സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്തോസിന്

കൊളംബിയയിലെ കമ്യൂണിസ്റ്റ് സായുധ വിപ്ലവ സംഘടനയായ ഫാര്‍ക്കുമായി അരനൂറ്റാണ്ട് നീണ്ടുനിന്ന സായുധ പോരാട്ടം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാന്‍ മുന്‍കൈയ്യെടുത്തത് ഹുവാന്‍ മാനുവലായിരുന്നു.

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്തോസിന്

സ്‌റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്തോസിന്. 52 വര്‍ഷം നീണ്ട കൊളംബിയന്‍ ആഭ്യന്തര യുദ്ധത്തിന് അവസാനം കുറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സാന്റോസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

കൊളംബിയയിലെ കമ്യൂണിസ്റ്റ് സായുധവിപ്ലവ സംഘടനയായ ഫാര്‍ക്കുമായി അരനൂറ്റാണ്ട് നീണ്ടുനിന്ന സായുധ പോരാട്ടം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാന്‍ മുന്‍കൈയ്യെടുത്തത് ഹുവാന്‍ മാനുവലായിരുന്നു. ആഗസ്റ്റ് 26നാണ് കൊളംബിയയില്‍ സര്‍ക്കാറും മാര്‍ക്‌സിസ്റ്റ് വിമതരായ റവലൂഷനറി ആംഡ് ഫോഴ്‌സും (ഫാര്‍ക്) തമ്മിലുള്ള ചരിത്രപരമായ സമാധാന കരാറില്‍ ഒപ്പുവെച്ചത്. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ക്യൂബന്‍ പ്രസിഡന്റ് റാഉള്‍ കാസ്‌ട്രോ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ നാലു വര്‍ഷത്തോളം നീണ്ട ചര്‍ച്ചക്കൊടുവിലായിരുന്നു കരാര്‍.

1964ല്‍ വിമതര്‍ സര്‍ക്കാറിനെതിരെ തുടങ്ങിയ യുദ്ധത്തില്‍ 10 ലക്ഷത്തിലധികം പേരെയാണ് രാജ്യം കുരുതികൊടുത്തത്.

എന്നാല്‍ ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ 50.24 ശതമാനം ജനങ്ങള്‍ കരാറിനെതിരെ നിലപാട് സ്വീകരിച്ചപ്പോള്‍ 49.8 ശതമാനം പേര്‍ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. എന്നാല്‍, ഹിതപരിശോധനാ ഫലം എതിരാണെങ്കിലും സമാധാന ശ്രമങ്ങളെ കൊളംബിയന്‍ ജനത അംഗീകരിച്ചില്ലെന്ന് കരുതാവില്ലെന്ന് നൊബേല്‍ പുരസ്‌കാര കമ്മിറ്റി വക്താവ് ചൂണ്ടിക്കാട്ടി.

Read More >>