പരിസ്ഥിതിവാദിയായ കളക്ടറും ജില്ലാ ഭരണകൂടവും കണ്ടുനിൽക്കെ ഇതാ, പൂനൂർ പുഴ മരിച്ചു കൊണ്ടിരിക്കുന്നു

കോഴിക്കോട് ജില്ലയിലെ പ്രധാന ജലസ്രോതസ്സായ പൂനൂർ പുഴ കയ്യേറ്റവും മണലൂറ്റലും മാലിന്യ നിക്ഷേപവും കൊണ്ട് നശിക്കുകയാണ്. പുഴയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചൂഷണമാണ് ഇന്നിതിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ നടക്കുന്നത്.

പരിസ്ഥിതിവാദിയായ കളക്ടറും ജില്ലാ ഭരണകൂടവും കണ്ടുനിൽക്കെ ഇതാ, പൂനൂർ പുഴ മരിച്ചു കൊണ്ടിരിക്കുന്നു

കോഴിക്കോട്: പശ്ചിമഘട്ട മലനിരകളോടു ചേര്‍ന്ന് അതീവ പാരിസ്ഥിതികമേഖലയെ തഴുകിയൊഴുകുന്ന പൂനൂര്‍ പുഴ അതിവേഗം മരണത്തിലേക്ക് നടന്നടുക്കുന്നു. വ്യാപകമായ കയ്യേറ്റവും മരംമുറിയും മാലിന്യനിക്ഷേപവുമാണു പൂനൂര്‍ പുഴയെ മരണത്തിലേക്കു വലിച്ചിഴയ്ക്കുന്നത്.

കടത്തു തോണിയുടെ സഹായത്തോടെ മറുകരയെത്തിയിരുന്ന കാലത്തെ പൂനൂർ പുഴയെ ഇന്നത്തെ പൂനൂര്‍ പുഴയായി മാറ്റിയിരിക്കുന്നതു വൻതോതിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രകൃതി ചൂഷണമാണ്. ഈ പുഴയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചൂഷണമാണ് ഇന്നിതിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ നടക്കുന്നത്.

കടത്തുവള്ളം പോയിട്ട് പലയിടത്തും മുട്ടറ്റത്തിനു മുകളിലേക്കു വെള്ളം ഉയരണമെങ്കില്‍ കാലവര്‍ഷം കനിയണം.

പുഴയൊഴുകും വഴികള്‍

പനങ്ങാട് പഞ്ചായത്തില്‍ നിന്ന് ഉത്ഭവിക്കുന്ന പൂനൂര്‍ പുഴ കോഴിക്കോട് ജില്ലയിലെ പ്രധാന ജലസ്രോതസ്സാണ്. കട്ടിപ്പാറ, തലയാട്, കക്കോടി, കൊടുവള്ളി, കിഴക്കോത്ത് ഭാഗങ്ങളിലൂടെ ഒഴുകി കോരപ്പുഴയിലേക്കാണു ചേരുന്നത്. അവിടെ നിന്ന് അറബിക്കടലിലേക്ക് ലയിക്കുന്നു.

rive4

പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനു മുമ്പ് കടത്തുവള്ളം ഉപയോഗിച്ചാണ് ആളുകള്‍ മറുകരയെത്തിയിരുന്നത്. ഇപ്പോള്‍ മഴക്കാലത്തു മാത്രമാണ് ചിലയിടങ്ങളില്‍ വള്ളങ്ങള്‍ നീറ്റിലിറങ്ങുന്നത്. ഒരു കാലത്തു സമൃദ്ധമായി ഒഴുകിയിരുന്ന പൂനൂര്‍ പുഴ പലയിടങ്ങളിലും നീര്‍ച്ചാലായി മെലിഞ്ഞുണങ്ങി.തലയാട് ഭാഗത്തു നിന്ന് ഉരുപ്പടികള്‍ പുഴയിലറക്കിയാണ് മുന്‍കാലങ്ങളില്‍ കല്ലായിയില്‍ എത്തിച്ചിരുന്നത്. മാനാഞ്ചിറ കഴിഞ്ഞാല്‍ കോഴിക്കോട് നഗരത്തിലേക്കാവശ്യമുള്ള ജലം സംഭരിക്കുന്നത് പൂനൂര്‍പുഴയിലെ പൂളക്കടവ് ഭാഗത്ത് നിന്നുകൂടിയാണ്. വറ്റിവരണ്ടൊഴുകുന്ന പൂനൂര്‍ പുഴ സമീപഭാവിയില്‍ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയുടെ പ്രത്യാഘാതം കോഴിക്കോട് നഗരത്തെ വരെ കാര്യമായി ബാധിക്കും. കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ ആഴ്ചച്ചന്തകളിലൊന്ന് നടക്കുന്നത് പൂനൂര്‍ പുഴയുടെ തീരത്താണ്.

കയ്യേറ്റവും മാലിന്യനിക്ഷേപവും

രണ്ടു പതിറ്റാണ്ടു മുമ്പുവരെ കൈക്കുമ്പിളില്‍ കോരിക്കുടിക്കാവുന്നത്ര ശുദ്ധമായിരുന്നു പൂനൂര്‍ പുഴയിലെ ജലം ഏതൊരിടത്തും. പശ്ചിമഘട്ടത്തിലെ നിരവധി മരങ്ങളെ തഴുകി ഔഷധഗുണം സ്വീകരിച്ച് ധാരാളം മിനറലുകളുമായി പൂനൂര്‍പൂഴ ഒരുനാടിന്റെ എല്ലാമായിരുന്നു.

അതു പഴയകഥ. ഇപ്പോള്‍ കടത്തുവള്ളം കാണാനേയില്ല. മെലിഞ്ഞുണങ്ങി നീര്‍ച്ചാലുകളായി ഒഴുകുന്ന പുഴയ്‌ക്കെന്തിന് കടത്തുവള്ളം!

river1

തൊണ്ണൂറുകളുടെ ആദ്യ പകുതിക്ക് ശേഷമാണിവിടെ കയ്യേറ്റം വ്യാപകമായത്. പുഴയുടെ വൃഷ്ടിപ്രദേശങ്ങളില്‍ പലയിടത്തും വ്യാപകമായ കയ്യേറ്റങ്ങളാണ് ഓരോ പഞ്ചായത്തുകളിലും. പുഴയോരത്തുള്ള പൂനൂര്‍ പട്ടണത്തിലുള്‍പ്പെടെ കയ്യേറ്റവും മാലിന്യമൊഴുക്കും വ്യാപകമാണ്.

സമൃദ്ധി നഷ്ടപ്പെട്ട പുഴയുടെ ഒഴിഞ്ഞു കിടക്കുന്ന പുറമ്പോക്കുകൾ സ്വകാര്യ വ്യക്തികള്‍ മത്സരിച്ചു കയ്യേറുകയാണ്. ഇവിടങ്ങളില്‍ വ്യാപകമായി കൃഷിയിറക്കുകയും കെട്ടിടങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു.  അധികൃതര്‍ മൗനം തുടരുന്ന സാഹചര്യത്തില്‍ ദിനംപ്രതി കയ്യേറ്റത്തിന്റെ വ്യാപ്തി വര്‍ധിച്ചുവരുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ആശുപത്രികള്‍, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഏറ്റുവാങ്ങേണ്ട ഗതികേടും പൂനൂര്‍ പുഴയ്ക്കുണ്ട്. വീടുകളില്‍ നിന്നു വലിച്ചെറിയുന്ന കുപ്പികള്‍, ബള്‍ബുകള്‍, സാനിറ്ററി നാപ്കിനുകൾ, പഴയതുണികള്‍, ഭക്ഷണ അവശിഷ്ടങ്ങളുള്‍പ്പെടെ പുഴയെ അടിമുടി മലിനമാക്കിയിരിക്കുന്നു.

പൂനൂര്‍ പട്ടണത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും പുഴയിലേക്കു മാലിന്യമൊഴുക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തുവന്നിരുന്നു. പൂനൂര്‍, കൊടുവള്ളി, കക്കോടി പട്ടണപ്രദേശങ്ങളിലൂടെ ഒഴുകുന്ന പൂനൂര്‍പുഴയിലേക്ക് ഇവിടെ നിന്നുള്ള മാലിന്യങ്ങളും വലിച്ചെറിയുകയാണ്. പൂനൂര്‍പുഴയെക്കുറിച്ച് പ്രത്യേക പഠനങ്ങളൊന്നും നടക്കാത്തതിനാല്‍ കോളിഫോം, ഈകോളി ബാക്ടീരിയകളുടെ കണക്കൊന്നും എവിടെയും ലഭ്യമല്ല.

മരംകൊള്ളയും മണല്‍വാരലും

പുഴ വരണ്ടതോടെ പുറമ്പോക്കായി കാടുപിടിച്ചുകിടക്കുന്ന വൃഷ്ടിപ്രദേശങ്ങളില്‍ പാര്‍ശ്വഭാഗവും ഇപ്പോള്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറിയിരിക്കുകയാണ്. ഇവിടെയാണ് വ്യാപകമായ മരംകൊള്ള. ഉണ്ണികുളം പൂവന്‍കണ്ടിയിലെ ഒരു സ്വകാര്യ എസ്റ്റേറ്റിലേക്കുള്ള മരംമുറി അനുമതിയുടെ മറവില്‍ പുഴയോരത്തെ നിരവധി മരങ്ങളും ഇക്കൂട്ടര്‍ മുറിച്ചുകടത്തി. ഇതേ തുടര്‍ന്ന് പഞ്ചായത്തധികൃതര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പ്രദേശവാസിയായ അന്ത്രുഹാജിക്കെതിരെ പൂനൂര്‍ പൊലീസ് കേസെടുത്തിരുന്നു.

ഇത്തരത്തില്‍ പുഴയോരത്തെ കൂറ്റന്‍മരങ്ങള്‍ പലതും നേരം വെളുക്കുമ്പോഴേക്കും അപ്രത്യക്ഷമായ സംഭവം ഇവിടുത്തുകാര്‍ക്ക് ധാരാളം പറയാനുണ്ട്. പുഴയുടെ ഇരുകരകളിലും തലയുയര്‍ത്തി നില്‍ക്കുന്ന പല കൂറ്റന്‍ മരങ്ങള്‍ക്കും കോടാലി പതിച്ച സംഭവത്തില്‍ കുറ്റക്കാര്‍ സ്വാധീനമുപയോഗിച്ച് നിഷ്പ്രയാസം തലയൂരുകയാണ് പതിവ്. മണല്‍വാരല്‍ വ്യാപകമായിട്ടും നടപടിയുണ്ടാകുന്നത് അപൂര്‍വം മാത്രം. അനധികൃത മണല്‍വാരല്‍മൂലം കരയിടിഞ്ഞാണ് പലയിടത്തും പുഴ നീര്‍ച്ചാല്‍ പോലെ മാറിയത്. കട്ടിപ്പാറ, കിഴക്കോത്ത്, കൊടുവള്ളി പഞ്ചായത്തുകളില്‍ വരുന്ന കടവുകളിലാണു മണല്‍ കടത്ത് കൂടി വരുന്നത്..

അതിര്‍ത്തി നിര്‍ണ്ണയം നടക്കുന്നേയില്ല

പുഴ മെലിഞ്ഞു പുറമ്പോക്കായ സാഹചര്യത്തില്‍ അതിര്‍ത്തി നിര്‍ണ്ണയിക്കാത്തതാണ് പ്രധാനമായും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തലവേദന. പുറമ്പോക്കും സ്വകാര്യ ഭൂമിയും തരംതിരിക്കാനാവാതെ കൂടിക്കലര്‍ന്നു കിടക്കുന്ന അവസ്ഥയാണ് പൂനൂര്‍ പുഴയോരത്ത്.

ജില്ലാ സര്‍വേയറുടെ നേതൃത്വത്തില്‍ സര്‍വേ നടത്തി ഇതു വേര്‍തിരിക്കുന്ന ജോലി എന്നേ നടക്കേണ്ടതാണ്. എന്നാല്‍ ജില്ലാ ഭരണകൂടത്തിന് ഇക്കാര്യത്തില്‍ തണുത്ത സമീപനമാണ്. പുഴയെ മലിനമാക്കുന്നതും മരംകൊള്ളയും പുഴത്തീര കയ്യേറ്റവും തടയുന്നതിലും ജില്ലാ ഭരണകൂടം പരാജയമാണ്. ഈയടുത്ത കാലത്തു കയ്യേറ്റം കൂടിയതിന് ഈ പരാജയമാണ് കാരണമെന്ന് വിവിധ പഞ്ചായത്തധികൃതർ വിലയിരുത്തുന്നു.

സോഷ്യല്‍ മീഡിയ യുദ്ധങ്ങളിൽ പങ്കാളിയാവുന്നതിനപ്പുറം കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് ഇത്തരം കാര്യങ്ങളിലൊന്നും താല്‍പര്യവുമില്ലെന്നാണ് പരിസ്ഥിപ്രവര്‍ത്തകരുടെ ആരോപണം.

Edited by E. Rajesh

Read More >>