തായ്‌ലാന്‍ഡ് രാജാവിന്റെ വേര്‍പാട്: ജനങ്ങള്‍ക്ക് കൗണ്‍സിലിങ്ങും ഹൈല്‍പ് ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തി

രാജാവ് നാടുനീങ്ങിയ വാര്‍ത്തയറിഞ്ഞു പലരും തളര്‍ന്ന് വീഴുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് ജനങ്ങള്‍ക്ക് വേണ്ടി കൗണ്‍സിലിങ്ങ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

തായ്‌ലാന്‍ഡ് രാജാവിന്റെ വേര്‍പാട്: ജനങ്ങള്‍ക്ക് കൗണ്‍സിലിങ്ങും ഹൈല്‍പ് ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തി

ബാങ്കോക്ക്: 70 വര്‍ഷം രാജ്യം ഭരിച്ച ശേഷം   നാടുനീങ്ങിയ തായ് രാജാവ് ഭൂമിബോള്‍ അതുല്യതേത്തിന്റെ  ഓര്‍മ്മകളിലാണ് ഇപ്പോഴും  തായ്‌ലാന്‍ഡിലെ ജനങ്ങള്‍. പ്രിയരാജാവിന്റെ വേര്‍പാടുണ്ടാക്കിയ വേദന മറികടക്കാന്‍ തായ്‌ലാന്‍ഡ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കൗണ്‍സിലിങ്ങും ഹൈല്‍പ് ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തി.

രാജാവ് നാടുനീങ്ങിയ വാര്‍ത്തയറിഞ്ഞു പലരും  തളര്‍ന്ന് വീഴുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് ജനങ്ങള്‍ക്ക് വേണ്ടി കൗണ്‍സിലിങ്ങ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മാനസിക പിരിമുറുക്കംകൂടി ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലായവര്‍ക്ക് വേണ്ടിയാണ് പ്രധാനമായും കൗണ്‍സിലിങ്ങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫോണ്‍ വഴിയും കൗണ്‍സിലിങ് നല്കുന്നുണ്ട്. ഇതിനോടകം 200ലേറെ പേര്‍ കൗണ്‍സിലിങ് നടത്തിയതായാണ് റിപ്പോര്‍ട്ട്.


ബാങ്കോക്കിലെ ആശുപത്രിയില്‍ വ്യാഴാഴ്ചയായിരുന്നു തായ് രാജാവിന്റെ അന്ത്യം. ഗ്രാന്‍ഡ് പാലസിലേക്ക് വെള്ളിയാഴ്ചയാണ് ഭൗതികശരീരം മാറ്റിയത്. രാജകീയ ബഹുമതികളോടെയുള്ള സംസ്കാരചടങ്ങുകള്‍ക്ക് ഇനിയും മാസങ്ങളെടുക്കും. ആയിരക്കണക്കിന് പേരാണ് ദിവസവും പ്രിയ രാജാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇവിടെയെത്തുന്നത്.

എഴുപതു വര്‍ഷം തങ്ങളുടെ താങ്ങും തണലുമായിരുന്ന  രാജാവിന്റെ വിയോഗം തായ് ജനതയ്ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ഭൂരിഭാഗം പേരും മറ്റൊരു രാജാഭരണകാലം അറിഞ്ഞിട്ടുമില്ല. ലോകത്ത് ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന രാജാവെന്ന പദവിയുമായാണ് അദ്ദേഹം വിടപറഞ്ഞത്.

https://youtu.be/hAcWhPYw2MA

Read More >>