരു അപ്രഖ്യാപിത നീക്കുപോക്കുണ്ട് എന്ന് തന്നെ വയ്ക്കുക. അതുപയോഗിച്ച് ഒരു കമ്യൂണിസ്റ്റ് മന്ത്രി തന്റെ ബിരുദാനന്തര ബിരുദധാരിയായ മരുമകളെ പാചകക്കാരിയായി തിരുകുകയല്ല വേണ്ടത്, മറിച്ച് പാർട്ടിയ്ക്കായി പ്രകടനത്തിനും, വോട്ട് ചോദിക്കാനും, തോരണം തൂക്കാനും ഒപ്പമുണ്ടായിരുന്ന ഒരു ദരിദ്ര സഖാവിനെങ്കിൽ ഒരാൾക്ക് തൊഴിലും പെൻഷനും കിട്ടാനുള്ള വഴി തേടുകയാണ്.

ഇതിന്റെ പേരിൽ സാങ്കേതികമായി ഒരു നടപടിയും ഉണ്ടാവില്ല. ഇത്തരം രാഷ്ട്രീയ നിയമനങ്ങളെ കോടതിയിൽ ചോദ്യം ചെയ്യാനുമാവില്ല. പക്ഷേ അവ പാർട്ടിയ്ക്കുള്ളിൽ, നാം അതിനെ കെട്ടിപ്പടുത്തത് എന്ന് വിശ്വസിക്കുന്ന നൈതിക പരിസരത്തിനുള്ളിൽ ചോദ്യം ചെയ്യപ്പെടും. അത് പണ്ടത്തെപ്പോലെ മൃദുസ്ഥായിയിൽ ആവില്ല. ഇന്ന് എല്ലാവർക്കും സംസാരിക്കാൻ വേദികൾ ഉള്ള നിലയ്ക്ക് ലെനിനിസ്റ്റ് പാർട്ടി ചട്ടക്കൂടിന്റെ യാന്ത്രികമായ വ്യാഖ്യാനത്തിലൊന്നും ആ ഒച്ചകളെ മുക്കി കളയാൻ ആവില്ല.

അങ്ങനെ ഒരു ശ്രമം നടക്കുന്നതായും വസ്തുനിഷ്ഠ തെളിവുകൾ ഒന്നുമില്ല. ഇത് ശരിയെങ്കിൽ സൂചിപ്പിക്കുന്നത് ഒരു മുഖ്യ ഇടതുകക്ഷി എന്ന നിലയിൽ സിപിഎമ്മിനുള്ളിൽ നടക്കുന്ന ഒരു ധനാത്മക പരിണാമത്തെയാണ്. ഈ സംഘടനയിൽ, അതിന്റെ പരിമിതികൾ അംഗീകരിച്ചുകൊണ്ട് തന്നെ വിശ്വാസം അർപ്പിക്കുകയും അതിന്റെ കഷ്ട കാലങ്ങളിലൊക്കെയും കരുതലോടെ കൂടെ നിൽക്കുകയും ചെയ്ത പ്രത്യക്ഷരും, പരോക്ഷരുമായ ഒരു വലിയ അനുഭാവി വൃന്ദത്തിന്റെ വികാരത്തെ അവർ മാനിക്കുന്നുണ്ട് എന്ന ഒരു തൽകാല പ്രതീക്ഷയെങ്കിലും ഈ വിവാദത്തെ പാർട്ടി കൈകാര്യം ചെയ്ത വിധം സൂചിപ്പിക്കുന്നു.

അല്ല, ഇത് വെറും കണ്ണിൽ പൊടിയിടലാണെങ്കിൽ ഇനിയുള്ള നാലര വർഷക്കാലം ഇടാനുള്ള പൊടി ഇറക്കുമതി ചെയ്യേണ്ടിവരും. കേരളം രാഷ്ട്രീയവും, സാംസ്‌കാരികവുമായ ഒരു നിർണ്ണായക ഘട്ടത്തിലൂടെ കടന്ന് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഇവിടെ മുകളിൽ നിന്ന് ഇറക്കുന്ന ഇടത് രാഷ്ട്രീയ പ്രത്യയശാസ്ത്രമോ, സംഘടനാ ചട്ടക്കൂടോ, യാന്ത്രിക അച്ചടക്കമോ, അതിനെക്കാൾ യാന്ത്രികമായ അച്ചടക്ക നടപടികളൊ ഒന്നും നിലനിൽക്കില്ല. സംവാദാത്മകവും തിരുത്തലിന് സജ്ജവുമായ ഒരു ജനാധിപത്യ ഘടനയിലൂടെ അല്ലെങ്കിൽ വിദൂര കാല്പനികമായ ഒരു ഉദയ പ്രതിജ്ഞയ്ക് അനുഭാവികൾ എന്നും കൂടെ നിൽക്കില്ല. അവർ വഴി തിരിഞ്ഞാൽ പിന്നെ വീണ്ടും ഒരു കവലയുടെ നിർമ്മാണം അത്ര എളുപ്പവുമാവില്ല.