ഗോക്കളും ഗോമാംസവും

ഈ ഗോക്കളുടെ പേരിലുള്ള തല്ലുകൂടല്‍ കാണുമ്പോള്‍ സത്യമായും ഇതെന്തിന് എന്നെനിക്ക് മനസ്സിലാകുന്നില്ല. വയലാറിന്റെ വരികള്‍ ഉറക്കെ പറഞ്ഞു പോകുന്നു.. 'ആര്യവംശത്തിന്നു അടിയറ വക്കുമോ സൂര്യവംശത്തിന്റെ സ്വര്‍ണ സിംഹാസനം'.

ഗോക്കളും ഗോമാംസവും

സന്ധ്യാരാമൻ

പണ്ട് സ്‌കൂളില്‍ കംപസിഷന്‍ ബുക്കില്‍ ടീച്ചര്‍ തരുന്ന വിഷയങ്ങളെ കുറിച്ച് കുറച്ചു വരികളില്‍ എഴുതണം. നമുക്കൊക്കെ കിട്ടിയിട്ടുള്ള ഒരു വിഷയം ആണ് 'ദി കൌ' (സാക്ഷാല്‍ പശു). അന്നൊന്നും പശു എനിക്ക് മാതൃതുല്യ ആണെന്നോ പവിത്രമാണെന്നോ ഒന്നും തോന്നിയിട്ടില്ല. എഴുതിയിട്ടുമില്ല. പശു ഒരു വളര്‍ത്തുമൃഗം ആണ്, പശു പുല്ലും വയ്‌ക്കോലും തിന്നും, പശു നമുക്ക് പാല് തരും, പശുവിന്റെ ചാണകം നല്ല വളം ആണ് എന്നൊക്കെ ആകും എഴുതിയിട്ടുണ്ടാകുക.


കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഞാന്‍ ഗോപൂജ കണ്ടിട്ടേ ഇല്ല. ശിവന്‍കോവിലില്‍ പോകുമ്പോള്‍ നന്ദിയെ തൊട്ടു കണ്ണില്‍ വെയ്ക്കാറുണ്ട്. ഗണപതികോവിലില്‍ പോകുമ്പോള്‍ എലിയേയും.

ഇപ്പോള്‍ ഇതൊക്കെ ഓര്‍ത്തപ്പോള്‍ തോന്നുന്നു, അന്നത്തെ ആ ബുക്കില്‍ അച്ഛമ്മയുടെ കറുമ്പി പശുവിനെ കുറിച്ചും കൂടി എഴുതണമായിരുന്നുവെന്ന്. അവധിക്കാണ് അപ്പാപ്പന്റെ വീട്ടില്‍ പോവുക. എത്തിയാല്‍ ഉടനെ ബാഗില്‍ നിന്നും ഹവായി ചെരുപ്പെടുത്ത് ഇടും. എന്നിട്ട് കല്ലുകള്‍ നിറഞ്ഞ പറമ്പിലൊക്കെ നടക്കും. പുളിമരചോട്ടില്‍ ആണ് സമാധികള്‍. രണ്ടെണ്ണം ഉണ്ട്, ചെറുപ്പത്തിലെ മരിച്ച ചെറിയച്ചന്റെയും പിന്നെ കെണ്ടാമ്മയുടെയും. അച്ഛമ്മയുടെ അമ്മയാണ് കെണ്ടാമ്മ. മുടി തോളറ്റം മുറിച്ചിട്ട് സാരിയുടുത്തൊരു സുന്ദരി പത്രാസുകാരി. അതാണ് കെണ്ടാമ്മയുടെ മതിലില്‍ തൂക്കിയ ഫോട്ടോ. അന്നൊക്കെ ഇത്ര സ്‌റ്റൈല്‍ ആകാന്‍ കാരണം, അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് വിദ്യാഭ്യാസം ആണെന്നാണ് പറഞ്ഞു കേട്ടിരിക്കുന്നത്. ആ സമാധികളില്‍ പോയിരിക്കാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ഒരു ഉയര്‍ന്ന സിമന്റ് തിട്ട. അതിനു മുകളില്‍ അങ്ങനെ ഇരിക്കും. പുളിമരം കുടപിടിച്ച് നില്ക്കും വെയില്‍ വരാതെ.

ഓര്‍മ്മകള്‍ അഴിച്ചു വിട്ടാല്‍ ഇങ്ങനെ മേഞ്ഞു നടക്കും. ഞാന്‍ പറഞ്ഞു വന്നത് നമ്മുടെ കറുമ്പി പശുവിനെക്കുറിച്ചാണ്. അവളെ കറക്കുന്നത് കാണാന്‍ അടുക്കള പടിയില്‍ പോയിരിക്കും. കറവക്കാരന്‍ അവളെ തൊഴുത്തില്‍ നിന്നും അഴിച്ചു വെളിയില്‍ കെട്ടും. എന്നിട്ട് കന്നിനെ അഴിച്ചു വിടും. അത് ഓടി വന്ന് അമ്മയുടെ, അതിന്റെ അമ്മയുടെ അകിടില്‍ ഇടിച്ചിടിച്ചു പാല് കുടിക്കുന്നത് അതിശയത്തോടെ നോക്കികാണും. പിന്നെ പാവം കന്നിനെ വലിച്ചു മാറ്റി ലവലോലിക്ക മരത്തില്‍ കെട്ടിയ ശേഷം 'കോവി' അണ്ണന്‍ പശുന്റെ അടുത്ത് കുത്തിയിരിക്കും. കാഴ്ച മറയുന്നത് കൊണ്ട് ഞാന്‍ ഒരക്കളപടിയിലേക്ക് മാറും. ശര്‍ര്‍ ശര്‍ര്‍ന്നു പാല് വല്യ മൊന്തയിലേക്കു കറന്നു വീഴ്ത്തുന്നത് ഇപ്പോഴും കേള്‍ക്കാം.

കണ്ണടച്ചാല്‍, അച്ഛമ്മ കറുമ്പിപ്പശുവിനോട് സംസാരിക്കുന്നത് കേള്ക്കാം. മോളേ എന്നൊക്കെ വിളിച്ചു കൊണ്ട് കാര്യം പറച്ചില്‍ ആണ്. ഞാന്‍ പശൂവിന് പഴത്തൊലി കൊടുക്കാന്‍ വേണ്ടി പഴം ഉരിഞ്ഞു കഴിക്കും. അതിനു വയ്‌ക്കോല്‍ ഇട്ടു കൊടുക്കാന്‍ കൂടെ കൂടും. ഓര്‍മകളില്‍ ഇങ്ങനെ പലതും.

പക്ഷെ ഒരിക്കല്‍ പോലും ബീഫ് കഴിക്കുമ്പോള്‍ ഞാന്‍ കറുമ്പിയെ എന്നല്ല, ഒരു പശുവിനെയും കാളയെയും ഓര്‍ത്തിട്ടില്ല. കോഴികാല്‍ കടിച്ചു വലിയ്ക്കുമ്പോള്‍ കുട്ട പൊക്കി വരുന്ന കളറടിച്ച കോഴികുഞ്ഞുങ്ങളെയോ, മുട്ടയിടാന്‍ കുറുകുന്ന അമ്മ കോഴികളെയോ ഓര്‍മിച്ചിട്ടില്ല. മട്ടന്‍കറിയിലെ എല്ല് ഊറുമ്പോള്‍, പണ്ട് തോളിലെടുത്തു ഓടിയ ആട്ടിൻകുട്ടിയെയും ഓര്‍മിച്ചിട്ടില്ല. ഇതെന്റെ ഹിപോക്രിസി ആകാം. അല്ലെങ്കില്‍ ആഹാരത്തെ ആഹാരമായി കണ്ടു രുചിക്കുന്ന നാവാകാം. അതൊക്കെ എന്റെ ഇഷ്ടമല്ലേ. അത് പാടില്ലെന്ന് പറയാന്‍ മറ്റൊരാളുടെ വിശ്വസത്തിനാകുമോ? എന്നെ എന്റെ വഴിക്ക് വിടുക, നിങ്ങളെ ഞാന്‍ നിങ്ങളുടെ വഴിക്കും.

ഈ ഗോക്കളുടെ പേരിലുള്ള തല്ലുകൂടല്‍ കാണുമ്പോള്‍ സത്യമായും ഇതെന്തിന് എന്നെനിക്ക് മനസ്സിലാകുന്നില്ല. വയലാറിന്റെ വരികള്‍ ഉറക്കെ പറഞ്ഞു പോകുന്നു.. 'ആര്യവംശത്തിന്നു അടിയറ വക്കുമോ സൂര്യവംശത്തിന്റെ സ്വര്‍ണ സിംഹാസനം'.

(സന്ധ്യാരാമന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും)

Read More >>