കയ്യേറ്റക്കാരനായി ചിത്രീകരിച്ച് അപമാനിച്ചെന്ന് മാമുക്കോയ; കയ്യേറ്റം തന്നെയെന്ന് നഗരസഭ

നടപ്പാത പൊളിക്കുന്നത് സംബന്ധിച്ച് അധികാരികൾ നോട്ടീസൊന്നും നൽകിയിരുന്നില്ലെന്നു മാമുക്കോയ പറഞ്ഞു. വീട്ടിലേക്ക് വാഹനങ്ങള്‍ കയറ്റാന്‍ പോലുമാകാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും മാമുക്കോയ പറഞ്ഞു.

കയ്യേറ്റക്കാരനായി ചിത്രീകരിച്ച് അപമാനിച്ചെന്ന് മാമുക്കോയ; കയ്യേറ്റം തന്നെയെന്ന് നഗരസഭ

കോഴിക്കോട്: തന്നെ കയ്യേറ്റക്കാരനാണെന്ന് ചിത്രീകരിച്ച് വീടിന് മുന്നിലെ നടപ്പാത പൊളിച്ചുനീക്കി കോര്‍പറേഷന്‍ അധികൃതര്‍ അപമാനിച്ചതായി നടന്‍ മാമുക്കോയ. യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ്  കോര്‍പറേഷന്‍ അധികൃതരും പൊലീസും എത്തിയത്. ഇവർ കാണിച്ചത് ശുദ്ധത്തെമ്മാടിത്തരമാണെന്നും  മാമുക്കോയ 'നാരദ ന്യൂസി'നോട് പറഞ്ഞു. നടപ്പാത പൊളിക്കുന്നത് സംബന്ധിച്ച് അധികാരികൾ നോട്ടീസൊന്നും  നൽകിയിരുന്നില്ല. വീട്ടിലേക്ക് വാഹനങ്ങള്‍ കയറ്റാന്‍ പോലുമാകാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും  മാമുക്കോയ പറഞ്ഞു.


എന്നാൽ കയ്യേറ്റമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപ്പാത പൊളിച്ചു നീക്കിയതെന്ന് കോഴിക്കോട് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഡപ്യൂട്ടിമേയര്‍ മീര ദര്‍ശഖ് പറഞ്ഞു.  വീട് നില്‍ക്കുന്ന സ്ഥലം മുതല്‍ രണ്ടര മീറ്ററോളം റോഡിലേക്കുള്ള കയ്യേറ്റമാണ് ഒഴിപ്പിച്ചത്.  ടൗണ്‍ പ്ലാന്‍ കമ്മിറ്റി കോര്‍പറേഷന്‍ പരിധിയിലെ മുഴുവന്‍ കയ്യേറ്റവും ഒഴിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിലാണ് നടപടിയെന്നും മീര ദര്‍ശഖ് പറഞ്ഞു.

ഇന്നലെയാണ് കോര്‍പറേഷന്‍ അധികൃതര്‍ കോഴിക്കോട് അരക്കിണറിലുള്ള മാമുക്കോയയുടെ വീടിന് മുന്നിലുള്ള നടപ്പാത  പൊളിച്ചുനീക്കിയത്. മാമുക്കോയയുടെ വീട് ഉള്‍പ്പെടുന്ന റസിഡന്റ് അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് നടപടിയെടുത്തതെന്നാണ് കോര്‍പറേഷന്‍ അധികൃതരുടെ വിശദീകരണം. 25 വര്‍ഷത്തോളമായി മാമുക്കോയയും കുടുംബവും ഇവിടെയാണ് താമസം.

Read More >>