അപമാനിതനായി ജയരാജന്‍: അഴിമതി ആരോപണത്തില്‍ രാജിവയ്ക്കുന്ന ആദ്യത്തെ സിപിഐഎം മന്ത്രി

ഇപി ജയരാജന്‍ പുറത്തു പോയതോടെ പിണറായി വിജയന്‍ മന്ത്രിസഭ നാണക്കേടിന്റെ മറ്റൊരു ചരിത്രത്തിലാണ് ഇടം നേടിയത്. അഴിമതി ആരോപണത്തില്‍ കുടുങ്ങി രാജി വയ്‌ക്കേണ്ടി വരുന്ന ആദ്യത്തെ സിപിഐഎം മന്ത്രിയാണ് ഇപി ജയരാജന്‍.

അപമാനിതനായി ജയരാജന്‍: അഴിമതി ആരോപണത്തില്‍ രാജിവയ്ക്കുന്ന ആദ്യത്തെ സിപിഐഎം മന്ത്രി

ബന്ധു നിയമന വിവാദത്തെ കുറിച്ച് മന്തിസഭായോഗത്തില്‍ വിശദീകരിക്കാന്‍ ശ്രമിച്ച വ്യവസായ മന്ത്രി ഇപി ജയരാജനെ നാവനക്കാന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിച്ചിരുന്നില്ല. തന്റെ ഭാഗത്തു നിന്നും കൂടുതല്‍ വിശദീകരണത്തിന് മുതിരേണ്ട കാര്യമില്ലെന്നായിരുന്നു താക്കീത്. ഇപി ജയരാജന്‍ പുറത്തു പോയതോടെ  പിണറായി വിജയന്‍ മന്ത്രിസഭ  നാണക്കേടിന്റെ മറ്റൊരു ചരിത്രത്തിലാണ് ഇടം നേടിയത്. അഴിമതി ആരോപണത്തില്‍ കുടുങ്ങി രാജി വയ്‌ക്കേണ്ടി വരുന്ന ആദ്യത്തെ സിപിഐഎം മന്ത്രിയാണ്  ഇപി ജയരാജന്‍. ഇടതു മുന്നണിയുടെ ഭാഗമായിരുന്ന ഘടക കക്ഷികളുടെ മന്ത്രിമാര്‍ പലപ്പോഴും അഴിമതി ആരോപണങ്ങള്‍ക്കു വിധേയമായുകയും രാജിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍ തുടങ്ങിയവര്‍  അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയിട്ടുണ്ടെങ്കിലും രാജിവെച്ചിരുന്നില്ല. രാഷ്ട്രീയകേരളത്തിന്റെ ചരിത്രത്തില്‍ ഇടതു മുന്നണി നേതൃത്വം കൊടുത്ത സര്‍ക്കാരിനെതിരെ ഉയര്‍ന്നു വന്ന അഴിമതി ആരോപണങ്ങളെയും മന്ത്രിമാരുടെ രാജിയിലേയ്ക്ക് നയിച്ച സാഹചര്യങ്ങളെയും കുറിച്ച് വിശകലനം ചെയ്യുന്നത് നന്നായിരിക്കും.


അരി കുഭകോണത്തില്‍ കുടുങ്ങി ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ; അഴിമതി ദിനം ആചരിച്ച് പ്രതിപക്ഷം

1957 ല്‍ നാല് സ്വതന്ത്രന്മാരുടെ സഹായത്തോടെ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം  എന്ന ഖ്യാതിയോടെ അധികാരത്തില്‍ എത്തിയ ഇഎംഎസ് നേതൃത്വം കൊടുത്ത ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരും അഴിമതി ആരോപണത്തിന്റെ നിഴലില്‍ ആയിരുന്നു. ആലുവയില്‍ നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട  കോണ്‍ഗ്രസ് എംഎല്‍എ ടിഒ ബാവയാണ് സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. 1,66,000 രൂപയുടെ അഴിമതി നടന്നുവെന്ന് ബാവ ആരോപിച്ചു. പിന്നീട് 16,50000 രൂപയുടെ അഴിമതിയാണ് നടന്നതെന്ന് ബാവ തിരുത്തിപ്പറയുകയും ചെയ്തു. മനോരമ ഉള്‍പ്പെടെയുളള പത്രങ്ങളില്‍ ആന്ധ്രാ അരി കുംഭകോണം വന്‍ വാര്‍ത്തയായതോടെ കടുത്ത പ്രതിഷേധമാണ് കേരളത്തില്‍ അരങ്ങേറിയത്.

EMS NEWലോക്‌സഭാംഗമായിരുന്ന എകെ ഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു തീരുമാനമെന്നും ആരോപണമുണ്ടായിരുന്നു. മദ്രാസിലുളള  മൊത്തവ്യാപര സ്ഥാപനമായ മെസ്സേഴ്‌സ് ടി ശ്രീരാമുലു പി. സൂര്യനാരയാണ ആന്റ് കോ എന്ന സ്ഥാപനത്തിന് ടെന്‍ഡര്‍  വിളിക്കാതെ ഓര്‍ഡര്‍ നല്‍കിയെന്നായിരുന്നു പ്രധാന ആരോപണം. ഈ വകയില്‍ പാര്‍ട്ടിക്ക് കമ്മീഷന്‍ ലഭിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. ജസ്റ്റീസ് രാമന്‍നായര്‍ കമ്മീഷന്‍ ഇടപാട് അന്വേഷിച്ച് സംസ്ഥാനത്തിന് ഭീകരം നഷ്ടമുണ്ടായി എന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും ഇഎംഎസ് സര്‍ക്കാര്‍ ആ റിപ്പോര്‍ട്ട് തളളിക്കളയുകയായിരുന്നു. ഇതേ തുടര്‍ന്ന് 1959 ഏപ്രില്‍ 5 ന് പ്രതിപക്ഷം അഴിമതി ദിനം ആചരിക്കുകയുണ്ടായി. അഴിമതി ആരോപണങ്ങള്‍ ഉണ്ടായെങ്കിലും ആ വര്‍ഷം കേരളത്തില്‍ ആഞ്ഞടിച്ച വിമോചന സമരത്തിന്റെ പശ്ചാത്തലത്തില്‍  ജൂലൈ 31 ഭരണഘടനയുടെ 355ാം വകുപ്പ് ഉപയോഗിച്ച് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായ കേന്ദ്രസര്‍ക്കാര്‍ കേരള സര്‍ക്കാരിനെ പിരിച്ചു വിടുകയായിരുന്നു.

1967 ല്‍ ധനമന്ത്രിക്കെതിരെയും ആരോപണം

1964 ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഐഎമ്മും സിപിഐയുമായി മാറിയതാണ് ഈ കാലയളവിലെ ഏറ്റവും വലിയ സംഭവം. പാര്‍ട്ടിയിലെ പിളര്‍പ്പിനും ചേരിതിരിവിനും ശേഷം അധികാരത്തില്‍ എത്തിയ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുളള ഇടതു സര്‍ക്കാരിനെ വെട്ടിലാക്കിയത് ധനമന്ത്രി പികെ കുഞ്ഞിന് എതിരായുളള അഴിമതി ആരോപണങ്ങള്‍ ആയിരുന്നു. അഴിമതി ആരോപണം, പാര്‍ട്ടികളിലെ പിളര്‍പ്പ്, പരസ്പരം ചെളിവാരി എറിഞ്ഞുകൊണ്ടുള്ള പ്രസ്താവന തുടങ്ങിയവ മന്ത്രിസഭയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. കോണ്‍ഗ്രസ് ധനമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം അഴിച്ചു വിട്ടു. പി.കെ. കുഞ്ഞിനെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന മുഖ്യമന്ത്രിയുടെ നിഗമനത്തെ തുടര്‍ന്ന് 1969 മേയ് 13ന് അദ്ദേഹം രാജിവച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ നടപടിയെ എതിര്‍ത്തു കൊണ്ട് സിപിഐയും ഐഎസ്പിയും രംഗത്തു വന്നത് മുന്നണിക്കകത്ത് കല്ലുകടിയായി.

മന്ത്രിമാര്‍ക്കെതിരെ നിരന്തരമായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍  മന്ത്രിമാരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ഇഎംഎസിന്റെതെന്ന് ആരോപണം ഉണ്ടായിരുന്നു. സിപിഐയും സിപിഐഎമ്മും തമ്മിലുളള ആശയപരമായ ഭിന്നത, ഘടക കഷികളുടെ അതൃപ്തി, ഭക്ഷ്യപ്രതിസന്ധി, സിപിഐയുടെ നേതൃത്വത്തിലുളള കൂറുമുന്നണിയുടെ രൂപീകരണത്തെ തുടര്‍ന്ന് ഭരണമുന്നണിയില്‍ ഭിന്നത രൂക്ഷമാകുകയും 1969 നംവബര്‍ ഒന്നിന് ഇഎംഎസ് മന്ത്രിസഭ രാജിവെയ്ക്കുകയും ചെയ്തു.

1969 ജൂണ്‍ 16 ന് മലപ്പുറം ജില്ല രൂപീകരിച്ചതിനെ തുടര്‍ന്ന് ലീഗ് മുന്നണിയില്‍ നിന്ന് അകന്നു തുടങ്ങുകയും ഭരണ മുന്നണിയില്‍ ഒരു മിനി മുന്നണി ഉണ്ടാകുകയും ചെയ്തു. ഈ അവസരത്തില്‍ തന്നെയാണ്  ഇഎംഎസ് മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയും സപ്തകഷി മുന്നണിയിലെ കര്‍ഷക തൊഴിലാളി പാര്‍ട്ടി ( കെടിപി) അംഗമായ ബി വെല്ലിങ്ങ്ടണിനെതിരെയും അഴിമതി ആരോപണം ഉയര്‍ന്നത്. വെല്ലിങ്ടണിനെതിരെയുള്ള ആരോപണം അന്വേഷിക്കാന്‍ ഒക്ടോബര്‍ 4ന് പ്രമേയം പാസായതോടെ മന്ത്രിസഭ ഉലയാന്‍ തുടങ്ങി. അതേ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മിനി മുന്നണിയിലെ എം.എന്‍. ഗോവിന്ദന്‍നായര്‍, ടി.വി. തോമസ്, പി.ആര്‍. കുറുപ്പ്, ടി.കെ. ദിവാകരന്‍, അവുക്കാദുകുട്ടി നഹ, സി.എച്ച്. മുഹമ്മദ് കോയ എന്നിവര്‍ക്കൊപ്പം ഒക്ടോബര്‍ 21ന് വെല്ലിങ്ങ്ടണ്‍ രാജി വെച്ചു.

hqdefaultകെആര്‍ ഗൗരി, എംകെ കൃഷ്ണന്‍,  ഇ.കെ. ഇമ്പിച്ചിബാവ, മത്തായി മാഞ്ഞൂരാന്‍ തുടങ്ങിയ മന്ത്രിമാര്‍ക്ക് എതിരെയുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന പ്രമേയം സി.പി.ഐ.യിലെ ടി.പി. മജീദ് കൊണ്ടുവരുകയും പ്രമേയം പാസാകുകയും ചെയ്തതോടെ ഇംഎംഎസ് മന്ത്രിസഭ രാജിവെയ്ക്കാന്‍ തീരുമാനിച്ചു. 1969 നവംബര്‍ ഒന്നിന് മന്ത്രിസഭയുടെ രാജി പ്രാബല്യത്തില്‍ വന്നു.

1969 ല്‍ അധികാരമേറ്റ സി അച്യുത മേനോന്‍ മന്ത്രിസഭയുടെ കാലത്ത് മുന്‍മന്ത്രി പികെ കുഞ്ഞിനെതിരെയുളള അന്വേഷണ നടപടികള്‍ ഹൈക്കോടതി റദ്ദു ചെയ്യുകയുണ്ടായി. ഈ സാഹചര്യം മുതലെടുത്ത് അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കാനും എന്‍ കേ ശേഷനെ പിന്‍വലിക്കാനുളള തീരുമാനം ഒച്ചപ്പാട് ഉണ്ടാക്കുകയും ശേഷന്‍ മന്ത്രിസഥാനം രാജിവെച്ച് രണ്ടു എംല്‍എമാര്‍ക്കൊപ്പം പിഎസ്പിയിലേയ്ക്ക് കൂടുമാറുകയും ചെയ്തു. പ്രശ്‌നം വഷളായതോടെ നിയമസഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്താനുളള തീരുമാനത്തില്‍ ഭരണമുന്നണി എത്തുകയും 1970 ഓഗസ്റ്റ് മൂന്നിന് അച്യുത മേനോന്‍ മന്ത്രി സഭ രാജിവെച്ചു. ആഗസ്റ്റ് നാലിന് കേരളം വീണ്ടും പ്രസിഡന്റ് ഭരണത്തിലായി.  ഇതേത്തുടര്‍ന്ന് അച്യുതമേനോന്‍ വീണ്ടും മുഖ്യമന്ത്രിയായി.

ഇകെ നായനാരുടെ നേതൃത്വത്തില്‍ 1980 ല്‍ അധികാരത്തിലെത്തിയ ഇകെ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് മാണി എന്നിവര്‍ മന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിക്കുകയും  ഭൂരിപക്ഷം നഷ്ടപ്പെട്ട നായനാര്‍ മന്ത്രിസഭ 1981 ഒക്ടോബര്‍ 20ന് രാജിവെക്കുകയും ചെയ്തു.

1987 ല്‍ അധികാരമേറ്റ നായനാര്‍ മന്ത്രിസഭയിലും കാതലായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഒരുമാസം തികയുന്നതിനു മുമ്പ് ലോക്ദള്‍ പാര്‍ട്ടിയിലുണ്ടായ അഭിപ്രായഭിന്നത മന്ത്രി എം.പി. വീരേന്ദ്രകുമാറിന്റെ രാജിയില്‍ കലാശിച്ചു. സിപിഐഎമ്മിലും  ഈ കാലത്ത് ആഭ്യന്തര പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരുവര്‍ഷം ബാക്കിയുള്ളപ്പോള്‍ നായനാര്‍ മന്ത്രിസഭ രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചു. 1991ല്‍ കാലാവധി പൂർത്തീകരിക്കാൻ ആറുമാസം ബാക്കിനിൽക്കെ മന്ത്രിസഭ രാജിവച്ചു.

സിപിഐഎമ്മില്‍ ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കെ.ആര്‍. ഗൗരിയമ്മയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും തരംതാഴ്ത്തിയതിനെ തുടര്‍ന്ന് അവര്‍ രാജിവച്ചു. തുടര്‍ന്ന് ഗൗരിയമ്മ ജനാധിപത്യ സംരക്ഷണസമിതി എന്ന സംഘടന രൂപീകരിച്ചു.

ഇകെ നായനാര്‍ മന്ത്രിസഭയില്‍ നിന്ന് പിണറായി വിജയന്‍ രാജിവെച്ചത് സിപിഐഎം സംസ്ഥാന സെക്രട്ടറിയാകാന്‍ വേണ്ടിയായിരുന്നു. പാർടി സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ മരണത്തെ തുടർന്നാണ് അന്ന് വൈദ്യുതി - സഹകരണ വകുപ്പുകളിലെ മന്ത്രിയായിരുന്ന പിണറായി വിജയനെ രാജിവയ്പ്പിച്ച് പാർടി സെക്രട്ടറിയാക്കുന്നത്.  മന്ത്രി പി.ആര്‍. കുറുപ്പ്, നീലലോഹിതദാസന്‍ നാടാര്‍ എന്നിവരുടേയും രാജികളും  ഈ കാലഘട്ടത്തില്‍ ആയിരുന്നു. ഉൾപ്പാർട്ടി പ്രശ്നങ്ങളെ തുടർന്നാണ് പി ആർ കുറുപ്പ് രാജിവയ്ക്കുന്നതും തുടർന്ന് നാണു മന്ത്രിയാകുന്നതും. നളിനി നെറ്റോ ഐഎഎസ് ആരോപണമുന്നയിച്ചതിനെ തുർന്നാണ് നീലന് പുറത്തേക്കു പോകേണ്ടിവരുന്നത്.

അച്യുതാനന്ദന്റെ നേതൃത്തില്‍ 2006 ല്‍ അധികാരമേറ്റ ഇരുപതാം മന്ത്രിസഭയും ആരോപണങ്ങളുടെ നിഴലില്‍ ആയിരുന്നു. പിജെ ജോസഫിന്റെ വിമാന യാത്രാ വിവാദം, ടിയു കുരുവിളയ്ക്ക് എതിരെ ഭൂമി സംബന്ധമായ അഴിമതിയ ആരോപണത്തെ തുടര്‍ന്നുള്ള രാജി, പി.ജെ. ജോസഫിന് സത്യപ്രതിജ്ഞ ചെയ്യാന്‍ മന്ത്രി മോന്‍സ് ജോസഫിന്റെ രാജി, കേരള കോണ്‍ഗ്രസ് (എം.) ല്‍ ലയിക്കാന്‍ പിന്നീട് പി.ജെ. ജോസഫിന്റെ രാജി, ജനതാദളിലെ പ്രശ്‌നങ്ങളുടെ പേരില്‍ മന്ത്രി മാത്യു ടി. തോമസിന്റെ രാജി തുടങ്ങിയവ ശ്രദ്ധേയമായ സംഭവങ്ങളായിരുന്നു.

Read More >>